Thursday, November 21, 2013

ഓര്‍മ്മകളുടെ ഓളങ്ങളില്‍ ഒരു പൂരം



ഇരമ്പിയാര്‍ക്കുന്ന ജനസാഗരത്തിനുനടുവില്‍, കരിമ്പാറകള്‍ പോലെ ആനകള്‍. വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകനെ' ഓര്‍മ്മിപ്പിക്കുന്ന പൂരക്കാഴ്ചകള്‍. മേളങ്ങള്‍ കാലങ്ങള്‍ കൊട്ടിക്കയറുമ്പോള്‍, സൂചനയായി പൊട്ടുന്ന കതിനകള്‍. മേളപ്പെരുക്കത്തിന്റെ മുറുക്കത്തില്‍, വെണ്‍ചാമരവും ആലവട്ടവും വീശിയുയരുന്നു. സര്‍വ്വവും മറന്ന് മേളലഹരിയില്‍ ആരാധകര്‍ അന്തരീക്ഷത്തിലേക്ക് കൈകള്‍ വീശിയെറിഞ്ഞ് മേടച്ചൂടിനെ നിലാവാക്കുന്നു....
ഇതു പൂരങ്ങളുടെ പൂരം. തൃശൂര്‍ പൂരം. മേടത്തിലെ പൂരം നാളില്‍ തൃശൂരില്‍ പെയ്തിറങ്ങുന്ന നാദ-വര്‍ണ-ദൃശ്യ വിസ്മയങ്ങളുടെ ആഘോഷം. ഒന്നിനൊന്നു പിറകേ മറ്റൊന്നായി, പൂരങ്ങളുടെ വേലിയേറ്റമാണ് ശ്രീ വടക്കുംനാഥന്റെ തിരുമുറ്റത്ത്. എല്ലാത്തിനും, സര്‍വ്വസാക്ഷിയായി മഹാദേവന്‍. ചരിത്രപ്പഴമകളിലൂടെ, ഓര്‍മ്മകളുടെ തിരുമുറ്റങ്ങളിലൂടെ തട്ടകക്കാര്‍. അവര്‍ക്ക് ഒരു വര്‍ഷം നീളുന്ന ഒരുക്കങ്ങളാണ് ഓരോപൂരവും. ചടങ്ങുകളില്‍, കാഴ്ചകളുടെ വിസ്മയങ്ങളില്‍, വെടിക്കെട്ടിന്റെ ശബ്ദഘോഷങ്ങളില്‍ ഓരോ പൂരവും വ്യത്യസ്തമാകണം. അതൊരു വാശികൂടിയാണ്. 
നൂറ്റാണ്ടുകള്‍ക്കു മുമ്പ്- ചരിത്രകാരന്‍മാരുടെ കണക്കുപ്രകാരം കഷ്ടി നാനൂറ് വര്‍ഷം-കൊച്ചി ഭരിച്ചിരുന്ന ശക്തന്‍തമ്പുരാനെന്ന രാമവര്‍മ്മ മഹാരാജാവാണ് തൃശൂര്‍ പൂരത്തിനു തുടക്കം കുറിച്ചത് എന്നാണ് ചരിത്രം. അതിനു മുമ്പ്, ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നു തൃശൂരിലെ ക്ഷേത്രങ്ങളും. ഒരു വര്‍ഷം മഴമൂലം തൃശൂര്‍ ദേശക്കാര്‍ക്കും കുട്ടനെല്ലൂര്‍ ദേശക്കാര്‍ക്കും ആറാട്ടുപുഴയില്‍ കൃത്യസമയത്ത് എഴുന്നള്ളി എത്താനായില്ലത്രെ. അക്കൊല്ലം അവരെ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. അപമാനഭാരത്തോടെ മടങ്ങിയ തട്ടകക്കാരുടെ സങ്കടം കേട്ട, തമ്പുരാന്‍ അടുത്തവര്‍ഷം ആറാട്ടുപുഴക്കു പോകേണ്ടെന്ന് കല്‍പ്പിക്കുകയായിരുന്നു. തൃശൂര്‍കാര്‍ക്കു മാത്രമായി ഒരു പൂരം അങ്ങിനെ പിറന്നുവീണു. വിശ്വത്തോളം വളര്‍ന്ന ദൃശ്യവിസ്മയമായ തൃശൂര്‍ പൂരം!.
തൃശൂരിനെ വ്യക്തമായി രണ്ടു തട്ടകങ്ങളായി തിരിച്ചാണ് തമ്പുരാന്‍ പൂരം വിഭാവന ചെയ്തത്. പടിഞ്ഞാറുഭാഗം തിരുവമ്പാടി ക്ഷേത്രത്തിനു കീഴിലും കിഴക്ക് പാറമേക്കാവ് ക്ഷേത്രത്തിനു കീഴിലും. പത്തു ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ് പൂരച്ചടങ്ങുകള്‍ നെയ്തെടുത്തത്. നൂറ്റാണ്ടുകള്‍ക്കു മുമ്പു നിശ്ചയിച്ചുറപ്പിച്ച ചടങ്ങുകള്‍ ഇന്നും അതേപടി തുടര്‍ന്നു പോരുന്നു എന്നത് ഇന്നും മഹാവിസ്മയമാണ്. കണിമംഗലം ശാസ്താവ്, ലാലൂര്‍ ഭഗവതി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്ത്യയനി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവ തിരുവമ്പാടി തട്ടകത്തിലും, കാരമുക്ക്, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കം പിള്ളി ശാസ്താവ്, എന്നിവ പാറമേക്കാവ് തട്ടകത്തിലും. ദേവിമാരും ശാസ്താക്കന്‍മാരും മാത്രമാണ് പൂരപ്പങ്കാളികള്‍. തിരുവമ്പാടിയില്‍ ഉണ്ണിക്കണ്ണനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും, ക്ഷേത്രത്തിലെ ഭഗവതിക്കാണ് പൂരം. പീലിത്തിരുമുടിയുള്ള കണ്ണന്റെ രൂപമുള്ള സ്വര്‍ണക്കോലത്തില്‍, ഭഗവതിയുടെ തിടമ്പാണ് എഴുന്നള്ളിക്കുക. 
പൂരത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കുമായി തമ്പുരാന്‍ തട്ടകക്കാര്‍ക്കിടയില്‍ ശക്തമായ ഒരു കിടമത്സരം തന്നെ വളര്‍ത്തിയെടുക്കുകയുണ്ടായി. ഈ വാശി മൂര്‍ച്ചിച്ച് പൂരം കലക്കുന്നിടം വരെ എത്തിയിരുന്നു. പില്‍ക്കാലത്ത് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അധികാരികള്‍ മുന്‍കൈയെടുത്ത് ഇതിന് അയവുവരുത്തുകയായിരുന്നു. ഇന്ന് പരസ്പരം ഒരു മേശക്കു ചുറ്റുമിരുന്ന് ആനകളെ പങ്കിട്ടെടുക്കുന്ന തലത്തിലേക്ക് ഈ സൌഹൃദം വളര്‍ന്നു. മുന്‍കാലങ്ങളില്‍ പൂരത്തിന് എഴുന്നള്ളിക്കാവുന്ന ആനകളുടെ എണ്ണം ഇത്രയെന്ന് നിശ്ചയിച്ചിരുന്നില്ലത്രെ. പില്‍ക്കാലത്ത് സര്‍ക്കാര്‍ ഇടപെടലോടെയാണ് ഓരോ ക്ഷേത്രങ്ങള്‍ക്കും ഇത്ര ആനകള്‍ എന്നു നിശ്ചയമുണ്ടായതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. 
മുപ്പത്തിയാറുമണിക്കൂറുകള്‍ നീളുന്ന, അഭംഗുരം രാത്രിയും പകലും തുടരുന്ന പൂരച്ചടങ്ങുകളാണ് തൃശൂര്‍ പൂരത്തിന്റേത്. പകല്‍ നടന്ന ചടങ്ങുകളുടെ ആവര്‍ത്തനം രാത്രിയിലും. വിശ്വപ്രസിദ്ധമായ മഠത്തില്‍ വരവിന്റെ പഞ്ചവാദ്യം തിരുവമ്പാടി വിഭാഗത്തിന്റെ അഭിമാനസ്തംഭമാണെങ്കില്‍, വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കകത്ത് മേളഗോപുരം തീര്‍ക്കുന്ന ഇലഞ്ഞിത്തറമേളം പാറമേക്കാവിന്റെതാണ്. ആരാധക ലക്ഷങ്ങളാണ് ഇവയുടെ ആസ്വാദനത്തിന് ഒഴുകിയെത്തുക. മേളം കലാശിച്ച് ലോക വിസ്മയമായ കൂടിക്കാഴ്ച. ഇരു വിഭാഗങ്ങളും വടക്കുന്നാഥന്റെ തെക്കേഗോപുരം കടന്നിറങ്ങി, മുഖാമുഖം നിരക്കുന്നു. തുടര്‍ന്നുളള കുടമാറ്റം, ദേവകളെ പോലും അസൂയപ്പെടുത്തുന്ന കാഴ്ചയാണ്. സന്ധ്യാകാശത്തിനു കീഴെ ആകാശത്ത് മാരിവില്ലു തീര്‍ക്കുന്ന പട്ടുകുടകള്‍ മാറിമാറി ഉയരുമ്പോള്‍, ആവേശമടക്കാനാവാതെ ജനസാഗരം ഇരമ്പിയാര്‍ക്കും...
തെക്കോട്ടിറക്കം കാണാന്‍ ശക്തന്‍ തമ്പുരാന്‍ തെക്കേഗോപുര നടയില്‍ എഴുന്നള്ളിയിരുന്നു എന്നാണ് ചരിത്രരേഖകള്‍. പൂരം നാളിലും ശിവരാത്രിക്കും മാത്രമേ ഈ ഗോപുരം തുറക്കൂ. പൂരത്തലേന്ന് നെയ്തലക്കാവു ഭഗവതി ഒരാനപ്പുറത്ത്് എഴുന്നള്ളിയെത്തിയാണ് ഈ ഗോപുരം തുറന്നു വയ്ക്കുക. മനോഹരമായ ഒരു ചടങ്ങാണിത്. പൂരം നാളില്‍ ആദ്യം എഴുന്നള്ളിയെത്തുന്ന കണിമംഗലം ശാസ്താവ് ഗോപുരം കടന്നെത്തി വടക്കുന്നാഥനെ വണങ്ങുന്നതോടെ പൂരങ്ങളുടെ പെയ്തിറക്കമായി.
രാത്രിപ്പൂരങ്ങള്‍ കഴിഞ്ഞു പിറ്റേന്നു പുലര്‍ച്ചെവരെ ഉറക്കമില്ലാത്ത നഗരം ഒഴുകിക്കൊണ്ടിരിക്കും. മൂന്നുമണിയോടെ തിരികൊളുത്തുന്ന വെടിക്കെട്ടിന്റെ രൌദ്രസംഗീതം ആസ്വദിക്കാന്‍..ദിഗന്തങ്ങള്‍ വിറക്കുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിന് ഇന്നും സമാനതകളില്ല.
കാലത്തിന്റെ കുത്തൊഴുക്കില്‍ പൂരച്ചടങ്ങുകള്‍ക്ക് വലിയ മാറ്റങ്ങളുണ്ടായി എന്നു പറയാനാവില്ല. തമ്പുരാന്റെ, ഭാര്യ നേത്യാരമ്മയ്ക്ക് കാണാന്‍ കൊട്ടാരക്കെട്ടില്‍ നടത്തിയിരുന്ന പൂരം ഇന്നില്ല. ഇതു നിലച്ചിട്ട് വര്‍ഷമെത്രയായി എന്നു ഓര്‍ക്കുന്ന ഒരു തലമുറ ഇന്നില്ല താനും. കോവിലകത്തും പൂരം എന്ന പേരുണ്ടായിരുന്ന ഈ പൂരത്തിന്റെ ദിവസമാണ്, ഇന്ന് സാമ്പിള്‍ വെടിക്കെട്ട്. ഒരു പശ്ചാത്താപമെന്നോണം. കുറെകാലം പൂരത്തിനെത്താതിരുന്ന പനമുക്കംപിളളി ശാസ്താവും ഇപ്പോള്‍ എത്തുന്നു...കാലത്തിന്റെ മറ്റൊരു വിസ്്മയം..!.
രണ്ടാം ദിവസത്തെ പൂരമാണ് തൃശൂര്‍ക്കാരുടെ പൂരം. തൃശൂരിന്റെ കുടുംബിനികള്‍ അന്നാണ് പൂരമാസ്വദിക്കാന്‍ എത്തുക. തിരുവമ്പാടി, പാമേക്കാവ് ഭഗവതിമാര്‍ പതിനഞ്ചാനകളുമായി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്കു കൊട്ടിക്കയറുന്നു. സൂര്യന്‍ ഉച്ചിയിലെത്തുന്നതോടെ ഇരു വിഭാഗങ്ങളും കൊട്ടിക്കലാശിക്കും. ആവേശത്തിരയിലേറിയ ജനങ്ങളുടെ ആരവങ്ങള്‍ക്കിടെ കലാശം കഴിഞ്ഞാല്‍, പിന്നെ ഉപചാരം ചൊല്ലലാണ്. രണ്ടു ഭഗവതിമാരേയും ശിരസിലേറ്റുന്ന ഗജവീരന്‍മാര്‍ തുമ്പികൈ ഉയര്‍ത്തി, വടക്കുന്നാഥനെ സാക്ഷിയാക്കി യാത്രചൊല്ലുന്നു, അടുത്തവര്‍ഷം വീണ്ടും കണ്ടുമുട്ടാമെന്ന ഉറപ്പ്...ഒരു വര്‍ഷത്തെ കാത്തിരിപ്പും നെഞ്ചിലേറ്റി ഭഗവതിമാര്‍ക്കൊപ്പം ദേശക്കാരും അവരവരുടെ തട്ടകങ്ങളിലേക്ക്...
കേരളത്തിലെ എണ്ണം പറഞ്ഞ ആനകള്‍...ലക്ഷണത്തികവുള്ള ഗജസൌന്ദര്യങ്ങള്‍, തികവാര്‍ന്ന മേളകലാകാരന്‍മാര്‍...പൂരത്തിന്റെ ലക്ഷണത്തികവുളള്താക്കുന്നത് ഇവയൊക്കെ അന്നമനട അച്യുതമാരാര്‍.  മുതല്‍ പഞ്ചവാദ്യത്തിനു പുതിയമാനം നല്‍കിയ വെങ്കിച്ച സ്വമിയും എല്ലാവൂര്‍ ത്രയങ്ങളും മുതല്‍ തൃപ്പേക്കുളവും പെരുവനം കുട്ടന്‍മാരാരും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും അന്നമനട പരമേശ്വരമാരാര്‍ വരെ നീളുന്ന മേള പ്രതിഭകളുടെ നിര. ആനകളില്‍ ചെങ്ങല്ലൂര്‍ രംഗനാഥന്‍ മുതല്‍ പൂമുളളി ശേഖരന്‍, പാലിയം ഗോവിന്ദന്‍, കീരങ്ങാട്ടു കേശവന്‍ മുതല്‍ ഗജരാജാക്കന്‍മാര്‍ വരെ...! മതിയാവില്ല വാക്കുകള്‍, തൃശൂരിന്റെ പൂരമാഹാത്മ്യം വാഴ്ത്തുവാന്‍....

2 comments:

  1. ശരിക്കു പറഞ്ഞാല്‍ പെരുവനം(പെരുമനം)പൂരത്തിന്റെ ശേഷിപ്പാണ് തൃശൂര്‍ പൂരം. പെരുവനം പൂരത്തിന്റെ ആറാട്ടുനടന്നിരുന്നത് ആറാട്ടുപുഴയിലാണ്. ഗ്രാമത്തിലെ പ്രമാണിമാര്‍ തമ്മിലുള്ള തര്‍ക്കം മൂലം പെരുവനം പൂരം നിലച്ചപ്പോള്‍ ആറാട്ടുപുഴയില്‍ പൂരം തുടങ്ങി. ആറാട്ടുപുഴ പൂരത്തിലെ ഘടക പൂരങ്ങളായിരുന്നു ഇന്ന് തൃശൂര്‍ പൂരത്തിലെ പങ്കാളികള്‍. പണ്ഡിതരുടേയും പുരോഹതിരുടേയും നാടാണ് ഇന്നും പെരുവനം ഗ്രാമം. ആറാട്ടുപുഴ, വല്ലച്ചിറ, ചേര്‍പ്പ്, ഊരകം തുടങ്ങിയ സ്ഥലങ്ങള്‍ കലാകാരന്മാരുടെ സങ്കേതങ്ങളാണ്. നാടകക്കാര്‍, സിനിമക്കാര്‍, കൂത്തുകാര്‍, നാടന്‍കലാകാരന്മാര്‍, സംഗീതജ്ഞര്‍, താളവിദഗ്ദര്‍, മിമിക്രിക്കാര്‍, കരകൗശലവിദഗ്ദര്‍ അങ്ങിനെ നീണ്ടൊരു നിര. കേരളത്തില്‍ ഇത്രയും സമ്പന്നവും പാരമ്പര്യവുമുളള സംസ്‌കാരങ്ങള്‍ കുറവായിരിക്കും.

    ReplyDelete