പറയിപെറ്റ പന്തിരുകുലം. കേരളത്തിന്റെ മണ്ണിലാകേ അലിഞ്ഞു ചേര്‍ന്ന കഥാ സൗഭഗം..
അതാണിവിടെയും മണക്കുന്നത്...
പന്തിരുകുലത്തിലെ മൂത്തയാളായ മേഴത്തോള്‍ അഗ്നിഹോത്രിയുടെ കുടുംബവുമായുള്ള ബന്ധം...
`മേഴത്തോള്‍ അഗ്‌നിഹോത്രി രജകനുളിയന്നൂര്‍
തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്‌ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര
ങ്ങത്തെഴും പാണനാരും
നെരേ നാറാണത്തുഭ്രാന്തനുമുടനകവൂര്‍
ചാത്തനും പാക്കനാരും`
കോടനാട്ട് മനയിലെ ഇപ്പോഴത്തെ താമസക്കാരന്‍ നാരായണന്‍ നമ്പൂതിരിയുടെ കൈകള്‍ പിടിച്ചാണ് ഒതുക്കുകള്‍ കയറിയത്.
എത്തിച്ചേര്‍ന്നത്, കേരള വാസ്‌തുവിദ്യയുടെ വിസ്‌മയിപ്പിക്കുന്ന മനോഹാരിതയിലേയ്‌ക്ക്..ഒപ്പം ചരിത്രത്തിന്റെ വായിക്കപ്പെടാതെപോയ ഏടുകളിലേയ്‌ക്കും...!.
തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത്, കാലത്തെ വെല്ലുവിളിച്ചു നിലകൊള്ളുന്ന കോടനാട്ടുമന....
നിറയെ മരങ്ങളുള്ള, പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ട തണുത്ത മനാന്തരീക്ഷം..
പന്ത്രണ്ടുകെട്ട് എന്ന വാസ്‌തുവിസ്‌മയം ഇന്ന് എട്ടുകെട്ടിലൊതുങ്ങിയിരിക്കുന്നു.
കാലം വരുത്തിയ മാറ്റം..!.
രണ്ടു നാലുകെട്ട് ചേര്‍ന്നാല്‍ ഒരു എട്ടുകെട്ട്...!.
പറയാന്‍ ലളിതം. പക്ഷെ...
അറുപത്തിനാലു മുറികള്‍...
ഒരു ഇന്റര്‍നാഷണല്‍ ഹോട്ടല്‍ സമുച്ചയത്തേക്കാള്‍ അധികം..!.
അമ്പരന്നു.
പിന്നെ കണ്ട കാഴ്‌ചകളോരോന്നും അമ്പരപ്പിച്ചു...
യാത്രയ്‌ക്കായുള്ള മഞ്ചല്‍, നിറംമങ്ങി പൊടിയേറ്റുകിടക്കുന്നു.
മനസ്സ് പുറകോട്ടുപായുകയാണ്...കാലഘട്ടങ്ങള്‍..കാലഘട്ടങ്ങള്‍...!.
1600 വര്‍ഷം പിറകിലേയ്‌ക്ക്...
പരല്‍പേരുപ്രകാരം ഏഡി 340ലാണ് അഗ്നിഹോത്രിയുടെ കാലം. ചരിത്രകാരന്‍മാരില്‍ അഭിപ്രായ ഭേദങ്ങളുണ്ട്. അത് ഏതാനും വര്‍ഷത്തിന്റെതു മാത്രം..!.
മനയുടെ വയസ്സ് മുന്നൂറ്. ഈ സമുച്ചയം പണിതീര്‍പ്പിച്ചുകൊടുത്തത് കൊച്ചിരാജാവത്രെ. മുഴുവനും മരം കൊണ്ടുള്ള നിര്‍മ്മിതി. മൂന്നരയേക്കറോളം പരന്നുകിടക്കുന്ന മനവളപ്പില്‍ വിശാലമായ രണ്ടു കുളങ്ങള്‍.
പൂമുഖത്തിന്റെ മോന്തായത്തിലേയ്‌ക്കു ചൂണ്ടി, നാരായണന്‍ നമ്പൂതിരി:
`ഒന്നു രണ്ടു കഴുക്കോലുകള്‍ മാറ്റിവയ്‌ക്കണമെന്ന് നിശ്ചയിച്ചതാണ്. ആശാരിമാരെ വരുത്തിയപ്പോള്‍ അവര്‍ പറ്റില്ലെന്ന് പറഞ്ഞു. ഒന്നൂരിയാല്‍ എല്ലാം ഊരണം..'
ശരിയാണ്. ഏച്ചുവെപ്പുകളില്ലാതെ എല്ലാം ഒന്നിനോടൊന്നു യോജിപ്പിച്ചുകൊണ്ടുള്ള നിര്‍മ്മാണ രീതി. ഒരു ഭാഗംമാത്രമായി അഴിച്ചുമാറ്റാനാവില്ല. എല്ലാ കഴുക്കോലുകളും പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നു. ഒറ്റമരത്തില്‍ തീര്‍ത്ത കൂറ്റന്‍ ബീം...
വാസ്‌തുവിദ്യയുടെ അമ്പരപ്പിക്കുന്ന കാഴ്‌ചകള്‍ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ..
മുമ്പ് പന്ത്രണ്ടുകെട്ടും രണ്ടു കൂറ്റന്‍ പത്തായപ്പുരകളും ഒരു ഊട്ടുപുരയുമടങ്ങിയതായിരുന്നു ഈ സമുച്ചയം..!.
പ്രതിവര്‍ഷം മുപ്പതിനായിരം പറയുടെ പാട്ടംവരവ്.
പൂര്‍വ്വസ്‌മൃതികളില്‍, മനയുടെ ചരിത്രം സമ്പന്നമായി. ആളും അര്‍ത്ഥവും വേണ്ടത്ര.
വരരുചിയുടെ കഥ മാറുന്നു
ശിവലോകത്ത് ശാപമേറ്റ പാര്‍ഷദര്‍. സ്‌ത്രീയും പുരുഷനും ഭൂമിയില്‍ ജന്മമെടുക്കേണ്ടിവന്നു. അതായിരുന്നു വരരുചിയത്രെ. തികഞ്ഞ ജ്ഞാനിയായ, ബ്രാഹ്മണനായ വരരുചി അലഞ്ഞു തിരിയുന്ന അവധൂതനായിരുന്നു. പ്രശസ്‌തനായ അദ്ദേഹം പോകുന്നതു കണ്ട്, ഊണുകഴിയ്‌ക്കാന്‍ വിളിച്ചു നരിപ്പറ്റ മനക്കാര്‍. അവിടെയെത്തിയ അദ്ദേഹം ആവശ്യപ്പെട്ടത് : ഊണിനു നൂറ്റൊന്നു കൂട്ടം വേണം. ഊണുകഴിഞ്ഞാല്‍ മൂന്നു പേരെ തിന്നണം. പിന്നെ നാലുപേര്‍ തന്നെ ചുമക്കുകയും വേണം... എന്നാണ്.
ഇതു കേട്ടു മനയിലുള്ളവര്‍ ഞെട്ടി. പക്ഷെ, സമര്‍ത്ഥയായ ഒരു ദാസി അവിടെയുണ്ടായിരുന്നു-ഗൗരി. അവള്‍ പരിഹാരം കണ്ടെത്തി.
ഇഞ്ചിതൈര് നൂറ്റൊന്നു കറിയ്‌ക്കു തുല്ല്യമാണ്. അതൊരുക്കി. മൂന്നുപേരെ തിന്നണമെന്നത് വെറ്റില, അടയ്‌ക്ക, നൂറ്...ഇതാണെന്നും അവള്‍ തിരിച്ചറിഞ്ഞു. നാലുപേര്‍ ചുമക്കണമെന്നത് കട്ടിലിന്റെ കാലുകളാണെന്നും...!!.
എല്ലാം മനസ്സിലാക്കിയ വരരുചിയ്‌ക്ക് എന്തുവിലകൊടുത്തും ഈ ദാസിപ്പെണ്ണിനെ ഭാര്യയാക്കണമെന്നു തോന്നി..അദ്ദേഹം അതു ചെയ്യുകയും ചെയ്‌തു-പതിത്വം കല്‍പ്പിയ്‌ക്കപ്പെട്ടാലും. ശിവലോകത്തെ ശാപം മൂലം എത്തിയ ഇരുവരും അങ്ങിനെ ഒന്നു ചേര്‍ന്നു...
ഈ ജീവിതയാത്രയില്‍ പിറന്നുവീണ മൂത്തമകനായിരുന്നു, മേഴത്തോളഗ്നിഹോത്രി.
ഐതിഹ്യകഥകളില്‍ വാഴ്‌ത്തുന്ന വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളില്‍പ്പെടുന്ന വരരുചിയല്ല ഇതെന്നും ചരിത്ര സാക്ഷ്യം.
പിറന്ന മക്കളെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്ന പ്രകൃതമായിരുന്നു വരരുചിയുടെത്. അങ്ങിനെ വഴിയിലുപേക്ഷിച്ച മൂത്ത ഈ മകനെ- അഗ്നിഹോത്രിയെ- വളര്‍ത്തിയത് വേമഞ്ചേരിമനയിലെ ആളുകളായിരുന്നുവത്രെ..
ഭൂമിയില്‍ യാഗസംസ്‌കാരം പുനഃസ്ഥാപിക്കാനെത്തിയ ആത്മാവായിരുന്നു അത്.
അദ്ദേഹം നടത്തിയത് 99 യാഗങ്ങള്‍. നൂറാമത്തേത് തടയപ്പെട്ടു- ഇന്ദ്രനാല്‍..!
നൂറുയാഗമെന്നാല്‍ ഇന്ദ്രപദമാണ്. അതു ഇന്ദ്രന്‍ ഇഷ്ടപ്പെട്ടില്ല..!
ഈ അഗ്നിഹോത്രീ പരമ്പരയില്‍ തുടങ്ങുന്നു, കോടനാട്ട് മനയുടെ ചരിത്രം.
അമ്പരപ്പിയ്‌ക്കുന്ന തമിഴ് ബന്ധം
ചേരന്‍മാരുടെ കാലം. ചേരരാജ്യത്ത് ഒരു തടയണ ചോര്‍ച്ചയിലായി. ഇത് മാന്ത്രിക ശക്തികൊണ്ടു സുരക്ഷിതമാക്കി, അഗ്നിഹോത്രി. അദ്ദേഹത്തിന്റെ തപഃശക്തിയില്‍ ആകൃഷ്ടയായ ചേരയുവതി അദ്ദേഹത്തോടൊപ്പം കേരളത്തിലേയ്‌ക്കു പോന്നു. അവളില്‍ ഉണ്ടായ പരമ്പരയത്രെ കോടനാട്ടുമനക്കാര്‍..
ഇന്നും പ്രശ്‌നവിചാരം നടക്കുമ്പോള്‍, ഈ തമിഴ്‌ബന്ധം തെളിഞ്ഞുകാണുമെന്ന് നാരായണന്‍ നമ്പൂതിരി.
തമിഴ് യുവതിയുടെ സാന്നിധ്യം ഇന്നും മനയില്‍ അനുഭവപ്പെടുന്നു...തലമുറകള്‍ക്കു ശേഷവും...!.
മനുഷ്യസൃഷ്ടിയുടെ അത്ഭുതക്കാഴ്‌ച
നടുമുറ്റത്താണ്. വലതുവശത്ത് തെക്കിനി. മരംകൊണ്ടു തറതീര്‍ത്തിരിക്കുന്നു. ചുവരില്‍, പാരമ്പര്യ ചുവര്‍ ചിത്രങ്ങള്‍. ഇവിടെ കഥകളിയരങ്ങായിരുന്നു. കളിവിളക്കിന്റെ വെളിച്ചത്തില്‍ വേഷങ്ങള്‍ പകര്‍ന്നാടിയിരുന്നിടം..
അകത്തുള്ള സ്‌ത്രീകള്‍ക്ക് ആസ്വദിക്കാന്‍, മരയഴിയിട്ടിരിക്കുന്നു വടക്കിനിയില്‍...
ഇങ്ങോട്ടുകാണാം..അങ്ങോട്ടുകാണില്ല..!.
കിഴക്കിനിയിലാണ് ഹോമാദികള്‍.. ഇപ്പോഴും ഇവിടെ ഹോമകുണ്ഡം കാണാം.
പിന്നെ ചുറ്റിനടക്കുമ്പോള്‍ കാണാം, പ്രസവമുറി. തൊണ്ണൂറുവരെ കുഞ്ഞിനെ സൂക്ഷിക്കാന്‍ മറ്റൊരറ. തൊണ്ണൂറുകഴിഞ്ഞാല്‍ മറ്റൊരു മുറി. ഇവിടെ കട്ടിലിന്റെ കാല്‍ക്കീഴില്‍, എണ്ണ നിറച്ച കിണ്ണങ്ങള്‍ ഉണ്ടാകും. ഉണ്ണിയെ ഉറുമ്പരിക്കാതിരിയ്‌ക്കാന്‍.
ഇതിനുള്ള എണ്ണ കരുതാന്‍ മറ്റൊരറ...!!.
ഓരോ നിലകള്‍ നടന്നു കയറുമ്പോഴും അത്ഭുതം വര്‍ദ്ധിച്ചു..
നരിച്ചീറുകള്‍ മുഖത്തടിച്ചു പറന്നു.
കാരണവര്‍ ഉപയോഗിച്ചിരുന്ന മുറിയിലെത്തി. അവിടത്തെ ജനല്‍ തുറന്നാല്‍, പൂമുഖത്തു വരുന്നവരെ കാണാം..!!. നിര്‍മ്മാണ കലയുടെ അത്ഭുതങ്ങള്‍..
വീണ്ടും മറ്റൊരറ, അവിടെ ഉളളറ. പണവും പണ്ടവും സൂക്ഷിക്കുന്നത് അവിടെയത്രെ.
വിചിത്രമായ പൂട്ടാണ് അവിടെ കണ്ടത്.
പൂട്ടിയെടുത്ത താക്കോല്‍ സൂക്ഷിയ്‌ക്കാന്‍, തട്ടിന്റെ പലകയിളക്കിയാല്‍ ഒരു സൂത്രപ്പെട്ടി...
ആര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍..!!.
അറകളില്‍ നിന്നു അറകളിലേയ്‌ക്കു കടക്കാവുന്ന വാതായന സൂത്രങ്ങളടക്കം.
രഹസ്യങ്ങള്‍ നിറഞ്ഞ മനയിലൂടെ നടക്കുമ്പോള്‍ നാം മറ്റൊരു ലോകത്തെത്തുന്നു..
നിഴല്‍വീണ ചരിത്രങ്ങള്‍
എത്രയെത്ര രഹസ്യങ്ങളാണ് ഈ മനയ്‌ക്ക് പറയാനുളളത്..!. തലമുറകള്‍ ആറു കഴിഞ്ഞിരിക്കുന്നു. കൊച്ചിരാജകുടുംബവുമായി എല്ലാകാലത്തും മനയിലുള്ളവര്‍ക്ക് `ബന്ധ'മുണ്ടായിരുന്നു. അതിലൂടെയാര്‍ജിച്ച സമ്പത്തും പ്രതാപവും ഇന്നും കാണാം.
തീണ്ടാരികളായ സ്‌ത്രീകള്‍ക്ക് കെട്ടില്‍, സ്ഥാനമുണ്ടായിരുന്നില്ല. അവര്‍ക്കു പാര്‍ക്കാന്‍ പാടത്തിനക്കരെ മറ്റൊരു എടുപ്പ്(അത് ഇന്നില്ല). ഭക്ഷണം അവര്‍ക്ക് അവിടെ എത്തിച്ചു നല്‍കിയിരുന്നു. അഞ്ചുകഴിഞ്ഞാല്‍ മാത്രം എട്ടുകെട്ടില്‍ പ്രവേശം.
സേവകരും ആശ്രിതരുമടക്കം ദിവസവും അറുപതോളം പേര്‍ക്ക് വെച്ചുവിളമ്പിയിരുന്ന പ്രതാപകാലം. മനയിലെ കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ പിറന്നാളിന് പിന്നേയും ആള്‍തിരക്കേറും...
തൃത്താലയിലെ മേഴത്തോള്‍ ബന്ധം വ്യക്തമാക്കുന്ന ദേവതോപാസനകളാണ് ഇന്നും മനയില്‍.
മൂന്നു ശാസ്‌താക്കളും മൂന്നു ഭഗവതിമാരും.
പുതുക്കുളങ്ങര തേവര്‍, ചമ്രവട്ടത്ത് ശാസ്‌താവ്, മുണ്ടായ തേവര്‍ എന്നീ ശാസ്‌താ സങ്കല്‍പ്പങ്ങളും കൈക്കുളങ്ങര ഭഗവതി, മങ്കുളങ്ങര ഭഗവതി, കൊടിക്കുന്നില്‍ ഭഗവതി എന്നീ സങ്കല്‍പ്പങ്ങളുമാണ് മനയുടെ ഭരദേവതകള്‍.
ഇതില്‍ കൊടിക്കുന്നത്തു ഭഗവതിയാണ്, സാക്ഷാല്‍ എം.ടി. വാസുദേവന്‍ നായരുടെ കുടുംബപരദേവത എന്നത് കൗതുകമാണ്..!.
കേരളത്തിലെ അവശേഷിക്കുന്ന എട്ടുകെട്ടുകളിലൊന്നാണ് ഇത്. കാലം തീര്‍ത്ത മാറ്റങ്ങളത്രയും ഇവിടെ കാണാം. സമ്പന്നതയിലല്ല, ആള്‍തിരക്കില്‍. ആളുകളുടെ നിറവില്‍ തെളിഞ്ഞിരുന്ന അകത്തളങ്ങള്‍ നരിച്ചീറുകള്‍ കൈയടക്കിയിരിക്കുന്നു. വെളിച്ചമില്ലാത്ത അറകളില്‍ പഴമയുടെ ഗന്ധം നിറഞ്ഞു...
കളിവിളക്കു തെളിഞ്ഞിരുന്ന തെക്കിനി, നിശബ്ദം...
മടങ്ങുമ്പോള്‍, പ്രൗഢിമങ്ങിയ മഞ്ചലിലേയ്‌ക്കു നോക്കി..
അതിനുപോലും പറയാന്‍ കഥകളെത്ര..
പൂനിലാവു വീണ നാട്ടുവഴികളിലൂടെ ചുമട്ടുകാര്‍ മൂളിക്കൊണ്ടിരുന്നു..
ഓ..ഹൊയ്.. ഓ ഹൊയ്....!!
photos: Sudip Eeyes