Tuesday, November 26, 2013

ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍


തൃശൂര്‍പൂരം ദിവസമാണ്‌. ആനയിടഞ്ഞു. പോസ്‌റ്റ്‌ ഓഫീസ്‌ റോഡിലുള്ള 'മംഗളം' ബ്യൂറോയിലേക്കു ഫോണ്‍ വന്നതും ഞാനും ഫൊട്ടോഗ്രാഫര്‍ രഞ്‌ജിത്ത്‌ ബാലനും ഇറങ്ങിയോടി. ആന ചെട്ടിയങ്ങാടി വഴിയാണ്‌ ഓടുന്നത്‌. എന്റെ പച്ചപ്പയ്യില്‍(scooty)യില്‍ ബാലനേയും വഹിച്ച്‌ വച്ചുപിടിച്ചു. ചെട്ടിയങ്ങാടിയില്‍ ആളുകള്‍ സാധാരണപോലെ!. അവിടെയെത്തിയപ്പോഴാണറിഞ്ഞത്‌, ആന തെക്കോട്ടു പാഞ്ഞിരിക്കുന്നു. ആളുകള്‍ കുറേ പേര്‍ തെക്കോട്ടോടുന്നുണ്ട്‌. ആനയുടെ പൊടിപോലുമില്ല.
പച്ചപ്പയ്യിനെ തെക്കോട്ടു തെളിച്ചു.
വെളിയന്നൂര്‍ അമ്പലത്തിനടുത്തെത്തുമ്പോള്‍, അതാ ആള്‍ക്കൂട്ടം തിരിച്ചോടിവരുന്നു....
ഉള്ളുകാളി, ആന തിരിച്ചു വരികയാണോ?.
ബാലാ...ആന തിരിഞ്ഞൂന്നാ തോന്നണേ...വണ്ടി ഇട്ടിട്ട്‌ ഓടാം...എന്ന് ഞാന്‍.
അന്‌ധാളിപ്പിനെ സെക്കന്റുകള്‍...
ഭാഗ്യം. ആള്‍ക്കൂട്ടത്തെ തിരിച്ചോടിച്ചത്‌ പൊലീസായിരുന്നു..
ആന അടുത്തുള്ള പറമ്പില്‍ കയറി ശാന്തനായിക്കഴിഞ്ഞിരുന്നു.
പോട്ടം പിടിച്ചു മടങ്ങി.
പൂരം റിപ്പോര്‍ട്ടിംഗ്‌ എന്നും ആവേശവും അപകടവും നിറഞ്ഞതാണ്‌. പ്രത്യേകിച്ച്‌ ഫൊട്ടോഗ്രാഫര്‍മാര്‍ക്ക്‌. തൃശൂരിന്റെ സ്വന്തം പത്രമായിരുന്ന എക്‌സ്‌പ്രസ്സില്‍ ജോലി ചെയ്യുമ്പോഴാണ്‌ മറ്റൊരു അനുഭവം.
ഉച്ചക്ക്‌ രണ്ടുമണിയായിക്കാണും. പൂരം അതിന്റെ പാരമ്യത്തില്‍ കൊട്ടിക്കയറുകയാണ്‌. തിരുവമ്പാടിയുടെ മഠത്തിലെ വരവിന്റെ പഞ്ചവാദ്യം കലാശിച്ച്‌, പാണ്ടി തുടങ്ങിയിരിക്കുന്നു. നായ്‌ക്കനാലില്‍ നിന്നും തേക്കിന്‍ കാട്ടിലേക്കു എഴുന്നള്ളിപ്പു കയറിയപ്പോഴാണ്‌ ആനയിടഞ്ഞത്‌. ഒന്നല്ല രണ്ടാനകള്‍. പരസ്‌പരം അവ കൊമ്പുകോര്‍ക്കുക കൂടി ചെയ്‌തു. ഇതില്‍ ഇടഞ്ഞ കൊമ്പന്‍ തിരിഞ്ഞോടി.
ഡെസ്‌കിലേക്ക്‌ ഫോണ്‍ വന്നപ്പോഴാണ്‌ ആനയിടഞ്ഞത്‌ അറിഞ്ഞത്‌. കാമറയും തൂക്കി, സീനിയര്‍ ഫൊട്ടോഗ്രാഫര്‍ രവിയേട്ടന്‍ ഇറങ്ങിയോടുന്നതു കണ്ടു. ആന ഷൊര്‍ണൂര്‍ റോഡുവഴി ഇറങ്ങിയെന്നായിരുന്നു ഫോണ്‍. എക്‌സ്‌പ്രസ്സ്‌ ഓഫീസിനു സമീപത്തുകൂടിയാണ്‌ ഈ റോഡ്‌ പോകുന്നത്‌. ഞങ്ങളെല്ലാം പത്രമോഫീസിന്റെ മുറ്റത്തേക്കിറങ്ങി. ആനയെ പ്രതീക്ഷിച്ച്‌...
ഷൊര്‍ണൂര്‍ റോഡിലൂടെ വാഹനങ്ങളും ആളുകളും സാധാരണപോലെ. ആന ആ വഴിക്കാണെങ്കില്‍ അതുണ്ടാവില്ല.
അപ്പോള്‍ ആന ഏതുവഴിക്കു തിരിഞ്ഞു?.
ആലോചിക്കുമ്പോഴേക്കും കുടമണിക്കിലുക്കം കേട്ടു..
എക്‌സ്‌പ്രസ്സ്‌ ഓഫീസിന്റെ കിഴക്കുഭാഗത്ത്‌, ഒരു ഓട്ടോറിക്ഷക്കു കടന്നു പോകാന്‍ മാത്രം സ്ഥലമുള്ള പോക്കറ്റ്‌ റോഡിലൂടെയാണ്‌..
ഒരു പ്രായമായ സ്‌ത്രീ ആ വഴിയിലേക്കു കയറാന്‍ ഒരുങ്ങുകയാണ്‌..
ആരോവിളിച്ചു പറഞ്ഞു: `ആന വരുന്നു...'
അവര്‍ വഴിയിലേക്കു കയറാതെ ഒന്നു മാറിനിന്നയുടന്‍, ആനയെത്തി.
പുറത്ത്‌ ഒരാള്‍ മാത്രം. നെറ്റിപ്പട്ടം ഉലഞ്ഞിരിക്കുന്നു. നീണ്ട ചങ്ങല വലിച്ചിഴച്ചുകൊണ്ടാണ്‌ ആന ഓടിക്കൊണ്ടിരിക്കുന്നത്‌. പിന്നാലെ പാപ്പാന്‍മാരും..
ഔഷധി ആയുര്‍വേദ ആശുപത്രിയുടെ പിന്നിലൂടെയുള്ള പോക്കറ്റിലൂടെ ഓടിയ ആനയെ, പിന്നാലെ എത്തിയ പാപ്പാന്‍മാര്‍, അഴിഞ്ഞ ചങ്ങല പിടിച്ചു വൈദ്യുതി പോസ്‌റ്റിലാണ്‌ തളച്ചത്‌..!
ആന ഏതുവഴിക്കാണ്‌ വരുന്നതെന്ന്‌ അറിയാതെ, രണ്ടുംകല്‍പ്പിച്ച്‌ കാമറയുമായി ഓടിയിറങ്ങിയ രവിയേട്ടനെ കുറിച്ച്‌ ഞാന്‍ ഓര്‍ത്തു. അപ്പോള്‍ മാത്രമല്ല, പിന്നെ പലപ്പോഴും. രവിയേട്ടന്‍ ഇന്നു വിശ്രമ ജീവിതം നയിക്കുന്നു.
പത്രത്തില്‍ വരുന്ന ഒരു ചിത്രം, ഒരു വാര്‍ത്ത..ഇതിനു പിന്നിലുള്ള മനുഷ്യപ്രയത്‌നം, മനുഷ്യധീരത..ഇതൊന്നും ആരും പരിഗണിക്കാറേ ഇല്ലല്ലോ..?. 

No comments:

Post a Comment