Saturday, November 30, 2013

ഇന്നും വിശ്വസിക്കാന്‍ വയ്യ...


ഒരു സുഹൃത്താണു വിളിച്ചു പറഞ്ഞത്‌, ബ്യൂറോയിലേയ്‌ക്ക്‌. ബൈക്കില്‍ നിന്നു വീണു പരുക്കേറ്റ സ്‌ത്രീ, അപകടനില തരണം ചെയ്‌ത ശേഷം, സംസാരിക്കുന്നത്‌ അച്ചടിഭാഷ മാത്രം!. കൊടുങ്ങല്ലൂരിനടുത്ത്‌ ശ്രീനാരായണപുരത്താണ്‌ ഇവരുടെ വീട്‌. നമ്പര്‍ അറിയില്ല.
ഒരു ദിവസത്തിന്റെ അന്ത്യം അടുക്കുന്നു. സമയം കുറച്ചേ അവശേഷിക്കുന്നുള്ളൂ.
കൊടുങ്ങല്ലൂര്‍ ലേഖകനെ വിളിച്ച്‌, അന്വേഷിക്കാന്‍ ചട്ടം കെട്ടി...
വാര്‍ത്ത പ്രതീക്ഷിച്ച്‌ ബ്യൂറോയിലിരിക്കുമ്പോള്‍ വിളിയെത്തി.
സാറെ, നല്ല മഴ. പോകാന്‍ ബുദ്ധിമുട്ടുണ്ട്‌. നമ്പര്‍ കിട്ടി....
അയാള്‍ നമ്പര്‍ തന്നു.
ജീവിതത്തിലെ അപൂര്‍വ്വാനുഭവത്തിലേക്കാണ്‌ അയാള്‍ വാതില്‍ തുറന്നിട്ടതെന്ന്‌ അറിഞ്ഞിരുന്നില്ല.
നമ്പറില്‍ വിളിച്ചു.
എടുത്തത്‌ പുരുഷന്‍.
കാര്യങ്ങള്‍ ശരിതന്നെയെന്ന്‌ അയാള്‍. പരുക്കേറ്റ സ്‌ത്രീയുടെ സഹോദരനാണ്‌.
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭം.
വാര്‍ത്ത തെറ്റിയാല്‍, പിറ്റേന്ന്‌ വിഢിവേഷമാവും..!
സ്‌ത്രീക്കു റിസീവര്‍ കൊടുക്കാന്‍ പറഞ്ഞു.
ഞെട്ടലോടെ അവര്‍ പറയുന്നതു കേട്ടു...
തികഞ്ഞ അച്ചടിഭാഷ..!
പ്രാഥമികവിദ്യാഭ്യാസം മാത്രമുളള ഒരു നാട്ടിന്‍ പുറത്തുകാരിയാണവര്‍.
തിരിച്ചു മറിച്ചും ചോദിച്ചു. സംശയം തീര്‍ക്കാന്‍..
മറുപടി അച്ചടി വടിവില്‍...!
അടുത്ത വിളി അടുത്ത സുഹൃത്തായ ന്യൂറോസര്‍ജന്‍ ഡോ.രഘുനാഥിനെയായിരുന്നു.
തൃപ്‌തികരമായ മറുപടി ഡോക്ടര്‍ക്കുണ്ടായിരുന്നില്ലെന്ന്‌ ഓര്‍ക്കുന്നു.
പിന്നീട്‌, കോളിന്‍വില്‍സണ്‍ എഴുതിയ `THE OCCULT' എന്ന പുസ്‌തകം വായിക്കാനിടയായി. അതില്‍ സമാന സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്‌. അപകടത്തില്‍ പെട്ട ശേഷം, ഇംഗ്ലീഷ്‌ പഠിക്കാത്തവര്‍ ആ ഭാഷ അസാധരണമായ വൈഭവത്തോടെ സംസാരിച്ചു തുടങ്ങിയതൊക്കെ...
ഇന്നും ആ സ്ത്രീയുടെ  സംസാരം മറക്കാനാവുന്നില്ല.

Thursday, November 28, 2013

കൊമ്പന്റെ കൊമ്പില്‍ തീര്‍ന്ന വലിയ ജീവിതം

തൃശ്ശൂര്‍ മൃഗശാലയിലെ രംഗനാഥന്റെ അസ്ഥിപഞ്ജരം


കേരളം കണ്ട ഏറ്റവും വലിയ നാട്ടാന എന്ന ഖ്യാതി ഇന്നും ചെങ്ങല്ലൂര്‍ രംഗനാഥനു തന്നെ. തൃശൂര്‍ മൃഗശാലയില്‍ പൂര്‍ണകായമായി ഇതിന്റെ അസ്ഥികൂടം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. അസ്ഥികൂടത്തിന്റെ ഉയരം 11 അടി ഒരിഞ്ച്‌!. അപ്പോള്‍ മാംസത്തോടുകൂടിയ ആനയ്‌ക്ക്‌ ഉയരം എത്രയായിരുന്നു എന്നു ഊഹിക്കാം. 340 സെന്റീമീറ്ററെങ്കിലും ഈ ആനക്കു ഉയരമുണ്ടായിരുന്നു..
കുപ്രസിദ്ധനായ അകവൂര്‍ ഗോവിന്ദന്‍(പാലിയം ഗോവിന്ദന്‍) എന്ന ആനയുടെ കുത്തേറ്റതിനെ തുടര്‍ന്നായിരുന്നു രംഗനാഥന്റെ മരണം. കുത്തേറ്റു വീണ രംഗനാഥന്‍ പിന്നീട്‌ എഴുന്നേറ്റില്ല.
ഇത്രയും ഗാംഭീര്യമേറിയ ആനയെ കേരളം പിന്നീടു കണ്ടിട്ടില്ലെന്ന്‌ ചരിത്രം. കുംഭകോണം സ്വാമിയാരുടെ ആനയായിരുന്ന രംഗനാഥനെ, തൃശൂരിലെ അന്തിക്കാടുള്ള മനക്കാര്‍ക്ക്‌ ലഭിക്കുകയായിരുന്നു. പ്രശസ്‌തമായ കൂട്ടാല പട്ടത്ത്‌ വീട്ടിലെ കൃഷ്‌ണന്‍ നമ്പ്യാരാണ്‌ ആനയെ മനക്കാര്‍ക്ക്‌ നല്‍കിയത്‌. 1050 രൂപയായിരുന്നു അന്നത്തെ വില!. ആനയെ കൊണ്ടുവരുന്നതിനു വന്ന കടത്തു കൂലി 38 രൂപ!.
അന്നും ഇന്നും രംഗനാഥനോടു താരതമ്യപ്പെടുത്താന്‍ ആനകളുണ്ടായിട്ടില്ല. സര്‍വ്വ ഗജലക്ഷണങ്ങളും തികഞ്ഞവനായിരുന്നു രംഗനാഥനെന്ന്‌ പഴമക്കാര്‍ പറയുന്നു.
വീര്‍ത്തുന്തിയ വായുകുഭം, ഉയര്‍ന്നെടുത്ത തലക്കുന്നികള്‍, ഉയര്‍ന്ന തലയെടുപ്പം താഴ്‌ന്ന പിന്‍ഭാഗവും(രാജലക്ഷണം), വൈരൂപ്യമില്ലാത്ത കരുത്തുറ്റ കാലുകള്‍, തേന്‍നിറമാര്‍ന്ന തെളിഞ്ഞ കണ്ണുകള്‍, വലിയ ചെവികള്‍(വീശുമ്പോള്‍ കൈകൊട്ടുന്നതു പോലുള്ള ശബ്ദം ഉണ്ടാക്കിയിരുന്നുവത്രെ). വീണെടുത്ത കൊമ്പുകള്‍( പോറലുകളില്ലാതെ, ചന്ദനത്തിന്റെ നിറമുളളത്‌). നീണ്ടു മാംസളമായ തുമ്പികൈ( എത്ര തലയുയര്‍ത്തിയാലും അതു നിലത്തിഴഞ്ഞിരുന്നുവത്രെ), വീതിയേറിയതും മാംസളവുമായ ഇരിക്കസ്ഥാനം(പാപ്പാന്‍ ഇരിക്കുന്ന പുറംഭാഗം), നിറഞ്ഞതും മാംസളവുമായ ചെന്നികള്‍, പതിനെട്ടുനഖങ്ങള്‍(പൊട്ടലൊന്നും ഇല്ലാത്തവ), ഉറച്ച പല്ലുകള്‍......
തൃശൂര്‍ പൂരത്തിന്‌ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത്‌ രംഗനാഥനായിരുന്നു. എഴുന്നള്ളിപ്പില്‍ മറ്റാനകളെല്ലാം രംഗനാഥനേക്കാള്‍ ഒരടി കുറവായി കാണപ്പെടുന്ന പഴയകാല ചിത്രങ്ങള്‍ ഇപ്പോഴും പലരും സൂക്ഷിച്ചിട്ടുണ്ട്‌. 1927ലാണ്‌ രംഗനാഥന്‍ ചരിഞ്ഞത്‌. പഴമക്കാരുടെ വാക്കുകളില്‍ ഏറ്റവും ഭയാനകമായ `ആനയക്രമം' ആയിരുന്നത്രെ അത്‌. രംഗനാഥനെ ആക്രമിച്ച പാലിയം ഗോവിന്ദന്‍ എന്ന ആനയുടെ കൊമ്പ്‌ അസാധാരണമായി കൂര്‍ത്തതായിരുന്നുവത്രെ. അതിനേക്കാളുപരി, കുത്തേറ്റുവീണ രംഗനാഥന്റെ തല കരിങ്കല്‍ തൂണിലിടിച്ചതാണ്‌ അപകടത്തിന്റെ ആക്കംകൂട്ടിയത്‌. ആന്തരികമായേറ്റ ക്ഷതങ്ങളെ തുടര്‍ന്ന്‌ ഒരു വര്‍ഷത്തിനകം രംഗനാഥന്‍ മരണത്തിനു കീഴടങ്ങി. ഇന്നത്തെ രീതിയിലുള്ള ആധുനിക ചികിത്സാവിധികളൊന്നുമില്ലായിരുന്നു അന്നത്തെ കാലത്ത്‌ എന്നതും ദുരന്തമായി.
ചരിഞ്ഞിട്ട്‌ 86 വര്‍ഷങ്ങള്‍...പക്ഷെ, മറ്റൊരു രംഗനാഥന്‍ പിന്നീടുണ്ടായില്ല എന്നത്‌ ചരിത്രത്തിലെ വേദനിപ്പിക്കുന്ന അടയാളപ്പെടുത്തല്‍..

Wednesday, November 27, 2013

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം മാടിവിളിക്കുമ്പോള്‍..




മഴ കൊണ്ടു പിടിച്ചിരിക്കുന്നു. പുറത്തിറങ്ങാന്‍ മടിതോന്നുന്ന കാലം. പക്ഷെ, അല്‍പ്പം മഴനനയാനും ഒരല്‍പ്പം സാഹസികതയ്‌ക്കും തയ്യാറുണ്ടോ?. അങ്ങിനെയെങ്കില്‍ ഒരു രഹസ്യം പറയാം. ടൂറിസ്‌റ്റ്‌ മാപ്പുകളിലൊന്നും കാണാത്ത സഞ്ചാരികളുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ, ഒപ്പം മാലിന്യം തൊട്ടുതീണ്ടാത്ത ഒരിടമുണ്ട്‌. അത്‌ ഈ മഴക്കാലത്തു തന്നെ കാണുക.....മഴക്കാലത്തു മാത്രം കാഴ്‌ചയുടെ വിരുന്നൊരുക്കുന്നിടം.
തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ആണത്‌. കണ്ണിന്‌ കുളിര്‍മയും ഹൃദയത്തിന്‌ ആനന്ദവും തരുന്ന ഒരു അനുഭവമാണ്‌ ഈ സുന്ദര വനഭൂമി. എറണാകുളം പാലക്കാട്‌ നാഷണല്‍ ഹൈവേയില്‍ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ 12 കി.മീ. സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്താം. പാലക്കാടു നിന്നും വരുന്നവര്‍ക്ക്‌ മണ്ണുത്തി -നടത്തറ -കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ക്ക്‌ മിഷന്‍ ഹോസ്‌പിറ്റല്‍ -അഞ്ചേരി- കുട്ടനെല്ലൂര്‍ വഴിയും ഇവിടെ എത്തിച്ചേരാം.
മരോട്ടിച്ചാലില്‍ വളരെ കുറച്ചു കടകള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട്‌ ഭക്ഷണം കൂടെ കരുതണം.. ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ട്‌ മെന്റിന്റെ, സ്‌ഥലനാമം സൂചിപ്പിക്കുന്ന ബോര്‍ഡ്‌ ഒഴികെ ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ കിട്ടാനും ബുദ്ധിമുട്ടാണ്‌. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ടത്‌ റോഡരികില്‍ തന്നെ. റോഡരുകിലെ കനാലില്‍ കരയിലൂടെ അല്‌പം നടക്കുക. അപ്പോള്‍, ആദ്യ വെള്ളച്ചാട്ടമായ ഓലക്കയം വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികളുടെ കുളിരായി തഴുകിയെത്തും. മുമ്പ്‌ ഇവിടെ വന്നു മടങ്ങിയവരുണ്ടാകാം. കുടുംബമായി വരുന്നവര്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചു മടങ്ങുകയാണ്‌ സാധാരണ ചെയ്യാറുള്ളത്‌. ഇനി അല്‍പ്പം റിസ്‌കെടുക്കാന്‍ തയ്യാറാവുക. പോകുന്ന വഴിക്ക്‌ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ ധാരളം കാണാം.
ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ ഇലഞ്ഞിപ്പാറയിലേക്ക്‌ കാട്ടിലൂടെ
നാല്‌ കിലോമീറ്റര്‍ നടക്കണം. കാടിന്റെ അനുഭൂതി അനുഭവിച്ചറിയുക തന്നെ വേണം. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളില്‍ യാത്രയ്‌ക്കു തടസ്സം സൃഷ്‌ടിക്കും. റോഡരുകില്‍ നിന്നും ഉദ്ദേശം രണ്ടുമണിക്കൂറോളം കാട്ടിലൂടെയുള്ള ഈ യാത്ര മറക്കാനാവില്ല. പാറക്കെട്ടുകളിലൂടെ നടന്നുകയറിക്കഴിയുമ്പോളാണ്‌ മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവുമായ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനെ പല സ്‌ഥലങ്ങളിലും നിന്ന്‌ കാണാന്‍ പ്രകൃതി തന്നെ സൗകര്യം ഒരുക്കിയിരിക്കുന്നു എന്നത്‌ വിസ്‌മയകരമാണ്‌. ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം ഈ നാട്ടുകാരുടെ ഇടയില്‍ 'കുത്ത്‌' എന്നാണ്‌ അറിയുന്നത്‌. നല്ല മഴപെയ്‌താല്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി വിവരാണതീതമാണ്‌. അതേ സമയം മഴയത്ത്‌ കാടിലൂടെയുള്ള യാത്ര ദുഷ്‌കരവുമാണ്‌.
ഒരു ദിവസത്തെ വിനോദയാത്രക്ക്‌ വളരെ അനുയോജ്യമായ സ്‌ഥലമാണിത്‌. ഒച്ചയും ബഹളവും ഒഴിവാക്കി അച്ചടക്കത്തോടെ നടന്നാല്‍ മാനുകളെയും കാട്ടുപന്നികളെയും കാണാനുള്ള സാധ്യത കൂടുതലാണ്‌. ഈ പ്രദേശം, മറ്റു വിനോദ സഞ്ചാരങ്ങള്‍ പോലെ ഇനിയും മലിനപ്പെട്ടിട്ടില്ല. കാരണം ടൂറിസം മാപ്പില്‍ ഇനിയും മരോട്ടിച്ചാല്‍ ഇടംപിടിച്ചിട്ടില്ല. ഭാഗ്യമോ നിര്‍ഭാഗ്യമോ ആകട്ടെ. പ്രകൃതിയുടെ മടിത്തട്ടില്‍ ഇപ്പോഴും നിങ്ങള്‍ക്കു ചേര്‍ന്നിരിക്കാം...നഷ്ടപ്പെട്ട ഊര്‍ജം വീണ്ടെടുക്കാം.....അതിനുള്ള ചിലവ്‌, `പൂജ്യം'.

Tuesday, November 26, 2013

ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍


തൃശൂര്‍പൂരം ദിവസമാണ്‌. ആനയിടഞ്ഞു. പോസ്‌റ്റ്‌ ഓഫീസ്‌ റോഡിലുള്ള 'മംഗളം' ബ്യൂറോയിലേക്കു ഫോണ്‍ വന്നതും ഞാനും ഫൊട്ടോഗ്രാഫര്‍ രഞ്‌ജിത്ത്‌ ബാലനും ഇറങ്ങിയോടി. ആന ചെട്ടിയങ്ങാടി വഴിയാണ്‌ ഓടുന്നത്‌. എന്റെ പച്ചപ്പയ്യില്‍(scooty)യില്‍ ബാലനേയും വഹിച്ച്‌ വച്ചുപിടിച്ചു. ചെട്ടിയങ്ങാടിയില്‍ ആളുകള്‍ സാധാരണപോലെ!. അവിടെയെത്തിയപ്പോഴാണറിഞ്ഞത്‌, ആന തെക്കോട്ടു പാഞ്ഞിരിക്കുന്നു. ആളുകള്‍ കുറേ പേര്‍ തെക്കോട്ടോടുന്നുണ്ട്‌. ആനയുടെ പൊടിപോലുമില്ല.
പച്ചപ്പയ്യിനെ തെക്കോട്ടു തെളിച്ചു.
വെളിയന്നൂര്‍ അമ്പലത്തിനടുത്തെത്തുമ്പോള്‍, അതാ ആള്‍ക്കൂട്ടം തിരിച്ചോടിവരുന്നു....
ഉള്ളുകാളി, ആന തിരിച്ചു വരികയാണോ?.
ബാലാ...ആന തിരിഞ്ഞൂന്നാ തോന്നണേ...വണ്ടി ഇട്ടിട്ട്‌ ഓടാം...എന്ന് ഞാന്‍.
അന്‌ധാളിപ്പിനെ സെക്കന്റുകള്‍...
ഭാഗ്യം. ആള്‍ക്കൂട്ടത്തെ തിരിച്ചോടിച്ചത്‌ പൊലീസായിരുന്നു..
ആന അടുത്തുള്ള പറമ്പില്‍ കയറി ശാന്തനായിക്കഴിഞ്ഞിരുന്നു.
പോട്ടം പിടിച്ചു മടങ്ങി.
പൂരം റിപ്പോര്‍ട്ടിംഗ്‌ എന്നും ആവേശവും അപകടവും നിറഞ്ഞതാണ്‌. പ്രത്യേകിച്ച്‌ ഫൊട്ടോഗ്രാഫര്‍മാര്‍ക്ക്‌. തൃശൂരിന്റെ സ്വന്തം പത്രമായിരുന്ന എക്‌സ്‌പ്രസ്സില്‍ ജോലി ചെയ്യുമ്പോഴാണ്‌ മറ്റൊരു അനുഭവം.
ഉച്ചക്ക്‌ രണ്ടുമണിയായിക്കാണും. പൂരം അതിന്റെ പാരമ്യത്തില്‍ കൊട്ടിക്കയറുകയാണ്‌. തിരുവമ്പാടിയുടെ മഠത്തിലെ വരവിന്റെ പഞ്ചവാദ്യം കലാശിച്ച്‌, പാണ്ടി തുടങ്ങിയിരിക്കുന്നു. നായ്‌ക്കനാലില്‍ നിന്നും തേക്കിന്‍ കാട്ടിലേക്കു എഴുന്നള്ളിപ്പു കയറിയപ്പോഴാണ്‌ ആനയിടഞ്ഞത്‌. ഒന്നല്ല രണ്ടാനകള്‍. പരസ്‌പരം അവ കൊമ്പുകോര്‍ക്കുക കൂടി ചെയ്‌തു. ഇതില്‍ ഇടഞ്ഞ കൊമ്പന്‍ തിരിഞ്ഞോടി.
ഡെസ്‌കിലേക്ക്‌ ഫോണ്‍ വന്നപ്പോഴാണ്‌ ആനയിടഞ്ഞത്‌ അറിഞ്ഞത്‌. കാമറയും തൂക്കി, സീനിയര്‍ ഫൊട്ടോഗ്രാഫര്‍ രവിയേട്ടന്‍ ഇറങ്ങിയോടുന്നതു കണ്ടു. ആന ഷൊര്‍ണൂര്‍ റോഡുവഴി ഇറങ്ങിയെന്നായിരുന്നു ഫോണ്‍. എക്‌സ്‌പ്രസ്സ്‌ ഓഫീസിനു സമീപത്തുകൂടിയാണ്‌ ഈ റോഡ്‌ പോകുന്നത്‌. ഞങ്ങളെല്ലാം പത്രമോഫീസിന്റെ മുറ്റത്തേക്കിറങ്ങി. ആനയെ പ്രതീക്ഷിച്ച്‌...
ഷൊര്‍ണൂര്‍ റോഡിലൂടെ വാഹനങ്ങളും ആളുകളും സാധാരണപോലെ. ആന ആ വഴിക്കാണെങ്കില്‍ അതുണ്ടാവില്ല.
അപ്പോള്‍ ആന ഏതുവഴിക്കു തിരിഞ്ഞു?.
ആലോചിക്കുമ്പോഴേക്കും കുടമണിക്കിലുക്കം കേട്ടു..
എക്‌സ്‌പ്രസ്സ്‌ ഓഫീസിന്റെ കിഴക്കുഭാഗത്ത്‌, ഒരു ഓട്ടോറിക്ഷക്കു കടന്നു പോകാന്‍ മാത്രം സ്ഥലമുള്ള പോക്കറ്റ്‌ റോഡിലൂടെയാണ്‌..
ഒരു പ്രായമായ സ്‌ത്രീ ആ വഴിയിലേക്കു കയറാന്‍ ഒരുങ്ങുകയാണ്‌..
ആരോവിളിച്ചു പറഞ്ഞു: `ആന വരുന്നു...'
അവര്‍ വഴിയിലേക്കു കയറാതെ ഒന്നു മാറിനിന്നയുടന്‍, ആനയെത്തി.
പുറത്ത്‌ ഒരാള്‍ മാത്രം. നെറ്റിപ്പട്ടം ഉലഞ്ഞിരിക്കുന്നു. നീണ്ട ചങ്ങല വലിച്ചിഴച്ചുകൊണ്ടാണ്‌ ആന ഓടിക്കൊണ്ടിരിക്കുന്നത്‌. പിന്നാലെ പാപ്പാന്‍മാരും..
ഔഷധി ആയുര്‍വേദ ആശുപത്രിയുടെ പിന്നിലൂടെയുള്ള പോക്കറ്റിലൂടെ ഓടിയ ആനയെ, പിന്നാലെ എത്തിയ പാപ്പാന്‍മാര്‍, അഴിഞ്ഞ ചങ്ങല പിടിച്ചു വൈദ്യുതി പോസ്‌റ്റിലാണ്‌ തളച്ചത്‌..!
ആന ഏതുവഴിക്കാണ്‌ വരുന്നതെന്ന്‌ അറിയാതെ, രണ്ടുംകല്‍പ്പിച്ച്‌ കാമറയുമായി ഓടിയിറങ്ങിയ രവിയേട്ടനെ കുറിച്ച്‌ ഞാന്‍ ഓര്‍ത്തു. അപ്പോള്‍ മാത്രമല്ല, പിന്നെ പലപ്പോഴും. രവിയേട്ടന്‍ ഇന്നു വിശ്രമ ജീവിതം നയിക്കുന്നു.
പത്രത്തില്‍ വരുന്ന ഒരു ചിത്രം, ഒരു വാര്‍ത്ത..ഇതിനു പിന്നിലുള്ള മനുഷ്യപ്രയത്‌നം, മനുഷ്യധീരത..ഇതൊന്നും ആരും പരിഗണിക്കാറേ ഇല്ലല്ലോ..?. 

Sunday, November 24, 2013

അരയാലിലകളില്‍ കാറ്റുപിടിക്കുമ്പോള്‍...

അരയാലിലകള്‍

കുട്ടിക്കാലത്ത്‌ സൈക്കിള്‍ ചവിട്ടു പഠിക്കുന്നത്‌ അമ്പലപ്പറമ്പിലാണ്‌. വെട്ടുകല്ലുകൊണ്ടു തീര്‍ത്ത അരയാല്‍ തറയില്‍ ഊഴമിട്ടു കാത്തിരിക്കും. കുട്ടിസൈക്കിള്‍ ഒന്നേയുള്ളൂ വാടകയ്‌ക്ക്‌. മണിക്കൂറിന്‌ അമ്പതുപൈസ. ഊഴമിട്ടാണ്‌ പഠിത്തം.

എല്ലാതിനും സാക്ഷിയായി അമ്പലമുറ്റത്തെ അരയാല്‍..
തണല്‍ വിരിച്ച്‌, വളര്‍ന്നു പ്രവൃദ്ധമായ ശിഖരങ്ങള്‍...കാറ്റില്‍ ശീകരംമുഴക്കി ആയിരക്കണക്കിനു അരയാലിലകള്‍ വിറകൊള്ളുന്നത്‌ നോക്കിയിരിക്കും. അവയ്‌ക്കിടയില്‍, ആലിന്‍പഴങ്ങള്‍ തിന്നാനെത്തുന്ന പക്ഷികള്‍...
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞ്‌ വീണ്ടും അവിടെ എത്തുമ്പോഴും കാഴ്‌ചകള്‍ക്കു മാറ്റമൊന്നുമില്ല. അരയാല്‍ത്തറ സിമന്റുതേച്ച്‌ വൃത്തിയുളളതാക്കിയിരിക്കുന്നു; മറ്റൊന്നുമില്ല..
മരം അപ്പോഴും ഹൃദയപൂര്‍വ്വം മാടിവിളിക്കുന്ന അനുഭവം..
നവോന്മേഷം പകരുന്ന കാറ്റേറ്റ്‌ ഇരിക്കുമ്പോള്‍, അലിന്‍പഴങ്ങള്‍ക്കായി അപ്പോഴും പക്ഷികള്‍ വന്നുകൊണ്ടിരുന്നു....
ആലുകള്‍ ക്ഷേത്രപരിസരങ്ങളില്‍ തഴയ്‌ക്കുന്നു. അതിനു ഒരു ദിവ്യപരിവേഷമുണ്ട്‌. ശക്തിസ്‌ഫുരിക്കുന്ന തായ്‌ത്തടിയില്‍ ചാരിയിരിക്കുമ്പോള്‍ തന്നെ സുരക്ഷാബോധം ഉടലെടുക്കുന്നു...
വൃക്ഷങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്നത്‌ വെറുതെയല്ല. കിഴക്കന്‍ ഹിമാലയവും തെക്കു കിഴക്കന്‍ ഏഷ്യയുമാണ്‌ ഈ ദൈവ വൃക്ഷത്തിന്റെ ജന്മദേശമത്രെ. ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരുപോലെവിശുദ്ധവൃക്ഷമാണിത്‌. നീലഗിരിയിലെ ബഡഗ വര്‍ഗക്കാരും അരയാലിനെ ആരാധിക്കുന്നു. ബോധ്‌ഗയയിലെ അരയാലിന്റെ ചുവട്ടില്‍വച്ചാണ്‌ സിദ്ധാര്‍ത്ഥന്‌ ജ്ഞാനോദയമുണ്ടായതെന്ന്‌ വിശ്വസിക്കപ്പെടുന്നു.അതുകൊണ്ടു ഇത്‌ ബോധിവൃക്ഷവുമായി.
ഇലകൊഴിയുംവൃക്ഷമാണ്‌ അരയാല്‍. മിന്നല്‍പ്പിണരുകള്‍ പിടിച്ചെടുത്ത്‌ സ്വയം ദഹിക്കാതെ ഭൂമിയിലെത്തിക്കാനുള്ള ശക്‌തിവിശേഷം അരയാലിന്റെ തടിക്കുണ്ടെന്നാണ്‌ പ്രാചീനകാലം മുതല്‌ക്കുള്ള വിശ്വാസം. അതിനാലാവാം ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവയുടെ സമീപം ഈ മരം നട്ടുവളര്‍ത്തുന്നത്‌. പക്ഷെ, തടിക്ക്‌ സാമാന്യം ദൃഢതയുണ്ടെങ്കിലും  ഈടും ഉറപ്പും വളരെ കുറവാണ്‌. ഇതിന്‌ ഔഷധഗുണമുണ്ടെന്നും പറയുന്നു. തൊലിക്കും ഇലയ്‌ക്കും ഔഷധഗുണമുണ്ട്‌. തൈരും എണ്ണയും അരയാലിലയില്‍ ഒഴിച്ചു ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയ്‌ക്ക്‌ ശമനം കിട്ടും. ഉഷ്‌ണപ്പുണ്ണ്‌ കഴുകാന്‍ അരയാല്‍തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്‌. ഹൃദയാകൃതിയിലുള്ള അരയാലിലയില്‍ കൃഷ്‌ണന്‍ കാല്‍വിരല്‍ കുടിച്ചു കിടക്കുന്ന രംഗം, ഹൈന്ദവപുരാണങ്ങളിലുണ്ട്‌. ഇതും ഈ വൃക്ഷത്തിനു ദൈവീകപരിവേഷം നല്‍കിയിരിക്കുന്നു. ഓക്‌സിജന്‍ ഉത്‌പാദനത്തില്‍ ഇത്രയും മുന്നിട്ടു നില്‍ക്കുന്ന വൃക്ഷം വേറെയുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടു കൂടിയായിരിക്കാം അരയാല്‍ പ്രദക്ഷിണം ശ്രേഷ്‌ഠമാണെന്ന വിശ്വാസത്തിനു പിന്നില്‍...
കാലത്തിന്റെ മാറ്റം പോറലേല്‍പ്പിക്കാതെ, അരയാലുകള്‍ ഇപ്പോഴും ഹൃദയപൂര്‍വ്വം മാടിവിളിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്കുള്ളതെല്ലാം ഈ ലോകത്തിനുകൂടിയുള്ളതാണെന്ന ഒരു ത്യാഗിയുടെ ഭാവത്തോടെ..!

Saturday, November 23, 2013

ഞായറാഴ്‌ചകളിലെ പക്ഷി പള്ളിക്കൂടം..!!

ചെമ്പുകൊട്ടി 
ഞായറാഴ്‌ചകളില്‍ പക്ഷികള്‍ പള്ളിക്കൂടം നടത്തുന്നുണ്ട്‌. വീട്ടുവളപ്പിലും അയലത്തുമുളള മരങ്ങളിലും ഇവയുടെ ശബ്ദകാഹളം ഏറ്റവും കൂടുതല്‍ ഞായറാഴ്‌ചകളിലാണ്‌. എല്ല ജാതിക്കാരും ഉണ്ട്‌.
എണ്ണിനോക്കി.
മണ്ണാത്തിപ്പുള്ള്‌, ചെമ്പോത്ത്‌, ഓലേഞ്ഞാലി, ആനറാഞ്ചി, പൂത്താങ്കീരി, തുന്നാരന്‍, കറുപ്പന്‍ തേന്‍കിളി, മഞ്ഞത്തേന്‍കിളി, കുട്ടുറുവന്‍, അരിപ്രാവ്‌, നാട്ടുമൈന, കിന്നരിമൈന, ഇരട്ടത്തലച്ചി ബുള്‍ബുള്‍, നാട്ടുബുള്‍ബുള്‍, ചെമ്പുകൊട്ടി, ഷിക്ര(വന്നുപോകുന്നു), ചുട്ടിയാറ്റ, മഞ്ഞക്കിളി. പച്ചപ്രാവ്‌. ഒച്ചയുണ്ടാക്കാതെ നാട്ടുമരംകൊത്തി. ദേശാടനക്കാരില്‍ ഒന്നു രണ്ടു പേരും: തവിടന്‍ ഷ്രൈക്ക്‌, ഇളംപച്ചപ്പൊടിക്കുരുവി. വീടിന്റെ മോന്തായത്തില്‍ അമ്പലപ്രാവ്‌. പേനക്കാക്കയും ബലിക്കാക്കയും ഉണ്ട്‌.
നഗരമധ്യത്തിലെ വീട്ടുവളപ്പില്‍ ഇവരൊക്കെ സസുഖം ക്ലാസു നടത്തുന്നു..!
പൂച്ചയോ പാമ്പോ സാന്നിധ്യപ്പെട്ടാല്‍, ഇവരുടെ ശബ്ദം മാറുന്നു. ഒരു തരം ചീറ്റല്‍..ചീര്‍ര്‍ര്‍..എന്ന്‌!.
അസ്വസ്ഥത നമ്മിലേക്കും ബാധിക്കും.
പക്ഷി ഭാഷ പഠിച്ചു വരുന്നു.
പക്ഷിഭാഷ അറിയാവുന്നയാളായിരുന്നു വരരുചി എന്നു കേള്‍വി. അദ്ദേഹം, മരത്തിനു മുകളിലിരുന്നു സംസാരിച്ച രണ്ടു പക്ഷികളുടെ ഭാഷണത്തില്‍ നിന്നാണ്‌ തന്റെ ഭാവി വധു പറച്ചിയാണെന്ന്‌ അറിഞ്ഞത്‌. മറ്റൊരാള്‍ തേവലശ്ശേരി നമ്പി ആയിരുന്നു. പ്രഗത്ഭഭിഷഗ്വരന്‍. `കോരുക്ക്‌...കോരുക്ക്‌' (ആരാണ്‌ അരോഗി?) എന്ന്‌ രണ്ടു പക്ഷികള്‍ ചോദിച്ചതിനു മറുപടിയായി അദ്ദേഹം രോഗങ്ങളുടെ കാരണം പറഞ്ഞു എന്നാണ്‌ ഐതിഹ്യം. ഈ പക്ഷികള്‍ അശ്വിനി ദേവകള്‍ ആയിരുന്നുവത്രെ...
പക്ഷികളുടെ സംസാരം അല്‍പ്പം ശ്രദ്ധിച്ചാല്‍ തിരിച്ചറിയാവുന്നതേയുള്ളൂ. മുന്നറയിപ്പുകള്‍, ആഹ്ലാദം, ദേഷ്യം.. തുടങ്ങി മനുഷ്യവികാരങ്ങളൊക്കെയും ഇവ പ്രകടിപ്പിക്കുന്നു. ശബ്ദത്തിലൂടേയും ചില ചേഷ്ടകളിലൂടെയും. അതു നിരീക്ഷകര്‍ക്ക്‌ പെട്ടെന്ന്‌ തിരിച്ചറിയാനാവും. ഇവയുടെ ചീറല്‍...ശ്രദ്ധിച്ച എനിക്ക്‌, ഇവയുടെ ശത്രുക്കളായ പൂച്ചയേയോ പമ്പിനേയോ പരിസരത്ത്‌ കണ്ടെത്താനായിട്ടുണ്ട്‌. നമ്മുടെ ദൃഷ്ടിപഥത്തിലെത്തും മുമ്പെ ഇവയെ പക്ഷികള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കും....!
നഗരമധ്യത്തില്‍ തന്നെ അറുപതിലേറെ പക്ഷികളെ കണാനായിട്ടുണ്ടെന്നത്‌ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. നിരീക്ഷണ ശക്തി എത്ര കുറവാണ്‌ നമ്മുടെ ആളുകള്‍ക്ക്‌!. അല്ലെങ്കില്‍ അശ്രദ്ധ. മറ്റൊരുതരത്തില്‍ ഒന്നിനും നേരമില്ലായ്‌മ..
പ്രകൃതിയെ നിരീക്ഷിക്കുക പാശ്ചാത്യലോകത്ത്‌ ഒരു ഹോബിയേക്കാള്‍ ഗൗരവമുള്ള വിഷയമായി മാറിയിരിക്കുന്നു. സീരിയലുകളും സ്‌പോണ്‍സേഡ്‌ പരിപാടികളും കണ്ടു ചര്‍ച്ച നടത്തുന്ന നമ്മള്‍ക്കോ..??? 




Thursday, November 21, 2013

ഓര്‍മ്മകളുടെ ഓളങ്ങളില്‍ ഒരു പൂരം



ഇരമ്പിയാര്‍ക്കുന്ന ജനസാഗരത്തിനുനടുവില്‍, കരിമ്പാറകള്‍ പോലെ ആനകള്‍. വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകനെ' ഓര്‍മ്മിപ്പിക്കുന്ന പൂരക്കാഴ്ചകള്‍. മേളങ്ങള്‍ കാലങ്ങള്‍ കൊട്ടിക്കയറുമ്പോള്‍, സൂചനയായി പൊട്ടുന്ന കതിനകള്‍. മേളപ്പെരുക്കത്തിന്റെ മുറുക്കത്തില്‍, വെണ്‍ചാമരവും ആലവട്ടവും വീശിയുയരുന്നു. സര്‍വ്വവും മറന്ന് മേളലഹരിയില്‍ ആരാധകര്‍ അന്തരീക്ഷത്തിലേക്ക് കൈകള്‍ വീശിയെറിഞ്ഞ് മേടച്ചൂടിനെ നിലാവാക്കുന്നു....
ഇതു പൂരങ്ങളുടെ പൂരം. തൃശൂര്‍ പൂരം. മേടത്തിലെ പൂരം നാളില്‍ തൃശൂരില്‍ പെയ്തിറങ്ങുന്ന നാദ-വര്‍ണ-ദൃശ്യ വിസ്മയങ്ങളുടെ ആഘോഷം. ഒന്നിനൊന്നു പിറകേ മറ്റൊന്നായി, പൂരങ്ങളുടെ വേലിയേറ്റമാണ് ശ്രീ വടക്കുംനാഥന്റെ തിരുമുറ്റത്ത്. എല്ലാത്തിനും, സര്‍വ്വസാക്ഷിയായി മഹാദേവന്‍. ചരിത്രപ്പഴമകളിലൂടെ, ഓര്‍മ്മകളുടെ തിരുമുറ്റങ്ങളിലൂടെ തട്ടകക്കാര്‍. അവര്‍ക്ക് ഒരു വര്‍ഷം നീളുന്ന ഒരുക്കങ്ങളാണ് ഓരോപൂരവും. ചടങ്ങുകളില്‍, കാഴ്ചകളുടെ വിസ്മയങ്ങളില്‍, വെടിക്കെട്ടിന്റെ ശബ്ദഘോഷങ്ങളില്‍ ഓരോ പൂരവും വ്യത്യസ്തമാകണം. അതൊരു വാശികൂടിയാണ്. 
നൂറ്റാണ്ടുകള്‍ക്കു മുമ്പ്- ചരിത്രകാരന്‍മാരുടെ കണക്കുപ്രകാരം കഷ്ടി നാനൂറ് വര്‍ഷം-കൊച്ചി ഭരിച്ചിരുന്ന ശക്തന്‍തമ്പുരാനെന്ന രാമവര്‍മ്മ മഹാരാജാവാണ് തൃശൂര്‍ പൂരത്തിനു തുടക്കം കുറിച്ചത് എന്നാണ് ചരിത്രം. അതിനു മുമ്പ്, ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നു തൃശൂരിലെ ക്ഷേത്രങ്ങളും. ഒരു വര്‍ഷം മഴമൂലം തൃശൂര്‍ ദേശക്കാര്‍ക്കും കുട്ടനെല്ലൂര്‍ ദേശക്കാര്‍ക്കും ആറാട്ടുപുഴയില്‍ കൃത്യസമയത്ത് എഴുന്നള്ളി എത്താനായില്ലത്രെ. അക്കൊല്ലം അവരെ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. അപമാനഭാരത്തോടെ മടങ്ങിയ തട്ടകക്കാരുടെ സങ്കടം കേട്ട, തമ്പുരാന്‍ അടുത്തവര്‍ഷം ആറാട്ടുപുഴക്കു പോകേണ്ടെന്ന് കല്‍പ്പിക്കുകയായിരുന്നു. തൃശൂര്‍കാര്‍ക്കു മാത്രമായി ഒരു പൂരം അങ്ങിനെ പിറന്നുവീണു. വിശ്വത്തോളം വളര്‍ന്ന ദൃശ്യവിസ്മയമായ തൃശൂര്‍ പൂരം!.
തൃശൂരിനെ വ്യക്തമായി രണ്ടു തട്ടകങ്ങളായി തിരിച്ചാണ് തമ്പുരാന്‍ പൂരം വിഭാവന ചെയ്തത്. പടിഞ്ഞാറുഭാഗം തിരുവമ്പാടി ക്ഷേത്രത്തിനു കീഴിലും കിഴക്ക് പാറമേക്കാവ് ക്ഷേത്രത്തിനു കീഴിലും. പത്തു ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ് പൂരച്ചടങ്ങുകള്‍ നെയ്തെടുത്തത്. നൂറ്റാണ്ടുകള്‍ക്കു മുമ്പു നിശ്ചയിച്ചുറപ്പിച്ച ചടങ്ങുകള്‍ ഇന്നും അതേപടി തുടര്‍ന്നു പോരുന്നു എന്നത് ഇന്നും മഹാവിസ്മയമാണ്. കണിമംഗലം ശാസ്താവ്, ലാലൂര്‍ ഭഗവതി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്ത്യയനി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവ തിരുവമ്പാടി തട്ടകത്തിലും, കാരമുക്ക്, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കം പിള്ളി ശാസ്താവ്, എന്നിവ പാറമേക്കാവ് തട്ടകത്തിലും. ദേവിമാരും ശാസ്താക്കന്‍മാരും മാത്രമാണ് പൂരപ്പങ്കാളികള്‍. തിരുവമ്പാടിയില്‍ ഉണ്ണിക്കണ്ണനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും, ക്ഷേത്രത്തിലെ ഭഗവതിക്കാണ് പൂരം. പീലിത്തിരുമുടിയുള്ള കണ്ണന്റെ രൂപമുള്ള സ്വര്‍ണക്കോലത്തില്‍, ഭഗവതിയുടെ തിടമ്പാണ് എഴുന്നള്ളിക്കുക. 
പൂരത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കുമായി തമ്പുരാന്‍ തട്ടകക്കാര്‍ക്കിടയില്‍ ശക്തമായ ഒരു കിടമത്സരം തന്നെ വളര്‍ത്തിയെടുക്കുകയുണ്ടായി. ഈ വാശി മൂര്‍ച്ചിച്ച് പൂരം കലക്കുന്നിടം വരെ എത്തിയിരുന്നു. പില്‍ക്കാലത്ത് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അധികാരികള്‍ മുന്‍കൈയെടുത്ത് ഇതിന് അയവുവരുത്തുകയായിരുന്നു. ഇന്ന് പരസ്പരം ഒരു മേശക്കു ചുറ്റുമിരുന്ന് ആനകളെ പങ്കിട്ടെടുക്കുന്ന തലത്തിലേക്ക് ഈ സൌഹൃദം വളര്‍ന്നു. മുന്‍കാലങ്ങളില്‍ പൂരത്തിന് എഴുന്നള്ളിക്കാവുന്ന ആനകളുടെ എണ്ണം ഇത്രയെന്ന് നിശ്ചയിച്ചിരുന്നില്ലത്രെ. പില്‍ക്കാലത്ത് സര്‍ക്കാര്‍ ഇടപെടലോടെയാണ് ഓരോ ക്ഷേത്രങ്ങള്‍ക്കും ഇത്ര ആനകള്‍ എന്നു നിശ്ചയമുണ്ടായതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. 
മുപ്പത്തിയാറുമണിക്കൂറുകള്‍ നീളുന്ന, അഭംഗുരം രാത്രിയും പകലും തുടരുന്ന പൂരച്ചടങ്ങുകളാണ് തൃശൂര്‍ പൂരത്തിന്റേത്. പകല്‍ നടന്ന ചടങ്ങുകളുടെ ആവര്‍ത്തനം രാത്രിയിലും. വിശ്വപ്രസിദ്ധമായ മഠത്തില്‍ വരവിന്റെ പഞ്ചവാദ്യം തിരുവമ്പാടി വിഭാഗത്തിന്റെ അഭിമാനസ്തംഭമാണെങ്കില്‍, വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കകത്ത് മേളഗോപുരം തീര്‍ക്കുന്ന ഇലഞ്ഞിത്തറമേളം പാറമേക്കാവിന്റെതാണ്. ആരാധക ലക്ഷങ്ങളാണ് ഇവയുടെ ആസ്വാദനത്തിന് ഒഴുകിയെത്തുക. മേളം കലാശിച്ച് ലോക വിസ്മയമായ കൂടിക്കാഴ്ച. ഇരു വിഭാഗങ്ങളും വടക്കുന്നാഥന്റെ തെക്കേഗോപുരം കടന്നിറങ്ങി, മുഖാമുഖം നിരക്കുന്നു. തുടര്‍ന്നുളള കുടമാറ്റം, ദേവകളെ പോലും അസൂയപ്പെടുത്തുന്ന കാഴ്ചയാണ്. സന്ധ്യാകാശത്തിനു കീഴെ ആകാശത്ത് മാരിവില്ലു തീര്‍ക്കുന്ന പട്ടുകുടകള്‍ മാറിമാറി ഉയരുമ്പോള്‍, ആവേശമടക്കാനാവാതെ ജനസാഗരം ഇരമ്പിയാര്‍ക്കും...
തെക്കോട്ടിറക്കം കാണാന്‍ ശക്തന്‍ തമ്പുരാന്‍ തെക്കേഗോപുര നടയില്‍ എഴുന്നള്ളിയിരുന്നു എന്നാണ് ചരിത്രരേഖകള്‍. പൂരം നാളിലും ശിവരാത്രിക്കും മാത്രമേ ഈ ഗോപുരം തുറക്കൂ. പൂരത്തലേന്ന് നെയ്തലക്കാവു ഭഗവതി ഒരാനപ്പുറത്ത്് എഴുന്നള്ളിയെത്തിയാണ് ഈ ഗോപുരം തുറന്നു വയ്ക്കുക. മനോഹരമായ ഒരു ചടങ്ങാണിത്. പൂരം നാളില്‍ ആദ്യം എഴുന്നള്ളിയെത്തുന്ന കണിമംഗലം ശാസ്താവ് ഗോപുരം കടന്നെത്തി വടക്കുന്നാഥനെ വണങ്ങുന്നതോടെ പൂരങ്ങളുടെ പെയ്തിറക്കമായി.
രാത്രിപ്പൂരങ്ങള്‍ കഴിഞ്ഞു പിറ്റേന്നു പുലര്‍ച്ചെവരെ ഉറക്കമില്ലാത്ത നഗരം ഒഴുകിക്കൊണ്ടിരിക്കും. മൂന്നുമണിയോടെ തിരികൊളുത്തുന്ന വെടിക്കെട്ടിന്റെ രൌദ്രസംഗീതം ആസ്വദിക്കാന്‍..ദിഗന്തങ്ങള്‍ വിറക്കുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിന് ഇന്നും സമാനതകളില്ല.
കാലത്തിന്റെ കുത്തൊഴുക്കില്‍ പൂരച്ചടങ്ങുകള്‍ക്ക് വലിയ മാറ്റങ്ങളുണ്ടായി എന്നു പറയാനാവില്ല. തമ്പുരാന്റെ, ഭാര്യ നേത്യാരമ്മയ്ക്ക് കാണാന്‍ കൊട്ടാരക്കെട്ടില്‍ നടത്തിയിരുന്ന പൂരം ഇന്നില്ല. ഇതു നിലച്ചിട്ട് വര്‍ഷമെത്രയായി എന്നു ഓര്‍ക്കുന്ന ഒരു തലമുറ ഇന്നില്ല താനും. കോവിലകത്തും പൂരം എന്ന പേരുണ്ടായിരുന്ന ഈ പൂരത്തിന്റെ ദിവസമാണ്, ഇന്ന് സാമ്പിള്‍ വെടിക്കെട്ട്. ഒരു പശ്ചാത്താപമെന്നോണം. കുറെകാലം പൂരത്തിനെത്താതിരുന്ന പനമുക്കംപിളളി ശാസ്താവും ഇപ്പോള്‍ എത്തുന്നു...കാലത്തിന്റെ മറ്റൊരു വിസ്്മയം..!.
രണ്ടാം ദിവസത്തെ പൂരമാണ് തൃശൂര്‍ക്കാരുടെ പൂരം. തൃശൂരിന്റെ കുടുംബിനികള്‍ അന്നാണ് പൂരമാസ്വദിക്കാന്‍ എത്തുക. തിരുവമ്പാടി, പാമേക്കാവ് ഭഗവതിമാര്‍ പതിനഞ്ചാനകളുമായി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്കു കൊട്ടിക്കയറുന്നു. സൂര്യന്‍ ഉച്ചിയിലെത്തുന്നതോടെ ഇരു വിഭാഗങ്ങളും കൊട്ടിക്കലാശിക്കും. ആവേശത്തിരയിലേറിയ ജനങ്ങളുടെ ആരവങ്ങള്‍ക്കിടെ കലാശം കഴിഞ്ഞാല്‍, പിന്നെ ഉപചാരം ചൊല്ലലാണ്. രണ്ടു ഭഗവതിമാരേയും ശിരസിലേറ്റുന്ന ഗജവീരന്‍മാര്‍ തുമ്പികൈ ഉയര്‍ത്തി, വടക്കുന്നാഥനെ സാക്ഷിയാക്കി യാത്രചൊല്ലുന്നു, അടുത്തവര്‍ഷം വീണ്ടും കണ്ടുമുട്ടാമെന്ന ഉറപ്പ്...ഒരു വര്‍ഷത്തെ കാത്തിരിപ്പും നെഞ്ചിലേറ്റി ഭഗവതിമാര്‍ക്കൊപ്പം ദേശക്കാരും അവരവരുടെ തട്ടകങ്ങളിലേക്ക്...
കേരളത്തിലെ എണ്ണം പറഞ്ഞ ആനകള്‍...ലക്ഷണത്തികവുള്ള ഗജസൌന്ദര്യങ്ങള്‍, തികവാര്‍ന്ന മേളകലാകാരന്‍മാര്‍...പൂരത്തിന്റെ ലക്ഷണത്തികവുളള്താക്കുന്നത് ഇവയൊക്കെ അന്നമനട അച്യുതമാരാര്‍.  മുതല്‍ പഞ്ചവാദ്യത്തിനു പുതിയമാനം നല്‍കിയ വെങ്കിച്ച സ്വമിയും എല്ലാവൂര്‍ ത്രയങ്ങളും മുതല്‍ തൃപ്പേക്കുളവും പെരുവനം കുട്ടന്‍മാരാരും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും അന്നമനട പരമേശ്വരമാരാര്‍ വരെ നീളുന്ന മേള പ്രതിഭകളുടെ നിര. ആനകളില്‍ ചെങ്ങല്ലൂര്‍ രംഗനാഥന്‍ മുതല്‍ പൂമുളളി ശേഖരന്‍, പാലിയം ഗോവിന്ദന്‍, കീരങ്ങാട്ടു കേശവന്‍ മുതല്‍ ഗജരാജാക്കന്‍മാര്‍ വരെ...! മതിയാവില്ല വാക്കുകള്‍, തൃശൂരിന്റെ പൂരമാഹാത്മ്യം വാഴ്ത്തുവാന്‍....

Tuesday, November 19, 2013

ആറേശ്വരത്തേക്ക്‌ ഒരു യാത്ര


ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വിശ്വാസത്തിന്റെ അടിസ്‌ഥാനത്തില്‍ മാത്രം കാണേണ്ടവയല്ല. പ്രകൃതിയുടെ താളക്രമം കാക്കുന്ന ഒരു ദൗത്യം കൂടി ഇവയിലില്ലേ എന്നു തോന്നിപ്പോകുന്നു. നിത്യ ജീവിതത്തിന്റെ തിരത്തള്ളലില്‍ ജീവിതത്തിന്റെ താളം നഷ്‌ടപ്പെടുമ്പോള്‍, മനുഷ്യന്‍ ഈ ഭൂമികകളിലേയ്‌ക്കു മടങ്ങുന്നു. അതു ദൈവവിശ്വാസം കൊണ്ടായിരിക്കണമെന്നില്ല. താളനിബദ്ധമായ പ്രകൃതിയിലേക്കു മടങ്ങാനുള്ള അവന്റെ അന്തഃഛോദന കൊണ്ടാവാനേ തരമുള്ളൂ. പ്രകൃതിയില്‍ വിലയിച്ചു കിടക്കുന്ന ചില ആരാധാനയാലങ്ങളുണ്ട്‌ ഗ്രാമീണ പ്രകൃതിയുടെ വശ്യതയില്‍ നിലീനമായ ഒരു ക്ഷേത്രമാണ്‌ ആറേശ്വരം. ആറേശ്വരം എന്നാല്‍ ആറ്‌ ദേവതകളുടെ സംഗമഭൂമി എന്നര്‍ത്ഥം. ഭസ്‌ത്രീകളുടെ ശബരിമല' എന്നാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌. ശിവന്‍, പാര്‍വതി, ഗണപതി, സുബ്രഹ്‌മണ്യന്‍, ശാസ്‌താവ്‌, ഭദ്രകാളി എന്നീ ദേവമൂര്‍ത്തികളുടെ സാന്നിധ്യമാണ്‌ ഇവിടത്തെ സങ്കല്‌പം. ഇതില്‍ പ്രാധാന്യം ജടധാരിയായ ശാസ്‌താവിനാണ്‌.
തൃശ്ശൂര്‍ ജില്ലയില്‍ നാഷണല്‍ ഹൈവേയോട്‌ ചേര്‍ന്ന കൊടകരയ്‌ക്കടുത്ത്‌ മറ്റത്തൂര്‍ എന്ന മലയോരഗ്രാമത്തിലെ ആറേശ്വരം മലയിലാണ്‌ ക്ഷേത്രം. ഹൈവേയില്‍ നിന്നു തിരിഞ്ഞാല്‍, തനി ഗ്രാമപ്രകൃതിയായി. നാടിനും നാട്ടുകാര്‍ക്കും ഉണ്ട്‌ ഈ വ്യത്യാസം..!.
ഇരുവശവും കൂറ്റന്‍ കരിമ്പാറക്കെട്ടുകള്‍. പാറക്കെട്ടില്‍ കല്ലുകൊണ്ട്‌ മൂടിയ ഗുഹാമുഖമുണ്ട്‌. തിരുവില്വാമല വില്വാദ്രിനാഥ സന്നിധിയില്‍ ഈ ഗുഹ അവസാനിക്കുന്നതായാണ്‌ പഴമക്കാര്‍ പറയുന്നത്‌. ക്ഷേത്രത്തിന്‌ ഇരുനൂറ്‌ വര്‍ഷത്തെ പഴക്കം കണക്കാക്കുന്നുണ്ട്‌.
ദേവസുര യുദ്ധത്തിനുശേഷം ലോകം നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഘോരാസുരന്‍ സര്‍പരൂപം ധരിച്ച്‌ പുറപ്പെട്ടു. വരുന്ന വഴിയിലുള്ള ഇല്ലങ്ങള്‍ ചുട്ടെരിച്ചു കൊണ്ടാണ്‌ അസുരന്റെ വരവ്‌.
പരിഭ്രാന്തരായ ആളുകള്‍ ശ്രീ കൂടല്‍ മാണിക്യസ്വാമിയെ അഭയം പ്രാപിച്ചുവത്രെ. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം ശാസ്‌താവ്‌ ഘോരാസുരനെ മൂന്നു തുണ്ടുകളാക്കി വെട്ടിവീഴ്‌ത്തി. മാപ്പ്‌ അപേക്ഷിച്ച അസുരന്‌ ശാസ്‌താവ്‌ മാപ്പുനല്‌കുകയും അവിടെ വസിച്ചുകൊള്ളുവാന്‍ അനുവാദം നല്‌കുകയും ചെയ്‌തുവത്രെ. അല്‌പം അകലെയുള്ള മാവും പ്ലാവും കൂടിയ സ്‌ഥലത്ത്‌ കുടിയിരുന്നുവെന്നുമാണ്‌ ഐതിഹ്യം.
ഈ ക്ഷേത്രത്തിന്‍റ മുന്‍വശത്ത്‌ നൂറടിയിലേറെ ഉയരമുള്ള പാറക്കെട്ടില്‍ ശിലയായി മാറിയ, മൂന്നു കഷ്‌ണത്തോടുകൂടിയ സര്‍പ്പരൂപവും, തേര്‌ ഉരുണ്ട പാടുകളും ഉണ്ട്‌. ഇപ്പോഴും ഈ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത്‌ ഇല്ലങ്ങള്‍ ഒന്നുംതന്നെയില്ല എന്നത്‌ ഐതിഹ്യത്തിനു സാധൂകണമായി ചൂണ്ടിക്കാട്ടുന്നു!.
പുനര്‍ജനിയാണ്‌ ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഈ പുനര്‍ജനിയിലൂടെ നൂണ്ടു കിടക്കുന്നത്‌ പാപമോക്ഷ പ്രദമത്രെ. ക്ഷേത്രനടയില്‍ വടക്കുകിഴക്കുമൂലയിലെ പാറക്കെട്ടില്‍ ഒന്നരയടി വീതിയിലുള്ള വിടവാണ്‌ പുനര്‍ജനി.
വനദുര്‍ഗാ സങ്കല്‌പവും ഈ ക്ഷേത്രത്തിലുണ്ട്‌. കാറ്റും മഴയും വെയിലുമെല്ലാം ഏല്‍ക്കണമെന്ന്‌ ശാസ്‌ത്രം. ഈ ക്ഷേത്രത്തിന്‌ പ്രത്യേക ശ്രീകോവില്‍ ഇല്ല. ഇവിടത്തെ ബിംബം മാറ്റാനോ പതിനെട്ടാംപടി കെട്ടാനോ പാടില്ലെന്നു വിധിയുണ്ട്‌. ശബരിമല സന്നിധാനത്തില്‍ പോകാന്‍ കഴിയാത്ത സ്‌ത്രീകള്‍ ഇവിടെ ദര്‍ശനം നടത്തുന്നത്‌ സന്നിധാനത്തില്‍ പോകുന്നതിന്‌ തുല്യമാണെന്നു വിശ്വസിക്കുന്നു. പ്രധാന വഴിപാട്‌ പന്തീരാഴിയാണ്‌. അപ്പവും അടയും നൈവേദ്യം. വൃശ്‌ചികമാസത്തിലെ ആദ്യ ശനിയാഴ്‌ച നടക്കുന്ന ഷഷ്‌ഠിമഹോത്‌സവമാണ്‌. ഭക്‌തിയും ഈശ്വരഭയവുമെല്ലാം മാറ്റിവയ്‌ക്കാം. വെറുതെ ഈ ഗ്രാമസൗന്ദര്യത്തിലേയക്കു യാത്രപോകുക. കുന്നിന്‍ മുകളില്‍ നിന്നു കണ്ണെത്താദൂരം പരന്നു കാണുന്ന പച്ചപ്പുകള്‍ കണ്ടു നില്‍ക്കുക....ആ തലപ്പുകളില്‍ തട്ടി വീശിയെത്തുന്ന ഇളംകാറ്റേല്‍ക്കുക.. മനസ്സിലെ കെട്ടുപാടുകള്‍ അഴിയുന്നതറിയാം.... 

Monday, November 18, 2013

ആനക്കോട്ടയില്‍ പോകാം; ഗുരുവായൂരപ്പനെയും തൊഴാം...



തലകുലുക്കിയും തുമ്പിക്കൈനീട്ടിയും പനമ്പട്ട ചുഴറ്റിയും പൂഴിവാരിയെറിഞ്ഞും സുന്ദരന്‍മാരും സുന്ദരികളും. പുന്നത്തൂര്‍ കോട്ടയിലെത്തുമ്പോള്‍ ആനയെന്ന വാക്കിന്റെ അര്‍ഥതലം നമ്മള്‍ അറിയുന്നു. ലോകത്തിലെ ഏറ്റവും വലിയ നാട്ടാനപാര്‍ക്ക്‌ ആണ്‌ പുന്നത്തൂര്‍ കോട്ട എന്ന്‌ എത്രപേര്‍ക്കറിയാം?.വര്‍ഷത്തിലൊരിക്കലെങ്കിലും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ജീവിതചര്യയാക്കിയവര്‍ ധാരാളം. അവര്‍ക്കുപോലും ഈ പാര്‍ക്കിന്റെ പ്രാധാന്യമറിഞ്ഞു കൂടാ.
എങ്ങോട്ടു തിരിഞ്ഞാലും ആനകള്‍..ചിലത്‌ അതീവ ശാന്തചിത്തര്‍. മറ്റുചിലതില്‍ കുസൃതിത്തരം. വേറെ ഒരു കൂട്ടര്‍ അല്‍പ്പം ഇടഞ്ഞു തന്നെ.....അറുപത്തിനാലോളം ആനകള്‍ പത്തേക്കര്‍ വരുന്ന തെങ്ങിന്‍ തോപ്പില്‍ കഴിയുന്നു. മനസ്സില്‍ അല്‍പ്പം ഭാവനയുണ്ടെങ്കില്‍ ജുറാസിക്‌ പാര്‍ക്കില്‍ എത്തിയ പോലെ തന്നെ സങ്കല്‍പ്പിക്കാം. കരയിലെ ഏറ്റവും വലിയ ജീവികള്‍ക്കു നടുവില്‍ കഴിയുന്ന നിമിഷങ്ങള്‍!.
ഗുരവായൂരപ്പന്‌ കാണിക്കയായി ലഭിച്ചവയാണ്‌ ഈ ഗജരത്‌നങ്ങളൊക്കെയും. എണ്‍പതുവയസ്സുകാരന്‍ മുതല്‍ കൊച്ചുകുറുമ്പന്‍മാര്‍ വരെ ഈ പച്ചപ്പിന്റെ ശീതളിമയില്‍ ഉല്ലസിച്ചു നില്‍ക്കുന്ന കാഴ്‌ച ആനപ്രേമികള്‍ക്ക്‌ മറക്കാനാവില്ല.
മുമ്പ്‌ ക്ഷേത്രത്തോടു ചേര്‍ന്ന കോവിലകം പറമ്പിലാണ്‌ ആനകളെ സംരക്ഷിച്ചിരുന്നത്‌. ഇന്നത്തെ ശ്രീവത്സം ഗസ്‌റ്റ്‌ ഹൗസ്‌ നില്‍ക്കുന്ന സ്ഥലം. ആനകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പുന്നത്തൂര്‍ കോവിലകം വാങ്ങി, അവയെ അങ്ങോട്ടു മാറ്റുകയായിരുന്നു. 1975ലാണ്‌ ഗുരുവായൂര്‍ ദേവസ്വം കോവിലകം വാങ്ങുന്നത്‌.
ചരിത്രസ്‌മൃതികളുറങ്ങുന്ന കോവിലകം ഇന്നു പാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രമാണ്‌. തനതു കേരള വാസ്‌തു ശൈലിയിലുള്ള കോട്ട നാലുകെട്ടു മാതൃകയിലാണ്‌. നാനൂറു വര്‍ഷത്തെ ചരിത്രമാണ്‌ ഇതിനു പറയാനുള്ളത്‌. പ്രാദേശിക ഭരണാധികാരികളായ പുന്നത്തൂര്‍ രാജാക്കന്‍മാര്‍ ആണ്‌ ഇതു പണിതീര്‍ത്തത്‌. അവസാനത്തെ രാജാവ്‌ ഗോദവര്‍മ്മ വലിയ രാജ തീപെട്ടതോടെ കോവിലകം റിസീവര്‍ ഭരണത്തിലായി. പിന്നീട്‌ അതു ദേവസ്വം വാങ്ങുകയായിരുന്നു.
മദയാനകളെ കണ്ടു മനസ്സിലാക്കാന്‍ പുന്നത്തൂര്‍ കോട്ടയില്‍ തന്നെ പോകണം. കനത്ത ബന്ദവസ്സിലാണ്‌ ഇവയെ സൂക്ഷിക്കുക. മദകാലം ആനകളെ ഭ്രാന്തന്‍മാരാക്കുന്ന കാലമാണ്‌. ആരേയും അടുപ്പിക്കുകയില്ല അവ. അങ്ങേയറ്റം ആക്രമണോത്സുകരായിരിക്കും. വിദഗ്‌ധ ആനചികിത്സകര്‍ പറയുന്നത്‌, ഈ സമയത്ത്‌ ആനകളുടെ ഉപബോധമനസ്സാണ്‌ ഉണര്‍ന്നിരിക്കുക എന്നാണ്‌. ഓര്‍മ്മകളും വേദനകളും ദുരനുഭവങ്ങളും എന്തിന്‌, കാടിന്റെ ഓര്‍മ്മകള്‍ പോലും ഉണര്‍ന്നു വരുന്ന സമയം. തിന്നാനുളള പനമ്പട്ട വലിച്ചു ചീന്തിയും എടുത്തെറിഞ്ഞും അവ രോഷം പ്രകടമാക്കുന്നു. ഭയാനകമാണ്‌ ഈ കാഴ്‌ചകള്‍. ആന എന്ന വിസ്‌മയത്തെ അടുത്തറിയാന്‍ ഇതിലും നല്ല ഒരു സ്ഥലമില്ല. ഗുരുവായൂര്‍-പൊന്നാനി റൂട്ടില്‍ തമ്പുരാന്‍പടിയിലാണ്‌ ആനക്കോട്ട. വാഹനം വേഗത കുറച്ച്‌ ഓടിക്കുക..അല്ലെങ്കില്‍ ഈ ദൃശ്യാനുഭവം ശ്രദ്ധയില്‍പ്പെടാതെ പോകും. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ സന്ദര്‍ശക സമയം. ചെറിയൊരു സന്ദര്‍ശക ഫീസ്‌ ഈടാക്കുന്നു. വീഡിയോ കാമറകള്‍ക്ക്‌ സാമാന്യം നല്ലൊരു ഫീസ്‌ നല്‍കേണ്ടിവരും. കര്‍ക്കിടകമാസം ആനകളുടെ സുഖചികിത്സാമാസമാണ്‌. ഈ സമയം സന്ദര്‍ശനത്തിനു അനുയോജ്യം.

Friday, November 15, 2013

പാലക്കാടിന്റെ നെല്ലറയിലൂടെ



പാലക്കാടിന്റെ ഉള്‍പ്രദേശങ്ങളില്‍ ചരിത്രം ഉറങ്ങുന്ന ഭൂമികകള്‍ ഉണ്ട്‌. അവയെ കണ്ട്‌, അവയെ അറിഞ്ഞ്‌ സഞ്ചരിക്കുക അനുഭവമാണ്‌. ഒരു അനുഭൂതിയാണ്‌. പാലക്കാട്ടുരാജാവും പാണ്‌ഡ്യരാജാക്കന്മാരും തമ്മില്‍ നടന്നിട്ടുളള പോരാട്ടങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച ഗ്രാമമാണ്‌ നല്ലേപ്പിള്ളി എന്ന കൊച്ചു പ്രദേശം. മലയാളദേശക്കാരും തമിഴരും ഇടചേര്‍ന്നു കഴിയുന്ന ഇവിടെയെത്തിയാല്‍, ചിലപ്പോള്‍ നമ്മള്‍ തമിഴ്‌നാട്ടിലാണോ എന്നു സംശയിച്ചുപോകും. സംസ്‌കാരങ്ങളുടെ സംഗമഭൂമിതന്നെയാണിത്‌. ചരിത്രപ്രസിദ്ധമായ പാലക്കാടന്‍ ചുരത്തിന്റെ ഹ്യദയഭാഗത്താണ്‌ നല്ലേപ്പിള്ളി ഗ്രാമം. ഭൂരിഭാഗം ഭൂപ്രദേശങ്ങളും കൊച്ചി രാജകുടുംബവുമായി ബന്‌ധമുണ്ടായിരുന്ന അങ്കരാത്ത്‌, ചോണ്ടത്ത്‌, വാരിയത്ത്‌ തുടങ്ങിയ ജന്മികുടുംബങ്ങളുടെ വകയായിരുന്നു.. കണക്കമ്പാറ കോളനിക്കുന്നും കേണംപിള്ളി മലയും തലയുയര്‍ത്തിനില്‍ക്കുന്നത്‌ മനോഹരദൂരക്കാഴ്‌ചയാണ്‌. പച്ചപ്പിന്റെ പട്ടുവിരിച്ച പാടശേഖരങ്ങളാണ്‌ പിന്നെ ഹൃദയം കവരുക. പീഠഭൂമി മുഴുവനും കുടിയിരിപ്പുകളും തെങ്ങും പുളിയും മാവും നിറഞ്ഞിരിക്കുന്നു. താഴ്‌വര നിറയെ നെല്‍പ്പാടങ്ങളും കുളങ്ങളും ആണ്‌. പഞ്ചായത്ത്‌ പ്രദേശത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കൂടി കുണുങ്ങി ഒഴുകുന്ന ഭാരതപ്പുഴ...പാലക്കാടന്‍ ഗ്രാമഭംഗിയുടെ അടയാളങ്ങളായ കരിമ്പനകള്‍ പനമ്പട്ടവീശി അനുഗ്രഹിക്കുന്നു. ഹാവൂ.....എന്ന്‌ അറിയാതെ പറഞ്ഞു പോകും പനങ്കാറ്റടിക്കുമ്പോള്‍!. തട്ടുതട്ടായ പൊറ്റപാടങ്ങളും ഉയര്‍ന്ന പ്രദേശങ്ങളിലുള്ള പറമ്പു കൃഷിയും ഇതിനിടയിലൂടെ ഒഴുകുന്ന ചെറുകിട തോടുകളും അവ ചെന്നുചേരുന്ന മൂന്നു പ്രധന തോടുകളും, ഏകദേശം എണ്‍പതോളം കുളങ്ങളും ഉള്‍പ്പെട്ട സമ്യദ്ധമായഭൂപ്രകൃതി. തെക്കുഭാഗത്ത്‌ കിഴക്കുപടിഞ്ഞാറുദിശയില്‍ ചിറ്റൂര്‍ പുഴയും.
തമിഴ്‌ സംസ്‌കാരവും മലയാള സംസ്‌കാരവും വേര്‍പിരിക്കാനാവാത്തവിധം ഇഴചേരുന്നു ഇവിടെ. കേരളീയ മാതൃകയിലുള്ള ക്ഷേത്രങ്ങളും തമിഴ്‌നാട്‌ ശില്‍പശൈലിയിലുള്ളവയും ഇവിടെയുണ്ട്‌. അഗ്രഹാരങ്ങള്‍ മറ്റൊരു അത്ഭുതകാഴ്‌ചയാണ്‌. തമിഴ്‌ ബ്രാഹ്‌മണ സമുദായം താമസിക്കുന്ന അഗ്രഹാരങ്ങളില്‍ വാസ്‌തുശില്‌പാ മാതൃകയിലുള്ള തിണ്ണ, ഇടനാഴി, കൂടം (പൂജാമുറി), മച്ചുകള്‍ (കലവറ), അടുക്കള, രണ്ടാംകെട്ട്‌, നടുമുറ്റം എന്നിങ്ങനെയാണ്‌ വീടുകളുടെ ഘടന. തൊട്ടുതൊട്ടുള്ള വീടുകളാണെങ്കിലും പലതിനും ചേര്‍ത്ത്‌ ഒരു മേല്‍ക്കൂര മാത്രമാണുള്ളത്‌ എന്നത്‌ ഒരു പ്രത്യേകതയാണ്‌. വലതുവശത്തുള്ള ചുമര്‌ അവരവരുടെ സ്വന്തമായിരിക്കും!. ജന്മിത്തറവാടുകളായ അങ്കരാത്ത്‌, ചോണ്ടത്ത്‌ കുടുംബാംഗങ്ങള്‍ നാലുകെട്ടും നടുമുറ്റവും, എട്ടുകെട്ടും, ക്ഷേത്രവും, ക്ഷേത്രക്കുളവും, ആനക്കൊട്ടിലും, കാവലുള്ള പടിപ്പുരയും പൂന്തോട്ടവും, ഊട്ടുപുരയും കൂടാതെ ഏക്കറു കണക്കിന്‌ ഫലവൃക്ഷത്തോട്ടവും അടങ്ങുന്ന വീടുകളായിരുന്നു. അങ്കരാത്ത്‌ എട്ടുകെട്ട്‌ ഏതാനും വര്‍ഷം മുമ്പാണ്‌ പൊളിച്ചു നീക്കിയത്‌. അത്‌ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ എഴുത്തുപള്ളികൂടം അങ്കരാത്ത്‌ പടിപ്പുരയിലായിരുന്നു. ഒന്നാം വാര്‍ഡിലെ കേണപ്പിള്ളി ക്ഷേത്രവും പരിസരവും ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പാദസ്‌പര്‍ശം ഏറ്റു കിടന്നതാണ്‌. മലയാള തമിഴ്‌ സങ്കര സംസ്‌കൃതിയും എഴുത്തച്ഛനും അദ്ധ്യാത്‌മരാമായണവും കമ്പരാമായണവും കൂത്തും അങ്കരാത്തു തറവാട്ടില്‍ നടക്കുന്ന കഥകളി അരങ്ങുകളും നല്ലേപ്പിള്ളിയുടെ സാംസ്‌കാരിക ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായങ്ങളാണ്‌. ചുണങ്ങി ഭഗവതി ക്ഷേത്രം ഇവിടെ പ്രധാനമാണ്‌. കണ്ണകിയാണ്‌ പ്രതിഷ്‌ഠ. പതിന്നാലു ദിവസം നീണ്ടുനില്‍ക്കുന്ന തോല്‍പ്പാവക്കൂത്ത്‌ ഈ നാട്ടിലെ സങ്കരസംസ്‌കാരത്തിന്റെ മനംമയക്കുന്ന ദൃശ്യാനുഭവമാണ്‌. കാണാനും അറിയാനും അടയാളപ്പെടുത്താനും ഈ പാലക്കാടന്‍ ഗ്രാമാന്തരത്തില്‍ ഏറെയുണ്ട്‌. പേരുകേട്ട ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങള്‍ മാത്രം സന്ദര്‍ശിച്ച്‌, ലോകം കണ്ടു എന്ന്‌ പറയാന്‍ വെമ്പുന്നവര്‍ ഓര്‍ക്കുക. നിങ്ങള്‍ അറിയാതെ പോകുന്നത്‌ സ്വന്തം നാടിന്റെ ആത്മകഥയാണ്‌.

Thursday, November 14, 2013

ആനപ്പേടിയില്‍ മറക്കാനാവാതെ മലക്കപ്പാറ യാത്ര



എല്ലാ വര്‍ഷവും പത്രമോഫീസില്‍ നിന്നുള്ള യാത്രാ പരിപാടിയാണ്‌. ആഗസ്‌റ്റ്‌ 15. പത്രത്തിനും ഓഫീസിനും അവധി ഒത്തുവരുന്ന ദിവസം. ഇത്തവണ അതു മലക്കപ്പാറയിലേക്കാക്കിയപ്പോള്‍ പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല. അതിരപ്പിള്ളിയും വാഴച്ചാലും സുപരിചിതമാണ്‌. അതിനു മുകളില്‍ പൊളളാച്ചിവരെ നീളുന്ന ഉള്‍വനത്തിലൂടെയുള്ള യാത്രയാണ്‌ മലക്കപ്പാറയിലേക്ക്‌. വനഭംഗി ആവോളം ആസ്വദിക്കാം എന്നേ കരുതിയുള്ളൂ. ആനത്താരകള്‍ നിറഞ്ഞ വനപാതയില്‍ കാട്ടാനയെ കണ്ടുമുട്ടിയേക്കാം എന്നുള്ള ഉള്‍ഭയം ഇല്ലാതിരുന്നില്ല. പക്ഷെ വാഹനങ്ങളെ ആക്രമിച്ച ചരിത്രമൊന്നും കേട്ടിട്ടില്ല. അതിരപിള്ളിയും വാഴച്ചാലും കഴിഞ്ഞാല്‍ പിന്നെ റോഡില്‍ ഒരു മനുഷ്യകുഞ്ഞും ഉണ്ടാകാറില്ല.
വാഴച്ചാല്‍ കഴിഞ്ഞാല്‍ പിന്നെ പെരിങ്ങല്‍കുത്ത്‌ കറന്‍റ്‌ കമ്പനി. നട്ടുച്ചയ്‌ക്കു പോലും വെളിച്ചം കടക്കാത്ത വഴിത്താരകളിലൂടെയാണ്‌ യാത്ര. ജലകണങ്ങള്‍ പൊഴിയുന്ന ചോലക്കാടുകള്‍. തെളിമയാര്‍ന്ന അരുവികള്‍. കാടിന്‍റെ സംഗീതം പോലെ ചീവീടുകള്‍..
ഓരോ വളവിലും ആനയെ പ്രതീക്ഷിച്ചു. ഇല്ല. വഴിയില്‍ ആവിപറക്കുന്ന ആനപിണ്ടങ്ങള്‍ മാത്രം. ഒടിച്ചിട്ടിരിക്കുന്ന ഓടകള്‍ ആനകളുടെ സാന്നിധ്യം നിശബ്ദം വിളിച്ചു പറഞ്ഞു. സംഘം ചേര്‍ന്നുള്ള പാട്ടിലൂടെയും കലശല്‍ കൂട്ടലിലൂടെയും ആനപ്പേടി അകറ്റി നിര്‍ത്തി. ഇടക്കു മഴ പെയ്‌തു നിറഞ്ഞു. വഴിയോരത്തുകണ്ട വെളളപ്പാച്ചിലില്‍ വണ്ടി നിര്‍ത്തി. തോര്‍ത്തെടുത്തു തിമിര്‍ത്തു കുളിച്ചു. ഡ്രൈവര്‍ വിളിച്ചു പറഞ്ഞു.: അട്ടയുണ്ടാകും ചേട്ടാ.....
ശരിയായിരുന്നു. കുളികഴിഞ്ഞു കയറി വാനിലെത്തുമ്പോഴേക്കും കാല്‍വണ്ണയില്‍ `അവന്‍'. ഒന്നും രണ്ടുമല്ല!. ധൈര്യം സംഭരിച്ച്‌ വലിച്ചെടുത്തു. ചോര..!സര്‍വ്വത്ര ചോര..!.
കാട്ടില്‍ നിന്നും ചിവീടുകളുടെ കാതടപ്പിക്കുന്ന സംഗീതം. വളര്‍ന്നു പന്തലിച്ച വടവൃക്ഷങ്ങള്‍. ആനകളെ മുഖാമുഖം കാണാതെ ഞങ്ങള്‍ മലക്കപ്പാറയിലെത്തി. കാലം നിശ്‌ചലമായി നില്‍ക്കുന്നതുപോലെ തോന്നും. ആധുനികത അധികമൊന്നുമില്ലാത്ത തോട്ടം ഗ്രാമം. മലയാളികളും തമിഴ്‌നാട്ടുകാരുമായ തോട്ടം തൊഴിലാളികള്‍. ഒരു ചെറു അങ്ങാടി. ഏണുംകോണും നോക്കാതെ ഇങ്ങോട്ടിറങ്ങിവരുന്ന ആനക്കൂട്ടങ്ങള്‍... കേരളവും തമിഴ്‌നാടും അതിര്‍ത്തിപങ്കിടുന്നു ഇവിടെ. മലക്കപ്പാറ നിന്ന്‌ വാല്‍പ്പാറ പോകുന്ന വഴിക്കാണ്‌ അപ്പര്‍ ഷോളയാര്‍ ഡാം.അവിടേക്കുള്ള വഴി മറക്കാനാവില്ല. രണ്ട്‌ വശത്തും വെട്ടിനിര്‍ത്തിയ തേയില തോട്ടങ്ങളാണ്‌.
യാത്ര അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ സഹയാത്രികരുടെ നിര്‍ബന്ധം. വാള്‍പ്പാറ വരെ പോയി മടങ്ങാം. സൂര്യന്‍ താഴ്‌ന്നു തുടങ്ങിയിരിക്കുന്നു. വാള്‍പാറ വഴി പൊള്ളാച്ചിയിലെത്തി ഹൈവേയിലൂടെ മടങ്ങാം എന്നു നിശ്ചയിച്ചു. വാര്‍പാറയിലെത്തുമ്പോള്‍ സന്ധ്യമയങ്ങി. അവിടെ തോട്ടം ഗസ്‌റ്റ്‌ ഹൗസില്‍ നിന്നു ലഘുഭക്ഷണം. നോക്കെത്താത്തിടത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടം, നോക്കിനിന്നു പോകും. ആകാശച്ചെരുവുവരെ അതങ്ങിനെ പരന്നു കിടന്നു. ഇടയ്‌ക്ക്‌ തല ഉയര്‍ത്തി നില്‍ക്കുന്ന തണല്‍ മരങ്ങള്‍..
അപ്പോഴാണ്‌ കാട്ടിലൂടെ ഇത്രയും സഞ്ചരിച്ചിട്ട്‌ ആനയെ കണ്ടില്ലല്ലോ എന്ന്‌ ചിലര്‍ക്ക്‌ ഒരു തോന്നല്‍. പൊള്ളാച്ചിവഴി `ക്യാന്‍സല്‍ഡ്‌'. മഴ ഇടവിടാതെ പെയ്യുന്ന രാത്രിയില്‍, തിരികെ കൊടുംകാട്ടിലൂടെ ചാലക്കുടിയിലേയ്‌ക്ക്‌. പിന്നിട്ട വഴിയത്രയും താണ്ടി...
കാടിന്റെ വന്യമായ ഭയാനകത കണ്ടു. തിരിമുറിയാതെ പെയ്യുന്ന മഴയില്‍, വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ ചെല്ലുന്നിടം മാത്രം കാണ്ടുകൊണ്ടുള്ള യാത്ര. ഒന്നും കാണാനനുവദിക്കാത്ത കാടിന്റെ ഇരുട്ട്‌ ചുറ്റും ...ഭയം മനസ്സില്‍ കൂടുകൂട്ടുന്നതറിയാം. ഒരോ വളവിലും ആന..എന്ന വിചാരം ചാടിവീണു. പകലിന്റെ ആവേശമത്രയും കെട്ടടങ്ങി. എല്ലാവരും മൗനത്തില്‍. വാഹനത്തിന്റെ ഇരമ്പം മാത്രം. ഇടക്ക്‌ എതിര്‍വശത്തുനിന്നു വന്ന വാഹനം ചവിട്ടി നിര്‍ത്തി തമിഴ്‌ ചുവയില്‍ പറഞ്ഞു, ഹോണടിക്കണ്ട ആനയുണ്ട്‌....!. കിടുങ്ങിപ്പോയി. ഒരു വളവുകഴിഞ്ഞ്‌ വണ്ടി പെട്ടെന്ന്‌ ചവിട്ടി നിര്‍ത്തിയപ്പോള്‍ ഉത്‌കണ്‌ഠയോടെ മുന്നോട്ടുനോക്കി. ആനയാവുമോ?. ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ അതിലും ഞെട്ടിക്കുന്ന കാഴ്‌ചകണ്ടു. കൂറ്റന്‍ കാട്ടുമരം റോഡിനു കുറുകെ വീണുകിടക്കുന്നു!. ഇത്രയും ദൂരം ഉനി തിരിച്ചുപോകുക അചിന്തനീയം. മൊബൈല്‍ എടുത്തു നോക്കി. ഒരു തരി റേഞ്ചില്ല. നടുക്കാട്ടില്‍ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ...വിളിച്ചു കൂവിയാല്‍ പോലും ആരും കേള്‍ക്കില്ല. ഒടിഞ്ഞുകിടക്കുന്ന മരത്തിന്റെ തല ഉരുട്ടിമാറ്റുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ല. വണ്ടിയിലുണ്ടായിരുന്ന ഒരു വായില്ലാത്ത വെട്ടുകത്തിയുമായി ഞങ്ങള്‍ ഇറങ്ങി. ചിന്നംപിന്നം പെയ്യുന്ന മഴയില്‍, വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ പണിതുടങ്ങി. ഉള്ളില്‍ ഭയത്തിന്റെ കിരുകിരുപ്പ്‌. ശരീരം തണുപ്പില്‍ കിടുകിടാ വിറക്കുന്നു....ആന..ആ വിചാരം, മിനുട്ടുകള്‍ക്ക്‌ മണിക്കൂറിന്റെ ദൈര്‍ഘ്യമുണ്ടാക്കി... അട്ടകള്‍ ചാടിപ്പിടിക്കുകയാണ്‌ മേലാസകലം. സര്‍വ്വത്ര അട്ടകള്‍..
ഒടുവില്‍ തമിഴന്റെ രൂപത്തില്‍ ദൈവമെത്തി. ചാലക്കുടിയില്‍ നിന്നു പൊള്ളാച്ചിയിലേക്കുള്ള ഒരു തമിഴന്‍ ലോറി. അവരുടെ സഹായത്തോടെ മരത്തിന്റെ ഒരു ഭാഗം വെട്ടി ഒതുക്കിയിട്ടു. ഒരു വണ്ടിക്കു കഷ്ടിച്ചു കടക്കാം. തൃശൂരിലെ ഓഫീസ്‌ മുറ്റത്ത്‌ തിരിച്ചെത്തും വരെ ആരും പിന്നെ ശബ്ദിച്ചില്ല. പുറത്തിറങ്ങുമ്പോള്‍ വസ്‌ത്രം നിറയേ രക്തം. അട്ടകള്‍ സമ്മാനിച്ച ഓര്‍മ്മപ്പെടുത്തല്‍.....

Monday, November 4, 2013

സര്‍പ്പാരാധനയുടെ ആയില്യം



വീട്ടുമുറ്റത്ത്‌ ഒരു പാമ്പിനെ കണ്ടാല്‍ മുത്തശി പറയുകയായി...
നാഗദൈവങ്ങളേ...നൂറും പാലും തന്നേക്കാം....!!
കേരളത്തിലെ കുടുംബങ്ങളുടെ രക്ഷകദൈവമാണ്‌ നാഗങ്ങള്‍.  കന്നിമാസത്തിലെ ആയില്യം സര്‍പ്പാരാധനയ്‌ക്ക്‌ വിശിഷ്ടമായ ദിനമാത്രെ.  സര്‍പ്പാരാധന, ആചാരവും വിശ്വാസവും മാത്രമായിരുന്നില്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴയടുപ്പം കൂട്ടുന്ന ഒരു ശക്തിവിശേഷം കൂടിയായിരുന്നു.
ക്ഷേത്രങ്ങളില്‍ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലും സര്‍പ്പക്കാവുകളുണ്ടായിരുന്നു; ഇന്ന്‌ പലതും ഇല്ലാതായെങ്കിലും.
വീട്ടുമുറ്റത്തെ പ്രത്യേക സ്ഥലം പ്രകൃതിക്കായി മാറ്റിവയ്‌ക്കുക എന്ന മഹത്തായ സങ്കല്‍പ്പം!.
അന്ധവിശ്വാസവും അനാചാരവും എന്നെല്ലാം പറഞ്ഞ്‌ കാവുകള്‍ വെട്ടിനീക്കിയപ്പോള്‍, നഷ്ടമായത്‌ കുടിവെള്ളവും ശ്വസിക്കാനുള്ള ശുദ്ധവായുവുമാണെന്ന്‌ നാമിന്ന്‌ തിരിച്ചറയുന്നു. നഷ്ടപ്പെട്ടത്‌ തിരിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ്‌ ഇന്ന്‌ മലയാളി. ഈ തിരിച്ചറിവെങ്കിലും ഉണ്ടായത്‌ ആശ്വാസം...!
സര്‍പ്പം ഭീതിയുടേയും സൗന്ദര്യത്തിന്റേയും പ്രതീകമാണ്‌. രതിയുടേയും. സ്‌ത്രീകളുടെ അഭൗമസൗന്ദര്യത്തെ സര്‍പ്പസൗന്ദര്യമെന്നാണ്‌ വിശേഷിപ്പിക്കുക!.രതിയെ കുറിച്ചു പറയുന്നിടത്തെല്ലാം നാഗങ്ങള്‍ കടന്നു വരുന്നു. സാഹിത്യത്തിലും സിനിമയിലുമെല്ലാം!.
ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്‌തരീതികളിലാണെങ്കിലും സര്‍പ്പാരാധന നിലനില്‌ക്കുന്നു. സുമേറിയന്‍, ബാബിലോണിയന്‍ സംസ്‌കാരങ്ങളില്‍ അധോലോകത്തിലെ ഭീകരദേവതകളായ എറിഷ്‌കിഗന്‍, അല്ലാറ്റു എന്നിവയ്‌ക്ക്‌ സര്‍പ്പരൂപമാണുണ്ടായിരുന്നത്‌. നാഗങ്ങള്‍ ഗോത്രചിഹ്‌നങ്ങളായിരുന്നതിന്റെ ഉദാഹരണങ്ങളും നാഗാരാധനയുടെ പ്രാചീനത വെളിപ്പെടുത്തുന്നു.
`സര്‍പ്പഃ സീരിതേ` എന്നാല്‍ സര്‍പ്പം ഇഴയുന്നതെന്നും പറക്കുന്നുവെന്നും അര്‍ത്ഥം. ആയിരം തലയുള്ള അനന്തന്‍റെ തലയില്‍ ഭൂമി ഇരിയ്‌ക്കുന്നുവെന്ന്‌ വിശ്വസിക്കുന്നു. അനന്തന്‍ അന്തമില്ലാത്ത ശക്‌തിയാകുന്നു. അനന്തമായ ശക്‌തിയാണത്‌. എല്ലായിടത്തും നിറഞ്ഞ്‌ ശക്‌തിതരംഗങ്ങളായി ഇളകികൊണ്ടിരിയ്‌ക്കുന്നതാണ്‌ അനന്തന്‍ എന്ന സങ്കല്‍പ്പമത്രെ..!.
ദേവന്മാരിലെല്ലാം നാഗബന്‌ധം കാണുന്നുണ്ട്‌. അത്‌ ദേവനോടുള്ള പ്രപഞ്ചശക്‌തി ബന്‌ധത്തെ സൂചിപ്പിയ്‌ക്കുന്നതാണ്‌. കരിനാഗം, മണിനാഗം, അഞ്‌ജനമണിനാഗം എന്നീ സങ്കല്‍പ്പങ്ങളാണ്‌ സര്‍പ്പക്കാവുകളിലുള്ളത്‌. നിലവറ കാക്കുന്ന അരൂപിയായ അഞ്ചുതലനാഗം എന്നൊരു സങ്കല്‍പ്പവും പഴയ മാന്ത്രിക കുടുംബങ്ങളിലുണ്ട്‌.
സര്‍പ്പാരാധനയുമായി ബന്ധപ്പെട്ട്‌ മനോഹരമായ ഒട്ടേറേ ആചാരങ്ങള്‍ നിലവിലുണ്ട്‌. കേരളത്തനിമയും മണ്ണിന്റെ മണവും മനോഹരമാക്കിത്തീര്‍ക്കുന്ന സര്‍പ്പപ്പാട്ടും സര്‍പ്പംതുള്ളലും ഇന്ന്‌ പഴങ്കഥകളായിക്കൊണ്ടിരിക്കുന്നു. അപൂര്‍വ്വമായി മാത്രം എവിടെയൊക്കെയോ പാരമ്പര്യം ഇന്നും തുടിക്കുന്നു....
മനുഷ്യന്റെ നിലനില്‍പ്പിന്‌ കാവും കുളവുമൊക്കെ അനിവാര്യമാണ്‌. അത്‌ സൗന്ദര്യവുമാകുന്നു.
കേരളത്തിലെ പേരെടുത്ത സര്‍പ്പാരാധനാ കേന്ദ്രങ്ങള്‍ ഇവയൊക്കെ: തൃശൂര്‍ ജില്ലയിലെ പാമ്പുംമേക്കാട്ടു മന, ഹരിപ്പാട്‌ മണ്ണാറശാല ക്ഷേത്രം, മധ്യതിരുവിതാംകൂറിലെ വെട്ടിക്കോട്‌ അനന്തക്ഷേത്രം, മണ്ണാര്‍ക്കാട്‌-പെരിന്തല്‍മണ്ണ റൂട്ടിലെ അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം, കണ്ണൂര്‍-കൂത്തുപറമ്പ്‌ റൂട്ടിലുള്ള പെരളശേരി സുബ്രഹ്മണ്യക്ഷേത്രം, തൃപ്പൂണിത്തുറ-വൈക്കം റൂട്ടിലെ ആമേട ക്ഷേത്രം. ഉദയനാപുരം നാഗമ്പോഴിക്ഷേത്രം, കാസര്‍ഗോഡ്‌ മഞ്ചേശ്വരത്തെ അനന്തേശ്വരംക്ഷേത്രം, തിരുവനന്തപുരത്ത്‌ പദ്‌മനാഭപുരംക്ഷേത്രത്തിനടുത്തുള്ള അനന്തന്‍കാട്‌ നാഗര്‍ക്ഷേത്രം, എറണാകുളത്തെ അങ്ങിശ്ശേരിക്ഷേത്രം, മൂത്തകുന്നംക്ഷേത്രം, കെട്ടുള്ളിക്കാട്ടു ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചെന്നിത്തലക്ഷേത്രം, വള്ളിക്കാവുക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ തൃപ്പാറ ശിവക്ഷേത്രം, കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി ശ്രീദുര്‍ഗാംബികാക്ഷേത്രം, കാസര്‍ഗോഡ്‌ ജില്ലയിലെ ചെറുവത്തൂരിലെ ശ്രീകുറുംബക്ഷേത്രം എന്നിവിടങ്ങളും പ്രധാന സര്‍പ്പാരാധനാകേന്ദ്രങ്ങളാണ്‌.

ഗന്ധര്‍വ്വ ലോകത്തേക്ക്‌ ഒരു യാത്ര....



ഗന്ധര്‍വ്വനെന്നു കേള്‍ക്കുമ്പോള്‍, ഭൂമിയില്‍ വന്നുപോയ ആ ഗന്ധര്‍വ്വനാണ്‌ ആദ്യം മനസ്സില്‍ വരിക. പി. പത്മരാജന്‍..പിന്നെ സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍!.
ഗന്ധര്‍വ്വ സങ്കല്‍പ്പം, നമ്മുടെ പഴമക്കാള്‍ക്കിടയില്‍ സര്‍വ്വ സാധാരണമായിരുന്നു. ഗന്ധര്‍വ്വന്‌ ക്ഷേത്രവും പ്രതിഷ്‌ഠയും കളമെഴുത്തും പോലും ഇന്നുമുണ്ട്‌.
അന്ധവിശ്വാസമാകട്ടെ..
മനുഷ്യഭാവനയെ ഇത്രയേറെ സ്വാധീനിച്ച ഒരു സങ്കല്‍പ്പം മറ്റെങ്ങും കാണാനാവില്ല.
അരൂപികളായ ഗന്ധര്‍വ്വര്‍ ഗഗനചാരികളാണെന്നാണ്‌ ഒരു പ്രധാന സംഗതി. സ്‌ത്രീകളോട്‌ അതിയായ ആഗ്രഹമുളളവര്‍. ഭൂലോക-സ്വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്നവരത്രെ ഇവര്‍. ഇവര്‍ക്ക്‌ 'വിമാന ദേവതകള്‍' എന്നൊരു പേരും ഉണ്ട്‌.
ഗര്‍ഭിണികള്‍ക്ക്‌ ഗന്ധര്‍വ്വ ബാധ ഉണ്ടാകുമെന്ന വിശ്വാസം ഇന്നുമുണ്ട്‌. ഗന്ധര്‍വ്വഗൃഹത്തില്‍പ്പെട്ട ദേവതകള്‍ അഷ്ടമീ നാളിലാണ്‌ ആവേശിക്കുക എന്ന്‌ ഒരു മന്ത്രവാദ ഗ്രന്ഥത്തില്‍ സ്‌പഷ്ടമാക്കുന്നുണ്ട്‌.
ഗന്ധര്‍വ്വാദികളുടെ ബാധകൊണ്ടാണ്‌ സ്‌ത്രീകള്‍ ഗര്‍ഭംധരിക്കാത്തതും ഗര്‍ഭം അലസുന്നതും എന്ന്‌ ഇന്നും നാട്ടിന്‍പുറങ്ങളില്‍ വിശ്വാസമുണ്ട്‌.
ആകാശഗന്ധര്‍വ്വന്‍, അപസ്‌മാര ഗന്ധര്‍വ്വന്‍, പച്ചമാന ഗന്ധര്‍വ്വന്‍, പവിഴമാന ഗന്ധര്‍വ്വന്‍ ഇങ്ങിനെ ഗന്ധര്‍വ്വന്‍മാര്‍ തന്നെ പലവിധമുണ്ട്‌.
ഗന്ധര്‍വ്വ ബാധകൊണ്ടുള്ള ദോഷങ്ങളകറ്റാന്‍, ഗന്ധര്‍വ്വപ്രീതി വരുത്തി ബാധ ഒഴിപ്പിക്കുകയാണ്‌ മാര്‍ഗ്ഗം. ഗന്ധര്‍വ്വന്‍ തുള്ളല്‍, കേന്ത്രോന്‍പാട്ട്‌, മലയന്‍കെട്ട്‌, തെയ്യാട്ട്‌, കളംപാട്ട്‌, കോലം തുള്ളല്‍ തുടങ്ങിയ അനുഷ്‌ഠാനങ്ങളാണ്‌ ഇതിനു വിധിച്ചിരിക്കുന്നത്‌.
ഗന്ധര്‍വ്വബാധയണ്ടായാല്‍ മറ്റു മന്ത്രവാദക്രിയകള്‍ക്കും വിധിയുണ്ട്‌. പിണിയാളുടെ നക്ഷത്രവൃക്ഷം കൊണ്ട്‌ പ്രതിമയുണ്ടാക്കി, ശുദ്ധിവരുത്തുന്നു. തുടര്‍ന്ന്‌ ലിപിന്യാസവും പ്രാണപ്രതിഷ്‌ഠയും നടത്തി ഹോമം കഴിച്ച്‌ ആജ്യാഹുതി ചെയ്യുന്നു. ഒപ്പം മറ്റു കര്‍മ്മങ്ങളും ചെയ്‌ത്‌ ബാധ നീക്കുന്നതാണ്‌ മാന്ത്രിക വിധി. ഇതിനു കഴിവുള്ള മാന്ത്രികബ്രാഹ്മണ കുടുംബങ്ങളുണ്ട്‌.
പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടാണ്‌ ഗന്ധര്‍വ്വന്‍ കളം. കലാചാതുരിയുടെ ഉത്തമ നിദര്‍ശനമാണ്‌ ഈ കളമെഴുത്ത്‌. കളമെഴുതി പൂജചെയ്‌ത്‌, പാട്ടുപാടി തൃപ്‌തിപ്പെടുത്തുകയും കോലം കെട്ടിയാടുകയും മറ്റൊരു രീതിയാണ്‌.
ദേവതകള്‍ക്കെല്ലാം മണ്ഡലം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌. ഗന്ധര്‍വ്വന്‌, ആകാശമാണ്‌ മണ്ഡലം!.
മാന്ത്രിക ഗ്രന്ഥങ്ങളില്‍ ഗന്ധര്‍വ്വബാധാ ലക്ഷണങ്ങളെ പറ്റി വിവരണമുണ്ട്‌. ദ്വദശി, ചതുര്‍ദ്ദശി നാളുകളിലാണ്‌ ഇതിനു കൂടുതല്‍ സാധ്യതയെന്നും ചിലഗ്രന്ഥങ്ങളില്‍ കാണുന്നു. സ്‌നാനത്തിലും പൂജാദികളിലും താത്‌പര്യം, ചുവന്ന മാല, മുണ്ട്‌, കുറിക്കൂട്ട്‌ എന്നിവയോട്‌ ഭ്രമം, ചുറ്റിസഞ്ചരിക്കല്‍, പാട്ടുപാടല്‍, ശൃംഗാരാദികളില്‍ താത്‌പര്യം തുടങ്ങിയവയൊക്കെയാണ്‌ ഗന്ധര്‍വ്വന്‍ ആവേശിച്ചതിന്റെ ലക്ഷണങ്ങളത്രെ!.
പാലപ്പൂമണം വീശുമ്പോള്‍, ഗന്ധര്‍വ്വനെയും യക്ഷിയേയും ഒക്കെ ഓര്‍ക്കാത്തവര്‍ വിരളം. അന്ധവിശ്വാസം എന്നു പറഞ്ഞു അകറ്റിനിര്‍ത്തണോ?. ഇത്രയും മനോഹരമായ കാവ്യസങ്കല്‍പ്പങ്ങളേ...??