ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വിശ്വാസത്തിന്റെ അടിസ്‌ഥാനത്തില്‍ മാത്രം കാണേണ്ടവയല്ല. പ്രകൃതിയുടെ താളക്രമം കാക്കുന്ന ഒരു ദൗത്യം കൂടി ഇവയിലില്ലേ എന്നു തോന്നിപ്പോകുന്നു. നിത്യ ജീവിതത്തിന്റെ തിരത്തള്ളലില്‍ ജീവിതത്തിന്റെ താളം നഷ്‌ടപ്പെടുമ്പോള്‍, മനുഷ്യന്‍ ഈ ഭൂമികകളിലേയ്‌ക്കു മടങ്ങുന്നു. അതു ദൈവവിശ്വാസം കൊണ്ടായിരിക്കണമെന്നില്ല. താളനിബദ്ധമായ പ്രകൃതിയിലേക്കു മടങ്ങാനുള്ള അവന്റെ അന്തഃഛോദന കൊണ്ടാവാനേ തരമുള്ളൂ. പ്രകൃതിയില്‍ വിലയിച്ചു കിടക്കുന്ന ചില ആരാധാനയാലങ്ങളുണ്ട് ഗ്രാമീണ പ്രകൃതിയുടെ വശ്യതയില്‍ നിലീനമായ ഒരു ക്ഷേത്രമാണ് ആറേശ്വരം. ആറേശ്വരം എന്നാല്‍ ആറ് ദേവതകളുടെ സംഗമഭൂമി എന്നര്‍ത്ഥം. ഭസ്‌ത്രീകളുടെ ശബരിമല' എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശിവന്‍, പാര്‍വതി, ഗണപതി, സുബ്രഹ്‌മണ്യന്‍, ശാസ്‌താവ്, ഭദ്രകാളി എന്നീ ദേവമൂര്‍ത്തികളുടെ സാന്നിധ്യമാണ് ഇവിടത്തെ സങ്കല്‌പം. ഇതില്‍ പ്രാധാന്യം ജടധാരിയായ ശാസ്‌താവിനാണ്.
തൃശ്ശൂര്‍ ജില്ലയില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന കൊടകരയ്‌ക്കടുത്ത് മറ്റത്തൂര്‍ എന്ന മലയോരഗ്രാമത്തിലെ ആറേശ്വരം മലയിലാണ് ക്ഷേത്രം. ഹൈവേയില്‍ നിന്നു തിരിഞ്ഞാല്‍, തനി ഗ്രാമപ്രകൃതിയായി. നാടിനും നാട്ടുകാര്‍ക്കും ഉണ്ട് ഈ വ്യത്യാസം..!.
ഇരുവശവും കൂറ്റന്‍ കരിമ്പാറക്കെട്ടുകള്‍. പാറക്കെട്ടില്‍ കല്ലുകൊണ്ട് മൂടിയ ഗുഹാമുഖമുണ്ട്. തിരുവില്വാമല വില്വാദ്രിനാഥ സന്നിധിയില്‍ ഈ ഗുഹ അവസാനിക്കുന്നതായാണ് പഴമക്കാര്‍ പറയുന്നത്. ക്ഷേത്രത്തിന് ഇരുനൂറ് വര്‍ഷത്തെ പഴക്കം കണക്കാക്കുന്നുണ്ട്.
ദേവസുര യുദ്ധത്തിനുശേഷം ലോകം നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഘോരാസുരന്‍ സര്‍പരൂപം ധരിച്ച് പുറപ്പെട്ടു. വരുന്ന വഴിയിലുള്ള ഇല്ലങ്ങള്‍ ചുട്ടെരിച്ചു കൊണ്ടാണ് അസുരന്റെ വരവ്.
പരിഭ്രാന്തരായ ആളുകള്‍ ശ്രീ കൂടല്‍ മാണിക്യസ്വാമിയെ അഭയം പ്രാപിച്ചുവത്രെ. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം ശാസ്‌താവ് ഘോരാസുരനെ മൂന്നു തുണ്ടുകളാക്കി വെട്ടിവീഴ്‌ത്തി. മാപ്പ് അപേക്ഷിച്ച അസുരന് ശാസ്‌താവ് മാപ്പുനല്‌കുകയും അവിടെ വസിച്ചുകൊള്ളുവാന്‍ അനുവാദം നല്‌കുകയും ചെയ്‌തുവത്രെ. അല്‌പം അകലെയുള്ള മാവും പ്ലാവും കൂടിയ സ്‌ഥലത്ത് കുടിയിരുന്നുവെന്നുമാണ് ഐതിഹ്യം.
ഈ ക്ഷേത്രത്തിന്‍റ മുന്‍വശത്ത് നൂറടിയിലേറെ ഉയരമുള്ള പാറക്കെട്ടില്‍ ശിലയായി മാറിയ, മൂന്നു കഷ്‌ണത്തോടുകൂടിയ സര്‍പ്പരൂപവും, തേര് ഉരുണ്ട പാടുകളും ഉണ്ട്. ഇപ്പോഴും ഈ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഇല്ലങ്ങള്‍ ഒന്നുംതന്നെയില്ല എന്നത് ഐതിഹ്യത്തിനു സാധൂകണമായി ചൂണ്ടിക്കാട്ടുന്നു!.
പുനര്‍ജനിയാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഈ പുനര്‍ജനിയിലൂടെ നൂണ്ടു കിടക്കുന്നത് പാപമോക്ഷ പ്രദമത്രെ. ക്ഷേത്രനടയില്‍ വടക്കുകിഴക്കുമൂലയിലെ പാറക്കെട്ടില്‍ ഒന്നരയടി വീതിയിലുള്ള വിടവാണ് പുനര്‍ജനി.
വനദുര്‍ഗാ സങ്കല്‌പവും ഈ ക്ഷേത്രത്തിലുണ്ട്. കാറ്റും മഴയും വെയിലുമെല്ലാം ഏല്‍ക്കണമെന്ന് ശാസ്‌ത്രം. ഈ ക്ഷേത്രത്തിന് പ്രത്യേക ശ്രീകോവില്‍ ഇല്ല. ഇവിടത്തെ ബിംബം മാറ്റാനോ പതിനെട്ടാംപടി കെട്ടാനോ പാടില്ലെന്നു വിധിയുണ്ട്. ശബരിമല സന്നിധാനത്തില്‍ പോകാന്‍ കഴിയാത്ത സ്‌ത്രീകള്‍ ഇവിടെ ദര്‍ശനം നടത്തുന്നത് സന്നിധാനത്തില്‍ പോകുന്നതിന് തുല്യമാണെന്നു വിശ്വസിക്കുന്നു. പ്രധാന വഴിപാട് പന്തീരാഴിയാണ്. അപ്പവും അടയും നൈവേദ്യം. വൃശ്‌ചികമാസത്തിലെ ആദ്യ ശനിയാഴ്‌ച നടക്കുന്ന ഷഷ്‌ഠിമഹോത്‌സവമാണ്. ഭക്‌തിയും ഈശ്വരഭയവുമെല്ലാം മാറ്റിവയ്‌ക്കാം. വെറുതെ ഈ ഗ്രാമസൗന്ദര്യത്തിലേയക്കു യാത്രപോകുക. കുന്നിന്‍ മുകളില്‍ നിന്നു കണ്ണെത്താദൂരം പരന്നു കാണുന്ന പച്ചപ്പുകള്‍ കണ്ടു നില്‍ക്കുക....ആ തലപ്പുകളില്‍ തട്ടി വീശിയെത്തുന്ന ഇളംകാറ്റേല്‍ക്കുക.. മനസ്സിലെ കെട്ടുപാടുകള്‍ അഴിയുന്നതറിയാം....
No comments:
Post a Comment