അരയാലിലകള്‍ |
കുട്ടിക്കാലത്ത് സൈക്കിള്‍ ചവിട്ടു പഠിക്കുന്നത് അമ്പലപ്പറമ്പിലാണ്. വെട്ടുകല്ലുകൊണ്ടു തീര്‍ത്ത അരയാല്‍ തറയില്‍ ഊഴമിട്ടു കാത്തിരിക്കും. കുട്ടിസൈക്കിള്‍ ഒന്നേയുള്ളൂ വാടകയ്‌ക്ക്. മണിക്കൂറിന് അമ്പതുപൈസ. ഊഴമിട്ടാണ് പഠിത്തം.
എല്ലാതിനും സാക്ഷിയായി അമ്പലമുറ്റത്തെ അരയാല്‍..
തണല്‍ വിരിച്ച്, വളര്‍ന്നു പ്രവൃദ്ധമായ ശിഖരങ്ങള്‍...കാറ്റില്‍ ശീകരംമുഴക്കി ആയിരക്കണക്കിനു അരയാലിലകള്‍ വിറകൊള്ളുന്നത് നോക്കിയിരിക്കും. അവയ്‌ക്കിടയില്‍, ആലിന്‍പഴങ്ങള്‍ തിന്നാനെത്തുന്ന പക്ഷികള്‍...
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞ് വീണ്ടും അവിടെ എത്തുമ്പോഴും കാഴ്‌ചകള്‍ക്കു മാറ്റമൊന്നുമില്ല. അരയാല്‍ത്തറ സിമന്റുതേച്ച് വൃത്തിയുളളതാക്കിയിരിക്കുന്നു; മറ്റൊന്നുമില്ല..
മരം അപ്പോഴും ഹൃദയപൂര്‍വ്വം മാടിവിളിക്കുന്ന അനുഭവം..
നവോന്മേഷം പകരുന്ന കാറ്റേറ്റ് ഇരിക്കുമ്പോള്‍, അലിന്‍പഴങ്ങള്‍ക്കായി അപ്പോഴും പക്ഷികള്‍ വന്നുകൊണ്ടിരുന്നു....
ആലുകള്‍ ക്ഷേത്രപരിസരങ്ങളില്‍ തഴയ്‌ക്കുന്നു. അതിനു ഒരു ദിവ്യപരിവേഷമുണ്ട്. ശക്തിസ്‌ഫുരിക്കുന്ന തായ്‌ത്തടിയില്‍ ചാരിയിരിക്കുമ്പോള്‍ തന്നെ സുരക്ഷാബോധം ഉടലെടുക്കുന്നു...
വൃക്ഷങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്നത് വെറുതെയല്ല. കിഴക്കന്‍ ഹിമാലയവും തെക്കു കിഴക്കന്‍ ഏഷ്യയുമാണ് ഈ ദൈവ വൃക്ഷത്തിന്റെ ജന്മദേശമത്രെ. ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരുപോലെവിശുദ്ധവൃക്ഷമാണിത്. നീലഗിരിയിലെ ബഡഗ വര്‍ഗക്കാരും അരയാലിനെ ആരാധിക്കുന്നു. ബോധ്‌ഗയയിലെ അരയാലിന്റെ ചുവട്ടില്‍വച്ചാണ് സിദ്ധാര്‍ത്ഥന് ജ്ഞാനോദയമുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ടു ഇത് ബോധിവൃക്ഷവുമായി.
ഇലകൊഴിയുംവൃക്ഷമാണ് അരയാല്‍. മിന്നല്‍പ്പിണരുകള്‍ പിടിച്ചെടുത്ത് സ്വയം ദഹിക്കാതെ ഭൂമിയിലെത്തിക്കാനുള്ള ശക്‌തിവിശേഷം അരയാലിന്റെ തടിക്കുണ്ടെന്നാണ് പ്രാചീനകാലം മുതല്‌ക്കുള്ള വിശ്വാസം. അതിനാലാവാം ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവയുടെ സമീപം ഈ മരം നട്ടുവളര്‍ത്തുന്നത്. പക്ഷെ, തടിക്ക് സാമാന്യം ദൃഢതയുണ്ടെങ്കിലും ഈടും ഉറപ്പും വളരെ കുറവാണ്. ഇതിന് ഔഷധഗുണമുണ്ടെന്നും പറയുന്നു. തൊലിക്കും ഇലയ്‌ക്കും ഔഷധഗുണമുണ്ട്. തൈരും എണ്ണയും അരയാലിലയില്‍ ഒഴിച്ചു ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയ്‌ക്ക് ശമനം കിട്ടും. ഉഷ്‌ണപ്പുണ്ണ് കഴുകാന്‍ അരയാല്‍തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്. ഹൃദയാകൃതിയിലുള്ള അരയാലിലയില്‍ കൃഷ്‌ണന്‍ കാല്‍വിരല്‍ കുടിച്ചു കിടക്കുന്ന രംഗം, ഹൈന്ദവപുരാണങ്ങളിലുണ്ട്. ഇതും ഈ വൃക്ഷത്തിനു ദൈവീകപരിവേഷം നല്‍കിയിരിക്കുന്നു. ഓക്‌സിജന്‍ ഉത്‌പാദനത്തില്‍ ഇത്രയും മുന്നിട്ടു നില്‍ക്കുന്ന വൃക്ഷം വേറെയുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടു കൂടിയായിരിക്കാം അരയാല്‍ പ്രദക്ഷിണം ശ്രേഷ്‌ഠമാണെന്ന വിശ്വാസത്തിനു പിന്നില്‍...
കാലത്തിന്റെ മാറ്റം പോറലേല്‍പ്പിക്കാതെ, അരയാലുകള്‍ ഇപ്പോഴും ഹൃദയപൂര്‍വ്വം മാടിവിളിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്കുള്ളതെല്ലാം ഈ ലോകത്തിനുകൂടിയുള്ളതാണെന്ന ഒരു ത്യാഗിയുടെ ഭാവത്തോടെ..!
No comments:
Post a Comment