തലയിലെഴുത്ത് മായ്‌ച്ചാല്‍ മായുമോ?. വീടുകളില്‍ കുട്ടികള്‍ കുരുത്തക്കേട് കാണിക്കുമ്പോള്‍ കാരണവന്‍മാര്‍ ശകാരിക്കുന്നത് ഇങ്ങിനെയാണ്. തലയിലെഴുത്ത് എന്ന ഒന്നുണ്ടോ?. പലപ്പോഴും തോന്നിയ സംശയത്തിന് ഉത്തരം തേടി അലഞ്ഞു. പഴയ വീടുകളില്‍ ജാതകക്കുറിപ്പുകള്‍ ഉണ്ടാക്കാറുണ്ട്(ഇപ്പോഴാണ് ഇതിന് കൂടുതല്‍ മാര്‍ക്കറ്റ്). അതില്‍ പന്ത്രണ്ടു കളങ്ങളിലായി എഴുതിയിരിക്കുന്നത് ചെറുപ്പത്തില്‍ കൗതുകത്തോടെ നോക്കിയിരുന്നു..മ, ഗു, മാ, ശി......!. അതു നോക്കി വ്യാഖ്യാനിക്കുന്ന കണിയാനെ അത്ഭുതത്തോടെ നോക്കിയിരുന്നു. ഗ്രഹപ്പിഴ തീര്‍ക്കാന്‍ മുത്തശിയും അമ്മയുമൊക്കെ ക്ഷേത്രങ്ങളില്‍ വഴിപാടു നടത്തി. അന്നു വഴിപാടിന്റെ ഭാഗമായി ലഭിക്കുന്ന പായസത്തില്‍ മാത്രമായിരുന്നു മനസ്സ്.
കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതെല്ലാം തീര്‍ത്തും മാഞ്ഞുപോയി മനസ്സില്‍ നിന്ന്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ഒരു സുഹൃത്തിന്റെ പ്രണയം കൊടികെട്ടിയ കാലം. കാര്യങ്ങള്‍ക്ക് ഒരു തീരുമാനവുമാകുന്നില്ല. ദിനംപ്രതി നീറിത്തീരുന്ന അവനോട് മറ്റൊരു സുഹൃത്താണ് പറഞ്ഞത്, അഗസ്‌ത്യ നാഡീ ജ്യോതിഷത്തെക്കുറിച്ച്. അഗസ്‌ത്യമുനി കുറിച്ചുവച്ചിട്ടുള്ള ഓലക്കെട്ടുകളില്‍ മനുഷ്യന്റെ തലയിലെഴുത്താണത്രെ. അതൊന്ന് പരീക്ഷിച്ചാലോ എന്നായി ആലോചന. മനസ്സ് ദുര്‍ബലപ്പെടുമ്പോള്‍ എല്ലാം കച്ചിത്തുരുമ്പുതന്നെ എന്നു കരുതി എതിര്‍ത്തില്ല. സുഹൃത്ത് പോയി ബുക്ക് ചെയ്‌തു വന്നു. തള്ളവിരല്‍ ഇങ്ക് പാഡില്‍ മുക്കി ഒരു പുസ്‌തകത്തില്‍ പതിപ്പിച്ചെടുത്തു എന്നവന്‍ പറഞ്ഞു. പേരും കുറിച്ചെടുത്തു. ഒരാഴ്‌ച കഴിഞ്ഞ് വരാനാണ് നിര്‍ദ്ദേശം.
ഒരാഴ്‌ചക്കുശേഷം ഞങ്ങള്‍ വീണ്ടും എത്തി. അകത്തെ മുറിയില്‍ മേശക്കിരുവശവുമായി നാഡീജ്യോത്സ്യനും ഞങ്ങളും. കൈയില്‍ പഴയ ഒരു പനയോലക്കെട്ട്. കെട്ടഴിച്ച് അയാള്‍ വായിച്ചു. തമിഴാണ്. മലയാളവും തമിഴും കലര്‍ത്തി വ്യാഖ്യാനം. ആദ്യം പൃച്ഛകന്റെ( പ്രശ്‌നംചോദിച്ച് വന്നയാള്‍) അച്ഛന്റെ പേര് കൃത്യമായി വായിച്ചു. പിന്നെ അമ്മയുടെ പേര്. തുടര്‍ന്ന് സഹോദരന്‍മാരുടെ എണ്ണം, അവരുടെ പേരുകള്‍. പ്രശ്‌നക്കാരന്റെ തൊഴില്‍, അതിന്റെ ഇപ്പോഴത്തെ സ്ഥിതി...അയാള്‍ വായിക്കുകയാണ്. ഓലയിലെഴുതിയ തമിഴ് അക്ഷരങ്ങളെ പകുതിമലയാളത്തിലാക്കി..! ഒട്ടും സംശയമില്ലാതെ!. ഉള്ളിലുണ്ടായ ഞെട്ടല്‍ പുറത്തുകാണിക്കാതെ ഞങ്ങള്‍. കുടുംബകാര്യങ്ങളെല്ലാം പറഞ്ഞു തീര്‍ത്തപ്പോള്‍, സൃഹൃത്ത് വിളറിയിരിക്കുന്നത് ശ്രദ്ധിച്ചു. ഇനി എന്താണ് പ്രത്യേകിച്ച് അറിയേണ്ടതെന്ന് ജ്യോതിഷന്‍. വിവാഹകാര്യമെന്ന് ഞങ്ങള്‍. വീണ്ടും അയാള്‍ തമിഴില്‍ എന്തൊ ചൊല്ലിക്കൊണ്ട് ഓലകള്‍ മറച്ചു. ഒരോല തപ്പിയെടുത്ത് വായന തുടങ്ങി. ഇപ്പോള്‍ പ്രണയത്തിലാണെന്നും അതിന് തടസ്സങ്ങളുണ്ടെന്നും പറഞ്ഞു. ഭാര്യയാകാന്‍ പോകുന്ന കുട്ടി അതുതന്നെയെന്നും കൂട്ടിച്ചേര്‍ത്തു. പിന്നെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വരുന്നത്. പെണ്‍കുട്ടിയുടെ പേര്‍ മൂന്നക്ഷരമുളളതാണ്. ആദ്യത്തെ അക്ഷരം `സ'യില്‍ തുടങ്ങുന്നു. ലളിതകലയുമായി ബന്ധപ്പെട്ട വാക്കാണ് പേര്(ഒടുവില്‍ പേര്‍ പറഞ്ഞു). ശ്വാസം വിടാനാകാതെ ഇരിക്കുകയാണ് ഞങ്ങള്‍. അപ്പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു. ഒരു ചുവടുകൂടി കടന്നു പറഞ്ഞു അടുത്തതായി-പെണ്‍കുട്ടിയുടെ ജാതകത്തില്‍ സൂര്യനും ബുധനും ഒരേ കളത്തില്‍ നില്‍ക്കുന്നുണ്ടാകുമെന്നു കൂടി!. പൂര്‍വ്വജന്മത്തില്‍ നിന്നുള്ള ബന്ധമാണെന്നും ഈ കുട്ടിതന്നെയായിരിക്കും ഭാര്യയെന്നും തടസ്സങ്ങള്‍ നീങ്ങാന്‍ ചിലവഴിപാടുകളും നിര്‍ദ്ദേശിച്ചു. ദക്ഷിണ നല്‍കി ഇറങ്ങുമ്പോള്‍ സുഹൃത്ത് പോക്കറ്റില്‍ കൈയിട്ട്, അവളുടെ തലക്കുറി പുറത്തെടുത്തു. തുറന്നു നോക്കിയപ്പോള്‍ ഉണ്ടായ ഞെട്ടല്‍ ഇപ്പോഴും ഓര്‍ക്കുന്നു. തലക്കുറിയിലെ ഒരു കളത്തില്‍ ബു എന്നും ര(രവി) എന്നും എഴുതിയിരിക്കുന്നു!. പിന്നീട് കഷ്ടി നാലുമാസത്തിനു ശേഷം ഇരുവരുടേയും വിവാഹത്തിനു സാക്ഷിയുമായി.
പതിനെട്ടു സിദ്ധന്‍മാരില്‍ അഗസ്‌ത്യര്‍ രചിച്ചതാണ് അഗസ്‌ത്യനാഡീ ജ്യോതിഷമെന്നാണ് പറയുന്നത്. ഇതിനു രണ്ടായിരം വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരാണ് ഈ വിഭാഗക്കാരുടെ കേന്ദ്രം. വ്യക്തിയുടെ തള്ളവിരല്‍ അടയാളത്തിന്റെ അടിസ്ഥാനത്തിലാണ് നാഡീജ്യോതിഷന്‍ അയാളുടെ തലയിലെഴുത്തിന്റെ താളിയോല കണ്ടെടുക്കുന്നത്. അഗസ്‌ത്യനഡീ ജ്യോതിഷത്തിന്റെ ഗ്രന്ഥക്കെട്ടുകള്‍ ശേഖരിച്ച് ഈ രീതി തുടര്‍ന്നത് തിരുവനന്തപുരത്തെ അഗസ്‌ത്യനാഡീ ജ്യോതിഷാലയത്തിന്റെ സ്ഥാപകനായ വി. ജാനകീറാമന്റെ പ്രപിതാമഹന്‍മാരാണ്. ഇവര്‍ തഞ്ചാവൂരിലെ വൈത്തീശ്വരന്‍ കോവിലിനോട് ചേര്‍ന്ന് മുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്നു എന്നു പറയുന്നു. നിരവധി സിദ്ധര്‍മാരുടെ നാഡീജ്യോതിഷ ശാഖകള്‍ ഉള്ളതായി പറയുന്നു. ഭഗവാന്‍ ശിവന്റെ നിര്‍ദ്ദേശമനുസരിച്ചു തയ്യാറാക്കിയ ഓലകള്‍ സംസ്‌കൃതത്തിലുള്ളതായിരുന്നു വത്രെ. തമിഴ്‌രാജാക്കന്‍മാര്‍ ഇത് പണ്ഡിതന്‍മാരെ ഉപയോഗിച്ച് തമിഴിലേക്ക് മൊഴിമാറ്റിയപ്പോള്‍ ഇതില്‍ പലകലര്‍പ്പുകളും ഉണ്ടായെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ വൈത്തീശ്വരന്‍ കോവിലിലാണ് ഇന്ന് ഈ താളിയോലഗ്രന്ഥങ്ങള്‍ സംരക്ഷിച്ചിരിക്കുന്നത്.
No comments:
Post a Comment