മന്ത്രവാദകഥകളില്‍ ഏറ്റവും പ്രസിദ്ധം കടമറ്റത്തച്ചന്റേതാണ്. നാടകങ്ങളും സിനിമയും അച്ചനെ കുറിച്ച് ഉണ്ടായിട്ടുണ്ട്. ഇന്ന് സീരിയലുകളിലൂടെ അത് കൂടുതല്‍ ജനകീയമാവുകയും ചെയ്‌തിരിക്കുന്നു. കടമറ്റത്തച്ചനിലൂടെ ഏറെ പ്രസിദ്ധിയാര്‍ജിച്ച കടമറ്റം പളളി കാണുമ്പോള്‍ ഓര്‍മ്മകളുടേയും കേട്ടുകേഴ്‌വിയുടേയും പഴങ്കഥകളുടേയും ഒരു പ്രവാഹം തന്നെ മനസ്സിലൂടെ കടന്നു പോകും. ദേശീയ പാത 49ല്‍ മൂവാറ്റുപുഴയ്‌ക്കും കോലഞ്ചേരിക്കും മധ്യേയാണ് പ്രസിദ്ധമായ കടമറ്റം പള്ളി. സെന്റ് ജോര്‍ജ് ജാക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നാണ് ശരിയായ പേര്. ഒമ്പതാം നൂറ്റാണ്ടിലാണ് ഈ പള്ളി സ്ഥാപിച്ചതെന്നാണ് വിശ്വസിക്കുന്നത്. ചിലരേഖകള്‍ ഏഡി 865ല്‍ ആണെന്നും സൂചിപ്പിക്കുന്നു. എന്തായാലും പഴമകൊണ്ടും വാസ്‌തുശാസ്‌ത്ര പ്രത്യേകതകള്‍ കൊണ്ടും മനസ്സില്‍ അത്ഭുതാദരങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ ദേവാലയം.
മാന്ത്രിക വിദ്യകളില്‍ നൈപുണ്യം നേടിയ കത്തനാര്‍ ഒട്ടേറെ അത്ഭുതങ്ങള്‍ ചെയ്‌തതായി ഐതിഹ്യങ്ങളുണ്ട്. എന്നാല്‍ കത്തനാര്‍ക്കും മുമ്പ് വാസ്‌തുവിദ്യാപരമായും ചരിത്രപരമായും ഒട്ടേറെ സവിശേഷതകളുണ്ടായിരുന്നു കടമറ്റത്തുപള്ളി.
കൂത്തമ്പലത്തിന്‍റേയും കൊട്ടാരനടനമാളികയുടേയും വാസ്‌തുവിദ്യയ്‌ക്കനുസരിച്ചാണ് പള്ളിയുടെ പ്രവേശനകവാടം. കവാടത്തിലെ മുഖപ്പാകട്ടെ ക്ഷേത്രങ്ങളിലേതുപോലെയും. എന്നാല്‍ പള്ളിയുടെ മുഖവാരം പോര്‍ച്ചുഗീസ് വാസ്‌തുവിദ്യയുടെ തനിപകര്‍പ്പാണ്. പള്ളിയുടെ പിന്നിലും വശങ്ങളിലും ഉള്ള ഉയര്‍ന്ന തൂണുകള്‍ പ്രാചീന ക്രൈസ്‌തവ വാസ്‌തുവിദ്യ ശൈലിയില്‍ തീര്‍ത്തിട്ടുള്ളവയാണ്. അതായത് കേരളത്തില്‍ സ്വാധീനം ചൊലുത്തിയിട്ടുള്ള വാസ്‌തുവിദ്യകളുടേയും തനി കേരളീയ വാസ്‌തുവിദ്യയുടേയും സംതുലിത രൂപമാണ് കടമറ്റം പള്ളി.
പള്ളിയിലുള്ള പാതാള കിണറാണ് മറ്റൊരു ശ്രദ്ധേയമായ ഒന്ന് കടമറ്റത്തു കത്തനാരെ പാതാളരാക്ഷസന്മാര്‍ ഈ കിണറ്റിലൂടെയാണ് പാതാളത്തിലേക്ക് പിടിച്ചുകൊണ്ടു പോയതെന്നും അവിടെനിന്ന് മാന്ത്രികവിദ്യകള്‍ പഠിച്ചശേഷം കത്തനാര്‍ കിണറ്റിലൂടെ തന്നെ രക്ഷപെട്ടു വരികയായിരുന്നു എന്നുമാണ് വിശ്വാസം. രക്ഷപ്പെട്ട കത്തനാരെ തിരക്കി പാതാളരാക്ഷസന്മാര്‍ പള്ളിയിലെത്തിയെന്നും കാണാതായപ്പോള്‍ പള്ളിയുടെ ഭിത്തികളില്‍ ചങ്ങലകൊണ്ടടിച്ചെന്നും പറയുന്നു. ഇതിന്റെ പാടുകള്‍ അടുത്തകാലം വരെ ഭിത്തികളില്‍ ഉണ്ടായിരുന്നു എന്നാണ് സമീപവാസികളുടെ സാക്ഷ്യം.
കടമറ്റത്തച്ചന്റെ വിശ്വാസികള്‍ പാതാളകിണറ്റിലേക്കു കോഴികളേയും പണവും മദ്യക്കുപ്പികളും വഴിപാടായി എറിയുന്ന പതിവുണ്ട്. ഈ വിശ്വാസികളില്‍ അധികവും അന്യമതസ്ഥരാണെന്നതാണ് രസകരം.
പള്ളിയുടെ പുരാതനാന്തരീക്ഷം കടമറ്റത്തച്ചന്റെ നിശബ്ദ സാന്നിധ്യം നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. ജനജീവിതം ദുഃസ്സഹമാക്കിയ യക്ഷിയെമന്ത്ര സിദ്ധികൊണ്ടു ബന്ധിച്ച കഥ പ്രസിദ്ധമാണ്. കാട്ടിലൂടെ പോകുകയായിരുന്ന കത്തനാരുടെ അടുക്കല്‍ സുന്ദരിയായ സ്‌ത്രീയുടെ രൂപത്തിലെത്തിയ യക്ഷി, കുറച്ചു ചുണ്ണാമ്പു ചോദിച്ചുവത്രെ. ഉദ്ദേശ്യം മനസ്സിലാക്കിയ കത്തനാര്‍, ഒരു ഇരുമ്പാണിയില്‍ ചുണ്ണാമ്പു നല്‍കുകയും, യക്ഷി അതു വാങ്ങിയ ഉടന്‍ ബന്ധനത്തിലാവുകയും ചെയ്‌തുവത്രെ. വാഴയിലയില്‍ പുഴകടന്ന കത്തനാരുടെ കഥയും ഐതിഹ്യങ്ങളിലുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പള്ളിയില്‍ പ്രശസ്‌തമായ ഊട്ടുതിരുനാള്‍ ആഘോഷം. ഇതിഹാസമായ കത്തനാരുടെ മരണവാര്‍ഷികവും കൂടിയാണിത്. സഭാ തര്‍ക്കം മൂലം ഏറെനാള്‍ കടമറ്റം പള്ളി അടച്ചുപൂട്ടിയിട്ടിരുന്നു. വേണ്ടവിധത്തില്‍ സംരക്ഷിക്കാത്തതിനാല്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പള്ളി സംരക്ഷിത സ്‌മാരമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചരിത്രാന്വേഷികള്‍ക്ക് ഏറെ ആഹ്ലാദം പകരുന്ന ഒന്നാണ്.
No comments:
Post a Comment