Thursday, November 14, 2013

ആനപ്പേടിയില്‍ മറക്കാനാവാതെ മലക്കപ്പാറ യാത്ര



എല്ലാ വര്‍ഷവും പത്രമോഫീസില്‍ നിന്നുള്ള യാത്രാ പരിപാടിയാണ്‌. ആഗസ്‌റ്റ്‌ 15. പത്രത്തിനും ഓഫീസിനും അവധി ഒത്തുവരുന്ന ദിവസം. ഇത്തവണ അതു മലക്കപ്പാറയിലേക്കാക്കിയപ്പോള്‍ പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല. അതിരപ്പിള്ളിയും വാഴച്ചാലും സുപരിചിതമാണ്‌. അതിനു മുകളില്‍ പൊളളാച്ചിവരെ നീളുന്ന ഉള്‍വനത്തിലൂടെയുള്ള യാത്രയാണ്‌ മലക്കപ്പാറയിലേക്ക്‌. വനഭംഗി ആവോളം ആസ്വദിക്കാം എന്നേ കരുതിയുള്ളൂ. ആനത്താരകള്‍ നിറഞ്ഞ വനപാതയില്‍ കാട്ടാനയെ കണ്ടുമുട്ടിയേക്കാം എന്നുള്ള ഉള്‍ഭയം ഇല്ലാതിരുന്നില്ല. പക്ഷെ വാഹനങ്ങളെ ആക്രമിച്ച ചരിത്രമൊന്നും കേട്ടിട്ടില്ല. അതിരപിള്ളിയും വാഴച്ചാലും കഴിഞ്ഞാല്‍ പിന്നെ റോഡില്‍ ഒരു മനുഷ്യകുഞ്ഞും ഉണ്ടാകാറില്ല.
വാഴച്ചാല്‍ കഴിഞ്ഞാല്‍ പിന്നെ പെരിങ്ങല്‍കുത്ത്‌ കറന്‍റ്‌ കമ്പനി. നട്ടുച്ചയ്‌ക്കു പോലും വെളിച്ചം കടക്കാത്ത വഴിത്താരകളിലൂടെയാണ്‌ യാത്ര. ജലകണങ്ങള്‍ പൊഴിയുന്ന ചോലക്കാടുകള്‍. തെളിമയാര്‍ന്ന അരുവികള്‍. കാടിന്‍റെ സംഗീതം പോലെ ചീവീടുകള്‍..
ഓരോ വളവിലും ആനയെ പ്രതീക്ഷിച്ചു. ഇല്ല. വഴിയില്‍ ആവിപറക്കുന്ന ആനപിണ്ടങ്ങള്‍ മാത്രം. ഒടിച്ചിട്ടിരിക്കുന്ന ഓടകള്‍ ആനകളുടെ സാന്നിധ്യം നിശബ്ദം വിളിച്ചു പറഞ്ഞു. സംഘം ചേര്‍ന്നുള്ള പാട്ടിലൂടെയും കലശല്‍ കൂട്ടലിലൂടെയും ആനപ്പേടി അകറ്റി നിര്‍ത്തി. ഇടക്കു മഴ പെയ്‌തു നിറഞ്ഞു. വഴിയോരത്തുകണ്ട വെളളപ്പാച്ചിലില്‍ വണ്ടി നിര്‍ത്തി. തോര്‍ത്തെടുത്തു തിമിര്‍ത്തു കുളിച്ചു. ഡ്രൈവര്‍ വിളിച്ചു പറഞ്ഞു.: അട്ടയുണ്ടാകും ചേട്ടാ.....
ശരിയായിരുന്നു. കുളികഴിഞ്ഞു കയറി വാനിലെത്തുമ്പോഴേക്കും കാല്‍വണ്ണയില്‍ `അവന്‍'. ഒന്നും രണ്ടുമല്ല!. ധൈര്യം സംഭരിച്ച്‌ വലിച്ചെടുത്തു. ചോര..!സര്‍വ്വത്ര ചോര..!.
കാട്ടില്‍ നിന്നും ചിവീടുകളുടെ കാതടപ്പിക്കുന്ന സംഗീതം. വളര്‍ന്നു പന്തലിച്ച വടവൃക്ഷങ്ങള്‍. ആനകളെ മുഖാമുഖം കാണാതെ ഞങ്ങള്‍ മലക്കപ്പാറയിലെത്തി. കാലം നിശ്‌ചലമായി നില്‍ക്കുന്നതുപോലെ തോന്നും. ആധുനികത അധികമൊന്നുമില്ലാത്ത തോട്ടം ഗ്രാമം. മലയാളികളും തമിഴ്‌നാട്ടുകാരുമായ തോട്ടം തൊഴിലാളികള്‍. ഒരു ചെറു അങ്ങാടി. ഏണുംകോണും നോക്കാതെ ഇങ്ങോട്ടിറങ്ങിവരുന്ന ആനക്കൂട്ടങ്ങള്‍... കേരളവും തമിഴ്‌നാടും അതിര്‍ത്തിപങ്കിടുന്നു ഇവിടെ. മലക്കപ്പാറ നിന്ന്‌ വാല്‍പ്പാറ പോകുന്ന വഴിക്കാണ്‌ അപ്പര്‍ ഷോളയാര്‍ ഡാം.അവിടേക്കുള്ള വഴി മറക്കാനാവില്ല. രണ്ട്‌ വശത്തും വെട്ടിനിര്‍ത്തിയ തേയില തോട്ടങ്ങളാണ്‌.
യാത്ര അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ സഹയാത്രികരുടെ നിര്‍ബന്ധം. വാള്‍പ്പാറ വരെ പോയി മടങ്ങാം. സൂര്യന്‍ താഴ്‌ന്നു തുടങ്ങിയിരിക്കുന്നു. വാള്‍പാറ വഴി പൊള്ളാച്ചിയിലെത്തി ഹൈവേയിലൂടെ മടങ്ങാം എന്നു നിശ്ചയിച്ചു. വാര്‍പാറയിലെത്തുമ്പോള്‍ സന്ധ്യമയങ്ങി. അവിടെ തോട്ടം ഗസ്‌റ്റ്‌ ഹൗസില്‍ നിന്നു ലഘുഭക്ഷണം. നോക്കെത്താത്തിടത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടം, നോക്കിനിന്നു പോകും. ആകാശച്ചെരുവുവരെ അതങ്ങിനെ പരന്നു കിടന്നു. ഇടയ്‌ക്ക്‌ തല ഉയര്‍ത്തി നില്‍ക്കുന്ന തണല്‍ മരങ്ങള്‍..
അപ്പോഴാണ്‌ കാട്ടിലൂടെ ഇത്രയും സഞ്ചരിച്ചിട്ട്‌ ആനയെ കണ്ടില്ലല്ലോ എന്ന്‌ ചിലര്‍ക്ക്‌ ഒരു തോന്നല്‍. പൊള്ളാച്ചിവഴി `ക്യാന്‍സല്‍ഡ്‌'. മഴ ഇടവിടാതെ പെയ്യുന്ന രാത്രിയില്‍, തിരികെ കൊടുംകാട്ടിലൂടെ ചാലക്കുടിയിലേയ്‌ക്ക്‌. പിന്നിട്ട വഴിയത്രയും താണ്ടി...
കാടിന്റെ വന്യമായ ഭയാനകത കണ്ടു. തിരിമുറിയാതെ പെയ്യുന്ന മഴയില്‍, വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ ചെല്ലുന്നിടം മാത്രം കാണ്ടുകൊണ്ടുള്ള യാത്ര. ഒന്നും കാണാനനുവദിക്കാത്ത കാടിന്റെ ഇരുട്ട്‌ ചുറ്റും ...ഭയം മനസ്സില്‍ കൂടുകൂട്ടുന്നതറിയാം. ഒരോ വളവിലും ആന..എന്ന വിചാരം ചാടിവീണു. പകലിന്റെ ആവേശമത്രയും കെട്ടടങ്ങി. എല്ലാവരും മൗനത്തില്‍. വാഹനത്തിന്റെ ഇരമ്പം മാത്രം. ഇടക്ക്‌ എതിര്‍വശത്തുനിന്നു വന്ന വാഹനം ചവിട്ടി നിര്‍ത്തി തമിഴ്‌ ചുവയില്‍ പറഞ്ഞു, ഹോണടിക്കണ്ട ആനയുണ്ട്‌....!. കിടുങ്ങിപ്പോയി. ഒരു വളവുകഴിഞ്ഞ്‌ വണ്ടി പെട്ടെന്ന്‌ ചവിട്ടി നിര്‍ത്തിയപ്പോള്‍ ഉത്‌കണ്‌ഠയോടെ മുന്നോട്ടുനോക്കി. ആനയാവുമോ?. ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ അതിലും ഞെട്ടിക്കുന്ന കാഴ്‌ചകണ്ടു. കൂറ്റന്‍ കാട്ടുമരം റോഡിനു കുറുകെ വീണുകിടക്കുന്നു!. ഇത്രയും ദൂരം ഉനി തിരിച്ചുപോകുക അചിന്തനീയം. മൊബൈല്‍ എടുത്തു നോക്കി. ഒരു തരി റേഞ്ചില്ല. നടുക്കാട്ടില്‍ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ...വിളിച്ചു കൂവിയാല്‍ പോലും ആരും കേള്‍ക്കില്ല. ഒടിഞ്ഞുകിടക്കുന്ന മരത്തിന്റെ തല ഉരുട്ടിമാറ്റുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ല. വണ്ടിയിലുണ്ടായിരുന്ന ഒരു വായില്ലാത്ത വെട്ടുകത്തിയുമായി ഞങ്ങള്‍ ഇറങ്ങി. ചിന്നംപിന്നം പെയ്യുന്ന മഴയില്‍, വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ പണിതുടങ്ങി. ഉള്ളില്‍ ഭയത്തിന്റെ കിരുകിരുപ്പ്‌. ശരീരം തണുപ്പില്‍ കിടുകിടാ വിറക്കുന്നു....ആന..ആ വിചാരം, മിനുട്ടുകള്‍ക്ക്‌ മണിക്കൂറിന്റെ ദൈര്‍ഘ്യമുണ്ടാക്കി... അട്ടകള്‍ ചാടിപ്പിടിക്കുകയാണ്‌ മേലാസകലം. സര്‍വ്വത്ര അട്ടകള്‍..
ഒടുവില്‍ തമിഴന്റെ രൂപത്തില്‍ ദൈവമെത്തി. ചാലക്കുടിയില്‍ നിന്നു പൊള്ളാച്ചിയിലേക്കുള്ള ഒരു തമിഴന്‍ ലോറി. അവരുടെ സഹായത്തോടെ മരത്തിന്റെ ഒരു ഭാഗം വെട്ടി ഒതുക്കിയിട്ടു. ഒരു വണ്ടിക്കു കഷ്ടിച്ചു കടക്കാം. തൃശൂരിലെ ഓഫീസ്‌ മുറ്റത്ത്‌ തിരിച്ചെത്തും വരെ ആരും പിന്നെ ശബ്ദിച്ചില്ല. പുറത്തിറങ്ങുമ്പോള്‍ വസ്‌ത്രം നിറയേ രക്തം. അട്ടകള്‍ സമ്മാനിച്ച ഓര്‍മ്മപ്പെടുത്തല്‍.....

No comments:

Post a Comment