മഴ കൊണ്ടു പിടിച്ചിരിക്കുന്നു. പുറത്തിറങ്ങാന്‍ മടിതോന്നുന്ന കാലം. പക്ഷെ, അല്‍പ്പം മഴനനയാനും ഒരല്‍പ്പം സാഹസികതയ്‌ക്കും തയ്യാറുണ്ടോ?. അങ്ങിനെയെങ്കില്‍ ഒരു രഹസ്യം പറയാം. ടൂറിസ്‌റ്റ് മാപ്പുകളിലൊന്നും കാണാത്ത സഞ്ചാരികളുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ, ഒപ്പം മാലിന്യം തൊട്ടുതീണ്ടാത്ത ഒരിടമുണ്ട്. അത് ഈ മഴക്കാലത്തു തന്നെ കാണുക.....മഴക്കാലത്തു മാത്രം കാഴ്‌ചയുടെ വിരുന്നൊരുക്കുന്നിടം.
തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ആണത്. കണ്ണിന് കുളിര്‍മയും ഹൃദയത്തിന് ആനന്ദവും തരുന്ന ഒരു അനുഭവമാണ് ഈ സുന്ദര വനഭൂമി. എറണാകുളം പാലക്കാട് നാഷണല്‍ ഹൈവേയില്‍ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ 12 കി.മീ. സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്താം. പാലക്കാടു നിന്നും വരുന്നവര്‍ക്ക് മണ്ണുത്തി -നടത്തറ -കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ക്ക് മിഷന്‍ ഹോസ്‌പിറ്റല്‍ -അഞ്ചേരി- കുട്ടനെല്ലൂര്‍ വഴിയും ഇവിടെ എത്തിച്ചേരാം.
മരോട്ടിച്ചാലില്‍ വളരെ കുറച്ചു കടകള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് ഭക്ഷണം കൂടെ കരുതണം.. ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ, സ്‌ഥലനാമം സൂചിപ്പിക്കുന്ന ബോര്‍ഡ് ഒഴികെ ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ കിട്ടാനും ബുദ്ധിമുട്ടാണ്. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ടത് റോഡരികില്‍ തന്നെ. റോഡരുകിലെ കനാലില്‍ കരയിലൂടെ അല്‌പം നടക്കുക. അപ്പോള്‍, ആദ്യ വെള്ളച്ചാട്ടമായ ഓലക്കയം വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികളുടെ കുളിരായി തഴുകിയെത്തും. മുമ്പ് ഇവിടെ വന്നു മടങ്ങിയവരുണ്ടാകാം. കുടുംബമായി വരുന്നവര്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചു മടങ്ങുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇനി അല്‍പ്പം റിസ്‌കെടുക്കാന്‍ തയ്യാറാവുക. പോകുന്ന വഴിക്ക് ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ ധാരളം കാണാം.
ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ ഇലഞ്ഞിപ്പാറയിലേക്ക് കാട്ടിലൂടെ
നാല് കിലോമീറ്റര്‍ നടക്കണം. കാടിന്റെ അനുഭൂതി അനുഭവിച്ചറിയുക തന്നെ വേണം. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളില്‍ യാത്രയ്‌ക്കു തടസ്സം സൃഷ്‌ടിക്കും. റോഡരുകില്‍ നിന്നും ഉദ്ദേശം രണ്ടുമണിക്കൂറോളം കാട്ടിലൂടെയുള്ള ഈ യാത്ര മറക്കാനാവില്ല. പാറക്കെട്ടുകളിലൂടെ നടന്നുകയറിക്കഴിയുമ്പോളാണ് മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവുമായ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനെ പല സ്‌ഥലങ്ങളിലും നിന്ന് കാണാന്‍ പ്രകൃതി തന്നെ സൗകര്യം ഒരുക്കിയിരിക്കുന്നു എന്നത് വിസ്‌മയകരമാണ്. ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം ഈ നാട്ടുകാരുടെ ഇടയില്‍ 'കുത്ത്' എന്നാണ് അറിയുന്നത്. നല്ല മഴപെയ്‌താല്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി വിവരാണതീതമാണ്. അതേ സമയം മഴയത്ത് കാടിലൂടെയുള്ള യാത്ര ദുഷ്‌കരവുമാണ്.
ഒരു ദിവസത്തെ വിനോദയാത്രക്ക് വളരെ അനുയോജ്യമായ സ്‌ഥലമാണിത്. ഒച്ചയും ബഹളവും ഒഴിവാക്കി അച്ചടക്കത്തോടെ നടന്നാല്‍ മാനുകളെയും കാട്ടുപന്നികളെയും കാണാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രദേശം, മറ്റു വിനോദ സഞ്ചാരങ്ങള്‍ പോലെ ഇനിയും മലിനപ്പെട്ടിട്ടില്ല. കാരണം ടൂറിസം മാപ്പില്‍ ഇനിയും മരോട്ടിച്ചാല്‍ ഇടംപിടിച്ചിട്ടില്ല. ഭാഗ്യമോ നിര്‍ഭാഗ്യമോ ആകട്ടെ. പ്രകൃതിയുടെ മടിത്തട്ടില്‍ ഇപ്പോഴും നിങ്ങള്‍ക്കു ചേര്‍ന്നിരിക്കാം...നഷ്ടപ്പെട്ട ഊര്‍ജം വീണ്ടെടുക്കാം.....അതിനുള്ള ചിലവ്, `പൂജ്യം'.
No comments:
Post a Comment