പെറാത്ത പത്തായങ്ങള്‍
നിറ നിറ...പൊലി പൊലി..
പത്തായം നിറ..
പെട്ടകം നിറ...
കൊയ്‌തെടുത്ത കതിരുമായി, വീട്ടിലെ കാരണവര്‍...മുമ്പില്‍ വിളക്കുപിടിച്ച് കുരവയുമായി വീട്ടുകാര്‍...
ഇത് ഒരു കാഴ്‌ചയായിരുന്നു. ഐശ്വര്യം വീട്ടിലേയ്‌ക്ക് ഒഴുകി വരുന്ന അനുഭവം....
പിന്നെ കതിരുകള്‍ പൂജമുറിയില്‍ വച്ച് പൂജിച്ചെടുക്കുന്നു. അതിപ്പൊടി കൊണ്ട് വാതിലുകളിലും മറ്റും അടയാളപ്പെടുത്തുന്നു. കൈപ്പത്തി അരിമാവില്‍ മുക്കി പതിക്കുന്നതാണ് രീതി. പത്തായം നിറയെ അരിപ്പൊടി ചാര്‍ത്തി കൊയ്‌തെടുത്ത കതിരുകള്‍ ചാര്‍ത്തും...
ഒരു വര്‍ഷത്തേക്കുള്ള ധനധാന്യ സമൃദ്ധി...
ഒഴിയാത്ത പത്തായങ്ങളാണ് എന്നും ഐശ്വര്യത്തിന്റെ ചിഹ്നമായിരുന്നത്. തറവാടിന്റെ പാരമ്പര്യവും പ്രഢിയും നിറഞ്ഞ പത്തായങ്ങള്‍ തന്നെ.
ധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന തടി കൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള സംഭരണിയാണ് പത്തായം. പത്താഴം എന്നും പറയും. വലിയ തറവാടുകളില്‍ `പത്തായപ്പുര' തന്നെ ഉണ്ടാകും. രണ്ടുനില മാളികയാണ് പത്തായം. ഒന്നാം നിലയില്‍ താഴെ പത്തായം. മുകളില്‍ തറവാട്ടുകാരണവര്‍ താമസം. പത്തായത്തിന്റെ നിയന്ത്രണം കാരണവര്‍ക്കാണ്. ഓരോ ദിവസത്തേക്കുമുള്ള അരിയളന്നു കൊടുക്കുന്നത് അദ്ദേഹമാണ്. ജോലിക്കാര്‍ക്ക് കൂലിയായും നെല്ലളവു തന്നെ.
മുറിയുടെ നിലത്തു നിന്ന് അല്‍പ്പം ഉയരത്തി മൂന്നുചുമരുകളോടും ചേര്‍ത്താണ് പത്തായം നിര്‍മ്മിക്കുക. തുറന്നിരിക്കുന്ന വശം, നിരകള്‍ എന്നറിയപ്പെടുന്ന മരപ്പലകകള്‍ കൊണ്ടു അടക്കുന്നതാണ് സംവിധാനം. ഒന്നര അടി വീതിയില്‍ ഉള്ള മരപലകകളാണിവ. വലിയ ഇനം പത്തായങ്ങളാണ് ഇതു പോലെ നിര്‍മ്മിക്കുന്നത്. നാലുകാലില്‍ പണിത് നീക്കിമാറ്റാവുന്ന കട്ടുപത്തായങ്ങളും കാണാറുണ്ട്. കട്ടില്‍ പോലെ ഉപയോഗിക്കാവുന്നതായതുകൊണ്ടാണ് ഇതിനു ഈ പേര്‍. വീടുകളുടെ തറകള്‍ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും, ഈര്‍പ്പമുള്ള കാലാവസ്‌ഥയും ആയതു കൊണ്ട് ധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഇവ അത്യാവശ്യമായിരുന്നു . വലിയ വീടുകളില്‍ പ്രധാന വീടിന്റെ അടുത്തായി വേറെ ഒരു പുര പണിത് അതിലെ പ്രധാന മുറിയില്‍ പത്തായവും അതിനോട് ചേര്‍ന്ന് മുറികളും മാളികയും ഉള്ളവയാണ് പത്തായപ്പുരകള്‍.
കൃഷിയിടങ്ങള്‍ നാടുനീങ്ങി. നാലുകെട്ടുകളും കുടുംബവ്യവസ്ഥകളും ഇല്ലാതായി. അതോടെ പത്തായങ്ങളും ഇല്ലാതായി. വലിയ കുടുംബത്തറവാടുകളില്‍ പന്തീരായിരം പറ നെല്ല് കൊണ്ടിരുന്നതായി പഴമക്കാര്‍ പറയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു കേരളത്തില്‍ പത്തായങ്ങള്‍. ചില പഴംചൊല്ലുകള്‍ പോലും പത്തായം സംബന്ധിച്ച് ഉണ്ടല്ലോ?.
പത്തായമുള്ളേടം പയറുമുണ്ടാവും, പത്തായക്കാരനോട് കടം കൊള്ളണം പത്തായത്തെ പട്ടിണിക്കിടരുത്, പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും എന്നിവയെല്ലാം ഇതില്‍ ചിലതാണ്.
ഇനി പെറാന്‍ പത്തായങ്ങളില്ല....
No comments:
Post a Comment