വീട്ടുമുറ്റത്ത് ഒരു പാമ്പിനെ കണ്ടാല്‍ മുത്തശി പറയുകയായി...
നാഗദൈവങ്ങളേ...നൂറും പാലും തന്നേക്കാം....!!
കേരളത്തിലെ കുടുംബങ്ങളുടെ രക്ഷകദൈവമാണ് നാഗങ്ങള്‍. കന്നിമാസത്തിലെ ആയില്യം സര്‍പ്പാരാധനയ്‌ക്ക് വിശിഷ്ടമായ ദിനമാത്രെ. സര്‍പ്പാരാധന, ആചാരവും വിശ്വാസവും മാത്രമായിരുന്നില്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴയടുപ്പം കൂട്ടുന്ന ഒരു ശക്തിവിശേഷം കൂടിയായിരുന്നു.
ക്ഷേത്രങ്ങളില്‍ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലും സര്‍പ്പക്കാവുകളുണ്ടായിരുന്നു; ഇന്ന് പലതും ഇല്ലാതായെങ്കിലും.
വീട്ടുമുറ്റത്തെ പ്രത്യേക സ്ഥലം പ്രകൃതിക്കായി മാറ്റിവയ്‌ക്കുക എന്ന മഹത്തായ സങ്കല്‍പ്പം!.
അന്ധവിശ്വാസവും അനാചാരവും എന്നെല്ലാം പറഞ്ഞ് കാവുകള്‍ വെട്ടിനീക്കിയപ്പോള്‍, നഷ്ടമായത് കുടിവെള്ളവും ശ്വസിക്കാനുള്ള ശുദ്ധവായുവുമാണെന്ന് നാമിന്ന് തിരിച്ചറയുന്നു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ന് മലയാളി. ഈ തിരിച്ചറിവെങ്കിലും ഉണ്ടായത് ആശ്വാസം...!
സര്‍പ്പം ഭീതിയുടേയും സൗന്ദര്യത്തിന്റേയും പ്രതീകമാണ്. രതിയുടേയും. സ്‌ത്രീകളുടെ അഭൗമസൗന്ദര്യത്തെ സര്‍പ്പസൗന്ദര്യമെന്നാണ് വിശേഷിപ്പിക്കുക!.രതിയെ കുറിച്ചു പറയുന്നിടത്തെല്ലാം നാഗങ്ങള്‍ കടന്നു വരുന്നു. സാഹിത്യത്തിലും സിനിമയിലുമെല്ലാം!.
ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്‌തരീതികളിലാണെങ്കിലും സര്‍പ്പാരാധന നിലനില്‌ക്കുന്നു. സുമേറിയന്‍, ബാബിലോണിയന്‍ സംസ്‌കാരങ്ങളില്‍ അധോലോകത്തിലെ ഭീകരദേവതകളായ എറിഷ്‌കിഗന്‍, അല്ലാറ്റു എന്നിവയ്‌ക്ക് സര്‍പ്പരൂപമാണുണ്ടായിരുന്നത്. നാഗങ്ങള്‍ ഗോത്രചിഹ്‌നങ്ങളായിരുന്നതിന്റെ ഉദാഹരണങ്ങളും നാഗാരാധനയുടെ പ്രാചീനത വെളിപ്പെടുത്തുന്നു.
`സര്‍പ്പഃ സീരിതേ` എന്നാല്‍ സര്‍പ്പം ഇഴയുന്നതെന്നും പറക്കുന്നുവെന്നും അര്‍ത്ഥം. ആയിരം തലയുള്ള അനന്തന്‍റെ തലയില്‍ ഭൂമി ഇരിയ്‌ക്കുന്നുവെന്ന് വിശ്വസിക്കുന്നു. അനന്തന്‍ അന്തമില്ലാത്ത ശക്‌തിയാകുന്നു. അനന്തമായ ശക്‌തിയാണത്. എല്ലായിടത്തും നിറഞ്ഞ് ശക്‌തിതരംഗങ്ങളായി ഇളകികൊണ്ടിരിയ്‌ക്കുന്നതാണ് അനന്തന്‍ എന്ന സങ്കല്‍പ്പമത്രെ..!.
ദേവന്മാരിലെല്ലാം നാഗബന്‌ധം കാണുന്നുണ്ട്. അത് ദേവനോടുള്ള പ്രപഞ്ചശക്‌തി ബന്‌ധത്തെ സൂചിപ്പിയ്‌ക്കുന്നതാണ്. കരിനാഗം, മണിനാഗം, അഞ്‌ജനമണിനാഗം എന്നീ സങ്കല്‍പ്പങ്ങളാണ് സര്‍പ്പക്കാവുകളിലുള്ളത്. നിലവറ കാക്കുന്ന അരൂപിയായ അഞ്ചുതലനാഗം എന്നൊരു സങ്കല്‍പ്പവും പഴയ മാന്ത്രിക കുടുംബങ്ങളിലുണ്ട്.
സര്‍പ്പാരാധനയുമായി ബന്ധപ്പെട്ട് മനോഹരമായ ഒട്ടേറേ ആചാരങ്ങള്‍ നിലവിലുണ്ട്. കേരളത്തനിമയും മണ്ണിന്റെ മണവും മനോഹരമാക്കിത്തീര്‍ക്കുന്ന സര്‍പ്പപ്പാട്ടും സര്‍പ്പംതുള്ളലും ഇന്ന് പഴങ്കഥകളായിക്കൊണ്ടിരിക്കുന്നു. അപൂര്‍വ്വമായി മാത്രം എവിടെയൊക്കെയോ പാരമ്പര്യം ഇന്നും തുടിക്കുന്നു....
മനുഷ്യന്റെ നിലനില്‍പ്പിന് കാവും കുളവുമൊക്കെ അനിവാര്യമാണ്. അത് സൗന്ദര്യവുമാകുന്നു.
കേരളത്തിലെ പേരെടുത്ത സര്‍പ്പാരാധനാ കേന്ദ്രങ്ങള്‍ ഇവയൊക്കെ: തൃശൂര്‍ ജില്ലയിലെ പാമ്പുംമേക്കാട്ടു മന, ഹരിപ്പാട് മണ്ണാറശാല ക്ഷേത്രം, മധ്യതിരുവിതാംകൂറിലെ വെട്ടിക്കോട് അനന്തക്ഷേത്രം, മണ്ണാര്‍ക്കാട്-പെരിന്തല്‍മണ്ണ റൂട്ടിലെ അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം, കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടിലുള്ള പെരളശേരി സുബ്രഹ്മണ്യക്ഷേത്രം, തൃപ്പൂണിത്തുറ-വൈക്കം റൂട്ടിലെ ആമേട ക്ഷേത്രം. ഉദയനാപുരം നാഗമ്പോഴിക്ഷേത്രം, കാസര്‍ഗോഡ് മഞ്ചേശ്വരത്തെ അനന്തേശ്വരംക്ഷേത്രം, തിരുവനന്തപുരത്ത് പദ്‌മനാഭപുരംക്ഷേത്രത്തിനടുത്തുള്ള അനന്തന്‍കാട് നാഗര്‍ക്ഷേത്രം, എറണാകുളത്തെ അങ്ങിശ്ശേരിക്ഷേത്രം, മൂത്തകുന്നംക്ഷേത്രം, കെട്ടുള്ളിക്കാട്ടു ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചെന്നിത്തലക്ഷേത്രം, വള്ളിക്കാവുക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ തൃപ്പാറ ശിവക്ഷേത്രം, കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി ശ്രീദുര്‍ഗാംബികാക്ഷേത്രം, കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിലെ ശ്രീകുറുംബക്ഷേത്രം എന്നിവിടങ്ങളും പ്രധാന സര്‍പ്പാരാധനാകേന്ദ്രങ്ങളാണ്.
No comments:
Post a Comment