തൃശ്ശൂര്‍ മൃഗശാലയിലെ രംഗനാഥന്റെ അസ്ഥിപഞ്ജരം |
കേരളം കണ്ട ഏറ്റവും വലിയ നാട്ടാന എന്ന ഖ്യാതി ഇന്നും ചെങ്ങല്ലൂര്‍ രംഗനാഥനു തന്നെ. തൃശൂര്‍ മൃഗശാലയില്‍ പൂര്‍ണകായമായി ഇതിന്റെ അസ്ഥികൂടം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അസ്ഥികൂടത്തിന്റെ ഉയരം 11 അടി ഒരിഞ്ച്!. അപ്പോള്‍ മാംസത്തോടുകൂടിയ ആനയ്‌ക്ക് ഉയരം എത്രയായിരുന്നു എന്നു ഊഹിക്കാം. 340 സെന്റീമീറ്ററെങ്കിലും ഈ ആനക്കു ഉയരമുണ്ടായിരുന്നു..
കുപ്രസിദ്ധനായ അകവൂര്‍ ഗോവിന്ദന്‍(പാലിയം ഗോവിന്ദന്‍) എന്ന ആനയുടെ കുത്തേറ്റതിനെ തുടര്‍ന്നായിരുന്നു രംഗനാഥന്റെ മരണം. കുത്തേറ്റു വീണ രംഗനാഥന്‍ പിന്നീട് എഴുന്നേറ്റില്ല.
ഇത്രയും ഗാംഭീര്യമേറിയ ആനയെ കേരളം പിന്നീടു കണ്ടിട്ടില്ലെന്ന് ചരിത്രം. കുംഭകോണം സ്വാമിയാരുടെ ആനയായിരുന്ന രംഗനാഥനെ, തൃശൂരിലെ അന്തിക്കാടുള്ള മനക്കാര്‍ക്ക് ലഭിക്കുകയായിരുന്നു. പ്രശസ്‌തമായ കൂട്ടാല പട്ടത്ത് വീട്ടിലെ കൃഷ്‌ണന്‍ നമ്പ്യാരാണ് ആനയെ മനക്കാര്‍ക്ക് നല്‍കിയത്. 1050 രൂപയായിരുന്നു അന്നത്തെ വില!. ആനയെ കൊണ്ടുവരുന്നതിനു വന്ന കടത്തു കൂലി 38 രൂപ!.
അന്നും ഇന്നും രംഗനാഥനോടു താരതമ്യപ്പെടുത്താന്‍ ആനകളുണ്ടായിട്ടില്ല. സര്‍വ്വ ഗജലക്ഷണങ്ങളും തികഞ്ഞവനായിരുന്നു രംഗനാഥനെന്ന് പഴമക്കാര്‍ പറയുന്നു.
വീര്‍ത്തുന്തിയ വായുകുഭം, ഉയര്‍ന്നെടുത്ത തലക്കുന്നികള്‍, ഉയര്‍ന്ന തലയെടുപ്പം താഴ്‌ന്ന പിന്‍ഭാഗവും(രാജലക്ഷണം), വൈരൂപ്യമില്ലാത്ത കരുത്തുറ്റ കാലുകള്‍, തേന്‍നിറമാര്‍ന്ന തെളിഞ്ഞ കണ്ണുകള്‍, വലിയ ചെവികള്‍(വീശുമ്പോള്‍ കൈകൊട്ടുന്നതു പോലുള്ള ശബ്ദം ഉണ്ടാക്കിയിരുന്നുവത്രെ). വീണെടുത്ത കൊമ്പുകള്‍( പോറലുകളില്ലാതെ, ചന്ദനത്തിന്റെ നിറമുളളത്). നീണ്ടു മാംസളമായ തുമ്പികൈ( എത്ര തലയുയര്‍ത്തിയാലും അതു നിലത്തിഴഞ്ഞിരുന്നുവത്രെ), വീതിയേറിയതും മാംസളവുമായ ഇരിക്കസ്ഥാനം(പാപ്പാന്‍ ഇരിക്കുന്ന പുറംഭാഗം), നിറഞ്ഞതും മാംസളവുമായ ചെന്നികള്‍, പതിനെട്ടുനഖങ്ങള്‍(പൊട്ടലൊന്നും ഇല്ലാത്തവ), ഉറച്ച പല്ലുകള്‍......
തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് രംഗനാഥനായിരുന്നു. എഴുന്നള്ളിപ്പില്‍ മറ്റാനകളെല്ലാം രംഗനാഥനേക്കാള്‍ ഒരടി കുറവായി കാണപ്പെടുന്ന പഴയകാല ചിത്രങ്ങള്‍ ഇപ്പോഴും പലരും സൂക്ഷിച്ചിട്ടുണ്ട്. 1927ലാണ് രംഗനാഥന്‍ ചരിഞ്ഞത്. പഴമക്കാരുടെ വാക്കുകളില്‍ ഏറ്റവും ഭയാനകമായ `ആനയക്രമം' ആയിരുന്നത്രെ അത്. രംഗനാഥനെ ആക്രമിച്ച പാലിയം ഗോവിന്ദന്‍ എന്ന ആനയുടെ കൊമ്പ് അസാധാരണമായി കൂര്‍ത്തതായിരുന്നുവത്രെ. അതിനേക്കാളുപരി, കുത്തേറ്റുവീണ രംഗനാഥന്റെ തല കരിങ്കല്‍ തൂണിലിടിച്ചതാണ് അപകടത്തിന്റെ ആക്കംകൂട്ടിയത്. ആന്തരികമായേറ്റ ക്ഷതങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തിനകം രംഗനാഥന്‍ മരണത്തിനു കീഴടങ്ങി. ഇന്നത്തെ രീതിയിലുള്ള ആധുനിക ചികിത്സാവിധികളൊന്നുമില്ലായിരുന്നു അന്നത്തെ കാലത്ത് എന്നതും ദുരന്തമായി.
ചരിഞ്ഞിട്ട് 86 വര്‍ഷങ്ങള്‍...പക്ഷെ, മറ്റൊരു രംഗനാഥന്‍ പിന്നീടുണ്ടായില്ല എന്നത് ചരിത്രത്തിലെ വേദനിപ്പിക്കുന്ന അടയാളപ്പെടുത്തല്‍..
No comments:
Post a Comment