പാലക്കാടിന്റെ ഉള്‍പ്രദേശങ്ങളില്‍ ചരിത്രം ഉറങ്ങുന്ന ഭൂമികകള്‍ ഉണ്ട്. അവയെ കണ്ട്, അവയെ അറിഞ്ഞ് സഞ്ചരിക്കുക അനുഭവമാണ്. ഒരു അനുഭൂതിയാണ്. പാലക്കാട്ടുരാജാവും പാണ്‌ഡ്യരാജാക്കന്മാരും തമ്മില്‍ നടന്നിട്ടുളള പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗ്രാമമാണ് നല്ലേപ്പിള്ളി എന്ന കൊച്ചു പ്രദേശം. മലയാളദേശക്കാരും തമിഴരും ഇടചേര്‍ന്നു കഴിയുന്ന ഇവിടെയെത്തിയാല്‍, ചിലപ്പോള്‍ നമ്മള്‍ തമിഴ്‌നാട്ടിലാണോ എന്നു സംശയിച്ചുപോകും. സംസ്‌കാരങ്ങളുടെ സംഗമഭൂമിതന്നെയാണിത്. ചരിത്രപ്രസിദ്ധമായ പാലക്കാടന്‍ ചുരത്തിന്റെ ഹ്യദയഭാഗത്താണ് നല്ലേപ്പിള്ളി ഗ്രാമം. ഭൂരിഭാഗം ഭൂപ്രദേശങ്ങളും കൊച്ചി രാജകുടുംബവുമായി ബന്‌ധമുണ്ടായിരുന്ന അങ്കരാത്ത്, ചോണ്ടത്ത്, വാരിയത്ത് തുടങ്ങിയ ജന്മികുടുംബങ്ങളുടെ വകയായിരുന്നു.. കണക്കമ്പാറ കോളനിക്കുന്നും കേണംപിള്ളി മലയും തലയുയര്‍ത്തിനില്‍ക്കുന്നത് മനോഹരദൂരക്കാഴ്‌ചയാണ്. പച്ചപ്പിന്റെ പട്ടുവിരിച്ച പാടശേഖരങ്ങളാണ് പിന്നെ ഹൃദയം കവരുക. പീഠഭൂമി മുഴുവനും കുടിയിരിപ്പുകളും തെങ്ങും പുളിയും മാവും നിറഞ്ഞിരിക്കുന്നു. താഴ്‌വര നിറയെ നെല്‍പ്പാടങ്ങളും കുളങ്ങളും ആണ്. പഞ്ചായത്ത് പ്രദേശത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കൂടി കുണുങ്ങി ഒഴുകുന്ന ഭാരതപ്പുഴ...പാലക്കാടന്‍ ഗ്രാമഭംഗിയുടെ അടയാളങ്ങളായ കരിമ്പനകള്‍ പനമ്പട്ടവീശി അനുഗ്രഹിക്കുന്നു. ഹാവൂ.....എന്ന് അറിയാതെ പറഞ്ഞു പോകും പനങ്കാറ്റടിക്കുമ്പോള്‍!. തട്ടുതട്ടായ പൊറ്റപാടങ്ങളും ഉയര്‍ന്ന പ്രദേശങ്ങളിലുള്ള പറമ്പു കൃഷിയും ഇതിനിടയിലൂടെ ഒഴുകുന്ന ചെറുകിട തോടുകളും അവ ചെന്നുചേരുന്ന മൂന്നു പ്രധന തോടുകളും, ഏകദേശം എണ്‍പതോളം കുളങ്ങളും ഉള്‍പ്പെട്ട സമ്യദ്ധമായഭൂപ്രകൃതി. തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറുദിശയില്‍ ചിറ്റൂര്‍ പുഴയും.
തമിഴ് സംസ്‌കാരവും മലയാള സംസ്‌കാരവും വേര്‍പിരിക്കാനാവാത്തവിധം ഇഴചേരുന്നു ഇവിടെ. കേരളീയ മാതൃകയിലുള്ള ക്ഷേത്രങ്ങളും തമിഴ്‌നാട് ശില്‍പശൈലിയിലുള്ളവയും ഇവിടെയുണ്ട്. അഗ്രഹാരങ്ങള്‍ മറ്റൊരു അത്ഭുതകാഴ്‌ചയാണ്. തമിഴ് ബ്രാഹ്‌മണ സമുദായം താമസിക്കുന്ന അഗ്രഹാരങ്ങളില്‍ വാസ്‌തുശില്‌പാ മാതൃകയിലുള്ള തിണ്ണ, ഇടനാഴി, കൂടം (പൂജാമുറി), മച്ചുകള്‍ (കലവറ), അടുക്കള, രണ്ടാംകെട്ട്, നടുമുറ്റം എന്നിങ്ങനെയാണ് വീടുകളുടെ ഘടന. തൊട്ടുതൊട്ടുള്ള വീടുകളാണെങ്കിലും പലതിനും ചേര്‍ത്ത് ഒരു മേല്‍ക്കൂര മാത്രമാണുള്ളത് എന്നത് ഒരു പ്രത്യേകതയാണ്. വലതുവശത്തുള്ള ചുമര് അവരവരുടെ സ്വന്തമായിരിക്കും!. ജന്മിത്തറവാടുകളായ അങ്കരാത്ത്, ചോണ്ടത്ത് കുടുംബാംഗങ്ങള്‍ നാലുകെട്ടും നടുമുറ്റവും, എട്ടുകെട്ടും, ക്ഷേത്രവും, ക്ഷേത്രക്കുളവും, ആനക്കൊട്ടിലും, കാവലുള്ള പടിപ്പുരയും പൂന്തോട്ടവും, ഊട്ടുപുരയും കൂടാതെ ഏക്കറു കണക്കിന് ഫലവൃക്ഷത്തോട്ടവും അടങ്ങുന്ന വീടുകളായിരുന്നു. അങ്കരാത്ത് എട്ടുകെട്ട് ഏതാനും വര്‍ഷം മുമ്പാണ് പൊളിച്ചു നീക്കിയത്. അത് പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ എഴുത്തുപള്ളികൂടം അങ്കരാത്ത് പടിപ്പുരയിലായിരുന്നു. ഒന്നാം വാര്‍ഡിലെ കേണപ്പിള്ളി ക്ഷേത്രവും പരിസരവും ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പാദസ്‌പര്‍ശം ഏറ്റു കിടന്നതാണ്. മലയാള തമിഴ് സങ്കര സംസ്‌കൃതിയും എഴുത്തച്ഛനും അദ്ധ്യാത്‌മരാമായണവും കമ്പരാമായണവും കൂത്തും അങ്കരാത്തു തറവാട്ടില്‍ നടക്കുന്ന കഥകളി അരങ്ങുകളും നല്ലേപ്പിള്ളിയുടെ സാംസ്‌കാരിക ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായങ്ങളാണ്. ചുണങ്ങി ഭഗവതി ക്ഷേത്രം ഇവിടെ പ്രധാനമാണ്. കണ്ണകിയാണ് പ്രതിഷ്‌ഠ. പതിന്നാലു ദിവസം നീണ്ടുനില്‍ക്കുന്ന തോല്‍പ്പാവക്കൂത്ത് ഈ നാട്ടിലെ സങ്കരസംസ്‌കാരത്തിന്റെ മനംമയക്കുന്ന ദൃശ്യാനുഭവമാണ്. കാണാനും അറിയാനും അടയാളപ്പെടുത്താനും ഈ പാലക്കാടന്‍ ഗ്രാമാന്തരത്തില്‍ ഏറെയുണ്ട്. പേരുകേട്ട ടൂറിസ്‌റ്റ് കേന്ദ്രങ്ങള്‍ മാത്രം സന്ദര്‍ശിച്ച്, ലോകം കണ്ടു എന്ന് പറയാന്‍ വെമ്പുന്നവര്‍ ഓര്‍ക്കുക. നിങ്ങള്‍ അറിയാതെ പോകുന്നത് സ്വന്തം നാടിന്റെ ആത്മകഥയാണ്.
No comments:
Post a Comment