ചെമ്പുകൊട്ടി |
എണ്ണിനോക്കി.
മണ്ണാത്തിപ്പുള്ള്, ചെമ്പോത്ത്, ഓലേഞ്ഞാലി, ആനറാഞ്ചി, പൂത്താങ്കീരി, തുന്നാരന്‍, കറുപ്പന്‍ തേന്‍കിളി, മഞ്ഞത്തേന്‍കിളി, കുട്ടുറുവന്‍, അരിപ്രാവ്, നാട്ടുമൈന, കിന്നരിമൈന, ഇരട്ടത്തലച്ചി ബുള്‍ബുള്‍, നാട്ടുബുള്‍ബുള്‍, ചെമ്പുകൊട്ടി, ഷിക്ര(വന്നുപോകുന്നു), ചുട്ടിയാറ്റ, മഞ്ഞക്കിളി. പച്ചപ്രാവ്. ഒച്ചയുണ്ടാക്കാതെ നാട്ടുമരംകൊത്തി. ദേശാടനക്കാരില്‍ ഒന്നു രണ്ടു പേരും: തവിടന്‍ ഷ്രൈക്ക്, ഇളംപച്ചപ്പൊടിക്കുരുവി. വീടിന്റെ മോന്തായത്തില്‍ അമ്പലപ്രാവ്. പേനക്കാക്കയും ബലിക്കാക്കയും ഉണ്ട്.
നഗരമധ്യത്തിലെ വീട്ടുവളപ്പില്‍ ഇവരൊക്കെ സസുഖം ക്ലാസു നടത്തുന്നു..!
പൂച്ചയോ പാമ്പോ സാന്നിധ്യപ്പെട്ടാല്‍, ഇവരുടെ ശബ്ദം മാറുന്നു. ഒരു തരം ചീറ്റല്‍..ചീര്‍ര്‍ര്‍..എന്ന്!.
അസ്വസ്ഥത നമ്മിലേക്കും ബാധിക്കും.
പക്ഷി ഭാഷ പഠിച്ചു വരുന്നു.
പക്ഷിഭാഷ അറിയാവുന്നയാളായിരുന്നു വരരുചി എന്നു കേള്‍വി. അദ്ദേഹം, മരത്തിനു മുകളിലിരുന്നു സംസാരിച്ച രണ്ടു പക്ഷികളുടെ ഭാഷണത്തില്‍ നിന്നാണ് തന്റെ ഭാവി വധു പറച്ചിയാണെന്ന് അറിഞ്ഞത്. മറ്റൊരാള്‍ തേവലശ്ശേരി നമ്പി ആയിരുന്നു. പ്രഗത്ഭഭിഷഗ്വരന്‍. `കോരുക്ക്...കോരുക്ക്' (ആരാണ് അരോഗി?) എന്ന് രണ്ടു പക്ഷികള്‍ ചോദിച്ചതിനു മറുപടിയായി അദ്ദേഹം രോഗങ്ങളുടെ കാരണം പറഞ്ഞു എന്നാണ് ഐതിഹ്യം. ഈ പക്ഷികള്‍ അശ്വിനി ദേവകള്‍ ആയിരുന്നുവത്രെ...
പക്ഷികളുടെ സംസാരം അല്‍പ്പം ശ്രദ്ധിച്ചാല്‍ തിരിച്ചറിയാവുന്നതേയുള്ളൂ. മുന്നറയിപ്പുകള്‍, ആഹ്ലാദം, ദേഷ്യം.. തുടങ്ങി മനുഷ്യവികാരങ്ങളൊക്കെയും ഇവ പ്രകടിപ്പിക്കുന്നു. ശബ്ദത്തിലൂടേയും ചില ചേഷ്ടകളിലൂടെയും. അതു നിരീക്ഷകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാവും. ഇവയുടെ ചീറല്‍...ശ്രദ്ധിച്ച എനിക്ക്, ഇവയുടെ ശത്രുക്കളായ പൂച്ചയേയോ പമ്പിനേയോ പരിസരത്ത് കണ്ടെത്താനായിട്ടുണ്ട്. നമ്മുടെ ദൃഷ്ടിപഥത്തിലെത്തും മുമ്പെ ഇവയെ പക്ഷികള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കും....!
നഗരമധ്യത്തില്‍ തന്നെ അറുപതിലേറെ പക്ഷികളെ കണാനായിട്ടുണ്ടെന്നത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ ശക്തി എത്ര കുറവാണ് നമ്മുടെ ആളുകള്‍ക്ക്!. അല്ലെങ്കില്‍ അശ്രദ്ധ. മറ്റൊരുതരത്തില്‍ ഒന്നിനും നേരമില്ലായ്‌മ..
പ്രകൃതിയെ നിരീക്ഷിക്കുക പാശ്ചാത്യലോകത്ത് ഒരു ഹോബിയേക്കാള്‍ ഗൗരവമുള്ള വിഷയമായി മാറിയിരിക്കുന്നു. സീരിയലുകളും സ്‌പോണ്‍സേഡ് പരിപാടികളും കണ്ടു ചര്‍ച്ച നടത്തുന്ന നമ്മള്‍ക്കോ..???
No comments:
Post a Comment