പക്ഷിയുടെ കൂട് കൈകൊണ്ടു തൊടരുതെന്ന് പലകുറി പറഞ്ഞു, അമ്മ. പക്ഷിനിരീക്ഷണം തലയ്‌ക്കുപിടിച്ച കാലം. വീട്ടുവളപ്പിലെ മാവിന്റെ താഴത്തെ കൊമ്പുതുരന്ന് രണ്ടു ചിന്നകുട്ടുറവന്‍മാര്‍(small green barbett) കൂടുണ്ടാക്കിയിരിക്കുന്നു. അതു ഇടക്കിടെ കയറി നോക്കുന്നതു കണ്ടാണ് അമ്മ പറഞ്ഞത്.
ഈ പക്ഷിയെ നിങ്ങളും കണ്ടുകാണും; ഇല്ലെങ്കില്‍ കേട്ടെങ്കിലും കാണും.
ടൂര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍.......എന്നു തുടങ്ങി കൊട്ടുര്‍..കൊട്ടുര്‍...കൊട്ടുര്‍...എന്നു അക്ഷീണം ശബ്ദിച്ചു കൊണ്ടിരിക്കുന്ന പക്ഷി.
മൈനയോളമേ വലുപ്പമുള്ളൂ. പച്ചനിറത്തില്‍. ഇലപ്പടര്‍പ്പുകളില്‍ മറഞ്ഞിരിക്കുന്ന ഇതിനെ കാണുക പ്രയാസമാണ്. ആകെ പച്ചപ്പല്ല. പുറംഭാഗത്ത് കടുംപച്ച. അടിവശത്ത് ഇളംപച്ച. തൊണ്ടയില്‍ നിന്നു മാറിടംവരെ നിറയെ തവിട്ടും വെള്ളയും വരകള്‍. തല തവിട്ടുനിറമാണ്. സുന്ദരിമാര്‍ വാലിട്ടു കണ്ണെഴുതും പോലെ കണ്ണിലൂടെ ഒരു കറുത്ത പട്ട. അതിനുമുകളിലും താഴേയുമായി വെളുത്ത പട്ടകള്‍....ആളൊരു കൊച്ചുസുന്ദരി/സുന്ദരന്‍ തന്നെ!.
ഇന്ദുചൂഡന്റെ `കേരളത്തിലെ പക്ഷികളും' സലിം അലിയും ഡില്ലന്‍ റിപ്ലിയും ചേര്‍ന്നെഴുതിയ `ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്‌സും' തുറന്നു വച്ചു.
മരംകൊത്തി വര്‍ഗ്ഗക്കാരനാണ്. ഡിസംബര്‍ മുതലാണ് പ്രജനനകാലം. ശരി തന്നെ.
ഓരോ ദിവസവും ക്ലാസുകഴിഞ്ഞെത്തുമ്പോള്‍ ഓടി മരംകയറും. പക്ഷികള്‍, ഇല്ലാത്ത നേരം നോക്കിയാണ്. ഒരു ദിവസം കൂട്ടില്‍ മൂന്നു വെളുത്തമുട്ടകള്‍..!.
ചാടിത്തുള്ളണമെന്നു തോന്നി..!. പിന്നെ ഓരോ ദിവസവും ആവേശം കൂടി....
അടുത്ത രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഒരു മുട്ടകൂടി കണ്ടു.
കാണുന്നതൊക്കെ ഡയറിയില്‍ കുറിച്ചിട്ടു. പിന്നെ ചെല്ലുമ്പോഴൊക്കെ പക്ഷി, കൊക്ക് പൊത്തിനു പുറത്തേക്കു നീട്ടിയിരിക്കുന്നതാണ് കണ്ടത്. അടയിരിക്കുകയാണ്. എന്നെ കാണുമ്പോള്‍ പെട്ടെന്ന് പറക്കും; വീണ്ടും മരംകയറി ഞാന്‍ കൂടുനോക്കും.
ഒരു ദിവസം മുട്ടകളില്‍ രണ്ടെണ്ണം കാണാതായി. അമ്മ അപ്പോഴെല്ലാം പറഞ്ഞു, നീ അവറ്റകളെ ഓടിക്കും....
രണ്ടാഴ്‌ച കഴിഞ്ഞ് രണ്ടുമുട്ടകളും വിരിഞ്ഞിരിക്കുന്നതു കണ്ടു....രണ്ടു മാസക്കഷ്‌ണങ്ങള്‍...വിറച്ചു വിറച്ചു കിടക്കുന്നു..!
പക്ഷികള്‍ പിഭ്രമത്തോടെ ചുറ്റുവട്ടത്ത് പറന്നുനടന്നു...
കുറച്ചു ദിവസം മാറിനിന്നു നോക്കാന്‍ തീരുമാനിച്ചു. പക്ഷികളെ കാണാതായ ഒരു ദിവസം വീണ്ടും മരത്തില്‍ കയറി.
നോക്കിയപ്പോള്‍, രണ്ടു കുഞ്ഞുങ്ങളും ചത്തുമരവിച്ചു കിടക്കുന്നു. ഇണക്കിളികള്‍ കൂടു ഉപേക്ഷിച്ചിരുന്നു. ശരിക്കും പട്ടിണി മരണം..!!
മനസ്സു തകര്‍ന്നു പോയി. മനസ്സാക്ഷി കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു...
ധാരാളം പക്ഷിപ്രേമികളേയും ഫൊട്ടോഗ്രാഫര്‍മാരേയും ഫേസ് ബുക്കില്‍ കണ്ടുമുട്ടിയതുകൊണ്ടു ഓര്‍ത്തുപോയതാണ് ഈ കാര്യമത്രയും...
പഴയവര്‍ പറയുന്നതാണ് എപ്പോഴും ശരി...........
No comments:
Post a Comment