Monday, November 18, 2013

ആനക്കോട്ടയില്‍ പോകാം; ഗുരുവായൂരപ്പനെയും തൊഴാം...



തലകുലുക്കിയും തുമ്പിക്കൈനീട്ടിയും പനമ്പട്ട ചുഴറ്റിയും പൂഴിവാരിയെറിഞ്ഞും സുന്ദരന്‍മാരും സുന്ദരികളും. പുന്നത്തൂര്‍ കോട്ടയിലെത്തുമ്പോള്‍ ആനയെന്ന വാക്കിന്റെ അര്‍ഥതലം നമ്മള്‍ അറിയുന്നു. ലോകത്തിലെ ഏറ്റവും വലിയ നാട്ടാനപാര്‍ക്ക്‌ ആണ്‌ പുന്നത്തൂര്‍ കോട്ട എന്ന്‌ എത്രപേര്‍ക്കറിയാം?.വര്‍ഷത്തിലൊരിക്കലെങ്കിലും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ജീവിതചര്യയാക്കിയവര്‍ ധാരാളം. അവര്‍ക്കുപോലും ഈ പാര്‍ക്കിന്റെ പ്രാധാന്യമറിഞ്ഞു കൂടാ.
എങ്ങോട്ടു തിരിഞ്ഞാലും ആനകള്‍..ചിലത്‌ അതീവ ശാന്തചിത്തര്‍. മറ്റുചിലതില്‍ കുസൃതിത്തരം. വേറെ ഒരു കൂട്ടര്‍ അല്‍പ്പം ഇടഞ്ഞു തന്നെ.....അറുപത്തിനാലോളം ആനകള്‍ പത്തേക്കര്‍ വരുന്ന തെങ്ങിന്‍ തോപ്പില്‍ കഴിയുന്നു. മനസ്സില്‍ അല്‍പ്പം ഭാവനയുണ്ടെങ്കില്‍ ജുറാസിക്‌ പാര്‍ക്കില്‍ എത്തിയ പോലെ തന്നെ സങ്കല്‍പ്പിക്കാം. കരയിലെ ഏറ്റവും വലിയ ജീവികള്‍ക്കു നടുവില്‍ കഴിയുന്ന നിമിഷങ്ങള്‍!.
ഗുരവായൂരപ്പന്‌ കാണിക്കയായി ലഭിച്ചവയാണ്‌ ഈ ഗജരത്‌നങ്ങളൊക്കെയും. എണ്‍പതുവയസ്സുകാരന്‍ മുതല്‍ കൊച്ചുകുറുമ്പന്‍മാര്‍ വരെ ഈ പച്ചപ്പിന്റെ ശീതളിമയില്‍ ഉല്ലസിച്ചു നില്‍ക്കുന്ന കാഴ്‌ച ആനപ്രേമികള്‍ക്ക്‌ മറക്കാനാവില്ല.
മുമ്പ്‌ ക്ഷേത്രത്തോടു ചേര്‍ന്ന കോവിലകം പറമ്പിലാണ്‌ ആനകളെ സംരക്ഷിച്ചിരുന്നത്‌. ഇന്നത്തെ ശ്രീവത്സം ഗസ്‌റ്റ്‌ ഹൗസ്‌ നില്‍ക്കുന്ന സ്ഥലം. ആനകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പുന്നത്തൂര്‍ കോവിലകം വാങ്ങി, അവയെ അങ്ങോട്ടു മാറ്റുകയായിരുന്നു. 1975ലാണ്‌ ഗുരുവായൂര്‍ ദേവസ്വം കോവിലകം വാങ്ങുന്നത്‌.
ചരിത്രസ്‌മൃതികളുറങ്ങുന്ന കോവിലകം ഇന്നു പാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രമാണ്‌. തനതു കേരള വാസ്‌തു ശൈലിയിലുള്ള കോട്ട നാലുകെട്ടു മാതൃകയിലാണ്‌. നാനൂറു വര്‍ഷത്തെ ചരിത്രമാണ്‌ ഇതിനു പറയാനുള്ളത്‌. പ്രാദേശിക ഭരണാധികാരികളായ പുന്നത്തൂര്‍ രാജാക്കന്‍മാര്‍ ആണ്‌ ഇതു പണിതീര്‍ത്തത്‌. അവസാനത്തെ രാജാവ്‌ ഗോദവര്‍മ്മ വലിയ രാജ തീപെട്ടതോടെ കോവിലകം റിസീവര്‍ ഭരണത്തിലായി. പിന്നീട്‌ അതു ദേവസ്വം വാങ്ങുകയായിരുന്നു.
മദയാനകളെ കണ്ടു മനസ്സിലാക്കാന്‍ പുന്നത്തൂര്‍ കോട്ടയില്‍ തന്നെ പോകണം. കനത്ത ബന്ദവസ്സിലാണ്‌ ഇവയെ സൂക്ഷിക്കുക. മദകാലം ആനകളെ ഭ്രാന്തന്‍മാരാക്കുന്ന കാലമാണ്‌. ആരേയും അടുപ്പിക്കുകയില്ല അവ. അങ്ങേയറ്റം ആക്രമണോത്സുകരായിരിക്കും. വിദഗ്‌ധ ആനചികിത്സകര്‍ പറയുന്നത്‌, ഈ സമയത്ത്‌ ആനകളുടെ ഉപബോധമനസ്സാണ്‌ ഉണര്‍ന്നിരിക്കുക എന്നാണ്‌. ഓര്‍മ്മകളും വേദനകളും ദുരനുഭവങ്ങളും എന്തിന്‌, കാടിന്റെ ഓര്‍മ്മകള്‍ പോലും ഉണര്‍ന്നു വരുന്ന സമയം. തിന്നാനുളള പനമ്പട്ട വലിച്ചു ചീന്തിയും എടുത്തെറിഞ്ഞും അവ രോഷം പ്രകടമാക്കുന്നു. ഭയാനകമാണ്‌ ഈ കാഴ്‌ചകള്‍. ആന എന്ന വിസ്‌മയത്തെ അടുത്തറിയാന്‍ ഇതിലും നല്ല ഒരു സ്ഥലമില്ല. ഗുരുവായൂര്‍-പൊന്നാനി റൂട്ടില്‍ തമ്പുരാന്‍പടിയിലാണ്‌ ആനക്കോട്ട. വാഹനം വേഗത കുറച്ച്‌ ഓടിക്കുക..അല്ലെങ്കില്‍ ഈ ദൃശ്യാനുഭവം ശ്രദ്ധയില്‍പ്പെടാതെ പോകും. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ സന്ദര്‍ശക സമയം. ചെറിയൊരു സന്ദര്‍ശക ഫീസ്‌ ഈടാക്കുന്നു. വീഡിയോ കാമറകള്‍ക്ക്‌ സാമാന്യം നല്ലൊരു ഫീസ്‌ നല്‍കേണ്ടിവരും. കര്‍ക്കിടകമാസം ആനകളുടെ സുഖചികിത്സാമാസമാണ്‌. ഈ സമയം സന്ദര്‍ശനത്തിനു അനുയോജ്യം.

No comments:

Post a Comment