Sunday, September 29, 2013

മേക്കാട്ടു മനയിലെ സര്‍പ്പചൈതന്യം


കേരളത്തിലെ സുപ്രസിദ്ധമായ സര്‍പ്പാരാധന കേന്ദ്രമാണ്‌ പാമ്പും മേയ്‌ക്കാട്ടുമന. തൃശൂര്‍ ജില്ലയിഴലെ മുകുന്ദപുരം താലുക്കില്‍ വടമ വില്ലേജിലാണ്‌ പാമ്പു മേയ്‌ക്കാട്ട്‌ ഇല്ലം. ഐതിഹ്യങ്ങള്‍ നിറഞ്ഞ പാമ്പു മേയ്‌ക്കാട്‌. ഒരു കാലത്ത്‌ മേയ്‌ക്കാട്‌ മന മാത്രമായിരുന്നു. മേയ്‌ക്കാട്ടുമനയില്‍ സര്‍പ്പാരാധന  ആരംഭിച്ചതോടെയാണ്‌ അതു പാമ്പുംമേയ്‌ക്കാട്‌ ആവുന്നത്‌. ഇവിടുത്തെ സര്‍പ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്‌തമായ ചരിത്രരേഖകളൊന്നും ലഭ്യമല്ല.

മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദാരിദ്ര്യദുഃഖം ഈ മനയിലുള്ളവരെ വിഷമിപ്പിച്ചിരുന്നു. ദാരിദ്ര്യദുഃഖത്തിന്‌ നിവൃത്തിയുണ്ടാക്കണമെന്ന പ്രാര്‍ത്ഥനയുമായി മനയ്‌ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ഒരു വ്യാഴവട്ടകാലം നീണ്ട്‌നില്‍ക്കുന്ന ഭജനം തുടങ്ങി. ഒരു രാത്രി വാസുകി എന്ന സര്‍പ്പരാജന്‍ കൈയ്യില്‍ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെട്ടുവത്രെ. സര്‍പ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തില്‍ എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന്‌ അരുതിവരുത്തണമെന്നും നമ്പൂതിരി വരം ചോദിച്ചുവെന്നും വാസുകി നല്‍കുകയും ചെയ്‌തു എന്നുമാണ്‌ ഐതിഹ്യം.
മനയ്‌ക്കല്‍ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയില്‍ പിണഞ്ഞിരുന്ന നാഗത്താനെയാണ്‌ മേയ്‌ക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയില്‍ പ്രതിഷ്‌ഠിച്ചത്‌ എന്നാണ്‌ വിശ്വാസം. പ്രതിഷ്‌ഠിച്ച നാഗയക്ഷിയുടെയും വാസുകിയുടെയും കല്‌പനകള്‍ അനുസരിച്ച്‌ മേയ്‌ക്കാട്ടുമനയിലെ ആളുകള്‍ ജീവിക്കാനാരംഭിച്ചു എന്നാണ്‌ ഐതിഹ്യപ്പെരുമ. ഈ കഥയാണ്‌ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പാമ്പു മേയ്‌ക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സര്‍പ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്‌.
മനയുടെ കിഴക്കിനിയില്‍ വാസുകിയും നാഗയക്ഷിയേയും പ്രതിഷ്‌ഠിച്ചിടത്ത്‌ ഒരു കെടാവിളക്ക്‌ കത്തികൊണ്ടിരിക്കുന്നതു കാണാം. അവരുടെ പ്രതിഷ്‌ഠകള്‍ രണ്ട്‌ മണ്‍പുറ്റുകളായി തീര്‍ന്നുവെന്നും പിന്നീട്‌ അവയും നശിച്ച്‌ വെറുമൊരു മണ്‍തറ മാത്രമായി എന്നും പറയപ്പെടുന്നു. വാസുകിയില്‍ നിന്നും ലഭിച്ച മാണിക്യക്കല്ല്‌ എവിടെയാണ്‌ സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയില്‍ ഇന്നുള്ള ആര്‍ക്കും അറിഞ്ഞുകൂടാ. ആ നാഗമാണിക്യം മൂലം മനയില്‍ പിന്നീട്‌ ദാരിദ്രം ഉണ്ടായിട്ടില്ലെന്നത്‌ അനുഭവം. സര്‍പ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയില്‍ ഇപ്പോഴും ഉണ്ടെന്ന്‌ വിശ്വസിക്കുന്നുവരുണ്ട്‌.
മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ്‌ കിളയ്‌ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവില്‍ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ്‌ ഇവിടെ ഇന്നും പാലിക്കപ്പെടുന്നു.. പാമ്പുംമേയ്‌ക്കാട്ടുമനയിലെ അംഗങ്ങള്‍ നാഗങ്ങളെ പാരമ്പര്യങ്ങള്‍ എന്നാണ്‌ വിളിക്കുക. മനയില്‍ ഒരു ജനനം ഉണ്ടായാല്‍ ശിശുവിനെ സ്വീകരിക്കാന്‍ പാരമ്പര്യങ്ങള്‍ എത്തുമത്രെ!. മരണം സംഭവിച്ചാല്‍ ഒരു പാരമ്പര്യവും മരിക്കും എന്നാണ്‌ വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ തെക്കേക്കാവ്‌ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ്‌ പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്‌. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്‌മബന്‌ധം ഇവിടെ അമ്പരപ്പിക്കുന്ന വിധം പ്രകടം.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ മനയില്‍ അത്ഭുതകരമായ ചില ചടങ്ങുകള്‍ നിലനിന്നിരുന്നു എന്ന്‌ ഓര്‍മ്മിക്കുന്നവരുണ്ട്‌.എണ്ണയില്‍ നോക്കല്‍ എന്ന ചടങ്ങ്‌ അതിലൊന്നായിരുന്നു. . മനയിലേക്ക്‌ വേളികഴിച്ച്‌ കൊണ്ടുവരുന്ന സ്‌ത്രീകള്‍ക്കാണ്‌ കുടുംബത്തില്‍ സ്‌ഥാനം എന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌. ആ സ്‌ത്രീയായിരിക്കും ഈ ചടങ്ങ്‌ നടത്തുന്നത്‌. ഒരു പാത്രത്തില്‍ കെടാവിളക്കിലെ എണ്ണയെടുത്ത്‌, അതില്‍ നോക്കി സര്‍പ്പദോഷങ്ങളെ കുറിച്ച്‌ പ്രവചിക്കുകയും അതിനു പരിഹാരം നിര്‍ദേശിക്കുകയുമാണു ചെയ്‌തിരുന്നത്‌. ഇതിന്‌ പ്രത്യേക പരിശീലനവും ഇവര്‍ക്കുണ്ടാവും. എന്നാല്‍ ഈ അപൂര്‍വ്വ ചടങ്ങ്‌ പാമ്പു മേയ്‌ക്കാട്ടുമനയ്‌ക്ക്‌ അന്യമായി എന്നു പറയാം.
തെക്കേക്കാവി വളരുന്ന ഒരു ചെടിയുടെ ഇലകള്‍ പറിച്ച്‌, മനയുടെ തെക്കിനിയില്‍ വച്ച്‌ കാച്ചിയെടുക്കുന്ന പ്രത്യേകതരം എണ്ണ കുഷ്‌ഠരോഗത്തിന്‌ വിശിഷ്‌ടമായ ഔഷധമായിരുന്നുവത്രേ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ ഈ രോഗചികിത്‌സയും നിന്നുപോയി. എന്നാല്‍ ഇന്നും വിട്ടുമാറാത്ത ത്വക്‌ രോഗങ്ങള്‍ക്ക്‌ മനയിലെ കെടാവിളക്കിലെ എണ്ണ സിദ്ധൗഷധമാണെന്ന്‌ പറയുന്നു. മനയ്‌ക്കലെ ഇന്നത്തെ ഒരു വ്യക്‌തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്ന അറിയില്ല.
ഇങ്ങനെ നിന്നുപോയ ആചാരാനുഷ്‌ടാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ നാഗബലി. ഇത്ര വിശിഷ്‌ടവും പ്രയാസമേറിയതുമായ ചടങ്ങ്‌ തുടര്‍ന്നുകൊണ്ടു പോകാനുള്ള ശക്‌തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും കൈമോശം വന്നത്‌. പാമ്പുമേയ്‌ക്കാട്ടിനു പുറമേ സര്‍പ്പാരാധനയ്‌ക്ക്‌ ഏറ്റവുമധികം പ്രധാന്യം ലഭിക്കുന്ന രണ്ട്‌ കേന്ദ്രങ്ങളാണ്‌ നാഗര്‍കോവിലും മണ്ണാറശാലയും. ഈ മൂന്ന്‌ സ്‌ഥലങ്ങളേയും ബന്‌ധിപ്പിച്ച്‌കൊണ്ട്‌ ഒരു വിശ്വാസം ഇന്നും നിലവിലുണ്ട്‌. സര്‍പ്പശ്രേഷ്‌ടനായ അനന്തന്‍ ഈ മൂന്ന്‌ ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ്‌ നാഗര്‍കോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുംമേയ്‌ക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്‌.
ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍പ്പക്ഷേത്രമായ നാഗര്‍കോവിലിലെ പ്രധാനതന്ത്രി പാമ്പുമേയ്‌ക്കാട്ട്‌ മനയിലെ കാരണവരാണ്‌. ഇന്നും നാഗര്‍കോവിലിലെ ഏത്‌ വിശേഷത്തിനും ഈ മനയ്‌ക്കലെ കാരണവര്‍ എത്തേണ്ടതുണ്ട്‌.
കൂറ്റന്‍ വൃക്ഷങ്ങളും കാട്ടുവള്ളികളും നിറഞ്ഞ മനവളപ്പിലേക്കുള്ള യാത്ര മനസ്സില്‍ ഭയവും ഭക്തിയും ഒരു പോലെ ജനിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ വിളംബരം കൂടിയാണ്‌ ഈ മന. കേരളത്തിലെ സര്‍പ്പാരാധനാ പാരമ്പര്യത്തിന്റെ ഈടുവയ്‌പായി പാമ്പുംമേക്കാട്ട്‌ മന ഇന്നും ഐശ്വര്യം ചൊരിഞ്ഞു നില്‍ക്കുന്നു.

ഒടിയന്‍



വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌. തൃശൂര്‍ ഇത്രയും തിരക്കേറിയ നഗരമായിട്ടില്ല. അര്‍ദ്ധരാത്രിയാവുന്നു. നഗരത്തില്‍ ഓടുന്ന ഓട്ടോയില്‍ ഒരാള്‍ കയറി. ദീര്‍ഘദൂരയാത്രയാണ്‌. നല്ല തുക വസൂലാക്കാമെന്ന ആഹ്ലാദത്തില്‍ ഓട്ടോക്കാരനും. ഓട്ടം വിജനമായ പുഴക്കല്‍ പാടത്ത്‌ എത്തിയപ്പോള്‍ വഴിയരികില്‍ ഒരാള്‍ കൈകാണിച്ചു. വഴിവിളക്കില്ലാത്ത സ്ഥലം. റോഡിനിരുവശവും കണ്ണെത്താ പാടശേഖരം. ഓട്ടോ നിര്‍ത്തി. അയാള്‍ ഒരു തീപ്പെട്ടിയാണ്‌ ചോദിച്ചത്‌. ഡ്രൈവര്‍ തീപ്പെട്ടി കൊടുക്കുന്നതിനിടെ അതു താഴെ വീഴുന്നു. അതുകുനിഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ ആ കാഴ്‌ചകണ്ടു....അയാളുടെ പാദങ്ങള്‍ മനുഷ്യന്റേതല്ല!. പോത്തിന്റേതായിരുന്നു!. അലറിവിളിച്ച ഓട്ടോക്കാരന്‍ ഓട്ടോയെടുത്ത്‌ പാഞ്ഞു. അപ്പോള്‍ പിന്നിലിരുന്ന യാത്രികന്‍ കാര്യം അന്വേഷിച്ചു. അപരന്റെ കാല്‍ പോത്തിന്‍കാല്‍ ആണെന്ന്‌ ഭയന്നുകൊണ്ടു ഓട്ടോക്കാരന്‍. അപ്പോള്‍ യാത്രികന്‍ മുണ്ട്‌ അല്‍പ്പം നീക്കി, ഇതു പോലായിരുന്നോ എന്നൊരു ചോദ്യം!. നോക്കിയ ഓട്ടോ ഡ്രൈവര്‍ യാത്രക്കാരന്റെ കാലുകളും പോത്തിന്റേതാണെന്ന്‌ കാണുകയും ബോധംകെട്ടു വീഴുകയും ചെയ്‌തതായാണ്‌ കഥ.
പൂച്ചയായയും പട്ടിയായും മറ്റു മൃഗങ്ങളായുമൊക്കെ രൂപം മാറി ആളുകളെ അപകടപ്പെടുത്തുന്ന ഒരു വിഭാഗമാണ്‌ ഒടിയന്‍മാര്‍ എന്നാണ്‌ വിശ്വാസം. കീഴാളജാതിക്കാരാണ്‌ ഈ മന്ത്രങ്ങള്‍ വശമാക്കിയിരുന്നത്‌. ഒടിച്ചുകൊല്ലുക എന്ന പ്രയോഗം വടക്കേമലബാറിലും മറ്റും ഇന്നും പ്രയോഗത്തിലുണ്ട്‌. ശത്രുക്കളെ ഒടിച്ചുകൊല്ലുക എന്നാണ്‌ ഇവരുടെ രീതിയത്രെ. കൊലപാതകത്തിന്റെ തെളിവ്‌ ഒന്നും അവശേഷിക്കുകയുമില്ല!.
പണ്ടു പണ്ട്‌...അതായത്‌, ജന്മിമാര്‍ താണജാതിയിലെ സ്‌ത്രീകളെയും മറ്റും പീഡിപ്പിച്ചിരുന്ന കാലം. പേടി കാരണം , കുടുംബത്തിലെ ആണുങ്ങള്‍ പോലും ജന്മിമാരെ എതിര്‍ത്തൊരു വാക്കു പറയാന്‍ ഭയന്നിരുന്ന കാലം. ഒടുവില്‍ ഒരു പാണന്‍ കളിമണ്ണ്‌ കൊണ്ട്‌ ഒരു രൂപം ഉണ്ടാക്കി. ആ രൂപം പിന്നീട്‌ തീയിലിട്ടു കരിച്ച്‌ കരിങ്കുട്ടി എന്ന പേരില്‍ അതിനെ ആരാധിച്ചു. ഉഗ്രഉപാസനയില്‍ സംപ്രീതനായ ആ മൂര്‍ത്തി അവനു മുന്നില്‍ പ്രത്യക്ഷപെട്ടുവത്രെ. തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ശിക്ഷിക്കാനുള്ള ശക്‌തി വേണമെന്നായിനുന്നു പാണന്റെ അപേക്ഷ. പക്ഷെ അങ്ങനെ ഒരു വരം നല്‍കാന്‍ കരിങ്കുട്ടി ശക്തനായിരുന്നില്ല. എങ്കിലും ആ ശക്‌തി കിട്ടാനുള്ള മരുന്ന്‌ കരിങ്കുട്ടി ഉപദേശിച്ചു കൊടുത്തു.. ഏതു ജീവിയുടെയും രൂപം ധരിച്ചു ചെന്നും ശത്രുവിനെ ഉപദ്രവിക്കാനുള്ള ഒരു മരുന്നായിരുന്നു അത്‌!. പക്ഷെ, ആ മരുന്ന്‌ ഉണ്ടാക്കാനുള്ള വഴി അത്ര എളുപ്പവുംമായിരുന്നില്ല. ഗര്‍ഭസ്ഥശിശുവിനെ എടുത്താണ്‌ അതു ഉണ്ടാക്കേണ്ടിയിരുന്നത്‌. എങ്ങിനെയോ ആ പാണന്‍ അതു സാധിച്ചെടുക്കുകയും ഒടിവിദ്യ വശമാക്കുകയും ചെയ്‌തു എന്നാണ്‌ പുരാണം.
കണ്‍മഷി പോലുള്ള ഈ ഔഷധം അല്‍പ്പം എടുത്തു ദേഹത്ത്‌ തൊട്ട്‌, ആരും കാണാതെ ഇരുട്ടില്‍ പോയി ഉപാസിക്കും. ചെവിക്കുറ്റിയില്‍ ഈ മരുന്നു വയ്‌ക്കുന്നതോടെയാണ്‌ ഇവര്‍ ഒടിയന്‍മാരാകുന്നത്‌ എന്ന ഒരു വിശ്വാസവുമുണ്ട്‌. ചെവിക്കുറ്റി ഉരച്ചു കഴുകിയാല്‍, മൃഗരൂപം മാറി ഇവര്‍ മനുഷ്യരായി നിന്ന കഥകളും മുത്തശിമാര്‍ക്കു പറയാനുണ്ട്‌. നായ, പോത്ത്‌, ആട്‌ തുടങ്ങി ഇഷ്‌ടരൂപങ്ങള്‍ ധരിക്കാനാകും എന്നതാണ്‌ ഒടിമരുന്നിന്റെ പ്രത്യേകത. ഈ വിശ്വാസത്തിനു ബലംകൂട്ടി, നാട്ടില്‍ നടന്ന കൊലപാതകങ്ങള്‍ പലതിനും തെളിവില്ലാതെയും പോയി. കഥകള്‍ പരന്നു....ഒടിയന്‍ ഒടിച്ചുകൊന്നതാണ്‌!. നാട്ടില്‍ ഭയം പരന്നു. പാണസമുദായക്കാര്‍ക്കു പലര്‍ക്കും നാട്ടുകാരുടെ `പെരുമാറ്റവും' ഈ അന്ധവിശ്വാസത്തിന്റെ പേരില്‍ നേരിടേണ്ടി വരികയുണ്ടായിട്ടുണ്ട്‌. പലകുടുംബങ്ങളും നാടുംവീടും വിട്ടു പോയ ചരിത്രവും ഉണ്ട്‌. ജന്മിമാര്‍, ശത്രുക്കളെ ചതിച്ചു കൊല്ലാനായി ഈ സമുദായക്കാരെ ചട്ടം കെട്ടിയിരുന്നതായി പഴമക്കാര്‍ പറയുന്നു. രാത്രികളില്‍ ഒറ്റക്കു സഞ്ചരിക്കുന്നവരാണ്‌ ഒടിയന്റെ ആക്രമണത്തിനു ഇരയായിരുന്നതത്രെ. മലയാളത്തിന്റെ സുകൃതമായ എം.ടി.വാസുദേവന്‍ നായര്‍ `ഒടിയന്‍' എന്നപേരില്‍ മനോഹരമായ ചെറുകഥ എഴുതിയിട്ടുണ്ട്‌. മുത്തശ്ശിക്കഥകള്‍ കേട്ടുറങ്ങിയ ഒരു ബാലമനസ്സിന്റെ ജാലകത്തിലൂടെ നോക്കിക്കാണുകയാണ്‌ എം.ടി. നാടും കാടുമെല്ലാം വെളുത്തപ്പോള്‍, ഒടിയന്‍മാരും നാടുനീങ്ങി എന്നു വേണം കരുതാന്‍. പക്ഷെ ഇന്നും ഗ്രാമാന്തരങ്ങളിലെ സന്ധ്യകളില്‍ മുത്തശ്ശിമാര്‍ ഈ കഥ അയവിറക്കുന്നു. അതു കേട്ടിരിക്കുന്ന ഉണ്ണികള്‍ ഭാവനയുടെ പുതുലോകത്തേയക്കു പറന്നുയരുന്നു. വളര്‍ന്നു വലുതാകുമ്പോഴും ഓര്‍ത്തിരിക്കാന്‍ ഗൃഹാതുരത്വമുള്ള ഒരോ കഥകള്‍.......

Saturday, September 28, 2013

ഒരു കൊച്ചുപുഴയുടെ കഥ; ആരും പറയാത്ത കഥ



മഴകനത്താല്‍ തൃശൂര്‍ ജില്ലക്കാര്‍ പറയും, താണിക്കുടത്ത്‌ ആറാട്ടാവാറായി!. ഒരു പുഴ ഒഴുകിയെത്തി ഒരു ദേശത്തിന്റെ ഭഗവതിയെ ആറാടിക്കുന്ന അത്ഭുതകരമായ ഒരു കാര്യം. എല്ലാവര്‍ഷവും കാലവര്‍ഷക്കാലത്ത്‌ ഒന്നോ രണ്ടോ തവണമാത്രം ഈ ആറാട്ട്‌. ശ്രീകോവിലിലേയ്‌ക്ക്‌ ഇരച്ചുകയറുന്ന പുഴ താണിക്കുടത്തമ്മയുടെ വിഗ്രഹം മൂടി നിറയുന്നു.
ഇത്രയും പ്രശസ്‌തമൊക്കെയായിട്ടും തൃശൂര്‍ക്കാര്‍ക്കു പോലും ഈ ചെറുപുഴയുടെ കഥ അറിയില്ലെന്നതാണ്‌ സത്യം. കേരളത്തിലെ ഏറ്റവും ചെറിയ പുഴകളിലൊന്നാണിത്‌.
വാഴാനി-പീച്ചിമലകളുടെ പടിഞ്ഞാറന്‍ താഴ്‌വരകളില്‍ ഉത്‌ഭവിച്ച്‌ നഗരത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലൂടെ പുഴയ്‌ക്കല്‍ പാടങ്ങളിലും പുല്ലഴി കോള്‍നിലങ്ങളിലുമായി ഒഴുകി ഏനാമ്മാവ്‌ ബണ്ടിലൂടെ ചേറ്റുവാ കായലില്‍ അവസാനിക്കുന്നു ഈ കൊച്ചുപുഴയുടെ യാത്ര. നടുത്തോട്‌ എന്നും വിയ്യൂര്‍ പുഴ എന്നും തദ്ദേശിയര്‍ ഈ പുഴയെ വിളിക്കുന്നുണ്ട. 29കി.മീറ്റര്‍ മാത്രമാണ്‌ ഈ പുഴയുടെ നീളം. പക്ഷെ, ജില്ലയുടെ നെല്ലുത്‌പാദനത്തെ സംബന്‌ധിച്ച്‌ അതീവപ്രാധാന്യം ഈ കൊച്ചുപുഴയ്‌ക്കുണ്ട്‌. വീരോലിപ്പാടം, കല്ലന്‍പാറ, കട്ടിലപ്പൂവം തുടങ്ങിയ മലയോരപ്രദേശങ്ങളില്‍നിന്നു പത്തുകിലോമീറ്ററുകളോളം പല കൈവഴികളായി വികസിക്കുന്ന ഈ തോട്‌ കുണ്ടുകാടിനുസമീപം ഒരുമിച്ചുചേരുകയാണ്‌. ആനക്കുഴിങ്ങരയില്‍ പുഴയുടെ മുകളിലൂടെ നിര്‍മ്മിച്ചിട്ടുള്ള നീര്‍പ്പാലത്തിലൂടെ പീച്ചി ജലസേചനപദ്ധതിയുടെ പ്രധാന വലതുകര കനാല്‍ താണിക്കുടം പുഴയെ മുറിച്ചുകടന്നു പോകുന്നുണ്ട്‌.
മഴക്കാലം കഴിയുന്നതോടെ നീരുറവുകള്‍ വറ്റിപ്പോകുമെങ്കിലും കരുവന്നൂര്‍ പുഴയിലുള്ള പീച്ചി ജലസേചനപദ്ധതിയുടെ വലതുകര മുഖ്യശാഖാകനാലില്‍ വെള്ളം തുറന്നുവിടുന്ന മാസങ്ങളില്‍ പുഴയില്‍ നീരൊഴുക്ക്‌ ഉണ്ടാകും. താണിക്കുടം, കുറ്റുമുക്ക്‌, നെട്ടിശ്ശേരി, പുഴയ്‌ക്കല്‍ തുടങ്ങിയ ക്ഷേത്രങ്ങള്‍ പുഴയുടെ ഗതമാര്‍ഗ്ഗത്തിലാണ്‌. അശാസ്‌ത്രീയമായ മണലെടുപ്പ്‌ ഈ കൊച്ചുപുഴയേയും അപകടാവസ്ഥയിലാക്കിയിട്ടുണ്ട്‌. ഏറ്റവും മലിനപ്പെട്ട പുഴ എന്ന നിലയിലേക്കു ഈ പുഴയും എത്തിച്ചേര്‍ന്നിരിക്കുന്നു. കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളില്‍ മിക്കവയും ഈ പുഴയില്‍ ഉണ്ടായിരുന്നു. പലതും ഇപ്പോള്‍ അപ്രത്യക്ഷമായത്‌ അപായസൂചനയായി പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. പ്രശാന്തസുന്ദരവും പ്രകൃതി മനോജ്ഞവുമാണ്‌ പുഴയുടെ പലഭാഗങ്ങളും-പ്രത്യേകിച്ച്‌ ഉത്ഭവസ്ഥാനം. ഇതു ടൂറിസ്‌റ്റ്‌ കേന്ദ്രമായി വികസിപ്പിച്ചാല്‍ ഏറെ പേരെ ആകര്‍ഷിക്കാന്‍ കഴിയും. വാഴാനി വന്യസംരക്ഷണകേന്ദ്രത്തിനു തൊട്ടടുത്തുള്ള വീരോലിപ്പാടം, കട്ടിലപ്പൂവം തുടങ്ങിയ പുഴയുടെ ഉത്‌ഭവപ്രദേശവും ആനക്കുഴിങ്ങര, കള്ളായിച്ചിറ, തീര്‍ത്ഥാനി എന്നീ സ്‌ഥലങ്ങളും ഹ്രസ്വവിനോദയാത്രകള്‍ക്കു്‌ അനുയോജ്യമായ വിധത്തില്‍ വന്യഭംഗി നിറഞ്ഞതാണു. സമതലപ്രദേശത്ത്‌ പുഴ സാവധാനം പരന്ന്‌ പുല്ലഴി കോള്‍പ്പാടങ്ങളിലും ഏനാമ്മാവ്‌ ബണ്ടും കടന്ന്‌ ചേറ്റുവാ കായലില്‍ ചേരുന്നു. ഈ കാഴ്‌ച മറക്കാനാവാത്തതാണ്‌. ഈ കൊച്ചുപുഴയെ എങ്കിലും ഒഴുകാന്‍ അനുവദിക്കുക, പ്രകൃതി സ്‌നേഹികളുടെ അഭ്യര്‍ത്ഥന ഇത്രമാത്രം.

നാലുകെട്ടില്‍ മഴ നനഞ്ഞു നനഞ്ഞ്‌.....



`` അപ്പൂ.....വേഗം അകത്തു കേറിക്കാ....മഴവരണ്‌്‌ണ്ട്‌...പാറൂ...ഒണങ്ങാനിട്ടതൊക്കെ വേഗം എടുത്താ....''
നാലുകെട്ടിനുള്ളില്‍ നിന്നു മുത്തശ്ശിയുടെ ശബ്ദം.
പടിപ്പുരയില്‍ നിന്നു വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിന്റെ ഭംഗി നോക്കി നില്‍ക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്‌ മുത്തശ്ശി തന്നത്‌. ഒപ്പം പുറംപണിക്കാരി പാറുവിനും. പാടത്തിനു മുകളില്‍ കരിങ്കാറുകള്‍ കാണുമ്പോഴേക്കും മുത്തശിക്കറിയാം, അതാ മഴയെത്തി എന്ന്‌. ആശാരിമൂലയില്‍ കാറു കണ്ടാല്‍ ഉടനെത്തും മഴയെന്ന്‌ നാട്ടിന്‍ പുറത്തെ ശാസ്‌ത്രം. അതു പിഴക്കാറേ ഇല്ല.
നാലുകെട്ടിന്റെ സുരക്ഷയിലേക്ക്‌ ഓടും മുമ്പെ മഴയെത്തി. നാട്ടിന്‍ പുറത്തെ മഴ അങ്ങിനെയാണ്‌. പാടത്തിന്‌ അക്കരെ നിന്ന്‌ ഇരമ്പം കേള്‍ക്കാം. വീടിനകത്തേക്ക്‌ ഓടുമ്പോഴേക്കും മഴ ആര്‍ത്തലച്ച്‌ പാടം കടന്ന്‌ എത്തിയിരിക്കും. നനച്ചേ അടങ്ങൂ എന്ന വാശിയില്‍!.
ഇറത്തിണ്ണയില്‍ കയറുമ്പോഴേക്കും മഴ കോരിച്ചൊരിഞ്ഞു. ഒ.വി. വിജയന്റെ വാക്കുകള്‍ കടമെടുത്താല്‍, ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴ. നാലുകെട്ടിനുള്ളില്‍, നടുമുറ്റത്തേക്കു കുതിച്ചു വീഴുന്ന മഴ കണ്ടിട്ടുണ്ടോ..?. വീടിനകത്തും പുറത്തും മഴയുടെ കോലാഹലം. അത്‌ അനുഭവിച്ചു തന്നെ അറിയണം. നടുമുറ്റത്തു പാത്തികളിലൂടെ പെയ്‌തു നിറയുന്ന മഴവെള്ളം കയ്യെത്തിപ്പിടിക്കാം. അകത്തു വീഴുന്ന വെള്ളം പുറത്തേക്കൊഴുകാന്‍ ഓവുകളുണ്ട്‌. വാസ്‌തുവിദ്യയുടെ വിസ്‌മയം. നടുമുറ്റത്തു നിറയുന്ന വെള്ളത്തില്‍ വീണും ഉരുണ്ടും കളിക്കാന്‍ രസം. അപ്പോള്‍ വരും മുത്തശ്ശിയുടെ ശാസന-`ന്റെ കുട്ട്യേ...പനിവരുത്തണ്ടാ...'
ഇരുണ്ട അകത്തളങ്ങളില്‍ മഴയുടെ താള നിബദ്ധമായ സംഗീതം. മഴയ്‌ക്കുമുണ്ട്‌ സംഗീതം എന്ന്‌ അറിഞ്ഞു. തെക്കിനിയില്‍, ഭഗവാന്‍മാര്‍. മരിച്ചുപോയവര്‍. സന്ധ്യക്ക്‌ വിളക്കു വച്ച്‌ നാമജപമുണ്ട്‌. തറവാട്ടിലെ എല്ലാ അംഗങ്ങളും അവിടെ ചേര്‍ന്നിരിക്കുന്നു; ഈശ്വരനാമങ്ങള്‍ ചൊല്ലുന്നു.
``പരദൂഷണം അതിഭാഷണം
ഇവയാല്‍ മമ ചിത്തം
ഒരു നേരവും ഇളകാന്‍
ഇടയരുതേ ഭഗവാനേ...'' മുത്തശ്ശി നീട്ടി ചൊല്ലുന്നു. മറ്റുളളവര്‍ ആവര്‍ത്തിക്കുന്നു. അന്നു തറവാട്ടില്‍ വൈദ്യുതി എത്തിയിട്ടില്ല. നാമജപം കഴിഞ്ഞാല്‍ തെക്കിനിയില്‍ കുടുംബസദസ്സായി. കുട്ടികളുടെ കുറുമ്പും പഠിപ്പും അകലെയുള്ള ബന്ധുക്കളുടെ കാര്യവും ഒക്കെയായി..
ഊണു നേരത്തേയാണ്‌. ചിമ്മിണി വിളക്കിന്റെ വെളിച്ചത്തില്‍, തറയില്‍ പലകമേല്‍ ഇരുന്നാണ്‌ ഊണ്‌്‌. കുട്ടികള്‍ക്ക്‌ ആദ്യം എന്നാണ്‌ കണക്ക്‌. അതു കഴിഞ്ഞാല്‍ ഉറക്കം. ഓരോരുത്തര്‍ക്കും അറകളുണ്ട്‌. അറ എന്നാല്‍ ഇന്നത്തെ വീടുകളിലെ ബെഡ്‌ റൂമുകളേക്കാള്‍ വലുപ്പം വരും. മരംകൊണ്ടുള്ള ചുവരുകള്‍. മൂത്രശങ്ക കഴിക്കാന്‍ ഓവറ ഇതിനുള്ളില്‍ തന്നെ.
രാത്രി കിടക്കയില്‍ മഴത്തണുപ്പേല്‍ക്കാതെ പുതച്ചു മൂടി കിടക്കുമ്പോള്‍, മഴത്തുള്ളികളുടെ താളംപിടിത്തം. ഓടുകളില്‍ നിന്നു ഇറ്റുന്ന മഴത്തുള്ളികള്‍ നടുമുറ്റത്തെ തകരപ്പാത്തിയില്‍ വീഴുന്നതിന്റെ താളക്രമം ശ്രദ്ധിച്ചു കിടന്നാല്‍ ഉറങ്ങിപ്പോകുന്നതറിയില്ല. തറവാട്ടിനു പിന്നിലെ തേക്കിന്‍ കാട്ടില്‍, മഴ പെയ്യുന്നതിന്‌ മറ്റൊരു താളമാണ്‌. താഴെ വീണുകിടക്കുന്ന ഉണങ്ങിയ തേക്കിലകളില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍, സ്വരം മാറുന്നു.
കേരളത്തിന്റെ മാത്രം പ്രത്യേകതയായ നാലുകെട്ടുകള്‍ ഇന്നു നാടുനീങ്ങിക്കഴിഞ്ഞിരിക്കുന്നു. അറുപതും അതിനു മുകളിലും ആളുകള്‍ കൂടിക്കഴിഞ്ഞ ആ സുരക്ഷിതകാലം അകന്നിരിക്കുന്നു. വീണാല്‍ ഒരാള്‍ താങ്ങാനുണ്ട്‌ എന്ന ധൈര്യം മലയാളിക്ക്‌ കൈമോശം വന്നത്‌ അവിടം മുതലാണ്‌. കേരളത്തിന്റെ തനതുകാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായി വാസ്‌തുശാസ്‌ത്രമനുസരിച്ചാണ്‌ നാലുകെട്ടുകള്‍ തീര്‍ത്തിരുന്നത്‌. നാലു ഹാളുകള്‍ പരസ്‌പരം ചേര്‍ത്ത്‌ നടുഭാഗത്ത്‌ ആകാശത്തേക്കു നോക്കിക്കിടക്കുന്ന നടുമുറ്റം തീര്‍ത്തിരിക്കുന്നു. വടക്കുഭാഗത്തുള്ള ഹാളിനെ വടക്കിനി എന്നു വിളിക്കും. തെക്കുഭാഗത്തുളളത്‌ തെക്കിനി. പടിഞ്ഞാറു ഭാഗത്തുള്ളത്‌ പടിഞ്ഞാറ്റിനി. കിഴക്കു ഭാഗം കിഴക്കിനി. ഒരു കൂരയ്‌ക്കു കീഴില്‍ നിരവധി കുടുംബങ്ങള്‍. ഇവര്‍ക്ക്‌ എല്ലാവര്‍ക്കും ഒരേ അടുക്കള. കഴിക്കുന്ന ഭക്ഷണവും ഒന്ന്‌. ഇങ്ങിനെയൊരു കുടുംബ സങ്കല്‍പ്പം പുതിയ മലയാളി തലമുറയ്‌ക്കു വിശ്വസിക്കാനാവില്ല. അനുഭവങ്ങളുടെ വിജ്ഞാന കോശമായി, എല്ലാ കാര്യങ്ങള്‍ക്കും അധ്യക്ഷയായി മുത്തശ്ശി. തറവാടിന്റെ ആവശ്യങ്ങള്‍ കണ്ടു നടത്താന്‍ വലിയമ്മാവന്‍-തറവാട്ടു കാരണവര്‍. അമ്മയും വല്ല്യമ്മയും ചെറിയമ്മയും അവരുടെ കുട്ടികളും അമ്മാവനും അമ്മായിയും അവരുടെ മക്കളും....ജീവസ്സുറ്റ ഒരു അന്തരീക്ഷത്തില്‍ അരക്ഷിതാവസ്ഥ എന്ന ഒന്നുണ്ടായിരുന്നില്ല. ഇന്ന്‌ അഞ്ചു സെന്റില്‍ ഒരു നാലുകെട്ട്‌ പണിയാം എന്ന്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിക്കാര്‍ വാഗ്‌ദാനം ചെയ്യുന്നു. ഉണ്ടായിരിക്കാം, പക്ഷെ സുരക്ഷാബോധം, അതു എവിടെ നിന്നു ലഭിക്കും?.

അട്ടപ്പാടിയുടെ രക്ഷകദൈവം മല്ലീശ്വരന്‍



മണ്ണാര്‍ക്കാടന്‍ താഴ്വരയിലെ സന്ധ്യകള്‍ സുന്ദരമാണ്. ഇന്ന് ഗ്രാമം ഏറെ മാറിയിരിക്കുന്നു. ആധുനിക നഗരത്തിന്റേതായ എല്ലാ അസ്കിതകളും ഇവിടെയുണ്ട്. സന്ധ്യകാശത്തിനു കീഴെ അട്ടപ്പാടി മലനിരകളുടെ ഇരുണ്ട ശിഖരങ്ങള്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. ഗ്രാമ നിരത്തുകളില്‍ നിന്നും അതൊരു മതിവരാകാഴ്ച തന്നെയാണ്. മലയുടെ മൌനം ഗ്രാമത്തിലേക്കും ഇറങ്ങിവരുന്ന അനുഭവം. ഇരുളുന്നതോടെ മലയില്‍ തീയെരിയും. നീളത്തിലും വിലങ്ങനേയും മലകത്തുന്നു. കരിയുണ്ടാക്കുന്നവര്‍ തീയിടുന്നതാണെന്ന് നാട്ടുകാര്‍ പറയും. മല കത്തുന്നതു നോക്കി നില്‍ക്കരുതെന്ന് വിശ്വാസവുമുണ്ട് ഇവിടെ. അസുഖം വരുമെന്ന് പഴമുറക്കാര്‍. 
മലനിരകളില്‍ പെട്ടെന്ന് കുതിച്ചു നില്‍ക്കുന്ന ഒരു ശിഖരം  ശ്രദ്ധയില്‍പ്പെടും. അത് മല്ലീശ്വരന്‍ മുടിയാണ്.  അട്ടപ്പാടിയുടെ രക്ഷകദൈവം മല്ലീശ്വരന്‍ കുടിയിരിക്കുന്ന കൊടുമുടി. ശിവരാത്രിക്ക് ഈ മുടിയില്‍ പ്രത്യേക പൂജയും ദീപം തെളിയിക്കലുമുണ്ട്. അതിനു കഠിന വ്രതമെടുത്ത മലമ്പൂജാരികളാണ് പോകുക. നാല്‍പ്പത്തൊന്നു ദിവസത്തെ കഠിന വ്രതമാണ് പൂജാരികള്‍ക്ക് വിധിച്ചിട്ടുളളത്. ഈ ദിവസങ്ങളിലെല്ലാം മഞ്ഞള്‍ കലക്കിയ പാല്‍ മാത്രമാണ് ഇവരുടെ ഭക്ഷണം. അന്യനാട്ടുകാര്‍ക്ക്, ദുര്‍ഘടമായ ഈ പ്രദേശത്തേക്കു പ്രവേശനമില്ല. സ്ത്രീകള്‍ക്കും. ശിവനാണ് മലമുകളിലെ ദൈവം. മല്ലീശ്വരന്‍ മുടിയില്‍ ശിവരാത്രി സന്ധ്യയില്‍ തെളിയിക്കുന്ന ദീപം, മൈലുകള്‍ താഴെ, മണ്ണാര്‍ക്കാട്ടു നിന്നാല്‍, കണ്ടുതൊഴാം. മല്ലീശ്വരന്‍ മുടിയിലെ പൂജകള്‍ക്കു ശേഷം, അവിടെയുള്ള തീര്‍ത്ഥക്കുളത്തിലെ തീര്‍ത്ഥജലവുമായാണ് പൂജാരികളുടെ മടക്കം. താഴെ കാത്തുനില്‍ക്കുന്ന ഭക്തര്‍ക്കു നല്‍കാന്‍. ഉര്‍വ്വരതയുടെ ദേവനാണ് ഇവിടെയും ശിവന്‍,  സൈന്ധവ സംസ്കൃതിയിലെന്ന പോലെ. ഉദ്ധൃത ലിംഗനായ ശിവനെയാണല്ലോ, സൈന്ധവര്‍ ആരാധിച്ചിരുന്നത്?. അവര്‍ രുദ്രനെന്നായിരുന്നു അവനെ വിളിച്ചത്. പ്രാകൃതനും ഒറ്റക്കു നടന്നിരുന്നവനുമായ രുദ്രനെ, പില്‍ക്കാലത്ത് വേദങ്ങളില്‍ ശിവനായി വാഴ്ത്തി എന്നു ചരിത്രം. 
ഇന്നും പൊതുസമൂഹത്തിലേയ്ക്ക് എത്തിപ്പെടാത്ത ആദിവാസി വിഭാഗങ്ങളാണ് അട്ടപ്പാടിയിലേത്. ഇരുളര്‍, മുതുകര്‍, കുറുംബര്‍ എന്നി വിഭാഗങ്ങളാണിവിടെയുള്ളത്. പരമ്പരാഗത വസ്ത്രങ്ങളാണ് ഇവരുടേത്. സ്ത്രീകള്‍ വലിയ തോടകള്‍(കമ്മല്‍) അണിയുന്നു.  പാരമ്പര്യരീതിയിലുളള കഴുത്തില്‍ മുറുകിക്കിടക്കുന്ന കല്ലുമാലകള്‍. ഊരുകളിലെ ഭാഷകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. തമിഴ്സംസ്കാരമാണ് ഇവിടെ, കൂടുതലും പ്രതിഫലിക്കുന്നത്. മണ്ണാര്‍ക്കാട്ടു നിന്നും നാല്‍പ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അട്ടപ്പാടി. അട്ടപ്പാടിയുടെ നല്ലൊരുഭാഗം സംരക്ഷിത വനമായതിനാല്‍ സന്ദര്‍ശനത്തിന് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. 187 ആദിവാസി ഊരുകള്‍ ഇവിടെയുണ്ട്.  പ്രകൃതിയെ ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്നവയാണ് ഓരോ ഊരുകളും. മണ്ണും മുളയും കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന കൊച്ചുകൂരകള്‍ക്കുളളിലേക്ക്, കുനിഞ്ഞു വേണം കയറാന്‍. കുളുര്‍മ്മയുള്ള ഈ വീടുകളില്‍ ഒരു ദിവസം കഴിയുക എന്നത് അനുഭവമാണ്. 

അഗളി, ഷോളയൂര്‍, പുത്തൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് അട്ടപ്പാടി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വനമേഖലയിലൂടെയുള്ള യാത്ര അവാച്യമയ അനുഭൂതി തന്നെയാണ്. ചിലപ്പോള്‍ മഴ, മറ്റൊരിടത്ത് തെളിഞ്ഞമാനം, ഉടനെ കാലാവസ്ഥമാറുന്നു..കോടയെത്തുന്നു. വന്യസൌന്ദര്യം നുരയുന്ന ഭവാനിപ്പുഴ, ചിരിച്ചും ചിലപ്പോള്‍ ആര്‍ത്തിരമ്പിയും ചിലയിടങ്ങളില്‍ നാണം കുണുങ്ങിയും ഒഴുകുന്നു. വൃക്ഷത്തലപ്പുകളില്‍ മുത്തിയെത്തുന്ന ഇളംകാറ്റിനു ഔഷധഗന്ധമുണ്ട്. കാട്ടുകളികളുടെ ചിലപ്പുകള്‍, മൊബൈലിന്റെ ശല്ല്യപ്പെടുത്തുന്ന ശബ്ദം കേട്ടു തഴമ്പിച്ച കാതുകള്‍ക്ക് മോചനമേകുന്നു. പ്രകൃതിയില്‍ മുഴുകി നടക്കുമ്പോള്‍, ഇതുവരെ ജീവിച്ചതൊന്നും ജീവിതമേയല്ലെന്ന് തിരിച്ചറിയുന്നു. 

പാമ്പുകളുടെ തോഴന്‍


ചാലക്കുടിയിലെ മലക്കപ്പാറയിലുള്ള ഒരു വീട്‌. അതിരാവിലെ വീടിനു പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ എത്തിയ വീട്ടുടമസ്ഥന്‍, നിലവിളിച്ചു കൊണ്ടു പുറത്തേയ്‌ക്കു പാഞ്ഞു.. കുളിമുറിയില്‍ ഒരു കൂറ്റന്‍ പാമ്പ്‌. നാട്ടുകാര്‍ ഓടിക്കൂടി. വനം വകുപ്പിനെ വിവരമറിയിച്ചു. വനം വകുപ്പുകാര്‍ എത്തി, പരിശോധിച്ചശേഷം ഭീതിയോടെ പിന്‍വാങ്ങി. വെറും പാമ്പല്ല അത്‌. പാമ്പുകളുടെ രാജാവ്‌...കൊടിയ വിഷമുള്ള സാക്ഷാല്‍ രാജവെമ്പാല തന്നെ!. വനംവകുപ്പുകാരും പറഞ്ഞു: സേവ്യറിനെ വിളിക്കാം..മറ്റു മാര്‍ഗ്ഗമില്ല. വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ സേവ്യറിനെ അന്വേഷിച്ച്‌ പറന്നു. തലയില്‍ ഘടിപ്പിക്കാവുന്ന ടോര്‍ച്ച്‌; കയ്യില്‍ പാമ്പുകളെ പിടിക്കാനുള്ള കവരിച്ച വടി എന്നിവയുമായി സേവ്യര്‍ കുളിമുറിക്കുള്ളിലേക്ക്‌...ശ്വാസമടക്കി ലോകം പുറത്ത്‌. ഏതാനും മിനുട്ടുകള്‍ ഉദ്വേഗത്തിന്റേതായിരുന്നു. കറുത്തിരുണ്ട, പന്ത്രടി നീളമുള്ള, കൂറ്റന്‍ പാമ്പുമായി സേവ്യര്‍, കുളിമുറിയില്‍ നിന്നും ജനമധ്യത്തിലേയ്‌ക്കിറങ്ങിയപ്പോള്‍ മുഴങ്ങിയത്‌ കയ്യടികളും ആര്‍പ്പുവിളികളും....കഴുത്തിലിട്ട പാമ്പുമായി നാട്ടുകാര്‍ക്ക്‌ ചെറിയൊരു ക്ലാസ്‌..ചിലര്‍, ഭയത്തോടെയെങ്കിലും രാജവമ്പാലയെ ഒന്നു തൊട്ടു പിന്‍വാങ്ങി. പാമ്പിനെ ചാക്കിലാക്കി വനപാലകര്‍ക്ക്‌ കൈമാറി, ഒന്നും സംഭവിക്കാത്തതു പോലെ സേവ്യര്‍ നാട്ടിലേയ്‌ക്ക്‌....നാളിതുവരെ പത്തൊന്‍പതു നാഗരാജാക്കന്‍മാരെ ചാക്കിലാക്കിയിട്ടുണ്ടെന്ന്‌ പറയുമ്പോള്‍, സേവ്യറിന്റെ സ്വരത്തില്‍ ലേശം പോലും അഹന്തയില്ല.
സേവ്യര്‍ എന്ന വാക്കിന്‌ രക്ഷകന്‍ എന്നാണര്‍ത്ഥം. എല്‍ത്തുരുത്തുകാരനായ സേവ്യര്‍ ആന്റണി കുഞ്ഞാപ്പു, ഈ വാക്ക്‌ അന്വര്‍ത്ഥമാക്കുന്നു. സര്‍പ്പഭയത്തില്‍ നിന്നും നാട്ടുകാരെയും നാട്ടുകാരില്‍ നിന്നു പാമ്പുകളേയും രക്ഷിച്ച്‌. തന്റെ `പാമ്പുജീവിത'ത്തെക്കുറിച്ച്‌ സേവ്യര്‍ ഓര്‍മ്മപങ്കു വയ്‌ക്കുകയാണിവിടെ.....
തൃശൂര്‍ എല്‍ത്തുരുത്ത്‌ സ്വദേശി സേവ്യര്‍ ഇന്ന്‌ ഏവര്‍ക്കും അനിവാര്യനായ ഒരു മനുഷ്യനാണ്‌. വീട്ടുമുറ്റത്തോ പറമ്പിലോ ഒരു പാമ്പിനെ കണ്ടാല്‍, നാട്ടുകാര്‍ക്കു വേണ്ടത്‌ സേവ്യറിനെ മാത്രം. നാട്ടുകാര്‍ മാത്രമോ? വനംവകുപ്പുകാര്‍ മുതല്‍ അഗ്നിശമന സേനാ വിഭാഗം വരെ സേവ്യറുടെ സേവനത്തിനായി പരക്കംപായുകയാണിന്ന്‌. പ്രസ്സ്‌ നടത്തിപ്പുകാരനില്‍ നിന്നും, വനംവകുപ്പിന്റെ കീഴില്‍ വൈല്‍ഡ്‌ ലൈഫ്‌ കാച്ചര്‍ തസ്‌തികയിലെത്തിയ സേവ്യറിന്റെ മുടക്കുമുതല്‍ പ്രകൃതിയോടുള്ള ഒടുങ്ങാത്ത അഭിനിവേശം മാത്രം.
പാമ്പുകള്‍ ഭയപ്പെടേണ്ടവയല്ല. അവയും പ്രകൃതിയുടെ ഭാഗം തന്നെ. പ്രകൃതിയുടെ നിലനില്‍പ്പിന്‌ അവയെ സംരക്ഷിണമെന്നും ഈ യുവാവ്‌ പറയുമ്പോള്‍, കാതോര്‍ക്കാതെ വയ്യ. സാധാരണ കുടുംബത്തില്‍ ജനിച്ച സേവ്യറും ഒരു കാലത്ത്‌, മറ്റുളളവരെ പോലെ പാമ്പുകളെ ഏറെ ഭയപ്പെട്ടിരുന്നു. അവയെ തല്ലാനും കൊല്ലാനും മുന്‍കൈയെടുത്തിരുന്നു. എട്ടാം ക്ലാസു മുതലാണ്‌ സേവ്യര്‍ എന്ന വിദ്യാര്‍ത്ഥിയില്‍ മനം മാറ്റം കണ്ടു തുടങ്ങിയത്‌. പാമ്പുകളെ കൊല്ലരുതെന്ന ചിന്ത വളര്‍ന്നു. അക്കാലത്ത്‌ വിഷമില്ലാത്ത പാമ്പുകളെ പിടികൂടി. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജില്‍ ലൈബ്രേറിയനായിരുന്ന ഇളയപ്പന്‍ സി.ജെ. വിന്‍സെന്റാണ്‌ പ്രകൃതിപാഠം സേവ്യറിനു മുന്നില്‍ തുറന്നു കൊടുത്തത്‌. ജന്തുജീവികളെ കുറിച്ചുള്ള ധാരാളം പുസ്‌തകങ്ങള്‍ അദ്ദേഹം സേവ്യറിന്‌ നല്‍കി. ഇംഗ്ലീഷു ഭാഷയിലുള്ള പുസ്‌തകങ്ങള്‍ അദ്ദേഹം തന്നെ വായിച്ചു മനസ്സിലാക്കിക്കൊടുത്തു.അതോടെ പ്രകൃതി എന്ന വിസ്‌മയം സേവ്യറിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.
പ്രമുഖ വ്യവസായി ഗുഡ്‌നൈറ്റ്‌ മോഹന്റെ വീട്ടില്‍ നിന്നു പുല്ലാനി മൂര്‍ഖനെ പിടികൂടിക്കൊണ്ടാണ്‌ തുടക്കം. അന്നു എല്‍ത്തുരുത്തില്‍ കുടുംബ സ്വത്തായ ലിറ്റില്‍ഫ്‌ളവര്‍ പ്രസ്സു നടത്തുകയായിരുന്നു. ഫോണ്‍ വന്നപ്പോള്‍, സഹോദരനേയും കൂട്ടി തൃശൂരിലെ പൂങ്കുന്നത്തുള്ള മോഹന്റെ വീട്ടിലെത്തി. ജര്‍മന്‍ ഷെപ്പേര്‍ഡ്‌ ഇനത്തില്‍പ്പെട്ട രണ്ടു വളര്‍ത്തു നായ്‌ക്കുട്ടികളെ വിഴുങ്ങി കിടക്കുന്ന പുല്ലാനി മൂര്‍ഖനാണ്‌ വീട്ടിലെ ക്ഷണിക്കപ്പെടാത്ത അതിഥി. മിനുട്ടുകള്‍ക്കുളളില്‍ മൂര്‍ഖന്‍ ചാക്കിലായി. പത്രമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ, സചിത്രം വാര്‍ത്തകള്‍ നല്‍കിയതോടെ വെറും സേവ്യര്‍, പാമ്പു സേവ്യറായി...!. പിന്നീട്‌ പാമ്പുകള്‍ എവിടെയുണ്ടോ, അവിടെ സേവ്യറുമുണ്ട്‌ എന്നായി സ്ഥിതി!.
ഇന്ന്‌, ഒരു ദിവസം പിടികൂടുന്ന പാമ്പുകളുടെ എണ്ണം 45 മുതല്‍ 65 വരെ..!. സംശയിക്കേണ്ട, കണക്കുകള്‍ പീച്ചി വനംവകുപ്പ്‌ ഓഫീസിലുണ്ട്‌. നാളിതുവരെയായി 17,000 പാമ്പുകളെ എങ്കിലും പിടികൂടിയിട്ടുണ്ടാവുമെന്നാണ്‌ സേവ്യറിന്റെ ഓര്‍മ്മ. വനംവകുപ്പില്‍ ചേര്‍ന്ന ശേഷമാണ്‌ കൃത്യമായി കണക്കുകളും റിപ്പോര്‍ട്ടുകും സൂക്ഷിച്ചുതുടങ്ങിയത്‌. അതിനു മുമ്പുള്ളവയ്‌ക്കു റിക്കാര്‍ഡില്ല!. ആദ്യ കാലങ്ങളില്‍ പാമ്പുകളെ പടികൂടാനുളള പ്രത്യേക `സ്‌റ്റിക്കി'ന്റെ സേവനമൊന്നും ഉണ്ടായിരുന്നില്ല. ആകേയുള്ള കൈമുതല്‍ ധൈര്യം മാത്രം. പത്തിവിരിച്ചു ചീറ്റുന്ന പുല്ലാനി മൂര്‍ഖനെ
വെറുംകൈകൊണ്ടു നേരിടുന്നതിന്‌ മനസ്സുറപ്പുമാത്രം കൂട്ട്‌. ഇത്രയേറെ പാമ്പുകളെ നേരിട്ടു `കൈകാര്യം' ചെയ്‌തിട്ടും ആപത്ത്‌ ഒഴിഞ്ഞു നിന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ കടിയേറ്റത്‌ മൂന്നു തവണ മാത്രം. മൂന്നും മൂര്‍ഖന്റേത്‌. ആശുപത്രിയില്‍ ചകിത്സതേടും....സുഖപ്പെടുമ്പോള്‍, വീണ്ടും പാമ്പുകളുടെ ഇടയിലേയ്‌ക്ക്‌..!.
പാമ്പുകളെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിക്കുകയാണ്‌ സേവ്യറിന്റെ ദൗത്യം. നാട്ടുകാരുടെ അടിയേറ്റു ചാവാന്‍ വിധിക്കപ്പെട്ട ഇവയെ പിടികൂടി കാട്ടില്‍ തുറന്നു വിടുന്നു.ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ അവ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ ഇഴഞ്ഞു പോകുമ്പോള്‍, തികഞ്ഞ ആത്മസംതൃപ്‌തിയോടെ സേവ്യര്‍ തിരിച്ചു നടക്കും, അടുത്ത ദൗത്യത്തിനായി....
ഇന്ത്യയില്‍ മനുഷ്യന്‌ ആപത്‌കാരികളായ പാമ്പുകള്‍ മൂന്നു തരത്തില്‍പ്പെട്ടവ മാത്രമാണെന്ന്‌ സേവ്യര്‍. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍. നമ്മുടെ നാട്ടില്‍ കാണുന്ന നിരവധി ജാതി പാമ്പുകളില്‍ ഇവയ്‌ക്കു മാത്രമാണ്‌ വിഷമുളളത്‌. പാമ്പുകളെ കുറിച്ചുള്ള അന്ധവിശ്വാസത്തോടൊപ്പം, അറിവില്ലായ്‌മയും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന്‌ സേവ്യര്‍ പറയുന്നു.
`പാമ്പുകടിയേറ്റാല്‍ ഭയപ്പെടാതിരിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഭയക്കൂമ്പോള്‍ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കും വിഷം പെട്ടെന്ന്‌ രക്തത്തില്‍ കലരാന്‍ ഇത്‌ ഇടയാക്കും..' സേവ്യര്‍ പറയുന്നു. കടിയേറ്റയാളെ കാലതാമസം ഇല്ലാതെ ആശുപത്രിയിലെത്തിച്ചാല്‍ തീര്‍ച്ചയായും രക്ഷപ്പെടുത്താനാകുമെന്നാണ്‌ അനുഭവമെന്നും സേവ്യര്‍. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടുന്നത്‌ അണലിയുടെ കടിയേറ്റാണെന്നാണ്‌ കണക്കുകള്‍. അണലിയുടെ വിഷം നാഡീവ്യൂഹത്തെയാണ്‌ ബാധിക്കുക. മൂര്‍ഖന്റേത്‌ രക്തത്തേയും. വെള്ളിക്കെട്ടന്റെ വിഷം ഇതു രണ്ടിനേയും ഒരു പോലെ ബാധിക്കുന്നതാണ്‌.
`മൂര്‍ഖന്‍ പത്തിവിരിച്ചു നില്‍ക്കും. നമുക്ക്‌ രക്ഷപ്പെടാന്‍ സമയം കിട്ടും. എന്നാല്‍ ചുരുണ്ടുകൂടി, പതുങ്ങി കിടക്കുന്ന അണലി ദൃഷ്ടിയില്‍പ്പെടില്ല. ഇതിന്റെ ആക്രമണത്തിനു മനുഷ്യന്‍ കൂടുതലായി ഇരയാകുന്നതിനു കാരണം അതാണ്‌'. അണലിയുടെ പല്ല്‌ ചിലപ്പോള്‍ കടിവായില്‍ ഒടിഞ്ഞിരിക്കാറുണ്ടത്രെ. സ്‌ത്രീകളാണ്‌ അധികവും പാമ്പുകടിക്ക്‌ ഇരയാകുന്നത്‌. വൈക്കോല്‍ എടുക്കുമ്പോഴൂം, പുല്ലരിയാന്‍ പോകുമ്പോഴുമൊക്കെ ഇതിനു സാധ്യത കൂടുതലാണ്‌. അശ്രദ്ധമൂലമാണ്‌ അപകടങ്ങളധികവും.
പാമ്പുകള്‍ മാത്രമല്ല, നാട്ടില്‍ വന്യജീവികളിറങ്ങിയാല്‍ സേവ്യര്‍ തന്നെ വേണം. നാട്ടിലിറങ്ങിയ പുളളിപ്പുലിയെ മയക്കുവെടിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ ആക്രമണത്തിരയായത്‌ ഇന്നും ഞെട്ടലോടെ മാത്രമേ ഓര്‍ക്കാനാവൂ. ചേലക്കരയില്‍ വച്ചാണ്‌ സംഭവം. പുലിയുടെ കടിയും മാന്തലും ഏറ്റ സേവ്യര്‍ തലനാരിഴയക്കാണ്‌ രക്ഷപ്പെട്ടത്‌. കാര്യങ്ങള്‍ കൈവിട്ടതോടെ പൊലീസ്‌ പുലിയെ വെടിവച്ചു വീഴ്‌ത്തി. അതിനു ശേഷം, അതിസാഹസികമായ ഇത്തരം ദൗത്യങ്ങള്‍ വേണ്ടെന്നു വച്ചു. ഈ തീരുമാനത്തിനു പിന്നില്‍, ഭാര്യയുടേയും മക്കളുടേയും നിര്‍ബന്ധം കൂടി ഉണ്ട്‌. പാമ്പുകളെ പിടികൂടുന്നതു തന്നെ വീട്ടുകാര്‍ക്ക്‌ താത്‌പര്യമില്ലെന്നു സേവ്യര്‍ പറയുന്നു. അതീവ അപകടസാധ്യതയുള്ള ഈ പണി വേണ്ടെന്നു തന്നെയാണ്‌, ഭാര്യ ജൂലിയുടേയും മക്കളായ ആന്‍ മരിയ, ആന്‍ഡ്രിയ എന്നിവരുടേയും നിലപാട്‌. എങ്കിലും, സഹായം തേടി ഫോണ്‍കോളുകള്‍ എത്തുമ്പോള്‍ സേവ്യര്‍ ഇറങ്ങുന്നു, പ്രാര്‍ത്ഥനയോടെ...
വനം വകുപ്പില്‍ വൈല്‍ഡ്‌ലൈഫ്‌കാച്ചറായി നിയമനം ലഭിച്ചെങ്കിലും അത്‌ താത്‌കാലികം മാത്രമാണ്‌. മന്ത്രി ഗണേഷ്‌കുമാര്‍ പ്രത്യേക താത്‌പര്യം എടുത്താണ്‌ ഈ നിയമനം. ഈ ജോലി ലഭിച്ചതിന്റെ പേരില്‍, ജീവിത മാര്‍ഗ്ഗമായിരുന്ന പ്രസ്സ്‌ പൂട്ടിയിട്ടിരിക്കുകയാണിപ്പോള്‍. സ്ഥിരം നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ സേവ്യര്‍ ഇപ്പോള്‍.

പുലിപ്പേടി മാറ്റാന്‍ മന്ത്രിക്കൊപ്പം



കേരള അതിര്‍ത്തിയില്‍ കിടക്കുന്ന മലക്കപ്പാറ വനം-തോട്ടം മേഖലയില്‍ തുടരെ പുലിയുടെ ആക്രമണം റിപ്പോര്‍ട്ട്‌ ചെയ്‌തുകൊണ്ടിരുന്ന സമയം. തോട്ടം തൊഴിലാളികള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുകയാണ്‌. സന്ധ്യകഴിഞ്ഞാലും രാവിലെ വെളിച്ചം പരക്കുംമുമ്പും വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ജിം കോര്‍ബെറ്റിന്റേയും കെന്നത്ത്‌ ആന്‍ഡേഴ്‌സണിന്റെയുമൊക്കെ വേട്ടക്കഥകള്‍ വായിച്ച അനുഭവമേയുള്ളൂ. അതും അടച്ചുറപ്പുള്ള മുറികളില്‍ ഇരുന്നു വായിക്കുമ്പോള്‍ അനുഭവിക്കുന്ന `ത്രില്‍'. 2010ലാണ്‌ മലക്കപ്പാറയിലും അതിര്‍ത്തിഗ്രാമങ്ങളിലും പുലിപ്പേടി പരക്കുന്നത്‌. പത്തുകിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലുള്ള തോണിമുടിയില്‍ രണ്ടു കുട്ടികളെ പുലി കൊന്നതോടെ ഗ്രാമവാസികളുടെ ഭയം പാരമ്യത്തിലെത്തി. ഏപ്രില്‍ മാസത്തിലാണ്‌ ഇതെന്നാണ്‌ ഓര്‍മ്മ. കാലികളേയും വളര്‍ത്തു നായ്‌ക്കളേയും തുടര്‍ച്ചയായി പുലി കൊന്നുകൊണ്ടിരിക്കുന്നു. പുലിക്കഥ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞതോടെ സര്‍ക്കാര്‍ ഒന്നനങ്ങി. പുലിയെ കൊല്ലാന്‍ വകുപ്പില്ല. തേയിലതോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമാക്കുകയും വേണം. ഒന്നേ ചെയ്യാനുള്ളൂ; പുലിയെ ജീവനോടെ പിടികൂടുക, നാടുകടത്തുക!.
മെയ്‌ 13ന്‌ പ്രസ്‌ ക്ലബില്‍ നിന്നു അറിയിപ്പെത്തി. 15ന്‌ മന്ത്രി കെ.പി.രാജേന്ദ്രന്‍ മലക്കപ്പാറ സന്ദര്‍ശിക്കുന്നു. അദ്ദേഹത്തെ അനുഗമിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ക്ഷണം. പുര്‍ച്ചെ ആറരയ്‌ക്ക്‌ പുറപ്പെടും. സ്‌റ്റേറ്റ്‌ കാറില്‍ മന്ത്രിയും സംഘവും മുന്നിലും, പ്രായം ചെന്നവരുടെ പല്ലിളകും പോലുള്ള, കാര്‍ഷിക സര്‍വ്വകലാശാലയുടെ ബസ്സില്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പിന്നാലെയുമായി യാത്ര തുടങ്ങി.
എട്ടരയോടെ വാഴച്ചാല്‍ വനംവകുപ്പ്‌ ഗസ്‌റ്റ്‌ ഹൗസില്‍ എത്തി. ലഘുഭക്ഷണം കഴിഞ്ഞ്‌ വീണ്ടും യാത്ര. വന്‍മരങ്ങള്‍ കുടപിടിക്കുന്ന കാട്ടിനു നടുവിലൂടെ. മലക്കപ്പാറയോടടുക്കുന്തോറും കാലവസ്ഥയില്‍ മാറ്റം. തണുപ്പ്‌ കൂടിവന്നു. തേയിലതോട്ടങ്ങള്‍ക്കിടയില്‍ മയങ്ങിക്കിടക്കുന്ന ഗ്രാമത്തില്‍ ഉച്ചവെയിലിനുപോലും ചൂടുതോന്നിയില്ല. ഗ്രാമത്തിനു മുകളില്‍ തേയിലക്കാടുകള്‍ക്കു നടുവിലാണ്‌ പുലിയെ പിടിക്കാനുള്ള കൂട്‌ സ്ഥാപിച്ചിരിക്കുന്നത്‌. സാധാരണവാഹനങ്ങള്‍ക്ക്‌ പോകാനാവാത്ത റോഡ്‌. റവന്യൂവകുപ്പിന്റേയും വനംവകുപ്പിന്റേയും ജീപ്പുകളില്‍ തുടര്‍യാത്ര. കല്ലുംകട്ടയും നിറഞ്ഞ ഇടുങ്ങിയ ചെമ്മണ്‍ നിരത്ത്‌. കൂടിന്റെ പ്രവര്‍ത്തനം മന്ത്രി നോക്കിക്കാണുന്നു. പുലിയുടെ സ്ഥിരം സഞ്ചാരപാതയിലാണ്‌ കൂട്‌ വച്ചിരിക്കുന്നത്‌. ഇരയായി ഒരു നായയാണ്‌. പുള്ളിപ്പുലികളുടെ ഇഷ്ടഭക്ഷണം നാടന്‍ നായയത്രെ. ഇതിനെ തേടിയാണ്‌ ഇവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലെത്തുന്നത്‌. മലക്കപ്പാറ സ്‌കൂളിലെത്തി. നാട്ടുകാരുടെ സഭ. തമിഴ്‌ പറയുന്നവരാണ്‌ അധികം. സ്‌കൂളില്‍ പഠിക്കുന്നതു ഏഴു തമിഴ്‌ കുട്ടികള്‍ മാത്രം!. സങ്കടങ്ങള്‍ പറയുന്നതിനിടെ നാട്ടുകാര്‍ ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞു- ഇത്രയും കാലത്തിനിടെ ഈ കേരള ഗ്രാമം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ മന്ത്രിമാത്രമാണ്‌ കെ.പി.രാജേന്ദ്രനെന്ന്‌!. എന്താണ്‌ നമ്മുടെ നാടിന്റെ പോക്ക്‌ എന്നാലോചിക്കാതിരിക്കാനായില്ല.
തീരെ വികസതമല്ലാത്ത ഈ തോട്ടം മേഖലയില്‍, കാട്ടുജീവികളും മനുഷ്യരും ഇണങ്ങിയാണ്‌ പുലര്‍ന്നിരുന്നതെന്ന്‌ വൈല്‍ഡ്‌ ലൈഫ്‌ പ്രൊജക്ട്‌ ഓഫീസര്‍ എസ്‌. ഗുരുവായൂരപ്പന്‍ പറഞ്ഞു. അടുത്ത കാലംവരെ അങ്ങിനെയായിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം. പിന്നെ എപ്പോള്‍, എവിടെയായിരിക്കും താളക്കേട്‌ തുടങ്ങിയിരിക്കുക?. അത്‌ ആരും അന്വേഷിക്കുന്നതു കണ്ടില്ല.

Friday, September 27, 2013

കല്ലൂര്‍മന മഹാമാന്ത്രിക പാരമ്പര്യത്തിന്റെ ഈടുവയ്‌പ്‌



കേരളത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ അഷ്‌ടവൈദ്യന്മാരെ നിയമിച്ചതുപോലെ ആറ്‌ മാന്ത്രിക കുടുംബക്കാരേയും നിയമിച്ചുവത്രെ. അവരില്‍ മൂന്ന്‌ കുടുംബക്കാര്‍ സന്മന്ത്രവാദികളും മറ്റു കുടുംബക്കാര്‍ ദുര്‍മന്ത്രവാദികളുമായിരുന്നു. സന്മന്ത്രവാദികളില്‍ ഒരു കുടുംബക്കാരാണ്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്മാര്‍. തൃശൂരിലെ ഒല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനു അരനാഴിക പടിഞ്ഞാറുമാറിയാണ്‌ മാന്ത്രിക പാരമ്പര്യത്തിന്റെ മഹാപാരമ്പര്യം കുടികൊള്ളുന്ന കല്ലൂര്‍ മന. കല്ലൂര്‍ നമ്പൂതിരിപ്പാടന്മാര്‍ വേദവേദാംഗങ്ങളിലും മന്ത്രവാദത്തിലും അതിനിപുണന്മാരായിരുന്നു. ചിലര്‍ നല്ല കവികളുമായിരുന്നു. എന്നാല്‍ അവര്‍ക്ക്‌ അധികം പ്രസിദ്ധി മന്ത്രവാദത്തിലാണ്‌. തൃപ്പൂണിത്തുറെ നിന്ന്‌ അവിണിശ്ശേരിക്ക്‌ മാറിത്താമസിക്കാനിടയായതുതന്നെ അവരുടെ മന്ത്രവാദത്തിന്റെ ശക്‌തിനിമിത്തമാണെന്നാണ്‌ ഐതിഹ്യം.
കല്ലൂര്‍ നമ്പൂതിരിപ്പാടന്മാരുടെ ഇല്ലം ആദ്യം ബ്രിട്ടീഷ്‌ മലബാറില്‍ കോട്ടയ്‌ക്കലിനു സമീപത്തായിരുന്നു. എന്നാല്‍ സാമൂതിരിപ്പാട്ടിന്‌ ഇവരോട്‌ ഇഷ്ടക്കേട്‌ തോന്നിയതിനാല്‍ അവിടെനിന്ന്‌ പോന്ന്‌ വള്ളുവനാട്‌ താലൂക്കില്‍ പട്ടാമ്പിക്കു കിഴക്ക്‌ പള്ളിപ്പുറം ചെങ്ങണം കുന്നത്ത്‌ ഭഗവതീക്ഷേത്രത്തിന്‌ സമീപം താമസമാക്കി. എങ്കിലും അവിടേയും അവരുടെ വാസം സ്‌ഥിരമായില്ല. കൊച്ചി രാജാക്കന്മാര്‍ക്ക്‌ തിരുമൂപ്പ്‌ കിട്ടിയാല്‍ അവിടെച്ചെന്ന്‌?അരിയിട്ടുവാഴ്‌ച്ച? എന്നൊരു ചടങ്ങ്‌ നടത്തുക പതിവാണ്‌. അതിനുവേണ്ടുന്ന സകലസാധനങ്ങളും ശേഖരിച്ചുകൊടുത്തിരുന്നത്‌ അക്കാലത്ത്‌ കൊച്ചി രാജാക്കന്മാരുടെ ഇഷ്‌ടക്കാരനായിരുന്ന ഒരു കല്ലൂര്‍ നമ്പൂതിരിപ്പാടായിരുന്നു. അതുകൊണ്ടും കൂടിയായിരുന്നു സാമൂതിരിക്ക്‌ നമ്പൂരിപ്പാടന്മാരോട്‌ വിരോധം വര്‍ദ്ധിച്ചത്‌. അതിനാല്‍ കൊച്ചീരാജാവ്‌ അവരെ കുടുംബസഹിതം തൃപ്പൂണിത്തുറയ്‌ക്ക്‌ കൊണ്ടുപോയി. അവിടെ നിന്നുമാണ്‌ പിന്നീട്‌ അവിണിശേരിയില്‍ എത്തി താമസമാക്കിയത്‌.
മന്ത്രവാദത്തിനു കേള്‍വികേട്ടവരാണ്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍. മനസ്സിന്റെ രോഗങ്ങള്‍ക്കുള്ള ചികിത്സാവിധിയത്രെ മന്ത്രവാദം. ശാരീരിക രോഗങ്ങള്‍ക്ക്‌ ആയൂര്‍വേദവും. ഇതായിരുന്നു നമ്മുടെ സമ്പ്രദായം. മന്ത്രവാദം അന്ധവിശ്വാസമല്ലേ?. തട്ടിപ്പല്ലേ ? എന്നുള്ള ചോദ്യങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. ഇന്നും കാര്യസാധ്യത്തിന്‌ എത്തുന്നവരില്‍ അന്യസംസ്ഥാന രാഷ്‌ട്രീയ നേതാക്കളടക്കം ഉണ്ടെന്ന്‌ അറിയുമ്പോഴാണ്‌ അത്ഭുതം ഇരട്ടിക്കുക. തെരഞ്ഞെടുപ്പുകാലത്ത്‌ എതിരാളിക്ക്‌ പത്തുവോട്ട്‌ തികച്ചു കിട്ടരുതെന്ന ആവശ്യവുമായി വന്നവരുടെ കഥയും ഇവിടെ പറയാനുണ്ട്‌!.
കല്ലൂര്‍ മനയിലെ കാരണവര്‍ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഭജനമിരിക്കുന്ന കാലത്ത്‌ ലഭിച്ച ഒരു മന്ത്രവാദഗ്രന്ഥമാണ്‌ കല്ലൂര്‍ മനയ്‌ക്ക്‌ മഹാമാന്ത്രിക പാരമ്പര്യം സമ്മാനിച്ചതത്രെ. ശ്രീ പരമേശ്വരനും ഭഗവതിയും നേരിട്ട്‌ അനുഗ്രഹിച്ചു നല്‍കിയതാണ്‌ ഈ മാന്ത്രിക ഗ്രന്ഥം എന്നാണ്‌ ഐതിഹ്യം. ദേവീപ്രീതിക്കായുള്ള ഭഗവതിസേവ പ്രത്യേക വിധിയോടെ എങ്ങിനെ ചെയ്യണമെന്ന്‌ ഈ ഗ്രന്ഥത്തില്‍ വിസ്‌തരിച്ചിരിക്കുന്നു. ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന രീതി വലിയഭഗവതിസേവ എന്നറിയപ്പെടുന്നു. ചെങ്ങണംകുന്നത്തു ഭഗവതിയാണ്‌ ഇന്നും ഈ ഇല്ലക്കാരുടെ ഭരദേവത. ചെങ്ങണംകുന്നത്തു ഭഗവതിക്കു നിവേദ്യം സമര്‍പ്പിച്ചതിനു ശേഷമാണ്‌, മന്ത്രവാദത്തിനായി ഉഗ്രമൂര്‍ത്തിയായ പ്രത്യംഗിരാ ദേവിയെ നമ്പൂതിരിപ്പാടന്‍മാര്‍ ഉണര്‍ത്തുന്നത്‌.
ഈ മേഖലയില്‍ അതിപ്രശസ്‌തിയാര്‍ജിക്കുകയുണ്ടായി ഈ കുടുംബം. തിരുവിതാംകൂര്‍ രാജകുടുംബത്തെ അലട്ടിയിരുന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ ആരാധനാമൂര്‍ത്തികളുടെ ശല്ല്യം ഒതുക്കിത്തീര്‍ത്തത്‌ കല്ലൂര്‍ മാന്ത്രികരാണ്‌. കൊച്ചിരാജകുടുംബത്തിലും ഇതുപോലുള്ള ദോഷങ്ങള്‍ തീര്‍ത്ത്‌ ശാന്തി വരുത്തിയതിന്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍ ഏറെ ആദരിക്കപ്പെടുകയുണ്ടായിട്ടുണ്ട്‌. കഥകളിപ്പദങ്ങള്‍, കവിതാ രചന എന്നിവയിലും ഈ കുടുംബക്കാര്‍ പ്രതിഭതെളിയിച്ചിട്ടുണ്ട്‌.

കേരളത്തിന്റെ മാന്ത്രിക പാരമ്പര്യം

കേരളം സൃഷ്ടിച്ചശേഷം അതിനെ അറുപത്തിനാലു ഗ്രാമങ്ങളും നാലു തളികളുമായി തിരിച്ച പരശുരാമന്‍, ക്ഷേത്രങ്ങള്‍ സ്ഥാപിച്ച ശേഷമാണ്‌ ആറു നമ്പൂതിരികുടുംബങ്ങളെ മാന്ത്രിക ചുമതലയേല്‍പ്പിക്കുന്നത്രെ. കാട്ടുമാടം, കല്ലൂര്‍, സൂര്യകാലടി, കാവനാട്‌ തുടങ്ങിയ മനകള്‍ ഇവയില്‍ പ്രസിദ്ധമാണ്‌. `മനനാല്‍ ത്രായതേ ഇതി മന്ത്രഃ' എന്നാണ്‌ മന്ത്രമെന്ന വാക്കിന്റെ വ്യാഖ്യാനം. മനനം ചെയ്യുന്നവനെ രക്ഷിക്കുന്നത്‌ എന്നര്‍ത്ഥം. ബ്രാഹ്മണരില്‍ നമ്പൂതിരിമാര്‍ മാത്രമാണ്‌ മന്ത്രവാദം തൊഴിലായി ഏറ്റെടുത്തത്‌. ഭദ്രകാളിയെ അധിദേവതയായി ഇവര്‍ സ്വീകരിക്കുകയും ചെയ്‌തിരിക്കുന്നു. അബ്രാഹ്മണര്‍ മന്ത്രവാദാവശ്യത്തിനായി ചാത്തന്‍, അറുകൊല, കരങ്കുട്ടി തുടങ്ങിയ ശാക്‌തേയ മൂര്‍ത്തികളെ സേവിക്കുന്നു. മന്ത്രവാദം ഉത്തമകര്‍മ്മമായി നമ്പൂതിരി കുടുംബങ്ങള്‍ കരുതുന്നില്ല. കാരണം, ഒഴിപ്പിക്കുന്ന ദുര്‍ദേവതകളുടെ ശാപം കര്‍മ്മിക്കുണ്ടാവുമെന്നാണ്‌ വിശ്വാസം.

ഗ്രാമവിശുദ്ധിയുടെ കഥ; ഇത്‌ നെട്ടന്റെ കഥ



ഗ്രമങ്ങളുടെ കഥകള്‍ക്കു ചെവിയോര്‍ത്തിട്ടുണ്ടോ?. അനുഭവമുള്ളവര്‍ അതു ഗൃഹാതുരത്വത്തോടെ ഓര്‍ക്കാതിരിക്കില്ല. പുതിയ തലമുറ കേട്ടുകേള്‍പ്പിച്ചെങ്കിലും അതു അറിഞ്ഞവരായിരിക്കും. തൃശ്ശൂര്‍ ജില്ലയിലെ പെരുവള്ളൂരിനടുത്ത്‌ പരപ്പുഴയില്‍ നെട്ടന്റെ കുറി എന്ന ചടങ്ങിനാധാരമായ ഒരു കഥ കേള്‍ക്കൂ. മഴയില്‍ നിറഞ്ഞ പാടങ്ങളുടെ കരയില്‍ നിന്ന്‌ അമ്മമാര്‍ കുഞ്ഞുങ്ങളെ പറഞ്ഞു കേള്‍പ്പിച്ച ആ കഥ, അന്യം നില്‍ക്കാതെ ഇന്നും ചടങ്ങുകളിലൂടെ തുടര്‍ന്നു വരുന്നു.
മേഘത്തില്‍ കയറിവരുന്ന നെട്ടനാണ്‌ മഴ കൊണ്ടുവരുന്നത്‌ എന്നുള്ള വിശ്വാസമാണ്‌ ഈ സുന്ദരഗ്രമീണ ആചാരത്തിന്റെ പിന്നില്‍. ഈ കഥ കവിതയായി അവതരിപ്പിച്ച മണപ്പുറത്തിന്റെ കവി കെ.ബി. മേനോനെ ഓര്‍ക്കാതിരിക്കാന്‍ വയ്യ.
പരപ്പുഴയില്‍ പണ്ടു ഉയര്‍ന്നുനിന്നിരുന്ന മൂന്നു പാറക്കല്ലുകള്‍ നെട്ടന്റെ പ്രതീകമായി കരുതുന്നു. ഇടവപ്പാതിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ ഇവ മുങ്ങും. ജലസമൃദ്ധിയില്‍ പാറക്കല്ലുകള്‍ മൂടുന്നതാണ്‌ നെട്ടന്റെ കുറിയായി ആചരിക്കുന്നത്‌.പരപ്പുഴയോടു ചേര്‍ന്നുകിടക്കുന്ന ആതമംഗലം കായലിനു കുറുകെ ശിവന്റെ ഭൂതഗണങ്ങള്‍ പാലം പണിയാനായി സ്‌ഥാപിച്ചതാണ്‌ നെട്ടന്റെ പ്രതീകമായി അറിയപ്പെടുന്ന പാറക്കല്ലുകലെന്നു ഐതിഹ്യം. നെട്ടന്റെ കുറിയെടുക്കുന്നതോടെ കാലവര്‍ഷത്തിനു തുടക്കമാവുമെന്ന്‌ പഴമക്കാര്‍ വിശ്വസിക്കുന്നു. എടവം പതിനഞ്ചിനാണ്‌ നെട്ടന്റെ കുറി ആചരിക്കുക.
നെട്ടന്റെ കുറിക്കു പായസം വിളമ്പുക പുളിയിലയിലാണത്രേ!.
പെരുവല്ലൂര്‍ പാടശേഖരങ്ങളുടെ പടിഞ്ഞാറെ കരയിലുള്ള ദേവീക്ഷേത്രത്തില്‍ രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍ക്കായി നൂറുകണക്കിന്‌ ഭക്‌തര്‍ എത്തുന്നു. പരപ്പുഴയില്‍ ഉയര്‍ന്നു നിന്നിരുന്ന നെട്ടന്റെ പ്രതീകമായ മൂന്ന്‌ പാറക്കല്ലുകള്‍ ഇടവപ്പാതിയുടെ ജലസമൃദ്ധിയില്‍ മുങ്ങുന്നതാണ്‌ നെട്ടന്റെ കുറിയായി പറയുന്നത്‌.
വായ്‌ത്താരിപോലെ കൈമാറിവന്ന ഒരു പുരാവൃത്തമാണിത്‌. കഥ ആയിരത്താണ്ടു പുറകിലേക്കൊഴുകുന്നു. രാത്രിയില്‍ ക്ഷേത്രം പണിതീര്‍ത്ത ശിവഭൂതഗണങ്ങള്‍ ബാക്കി വന്ന കല്ലുകള്‍ കൊണ്ട്‌ കായലിനു കുറുകെ ഒരു പാലം തീര്‍ക്കുവാന്‍ ആലോചിക്കുകയാണ്‌. പുലരുവാന്‍ ഇനിയും നാഴികകള്‍ ബാക്കിയുണ്ട്‌ എന്ന ധൈര്യത്തില്‍. എന്നാല്‍ കുസൃതിയായ ദേവി, കോഴികൂവുന്ന സ്വരം ഉണ്ടാക്കുകയും, നേരം പുലര്‍ന്നെന്നു കരുതി ഭൂതഗണങ്ങള്‍ കായലില്‍ നാട്ടിയ മൂന്നു കൂറ്റന്‍ പാറക്കല്ലുകള്‍ അവിടെ ഉപേക്ഷിച്ചു സ്ഥലം വിടുകയുമായിരുന്നത്രെ. പിറ്റേന്ന്‌ നാട്ടുകാര്‍ എത്തുമ്പോള്‍ ഈ പാറകള്‍ കായലില്‍ താഴ്‌ന്നു പോയി!.

കെ.ബി. മേനോന്‍ കവിതയായ്‌ പാടുന്നു:

``സംസ്‌കാരം പരിഷ്‌കാരവുമുള്ളോരായ്‌
വീണ്ടും ജീവിച്ചു വരുന്നു മര്‍ത്യന്‍
പുത്തനാം പാലം പണിയുവാന്‍ വന്നവര്‍-
ക്കൊത്തില്ല....തൂണുകള്‍ ഇളക്കിമാറ്റാന്‍
പിറ്റേന്നു പാലം പണിക്കാരു വന്നപ്പോ-
ളത്ഭുതം...തൂണുകള്‍ താണുപോയി.
കായല്‍ നിലങ്ങളായ്‌ മാറി...പരപ്പുഴ
ചാലായ്‌ മാറി...കാലാന്തരത്തില്‍
വര്‍ഷങ്ങള്‍ നീങ്ങവേ, യാത്രയ്‌ക്കു, പാലമായ്‌
ബസ്സുകള്‍, കാറുകള്‍...മോട്ടോറുകള്‍
നാട്ടിന്‍ പുറങ്ങള്‍...ഗ്രാമങ്ങളായി...
വെറ്റിലച്ചെല്ലം വലിച്ചുവെച്ചങ്ങനെ
മുത്തശ്ശി തന്റെ കഥകള്‍...നിര്‍ത്തി''

മരണത്തെ മറികടന്ന കുന്തിപ്പുഴ


പുഴകളുടെ മരണം സംഭവിക്കുന്നത്‌ മനുഷ്യന്റെ കൈകൊണ്ടു മാത്രമാണ്‌. മരിച്ചു ജീവിക്കുന്ന പുഴകള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്‌. മനുഷ്യന്റെ കരാള ഹസ്‌തകങ്ങളില്‍ പിടഞ്ഞു മരിക്കുമായിരുന്ന സുന്ദരിയായ ഒരു പുഴയുണ്ട്‌. ഭാഗ്യം കൊണ്ട്‌ ഇന്നും അവള്‍ ഒഴുകുന്നു, ശാന്തയായി, ചിരികളികളുമായി. സൈലന്റ്‌ വാലിയില്‍ നിന്നുള്ള കാട്ടരുവികള്‍ ചേര്‍ന്ന്‌ പുഴയായി മാറുന്ന കുന്തിപ്പുഴ. പതിനഞ്ചുകിലോ മീറ്ററോളം സൈലന്റ്‌ വാലി മഴക്കാടുകളിലൂടെ  ഒഴുകുന്ന കുന്തിപ്പുഴ പിന്നീട്‌ മണ്ണാര്‍ക്കാടന്‍ സമതലത്തിലേക്ക്‌ കടക്കുന്നു. ഭാരതപ്പുഴയുടെ കൈവഴിയായ തൂതയിലാണ്‌ കുന്തിപ്പുഴ ചെന്നു ചേരുക.


നിശബ്ദതയുടെ താഴ്‌വരയില്‍ നിന്നുള്ള നേര്‍ത്ത കുളിരുറവകളാണ്‌ പുഴയായി മാറുന്നത്‌. പുഴ പൂര്‍ണരൂപത്തിലാവുന്നിടത്തു വനം വകുപ്പിന്റെ ബോര്‍ഡുണ്ട്‌. അതില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു: ``കാട്ടുചോലകളൊന്നിച്ച കുന്തിപ്പുഴ ഈ മലന്താഴ്‌വാരത്തിലൂടെ ഒഴുകി, കാടിന്റെ തണുപ്പില്‍ നിന്ന്‌, മലമുകളില്‍ നിന്ന്‌ പുറത്തുകടക്കുന്ന യാത്ര ഇവിടെ തുടങ്ങുന്നു. ഈ ഗര്‍ത്തത്തിനൊടുവില്‍ പാത്രക്കടവും കടന്ന്‌ മണ്ണാര്‍ക്കാട്‌ സമതലങ്ങളിലേക്കു കുത്തിയൊഴുകുന്നു. ഇവിടെ വച്ച്‌ ഈ ഒഴുക്ക്‌ എന്നെന്നേക്കുമായി നിലയ്‌ക്കുമായിരുന്നു. സൈലന്റ്‌ വാലി ജലവൈദ്യുത അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥാനമിതായിരുന്നു...''
പുഴ മഴക്കാടുകളെ രണ്ടുഭാഗമായി തിരിച്ചുകൊണ്ടാണ്‌ ഒഴുകുന്നത്‌. വന്‍മരങ്ങള്‍ കുടപിടിക്കുന്ന വഴിയിലൂടെ അടിക്കാടുകള്‍ വകഞ്ഞു മാറ്റി നടക്കുക പുഴയുടെ ഓരം ചേര്‍ന്ന്‌. അനുഭൂതിദായകമാണ്‌. പുഴയുടെ കിഴക്കേ കരയില്‍ രണ്ടു കിലോമീറ്ററും പടിഞ്ഞാറെ കരയില്‍ അഞ്ചു കിലോമീറ്ററുമാണ്‌ വനഭൂമി, സൈലന്റ്‌ വാലി ദേശീയോദ്യാനം. കണ്ണീരുപോലുള്ള വെള്ളമാണ്‌ കുന്തിപ്പുഴയുടെ പ്രത്യേകത. താഴ്‌വരയുടെ കിഴക്കന്‍ ചെരിവില്‍ നിന്നുത്ഭവിക്കുന്ന കുന്തന്‍ ചോലപ്പുഴ, കരിങ്ങാത്തോടു, മദ്രിമാരന്‍ തോട്‌, വലിയപാറത്തോട്‌, കുമ്മന്‍ന്തന്‍ തോട്‌ എന്നീ ചോലകള്‍ പുഴയെ പുഷ്ടിപ്പെടുത്തുന്നു. ആഴം നന്നെ കുറവാണ്‌ പുഴക്ക്‌. വെള്ളപ്പൊക്കം പോലുള്ള കെടുതികളില്ല. പശ്ചിമഘട്ടനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശം കുന്തിപ്പുഴക്കു മാത്രം സ്വന്തം. പന്ത്രണ്ടു കിലോമീറ്ററോളം പുഴയുടെ തീരം കുത്തനെ ചരിഞ്ഞാണ്‌ പോകുന്നത്‌. 1861 മീറ്റര്‍ മുതല്‍ 900 മീറ്റര്‍ വരെ പുഴമ്പള്ളം ചായുന്നു. അവസാനത്തെ എട്ടുകിലോമീറ്റര്‍ അറുപതുമീറ്ററോളം ചരിഞ്ഞാണ്‌ കിടക്കുന്നത്‌.
മാമരങ്ങള്‍ കുടപിടിക്കുന്ന മഴക്കാട്‌ കണ്ടെത്തിയ ബ്രിട്ടീഷുകാരാണ്‌ സൈലന്റ്‌ വാലി എന്ന്‌ ഈ മനോഹരതാഴ്‌വരയ്‌ക്ക്‌ പേര്‌ കല്‍പ്പിച്ചു കൊടുത്തതത്രെ. കാടുകളെ ശബ്ദമുഖരിതമാക്കുന്ന മണ്ണട്ടകളുടേയും ചീവീടുകളുടേയും ചിലപ്പ്‌ ഇവിടെ ഇല്ല. മഹാമൗനത്തില്‍ ആണ്ടുകിടക്കുന്ന താഴ്‌വരയെ അവര്‍ സൈലന്റ്‌ വാലി എന്നു വിളിച്ചു. എന്നാല്‍, ഈ പ്രദേശത്തിന്റെ മലയാളത്തിലെ പേര്‍ സൈരന്ധ്രിവനം എന്നായിരുന്നു. പാണ്ഡവരുടെ വനവാസകാലവുമായാണ്‌ ഈ പേരിനു ബന്ധം. പാണ്ഡവരും പത്‌നി ദ്രൗപദിയും ഇവിടെ പുഴക്കരികിലുള്ള ഗുഹയില്‍ തങ്ങിയിരുന്നു എന്നാണ്‌ കഥ. മനോഹരമായ ഈ താഴ്‌വര അവരെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്‌. ചാഞ്ഞിറങ്ങുന്ന പുല്‍മേടുകള്‍ താഴവരയിലെ മരക്കൂട്ടങ്ങളില്‍ ചെന്നു ലയിക്കുന്നു...ഇടതിങ്ങിയ വനത്തിനുള്ളിലൂടെ തുളളിപ്പുളച്ചൊഴുകുന്ന കണ്ണീര്‍പ്പുഴ. അതിരാവിലെയും സായാഹ്നങ്ങളും ആനയും പുലിയും ഒന്നിച്ചു തന്നെ ഇവിടെ നിന്നു ദാഹം തീര്‍ക്കുന്നു...എല്ലാ ജീവികളും സഹവര്‍ത്തിത്തോടെ കഴിയുന്ന താഴ്‌വര മനുഷ്യസ്‌പര്‍ശമില്ലാത്തതുമായിരുന്നു. ദ്രൗപതി പേരായ സൈരന്ധ്രി എന്ന വാക്കില്‍ നിന്നാണ്‌ ഈ പേരിന്റെ ഉത്ഭവമത്രെ. 1857ലാണ്‌ ബ്രിട്ടീഷ്‌ സസ്യശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ വൈറ്റ്‌ സൈലന്റ്‌ വാലിയില്‍ എത്തുന്നത്‌. ചീവീടുകളുടെ ചിലപ്പിന്റെ അസാന്നിധ്യം ശ്രദ്ധിച്ച വൈറ്റ്‌ താഴ്‌വരയ്‌ക്കു സൈലന്റവാലി എന്നു പേര്‍ കൊടുത്തു. 1985ലാണ്‌ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്‌. വൈദ്യുതി ബോര്‍ഡിന്റെ ജലവൈദ്യുതി പദ്ധതിക്കുള്ള നീക്കങ്ങള്‍ക്കെതിരേ നടന്ന ജനകീയ സമരങ്ങള്‍ ചരിത്രമാണ്‌. കുന്തിപ്പുഴക്ക്‌ അണകെട്ടി വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള നീക്കമാണ്‌ പരിസ്ഥിതി സ്‌നേഹികളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടത്‌. കേരളത്തിലെ അവസാനത്തെ മഴക്കാടും അതോടെ മുടിഞ്ഞുപോകുമായിരുന്നു. കുന്തിപ്പുഴയുടെ ചരമക്കുറിപ്പും. പുഴ ഇന്നും ഒഴുകുന്നു. മരിച്ചില്ലെന്ന ആഹ്ലാദം നമുക്ക്‌ കണ്ടറിയാം. പുഴയുടെ ആ ചിരി നമുക്ക്‌ കേട്ടറിയാം...

വടക്കുന്നാഥ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങളും യക്ഷിയും



ക്ഷേത്രങ്ങളും തീര്‍ത്ഥകേന്ദ്രങ്ങളുമായുമെല്ലാം ബന്ധപ്പെട്ട് വിശ്വാസങ്ങളും കേട്ടുകേഴ്വികളും ധാരാളമായി ഉണ്ടാകാറുണ്ട്. കേരളത്തില്‍ മഹാക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഇവയില്‍ പലതും മണ്‍മറഞ്ഞു കിടക്കുന്നു. അതു ഓര്‍മ്മിക്കുന്ന തലമുറകള്‍ കഴിഞ്ഞുവരവേ പലതും തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അന്ധവിശ്വാസവും വിശ്വാസവുമെല്ലാം മാറ്റിവച്ചാലും വളരുന്ന തലമുറകള്‍ക്ക്, നമ്മുടെ പൈതൃക വിശേഷം കൈമാറേണ്ടത് തീര്‍ച്ചയായും അനിവാര്യമാണ്. തലമുറകളുടെ ഇഴയടുപ്പം നഷ്ടപ്പെടുന്നതിന്റെ അടിസ്ഥാനം ഇത്തരം കൈമാറ്റം നടക്കാത്തതുമാത്രമാണ്.
തൃശൂരിന്റെ നാഥനായ ശ്രീവടക്കുന്നാഥ ക്ഷേത്രത്തിന്, വിശ്വാസത്തേക്കാള്‍ ചരിത്ര പ്രാധാന്യം ഏറെയാണ്. ടിപ്പുവിന്റെ പടയോട്ടത്തെ കുറിച്ചുപോലും ഈ ക്ഷേത്രം നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുന്നു. 
ഒമ്പതേക്കറില്‍ തൃശൂര്‍ നഗരമധ്യത്തില്‍ പരന്നു കിടക്കുന്ന ഈ മഹാക്ഷേത്രത്തില്‍ അത്യപൂര്‍വ്വമായ ചുമര്‍ ചിത്രങ്ങളുണ്ട്. പലതും നാശോന്മുഖമായി കഴിഞ്ഞു ഇന്ന്. പുനഃസൃഷ്ടിക്കാനാവില്ലെന്നതിന്റെ പേരില്‍ പലതും കുമ്മായമടിച്ച് മായ്ച്ചു കളയുകയും ചെയ്തു!. ഇന്ന് കേന്ദ്രപുരാവസ്തുവകുപ്പാണ് ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല ഏറ്റിരിക്കുന്നത്. ചുവര്‍ ചിത്രങ്ങള്‍ സംരക്ഷിക്കാനുള്ള പ്രയത്നം നടന്നുവരുന്നു.
വടക്കുന്നാഥനിലെ ചുവര്‍ചിത്രങ്ങളുടെ ജീവചൈതന്യം വ്യക്തമാക്കുന്ന ഒട്ടനവധി അനുഭവകഥകള്‍ പഴയ തലമുറ കൈമാറിവന്നിട്ടുണ്ട്. അതിലൊന്നാണ് യക്ഷിയുടെ ചിത്രം. മൂന്നു ശ്രീകോവിലുകളിലൊന്നിലായിരുന്നു എന്നാണ് പറയുന്നത്. ഐതിഹ്യകഥയിലും ഇതിനെ കുറിച്ചു പറയുന്നുണ്ട്. ചിത്രകാരന്റെ അസാമാന്യമായ സിദ്ധിവിശേഷം കൊണ്ടാവാം ഈ ചിത്രത്തിന് ജീവചൈതന്യം ഉണ്ടായി വന്നത്രെ. അതി സുന്ദരിയായ സ്ത്രീരൂപമായിരുന്നു ഈ യക്ഷി ചിത്രത്തിന്. ചിത്രത്തില്‍ നോക്കി 'ഇന്നു വരുമോ' എന്നു ചോദിച്ചാല്‍, അന്നു രാത്രി, അയാളുടെ അരികില്‍ എത്തുമായിരുന്നു എന്നാണ് കഥ. ഒരിക്കല്‍  ക്ഷേത്രത്തില്‍ ഭജനത്തിനെത്തിയ ഒരു നമ്പൂതിരി, കൂട്ടുകാരുമായുള്ള വാതുവയ്പ്പിന്റെ പേരില്‍ യക്ഷിചിത്രം നോക്കി 'ഇന്നു രാത്രി വരുമോ?' എന്നു ചോദിച്ചു വത്രെ. രാത്രി ഉറങ്ങാന്‍ കിടന്ന നമ്പൂതിരിയുടെ അടുത്ത് പ്രാപിക്കാനായി യക്ഷി എത്തുകയും ചെയ്തു!. പരിഭ്രമിച്ചുവശായ നമ്പൂതിരി അര്‍ദ്ധപ്രാണനായി. ക്ഷുഭിതയായ യക്ഷി അയാളുടെ ചെകിടത്തടിക്കുകയും പല്ലു മുപ്പത്തിരണ്ടും കൊഴിക്കുകയും ചെയ്ത് പൊയ്ക്കളഞ്ഞു!. ചിത്രത്തിന്റെ ജീവചൈതന്യവും അപകടവും മനസ്സിലാക്കി ഇതു മായ്ച്ചു കളഞ്ഞുവെന്നാണ് പഴമക്കാര്‍ പറയുന്നത്.

മറ്റൊരു മഹത്തായ ചുവര്‍ചിത്ര സൃഷ്ടി നൃത്തനാഥന്റേതാണ്. പടിഞ്ഞാറെ പ്രവേശന കവാടം കടന്നാല്‍, ഇടതുവശത്തെ ചുവരിലാണ് പ്രപഞ്ചംമുഴുവന്‍ നിറയുന്ന ഇരുപതുകൈകളോടെയുളള നൃത്തനാഥന്റെ ചിത്രം. ഇതിനു 350ലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പുരാവസ്തുവിദഗ്ധര്‍ പറയുന്നത്. ചിത്രം വരച്ചശേഷം, ദേവന്റെ കണ്ണു തുറപ്പിക്കുക എന്നത് ഒരു ദൈവീക പ്രക്രിയായി കണക്കാക്കുന്നു. നേത്രോന്മീലിതം നിര്‍വ്വഹിച്ചാല്‍, ചിത്രത്തില്‍ സ്വയമേവ ചൈതന്യം കുടികൊള്ളുമെന്നാണ് പറയുന്നത്. നൃത്തനാഥന്റെ മിഴി തുറപ്പിക്കുന്ന നേരത്ത് ഭൂമികുലുക്കം ഉണ്ടായെന്ന് പഴമക്കാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഈ ചിത്രത്തില്‍ നിത്യപൂജ പതിവാക്കി. ഇന്നും അതു തുടര്‍ന്നു വരുന്നു. ഇതിന്റെ തൊട്ടുള്ള ചുവരില്‍ വാസുകീശായിയായ മഹാദേവന്റെ മറ്റൊരു ചുവര്‍ ചിത്രമുണ്ട്. ഇതു ലോകത്ത് എവിടേയും കാണാത്തതാണെന്ന് ചരിത്രഗവേഷകര്‍ സമ്മതിക്കുന്നു..

മറക്കാനാകുമോ പത്രക്കാരാ പോത്തനേ......?

ഇന്ത്യയില്‍ 28 പത്രങ്ങള്‍ എഡിറ്റു ചെയ്യുക!. 52 വര്‍ഷം മുടങ്ങാതെ കോളമെഴുതുക...!. പത്രക്കാരാ മറക്കാനാകുമോ പോത്തന്‍ ജോസഫിനെ?. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ പുതിയ പുതിയ താരോദയങ്ങള്‍....ജനങ്ങള്‍ക്കറിയില്ല ചരിത്രം. ഇത്രയും ചങ്കൂറ്റമുള്ള, വ്യക്തിപ്രഭാവമുള്ള പത്രാധിപരേ...അയാള്‍ മലയാളിയായിരുന്നു എന്നതില്‍ ആര്‍ക്കെങ്കിലും അഭിമാനം തോന്നിയിട്ടുണ്ടോ?. ഈ പേര്‍ പോലും കേട്ടു പരിചയിച്ചിട്ടില്ലാത്ത തലമുറകള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍(കഥകള്‍)വായിച്ചു മലയാളി അന്തം വിടുന്ന കാലത്ത്‌ ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നെന്ന്‌ തോന്നുന്നു.
പോത്തന്‍ ജോസഫിനെ മറക്കാറായില്ല. ഇന്ത്യയില്‍ പത്രങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലമെങ്കിലും. ഹിന്ദുസ്ഥാന്‍ ടൈംസ്‌, ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌, ഡെക്കാന്‍ ഹെറാള്‍ഡ്‌.....പത്രസാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയ മഹാരഥനായ ഈ പത്രാധിപരെ മാനേജുമെന്റുകള്‍ അപമാനിച്ചു ഇറക്കിവിടുകയായിരുന്നു. വേദനയോടെയാണെങ്കിലും തന്റെ മഹാസാമ്രാജ്യങ്ങളില്‍ നിന്നും അദ്ദേഹം ഇറങ്ങിപ്പോന്നു......പക്ഷെ പോത്തനു പകരം മറ്റൊരു പോത്തനുണ്ടായില്ല....മഹാപ്രതിഭകളുടെ പത്രപ്രവര്‍ത്തന ലോകത്തിനു ലോപം സംഭവിച്ചു. ഒപ്പം രാജ്യത്തിനും.
പോത്തനെ ഓര്‍ക്കുന്ന പഴയ തലമുറക്കാര്‍ ഇന്ന്‌ അധികം ഇല്ല. ഉണ്ടെങ്കിലും അദ്ദേഹത്തിനെ ഓര്‍ക്കേണ്ട കാര്യം അവര്‍ക്കു നിത്യ ജീവിതത്തില്‍ ഉണ്ടാകുന്നില്ല...പണാടിസ്ഥാനത്തില്‍ ജോലിചെയ്യുമ്പോള്‍ സ്വാഭാവികമായും പത്രത്തിലെ ജോലി, കൂലിപ്പണിയാകും. മറ്റേതുജോലിയേയും പോലെ. ഒരു പണിയും കിട്ടാത്തതുകൊണ്ട്‌ പൊലീസുകാരനായി, എന്നു പറഞ്ഞതുപോലെ, ഒരു പണിയും ഇല്ലാത്തതുകൊണ്ട്‌ പത്രക്കാരനായി എന്നു പറയുന്ന കാലത്ത്‌ മറ്റൊന്നും പ്രതീക്ഷിക്കാനും വയ്യല്ലോ?.
ഗാന്ധിജിയുടെ ഹരിജന്‍ മുതല്‍ മുഹമ്മദാലിജിന്നയുടെ ഡോണ്‍ വരെ എഡിറ്റു ചെയ്‌ത പോത്തനെ ഏതുകോളത്തില്‍ പെടുത്താം?. പോത്തന്‍ ഉരുളുകയായിരുന്നു, പത്രങ്ങളില്‍ നിന്നു പത്രങ്ങളിലേയ്‌ക്കു. തന്റെ ഉരുളലിനെ പോത്തന്‍ ന്യായീകരിച്ചു: പായല്‍ പിടിച്ചതുകൊണ്ട്‌ കല്ലിനെന്തു ഗുണം?. ആംഗലേയത്തില്‍ വാഗ്‌ഭടനായിരുന്നു പോത്തന്‍. കുറിയ കുറിയ വാക്കുകളില്‍ കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍...! പോത്തന്റെ `ഓവര്‍ എ കപ്പ്‌ ഓഫ്‌ റ്റീ' വായിച്ചവര്‍ കോളത്തിന്റെ അടിമകളും ആരാധകരുമായി. ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്രുവും വരെ ഈ കോളം വായിക്കുന്നവരായി. കൂരമ്പുകള്‍ പോലുള്ള ഹാസ്യം....ഡിക്കന്‍സിനെ കവച്ചുവച്ചു. പണിയെടുത്ത പത്രങ്ങളില്‍ അദ്ദേഹം രാജാവും പ്രജയുമായി. പത്രമുതലാളിമാര്‍ ഉദയം ചെയ്യാത്ത ആ കാലത്തും അദ്ദേഹം, പത്രപ്രവര്‍ത്തകര്‍ മാന്യമായ ശമ്പളം ലഭിക്കേണ്ട ജോലിചെയ്യുന്നവരാണെന്ന്‌ ശഠിച്ചു. വിവരമില്ലാത്തവനേ പ്രതിഫലത്തിനല്ലാതേ എഴുതൂ- പോത്തന്‍ തുറന്നടിച്ചു.
പോത്തന്റെ കുടുംബജീവിതം അസ്വസ്ഥവും അസ്ഥിരവും തന്നെയായിരുന്നു. അതില്‍ അദ്ദേഹം ദുഃഖിതനായിരുന്നു. എന്നാല്‍ ബുദ്ധിപരമായ വ്യായാമത്തില്‍ മുഴുകിയ അദ്ദേഹം അതൊന്നും സാരമാക്കിയതേയില്ല. അതാണല്ലോ, ബ്രിട്ടീഷ്‌ റെയില്‍വേയില്‍ പിആര്‍ഒ ആയി ജോലി ലഭിച്ചിട്ടും അതു നിസ്സാരമായി വലിച്ചെറിഞ്ഞത്‌!. ശങ്കര്‍ എന്ന ഇന്ത്യയുടെ കാര്‍ട്ടൂണ്‍ പിതാവിനെ കണ്ടെടുത്തതും അദ്ദേഹത്തെ തേച്ചുമിനുക്കിയെടുത്തതും പോത്തന്‍ ജോസഫെന്ന മഹാനായ പത്രാധിപരായിരുന്നു. പോത്തനില്ലായിരുന്നെങ്കില്‍ ശങ്കര്‍ ഉണ്ടാവുമായിരുന്നില്ല എന്നു പറയുമ്പോള്‍ ആ പ്രതിഭയുടെ മഹത്ത്വം നാം തിരിച്ചറിയും.
1892 മാര്‍ച്ച്‌ 13ന്‌ ചെങ്ങന്നൂരില്‍ സിഐ ജോസഫിന്റേ മകനായി ജനിച്ച പോത്തന്‍ മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദവും പിന്നെ ബോംബെയില്‍ നിന്നും എല്‍എല്‍ബിയും കരസ്ഥമാക്കി. എന്നാല്‍ പത്ര രംഗത്തു ജീവിച്ചു മരിക്കാനായിരുന്നു യോഗം. പൂരം നക്ഷത്ര ജാതനായ പോത്തന്‌ ഉഗ്രമായ ഭാവിയാണത്രെ ജ്യോതിഷന്‍മാര്‍ പ്രവചിച്ചത്‌. അതു തെറ്റുകയുമുണ്ടായില്ല!. വ്യക്തി ജീവിതത്തിലല്ലാതെ...
പോത്തന്റെ കോളം നിത്യജീവിതം മുതല്‍ കൂലങ്കുഷമായ രാഷ്‌ട്രീയ കാര്യങ്ങള്‍വരെ ഒരു പോലെ കൈകാര്യം ചെയ്‌തു. ബോംബെ നഗരസഭാ തെരഞ്ഞെടുപ്പിനോടുണ്ടായ അഭിപ്രായ ഭിന്നതയില്‍ ജോസഫ്‌ എഴുതി, പട്ടികളെ പോലെ പെരുമാറുന്നവരെ പട്ടികളെ പോലെ കണക്കാക്കണമെന്ന്‌. നഗരസഭ ക്ഷമാപണം ആവശ്യപ്പെട്ടു. ബോംബെ ക്രോണിക്കിളില്‍ ആയിരുന്നു കുറിപ്പ്‌. എന്നാല്‍ ക്ഷമാപണകുറിപ്പില്‍ പോത്തന്റെ വക `പട്ടി' വിളികളായിരുന്നു!. വൈസ്‌റോയിയുടെ എക്‌സിക്യൂട്ടീവും ആഭ്യന്തര കൗണ്‍സില്‍ അംഗവുമായ വ്യക്തിയെ ഭരണകൂടത്തിന്റെ `കാവല്‍നായ' എന്നും അദ്ദേഹം വിശേഷിപ്പിച്ചു കളഞ്ഞു..കൂടുതല്‍ നാണക്കേട്‌ ഒഴിവാക്കാന്‍ നഗരസഭ `ക്ഷമാപണം' നിരുപാധികം സ്വീകരിച്ചു കളഞ്ഞു എന്നത്‌ ചരിത്രം!.
മദ്യമായിരുന്നു പോത്തന്റെ ഇഷ്ടതോഴന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍ ക്യാബിനില്‍ കുടിച്ചു കറങ്ങയിരുന്ന പോത്തന്‍. ജിന്നയോടു ഒരിക്കല്‍ പോത്തന്‍ പറഞ്ഞു, മിസ്‌റ്റര്‍ ജിന്ന നിങ്ങള്‍ ഭാഗ്യവാനാണ്‌, കാരണം നിങ്ങളുടെ പേരിനൊപ്പം മാതാപിതാക്കള്‍ `ജിന്‍' എന്നു ചേര്‍ത്തു തന്നിരിക്കുന്നു. പക്ഷെ എനിക്കു വേണ്ടത്‌ ഞാന്‍ തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണ്‌......
പോത്തന്റെ അസ്ഥിരത പത്രപ്രവര്‍ത്തനത്തില്‍ മാത്രമായി ഒതുങ്ങിയില്ല. സ്വന്തമായി ഒരു വീടുപോലും പോത്തനു അവിശ്വസനീയമായിരുന്നു. രോഗിണിയായ ഭാര്യയെ വേണ്ടപോലെ അടുത്തിരുന്നു ശുശ്രൂഷിക്കാനായില്ലെന്ന്‌ അദ്ദേഹം ഖേദിച്ചിരുന്നു അവസാന കാലത്ത്‌. ബാംഗ്ലൂരില്‍ ആരംഭിച്ച ഡക്കാന്‍ ഹെറാള്‍ഡും പോത്തന്റെ നേതൃത്വത്തില്‍ കുതിച്ചുയര്‍ന്നു. പത്രപ്രവര്‍ത്തനത്തിലെ രാഷ്‌ട്രീയ കളികള്‍ പോത്തനു അന്നു വശമില്ലായിരുന്നു. ജീവിതത്തിന്റെ അവസാന ഘട്ടത്തിലും പോത്തന്‍, താന്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തില്‍ നിന്നു ഇറങ്ങിപ്പോന്നു...ഒടുവില്‍ ബാംഗ്ലൂര്‍ നിരത്തില്‍ നടന്നു പോവുകയായിരുന്ന പോത്തനെ യുവാക്കള്‍ ഓടിച്ച കാര്‍ ഇടിച്ചു വീഴ്‌ത്തി....അത്‌ ആ മഹാജീവിതത്തിനു അന്ത്യമാവുകയായിരുന്നു.

ശക്തന്റെ കൊട്ടാരത്തിലെ ചിലമ്പൊലികള്‍...


തൃശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് ശക്തന്‍ തമ്പുരാന്‍ കോവിലകം. കൊച്ചിയുടെ മുഖഛായ മാറ്റിയ രാജഭരണത്തിന്റെ തിരുശേഷിപ്പ്. വിശാലമായ വടക്കേച്ചിറയുടെ കരയില്‍ രാജകീയപ്രൌഢി ഒളിമങ്ങാതെ നില്‍ക്കുന്ന കൊട്ടാരക്കെട്ട്, ഇന്ന് പുരാവസ്തു മ്യൂസിയമാണ്. കൊച്ചി രാജവംശത്തിലെ, ഏറ്റവും കരുത്തനായ തമ്പുരാന്‍, രാമവര്‍മ്മ ശക്തന്‍ തമ്പുരാന്‍ ജീവിതകാലം അധികവും ചിലവഴിച്ചത് ഇവിടെയാണ്. അദ്ദേഹത്തിന്റെ കുഴിമാടം ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൊച്ചി രാജവംശത്തിന്റെ തലസ്ഥാനം തൃപ്പൂണിത്തുറയാണെങ്കിലും, ശക്തന്‍തമ്പുരാന് തൃശൂരിനോടു വേറിട്ടൊരു സ്നേഹമായിരുന്നു. ജനിച്ചു വീണയുടന്‍ അമ്മയുടെ മരണം. പിന്നെ വളര്‍ന്നത് ചെറിയമ്മയുടെ തണലില്‍. കൊട്ടാരം ജ്യോത്സ്യന്‍ ഗണിച്ചു പറഞ്ഞു, ഉണ്ണി അല്‍പ്പായുസ്സാണെന്ന്. കൊട്ടാരത്തിനോടുള്ള ചേര്‍ന്നുള്ള അശോകേശ്വരം ശിവക്ഷേത്രത്തിലെ ആല്‍മരച്ചുവട്ടില്‍ പ്രത്യക്ഷപ്പെട്ട ഒരു സന്യാസി, ചെറിയമ്മയോടു പറഞ്ഞു, ഈ ശിവമൂര്‍ത്തിയെ ഉപാസിക്കുക. അങ്ങിനെ പൊന്നു തമ്പുരാന്റെ ആയുസ്സിനായി നടന്ന പ്രാര്‍ത്ഥന ഫലം കണ്ടുവെന്ന് കഥകള്‍. ആറാട്ടുപുഴ പൂരത്തിനേറ്റ അപമാനത്തിന് പ്രതികാരമായി, വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം സൃഷ്ടിച്ച് തൃശൂര്‍ക്കാരുടെ തമ്പുരാനായി അദ്ദേഹം, പിന്നീട്.
കോവിലകം സര്‍ക്കാര്‍ ഏറ്റെടുക്കയും അത് പുരാവസ്തു മ്യൂസിയമായി മാറ്റുകയും ചെയ്തു. കൊട്ടാരക്കെട്ടിന്റെ പ്രൌഢിയും പഴമയും നിലനിര്‍ത്തിക്കൊണ്ടു തന്നെ, തനതു ശൈലിയിലാണ് നവീകരണം നടത്തിയത്. ചുവരുകള്‍ക്ക് ശര്‍ക്കരകൂട്ടു തന്നെ ഉപയോഗിച്ചു. വൈദ്യുതി എത്തിക്കാനായി ചുവരുകള്‍ തുളക്കുന്നതും മറ്റും ഒഴിവാക്കുകയും ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം, വിവിധ മ്യൂസിയങ്ങളുടെ കലവറകളില്‍ കൂട്ടിയിട്ടിരുന്ന അപൂര്‍വ്വ വസ്തുക്കളടക്കം ഇവിടെ പ്രദര്‍ശനത്തിനെത്തിച്ചു. കൊച്ചി രാജാക്കന്‍മാരുടെ ഡര്‍ബാര്‍ വേഷം, സിംഹാസനം, പള്ളിവാള്‍ എന്നിവയും വിപുലമായ നാണയശേഖരവും ഇവിടത്തെ ഗ്യാലറികളില്‍ പ്രദര്‍ശനത്തിനൊരുക്കി. പുരാവസ്തു വകുപ്പ് ക്യൂറേറ്റര്‍ ബാലമോഹനായിരുന്നു ഇതിന്റെ ചുമതല. കൊച്ചി രാജവംശത്തിന്റെ ഭരദേവതയായ പഴയന്നൂര്‍ ഭഗവതിയുടെ പ്രതിഷ്ഠ നടുമുറ്റത്തെ മുല്ലത്തറയില്‍ ഉണ്ടായിരുന്നു. നിത്യപൂജയുണ്ടായിരുന്നതിനാല്‍, മ്യൂസിയമാക്കുന്നതിനു മുമ്പായി, ഇത് രാജകുടുംബക്കാര്‍  തന്നെ ആവാഹിച്ചു കൊണ്ടുപോയി. സര്‍ക്കാര്‍ ചെലവില്‍ പൂജ പാടില്ലെന്നു നിയമം ഉണ്ട്!. 

മ്യൂസിയത്തിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ ഉണ്ടായ ചില അനുഭവങ്ങള്‍ക്ക് ഇന്നും വിശദീകരണമില്ലെന്നാണ്, ക്യൂറേറ്ററായ ബാലമോഹന്‍ പറയുന്നത്. പണിനടക്കുമ്പോള്‍ പലപ്പോഴും പണിക്കാര്‍ ഭയന്ന് ക്യൂറേറ്ററുടെ ഓഫീസിലെത്തും-കൊട്ടാരം വളപ്പിലെ സര്‍പ്പക്കാവില്‍ നിന്നു വലിയൊരു പാമ്പ് ഇഴഞ്ഞു വന്ന് നടുമുറ്റത്ത് ചുരുണ്ടു കിടക്കുന്നു. ആരേയും ഉപദ്രവിക്കാതെ അതു അവിടെ വന്നു കിടക്കും. ഇത് പതിവു സംഭവമായി. സര്‍പ്പത്തെ ബക്കറ്റിലാക്കി സര്‍പ്പാക്കാവില്‍ കൊണ്ടുചെന്നു വിടും- ബാലമോഹന്‍ ഓര്‍ക്കുന്നു. ഇതു നിരവധി ദിവസം തുടര്‍ന്നു. ഒരു ദിവസം രാത്രിയില്‍ വാച്ച്മാന്‍ വന്നു വിളിച്ചുണര്‍ത്തി. മ്യൂസിയത്തിനു പിറകിലുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലാണ് താമസം. പതറിയ ശബ്ദത്തിലാണ് വാച്ചുമാന്‍ സംസാരിച്ചത്: സാര്‍, കൊട്ടാരത്തിനുള്ളില്‍ നിന്നു ചിലങ്കയുടെ ശബ്ദം കേള്‍ക്കുന്നു..!. വാച്ചുമാനൊപ്പം കൊട്ടാരത്തില്‍ ചെന്നപ്പോള്‍, വ്യക്തമായും കേട്ടു, ചിലങ്കകിലുക്കി നടക്കുന്ന ശബ്ദം. വാച്ചുമാനോടു അതു സാരമില്ലെന്നു പറഞ്ഞു സമാധാനിപ്പിച്ചു...ഇതു പറയുമ്പോള്‍, ബാലമോഹന്റെ ശബ്ദത്തില്‍ ഇപ്പോഴുമുണ്ട് അവിശ്വസനീയത. പഴയ കൊട്ടാരങ്ങളും മറ്റും നവീകരിക്കുമ്പോള്‍, പലപ്പോഴും ഇതു പോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു. ശക്തന്‍തമ്പുരാന്‍ കിടന്നു മരിച്ച കട്ടില്‍ ഇപ്പോഴും ഇവിടെയുണ്ട്. മ്യൂസിയത്തിന്റെ മുകളിലെ നിലയിലെ വടക്കേമുറിയില്‍, അദ്ദേഹം മരിച്ച മുറിയില്‍ തന്നെ. സന്ദര്‍ശകര്‍ക്കായി, കാലത്തെ ഇവിടെ കൈക്കുമ്പിളിലാക്കി സൂക്ഷിച്ചിരിക്കുന്നു പുരാവസ്തുവകുപ്പ്. നഗരത്തിലെത്തുന്നവര്‍ക്ക്, പച്ചപ്പിന്റെ സുഖശീതളിമയുമൊരുക്കുന്നു ഈ മ്യൂസിയ സമുച്ചയം.

പെരുന്തച്ചന്റെ തച്ചും വെള്ളിനേഴിയുടെ കണക്കും


തൃശൂരിന്റെ നഗരപിതാവാണ് ശ്രീ വടക്കുന്നാഥന്‍. നഗരമധ്യത്തിലെ ചെറുകുന്നിനു മുകളിലുളള മഹാക്ഷേത്രത്തില്‍ പ്രതിഷ്ഠനടത്തിയതും പരശുരാമനെന്നാണ് കേഴ്വി. മഹാക്ഷേത്രത്തെ സദാ വലംവച്ചൊഴുകുന്ന തൃശൂര്‍ നഗരം..!. ഈ കാഴ്ച ലോകത്തെവിടേയും കാണാനാവില്ല. രാമവര്‍മ്മ കുഞ്ഞിപ്പിള്ള തമ്പുരാനെന്ന ശക്തനാണ് തൃശൂര്‍ നഗരത്തിന്റെ രാജശില്‍പ്പി. ചെറുകുന്നില്‍ നിന്നും ക്രമമായി താഴേക്ക് ഇറങ്ങിവരുന്നതാണ് നഗരത്തിന്റെ ഘടന. അറുപത്തഞ്ചേക്കര്‍ വരുന്ന പ്രശസ്തമായ തേക്കിന്‍കാടു മൈതാനം വടക്കുന്നാഥ ക്ഷേത്രമൈതാനമാണ്. ചരിത്രത്തിന്റെ താഴുകള്‍ തുറന്നുവേണം വടക്കുന്നാഥ ക്ഷേത്രത്തില്‍ കടന്നു ചെല്ലാന്‍. അന്വേഷണ മനസ്സുള്ള ഒരാള്‍ക്ക്, ഭക്തിയേക്കാള്‍ നോക്കികണ്ടു പഠിക്കാന്‍ ചരിത്രവും പുരാണങ്ങളും ഇവിടെ ഇഴചേര്‍ന്നു കിടക്കുന്നു. പഴമയുടെ ഗന്ധം പരത്തി നാലു കൂറ്റന്‍ ഗോപുരവാതിലുകള്‍. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും. കേരളീയ ശില്‍പ്പവൈദഗ്ധ്യത്തിന്റെ നിറച്ചാര്‍ത്താണീ ഗോപുരങ്ങള്‍. വിശാലമായ ക്ഷേത്രാങ്കണത്തിന് അതിരുടുന്നത് കൂറ്റന്‍ ആനപ്പള്ളമതിലുകള്‍. കേരളീയ വാസ്തു ശൈലിയുടെ മറ്റൊരു നിദര്‍ശനം.
ക്ഷേത്രത്തിന്റെ ശില്‍പ്പവൈശിഷ്ട്യത്തിന് മാറ്റുകൂട്ടുന്ന പടുകൂറ്റന്‍ കൂത്തമ്പലം, കിഴക്കേ നടയില്‍ കാണാം. സാക്ഷാല്‍ പെരുന്തച്ചന്‍ തീര്‍ത്തതാണിത്. ഇതിന്റെ ഗാംഭീര്യം ആരേയും വിസ്മയപ്പെടുത്തു. എന്നാല്‍ ഇന്നു കാണുന്ന കൂത്തമ്പലം, പെരുന്തച്ചന്റേതല്ല. കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച കൂത്തമ്പലം പില്‍ക്കാലത്ത് പുതുക്കിപ്പണിയുകയുണ്ടായി. തച്ചുശാസ്ത്ര വിദഗ്ധനായ വെളളിനേഴി നമ്പൂതിരിപ്പാടാണ്, പെരുന്തച്ചന്റെ കൈപ്പാടുവീണ ഈ കൂത്തമ്പലം പുതുക്കിപ്പണിയാന്‍ ധൈര്യം കാട്ടിയത്. 
കഥയിലേക്ക്ു കടക്കും മുമ്പ് അല്‍പ്പം ചരിത്രം: വടക്കുന്നാഥ ക്ഷേത്രത്തെ കുറിച്ച് ബ്രഹ്മാണ്ഡ പുരാണത്തിലും ഏതാനും ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ടെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രനിര്‍മ്മാണം പെരുന്തച്ചന്റെ കാലത്തായിരുന്നു. ഏഴാം നൂറ്റാണ്ടാണ് പെരുന്തച്ചന്റെ കാലം. അതായത് കൂത്തമ്പലത്തിന് 1300 വര്‍ഷത്തെ പഴക്കമെങ്കിലും കണക്കാക്കുന്നു. പ്രശസ്ത ചരിത്രകാരനായ വി.വി.കെ. വാലത്ത്, നിരീക്ഷിക്കുന്നത് ക്ഷേത്രം മുമ്പ്, ദ്രവിഡ സംസ്കാരത്തിന്റെ ഭാഗമായിരുന്ന കാവ് ആയിരുന്നു എന്നാണ്. ക്ഷേത്ര രേഖകള്‍ അനുസരിച്ച്, കൂടല്‍മാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, ഊരകം അമ്മത്തിരുവടി ക്ഷേത്രം എന്നിവയ്ക്കു വടക്കുന്നാഥ ക്ഷേത്രത്തേക്കാള്‍ പഴക്കമുണ്ടെന്നാണ്. എന്തായാലും ഇന്ത്യകണ്ട മഹാധിഷണാശാലിയായ ആദിശങ്കരന്റെ ജന്മത്തിന് വടക്കുന്നാഥ ക്ഷേത്രവുമായി അഭേദ്യബന്ധമാണുള്ളത്. വടക്കുന്നാഥന്‍ തന്നെയാണ് ആദിശങ്കരനായി ജനിച്ചതെന്നും പറയാറുണ്ട്. ആദിശങ്കര സമാധി ക്ഷേത്ര മതിലിനകത്ത് ഇപ്പോഴും കാണാം-ശങ്കുചക്ര പ്രതിഷ്ഠയായി. 
കൂത്തമ്പലത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍, പെരുന്തച്ചന്‍ ഉപയോഗിച്ച കൈക്കണക്കുകള്‍ അസാധ്യമായിരുന്നു. കൂത്തമ്പലത്തിനുള്ളില്‍ ഏതു ഭാഗത്തു നിലവിളക്കുവച്ചാലും, രംഗമണ്ഡപത്തില്‍ നിഴല്‍ വീഴില്ലെന്നതായിരുന്നു നിര്‍മ്മാണത്തിലെ പ്രത്യേകത. കൂറ്റന്‍ തൂണുകള്‍ ഉണ്ടെങ്കിലും ഒരു നിഴല്‍ പോലും വേദിയില്‍ വീഴുമായിരുന്നില്ല. ഈ നിര്‍മ്മാണ വൈശിഷ്ട്യം അറിയുന്ന ഒരു തച്ചു ശാസ്ത്രവിദഗ്ധനം, ജീര്‍ണാവസ്ഥയിലായിട്ടും കൂത്തമ്പലം പുതുക്കി നിര്‍മ്മിക്കാന്‍ മുന്നോട്ടു വന്നില്ല. ഒടുവില്‍, കൊച്ചി ദിവാനായിരുന്ന ടി. ശങ്കുണ്ണി മേനോന്‍ മുന്‍കൈയെടുത്ത് പഴയ കൂത്തമ്പലം പൊളിച്ചു നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ചുമതല വെളളിനേഴി നമ്പൂതിരിക്കും നല്‍കി. തൃശൂര്‍ ജില്ലയിലെ ചേലക്കരയിലെ വെങ്ങാനല്ലൂര്‍ ഗ്രാമത്തിലാണ്, വെള്ളിനേഴി മന.

ഹിമാലയന്‍ പ്രയത്നമാണെന്ന് അറിയുന്ന നമ്പൂതിരിപ്പാടു, വടക്കുന്നാഥ ക്ഷേത്രത്തില്‍ ഭജനമിരുന്നു. രാവിലെ ക്ഷേത്രമടച്ചാല്‍, അദ്ദേഹം കൂത്തമ്പലത്തിനു ചുവട്ടില്‍ തുവര്‍ത്തുവിരിച്ച് നീണ്ടു നിവര്‍ന്നു കിടക്കും. എല്ലാ ദിവസവും ഈ ചര്യ തുടര്‍ന്നു. നിര്‍മ്മാണത്തിലെ സൂത്രവാക്യങ്ങള്‍ നോക്കിപ്പഠിക്കലായിരുന്നു ലക്ഷ്യം. നാല്‍പ്പത്തൊന്നാം ദിവസം, അദ്ദേഹം തോര്‍ത്ത് തട്ടിക്കുടഞ്ഞ് എഴുന്നേറ്റ് അവിടെ കൂടി നിന്നവരോടു പറഞ്ഞു: 'ഇനി പൊളിക്കാം'.അപ്പോള്‍ കണക്കൊക്കെ?. കൂടിനിന്നവരുടെ അന്ധാളിപ്പു കണ്ട അദ്ദേഹം പറഞ്ഞുവത്രെ, കണക്കൊക്കെ മനസ്സില്‍ കൂട്ടിയിട്ടുണ്ടെന്ന്..!. വെള്ളിനേഴി പുനര്‍നിര്‍മ്മിച്ച കൂത്തമ്പലമാണ് ഇപ്പോള്‍ ഇവിടെ കാണുന്നത്. ഗാംഭീര്യത്തിലും ശില്‍പ്പവൈശിഷ്ട്യത്തിലും ഒന്നിനൊന്നു മെച്ചമായിരുന്നു പുതിയ കൂത്തമ്പലം. പക്ഷെ, പെരുന്തച്ചന്റേതുപോലെയായില്ല നിര്‍മ്മാണം എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നായി ഇപ്പോഴും അവശേഷിക്കുന്നു. എവിടെ വിളക്കു വച്ചാലും നിഴല്‍ രംഗവേദിയില്‍ വീഴാതിരുന്ന പെരുന്തച്ചന്റെ കൂത്തമ്പലത്തില്‍ ഇപ്പോള്‍ ഒരു നിഴല്‍ മാത്രം രംഗവേദിയില്‍ വീഴുന്നു എന്നതാണ് സ്ഥിതി. കണക്കുകള്‍ തിരിച്ചും മറിച്ചുംകൂട്ടിയിട്ടും, പെരുന്തച്ചന്‍ ഒളിച്ചു വച്ച തച്ചുശാസ്ത്രത്തിലെ സൂത്രം ഇന്നും അജ്ഞാതമായി തന്നെ തുടരുന്നു....

ഭക്ഷണത്തെ മാത്രം സ്നേഹിച്ച റപ്പായേട്ടന്‍

തൃശൂരിന്റെ രാജപഥത്തിലൂടെ കൊച്ചുകൊച്ചു ചുവടുകള്‍ വച്ച് തടിച്ചു കുറിയ മനുഷ്യന്‍ നടന്നു നീങ്ങി. കുഞ്ഞുങ്ങളുടെതു പോലെ നിഷ്കളങ്ക മുഖഭാവം. കൈയില്‍ ഒരു സഞ്ചി. നീളം കൂടിയ കാക്കി ഷര്‍ട്ട്, മുഷിഞ്ഞ ഉടുമുണ്ടിനു മുകളിലൂടെ താഴേക്ക്....
ആള്‍ക്കൂട്ടത്തിലും തനിയെ നീങ്ങിയ, റപ്പായേട്ടനെ പരിചയക്കാര്‍ അഭിവാദ്യം ചെയ്തു കടന്നു പോകുന്നു. പെട്ടെന്നു തിരിച്ചറിഞ്ഞവര്‍ വീണ്ടും തിരിച്ചു വന്നു മുഖത്തു നോക്കി ചിരിച്ചു കടന്നുപോയി. ഭാവമാറ്റമേതുമില്ലാതെ റപ്പായേട്ടന്‍ നടന്നു പോയി. ഇത് തൃശൂരിന്റെ  സ്വന്തം 'തീറ്റ റപ്പായി'. ജീവിതത്തില്‍ ഭക്ഷണത്തെ മാത്രം സ്നേഹിക്കാനായിരുന്നു റപ്പായേട്ടനോട് ദൈവ കല്‍പ്പന. അദ്ദേം അറുപത്തിനാലാം വയസ്സുവരേയും അതു തെറ്റിച്ചില്ല!. വിശപ്പ്..ഒടുങ്ങാത്ത വിശപ്പ് അതായിരുന്നു റപ്പായി. തൃശൂര്‍ക്കാര്‍ക്ക് റപ്പയേട്ടനെ ചൊല്ലി അഭിമാന നിമിഷങ്ങളായിരുന്നു. തീറ്റമത്സരങ്ങളില്‍ നിന്നു തീറ്റമത്സരങ്ങളിലേക്ക്..റപ്പയേട്ടനോടു മുട്ടാന്‍ ആളില്ലായിരുന്നു. ഹോട്ടലുകളുടെ ഉദ്ഘാടനം പോലും ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ റപ്പായേട്ടന്‍ 'നിര്‍വഹിച്ചു'. വീടുകളില്‍ മുത്തശിമാര്‍ കുഞ്ഞുങ്ങളോടു പറഞ്ഞു: 'വേഗം ഭക്ഷണം കഴിച്ചോ..ഇല്ലെങ്കില്‍ തീറ്ററപ്പായി കൊണ്ടു പോകും'. ആധുനിക ഭീമനായി റപ്പായേട്ടന്‍ തൃശൂരില്‍ അലഞ്ഞു. ചായക്കടകള്‍ക്ക് ആവശ്യമുള്ള ചായഅരിപ്പകള്‍ ഉണ്ടാക്കി വിറ്റാണ് ഉപജീവനം. ഒരു പൈസപോലും ആരോടും ചോദിച്ചില്ല. റപ്പയേട്ടന്റെ വിശപ്പറിയാവുന്നവര്‍ ഭക്ഷണം വാങ്ങി നല്‍കി. ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നു ഈ വിശപ്പിന്റെ കാരണം. അതുകൊണ്ടു തന്നെ ഡോക്ടര്‍മാര്‍ മുന്‍കൈയെടുത്ത് റപ്പായിക്ക് ഒരു പ്രമുഖ ഹോട്ടലില്‍ ഭക്ഷണം നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കി. അതിന്റെ ചിലവ് അവര്‍തന്നെ വഹിച്ചു. 
റപ്പായേട്ടന്‍ അറിയപ്പെടാതിരുന്ന കാലത്താണ് ഈ സംഭവം. തൃശൂരിലെ പ്രമുഖ ഹോട്ടലില്‍ 'ബുഫെ' ആരംഭിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് എന്തും കഴിക്കാം എന്നാണ് വാഗ്ദാനം. റപ്പായേട്ടന്‍ എത്തി. മൂന്ന് ബക്കറ്റ് ചോറ്, ഒരു ബക്കറ്റ് മീന്‍ കറി, പത്തു കിലോ ഇറച്ചി എന്നിവ പെട്ടെന്നു തന്നെ തീര്‍ത്തിട്ടു പറഞ്ഞത്' എനിക്കു വിശക്കുന്നു' എന്നായിരുന്നു. പരിഭ്രമിച്ചുവശായ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ചു വരുത്തിയാണ് തടിരക്ഷിച്ചത്. വിശപ്പു തന്നെയായിരുന്നു റപ്പായേട്ടനെ അലട്ടിയിരുന്ന ഒരേ ഒരു വിഷയം. വിശപ്പുകാരണം വിവാഹം തന്നെ വേണ്ടെന്നുവച്ചു. മദ്യം കൈകൊണ്ടു തൊട്ടില്ല. 'നന്നായിന്റ് അല്ലെങ്കില്‍ തന്നെ വിശന്നിട്ടു ഇരിക്കാന്‍ വയ്യ. പിന്നേണ് കള്ളുകുടിക്കണേ'- ഒരിക്കല്‍ നിഷ്കളങ്കമായി റപ്പയേട്ടന്‍ പറഞ്ഞതിങ്ങനെ. 

സാധാരണ ദിവസങ്ങളില്‍ പ്രാതലിന് 75 ഇഡ്ഡലി, ഉച്ചയൂണിന് ചോറിന്റെ നിരവധി കുന്നുകളും പച്ചക്കറിയും, അത്താഴത്തിന് അറുപതു ചപ്പാത്തി ഇതാണ് റപ്പായേട്ടന്റെ കണക്ക്. നിങ്ങള്‍ റപ്പായേട്ടനുമായി സംസാരിക്കുന്നതിനിടെ, അദ്ദേഹം പോക്കറ്റില്‍ നിന്നു കുറച്ചു പണമെടുത്തു കാണിച്ചിട്ടു പറയും, നിങ്ങള്‍ എനിക്കു അത്താഴം വാങ്ങിതന്നാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ പത്തു കൂട്ടുകാര്‍ക്കും എന്റെ വക ഭക്ഷണം'. വളരെ നിഷ്കളങ്കമായ ഈ വെല്ലുവിളി ഏറ്റെടുത്താല്‍ കുടുങ്ങിയെന്ന് ഉറപ്പ്. ഹോട്ടലിലുളളതും അടുക്കളയിലുളളതു മുഴുവനും കഴിച്ചാലും, റപ്പായി വീണ്ടും ഭക്ഷണം ചോദിച്ചു കൊണ്ടിരിക്കും. റപ്പായേട്ടന്റെ സ്ഥിരം നമ്പറുകളിലൊന്നായിരുന്നു ഈ വെല്ലുവിളി. അവസാന കാലഘട്ടത്തില്‍ രോഗങ്ങളുടെ പിടിയിലായിരുന്നു. ഷുഗര്‍ റപ്പായേട്ടനെ വലച്ചു. തീറ്റകുറയ്ക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. അദ്ദേഹം അത് പൂര്‍ണമായും അംഗീകരിച്ചു. തീറ്റമത്സരങ്ങളില്‍ നിന്നു പിന്‍മാറി. ഭക്ഷണം സാധാരണമനുഷ്യരുടേതുപോലെയാക്കിമാറ്റി. അതോടെ ഹോട്ടലുകാര്‍ നെടുവീര്‍പ്പിട്ടുവെന്ന് എഴുതിയത്, ബിബിസിയാണ്!. 2006 ഡിസംബര്‍ 9നായിരുന്നു റപ്പായേട്ടന്‍ തൃശൂര്‍ക്കാരോടു വിടപറഞ്ഞത്. മഴയായാലും വെയിലായാലും സഞ്ചിയും തൂക്കിപ്പിടിച്ച്,. വലിയശരീരവും താങ്ങി കുണുങ്ങി നീങ്ങിയിരുന്ന വിശപ്പിന്റെ ആള്‍രൂപം ഇന്നും തട്ടകക്കാരുടെ മനസ്സില്‍ നിന്നും കുടിയൊഴിഞ്ഞിട്ടില്ല..

താന്ത്രികതയുടെ അവസാനവാക്ക്‌



ഉച്ചതിരിഞ്ഞ്‌ മൂന്നുമണിയോടെയാണ്‌ ഞങ്ങള്‍ അവിടെ എത്തിയത്‌. തൃപ്രയാര്‍ ശ്രീരാമസ്വാമീ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലുള്ള തന്ത്രി മഠത്തില്‍, താന്ത്രിക ഗ്രന്ഥങ്ങള്‍ക്കു നടുവില്‍, വായനയിലാണ്‌ ക്ഷേത്രം തന്ത്രിയും താന്ത്രികാചാര്യനും കൂടിയായ തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌. എഴുപതു കഴിഞ്ഞ അദ്ദേഹം തന്ത്ര ശാസ്‌ത്രത്തിന്റെ അവസാന വാക്കാണ്‌. പാരമ്പര്യത്തിന്റെയും യാഥാസ്ഥിതികതയുടേയും നടുത്തളത്തില്‍ നിന്നുകൊണ്ട്‌ അവയെ തിരുത്തുക എന്ന മഹാപ്രയത്‌നം അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു. തന്ത്രം ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഒന്നായി കരുതിവരുന്ന കാലഘട്ടത്തില്‍, അത്‌ ഈശ്വരപ്രാപ്‌തിക്കായി ആര്‍ക്കും അനുഷ്‌ഠിക്കാവുന്ന സാധനാമാര്‍ഗ്ഗമാണെന്ന്‌ തിരിച്ചറിയുന്നു അദ്ദേഹം. ജാതി-മത-വര്‍ഗ്ഗ ചിന്തകള്‍ക്ക്‌ സ്ഥാനം ഇല്ലെന്ന്‌ സ്വന്തം പ്രവര്‍ത്തിയിലൂടെ തെളിയിക്കുന്നു.
തൃശൂര്‍ ജില്ലയിലെ കിഴുപ്പിള്ളിക്കരയിലാണ്‌ തരണനല്ലൂര്‍ മന. പരശുരാമനില്‍ നിന്നും താന്ത്രികാവകാശം നേരിട്ടു ലഭിച്ച ഏക ബ്രാഹ്മണ കുടുംബമെന്ന ഖ്യാതി ഈ മനക്കാര്‍ക്കുളളതാണ്‌. കേരളത്തിലെ ഏതു ക്ഷേത്രത്തിലും താന്ത്രികാധികാരം ഈ മനക്കാര്‍ക്ക്‌ ഇന്നും ഉണ്ട്‌ എന്നത്‌ ഇതിനു തെളിവ്‌. ബ്രാഹ്മണ്യം കൊടികുത്തിവാഴുന്ന കാലത്ത്‌ സ്‌ത്രീകള്‍ വെറും `അന്തര്‍ജന'ങ്ങളായി കഴിയേണ്ടിവരുന്നിടത്തു നിന്നും പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ചിന്തകള്‍ വഴിമാറുന്നു. തന്ത്രശാസ്‌ത്രത്തില്‍ സ്‌ത്രീക്കാണ്‌ സര്‍വ്വ പ്രാമാണ്യം എന്ന്‌ അദ്ദേഹം പറയുന്നു. സ്‌ത്രീയുടെ സഹായം കൂടാതെ താന്ത്രികസാധനയില്‍ മുന്നേറാനാവില്ല. വേദവും മന്ത്രവും തന്ത്രവുമെല്ലാം പുരുഷാധിപത്യത്തിന്‌ കുടപിടിക്കുമ്പോഴാണ്‌ ഇവയുടെ അന്തഃസത്ത അതൊന്നുമല്ലെന്ന്‌ നമ്പൂതിരിപ്പാട്‌ സ്ഥാപിക്കുന്നത്‌. യാഥാസ്ഥിതികര്‍ക്കിടയില്‍ ഏറെ മുറുമുറുപ്പുയര്‍ത്തിയാണ്‌ നമ്പൂതിരിപ്പാട്‌ തന്റെ കര്‍മ്മപന്ഥാവില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നത്‌. എതിര്‍ക്കുന്നവരെ സംവാദത്തിനായി അദ്ദേഹം ക്ഷണിച്ചു. പക്ഷെ, ആരും അതിനു ധൈര്യപ്പെട്ടില്ല ഇന്നു വരേയും..
2010 ലാണ്‌ ബ്രാഹ്മണസമൂഹത്തെയും ഒപ്പം കേരളത്തെ ഒന്നാകെയും ഞെട്ടിച്ച്‌ അദ്ദേഹം, ഒരു കൊച്ചു പെണ്‍കുട്ടിയെക്കൊണ്ട്‌ ക്ഷേത്രപ്രതിഷ്‌ഠ നടത്തിച്ചത്‌. ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ കാട്ടൂര്‍ തരണനല്ലൂര്‍ മനയ്‌ക്കലെ ജ്യോത്സന എന്ന ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ കൊണ്ട്‌ ഭദ്രകാളീ പ്രതിഷ്‌ഠ നടത്തിക്കുകയായിരുന്നു അദ്ദേഹം. കാട്ടൂര്‍ പൊഞ്ഞനം പൈങ്കണ്ണിക്കാവ്‌ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്‌. കേരളത്തിലെ എല്ലാ മാധ്യമങ്ങളും അതീവ പ്രാധാന്യത്തോടെയാണ്‌ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. യാഥാസ്ഥിതിക നമ്പൂതിരിസമുദായക്കാര്‍ എതിര്‍പ്പുകളായി രംഗത്തെത്തിയെങ്കിലും പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ജ്ഞാനശക്തിക്കുമുമ്പില്‍ അവയ്‌ക്കു നിലനില്‍പ്പുണ്ടായില്ല. താന്ത്രിക ശാസ്‌ത്രത്തിലൊരിടത്തും സ്‌ത്രീകള്‍ക്ക്‌ ഇത്തരം കാര്യങ്ങള്‍ നിഷിദ്ധമാണെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ പറയുന്നു. സ്‌ത്രീയെ കൊണ്ട്‌ താന്ത്രിക കര്‍മ്മത്തിലൂടെ പ്രതിഷ്‌ഠ നടത്തിക്കുക എന്ന ചരിത്രമുഹൂര്‍ത്തമായിരുന്നു അദ്ദേഹം വെട്ടിത്തുറന്നത്‌. അതിനു മുമ്പോ പിമ്പോ ഇത്തരം ഒരു സംഭവം കേട്ടുകേഴ്‌വിപോലും ഇല്ലായിരുന്നു.
താന്ത്രികാചാരങ്ങളെ കുറിച്ച്‌ അറിയാന്‍ ജിജ്ഞാസുക്കളായി എത്തുന്നവരെ ജാതിയോ കുലമഹിമയോ നോക്കാതെയാണ്‌ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ സ്വീകരിക്കുന്നത്‌. പൂര്‍വ്വജന്മാര്‍ജിതമായ കര്‍മ്മഫലം കൊണ്ടാണ്‌ ഒരാളില്‍ ഈ വിഷയങ്ങളില്‍ താത്‌പര്യം ഉണരുന്നതെന്ന്‌ നമ്പൂതിരിപ്പാട്‌ പറയുന്നു. താന്ത്രിക ദീക്ഷയക്ക്‌ അധികാരികളായവര്‍ മാത്രമേ തന്റെ അരികിലെത്തൂ. ഇവര്‍ക്ക്‌ താന്ത്രിക സാധനയ്‌ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി അദ്ദേഹം അനുഗ്രഹിക്കുന്നു. കെഎസ്‌ഇബിയിലെ എഞ്ചിനീയറായ തൃശൂര്‍ സ്വദേശിനി പത്മിനി ലക്ഷ്‌മീകാന്തന്‌ താന്ത്രിക ദീക്ഷ നല്‍കി അനുഗ്രഹിക്കുകയുണ്ടായി. ജാതിയില്‍ താഴ്‌ന്നവരെങ്കിലും അവരെ സ്വീകരിക്കാന്‍ നമ്പൂതിരിപ്പാടിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല. ക്രിസ്‌തുമത വിശ്വാസിയായ ഒരു യുവാവും നമ്പൂതിരിപ്പാടില്‍ നിന്നും താന്ത്രിക ദീക്ഷ സ്വീകരിക്കുകയുണ്ടായെന്നത്‌ അദ്ദേഹത്തിന്റെ അഭേദബുദ്ധിക്കു മകുടോദാഹരണമായി മാറുന്നു.
മനസ്സിന്റെ അതിരുകളെ ഭേദിക്കുന്നതാണ്‌ താന്ത്രികത. പ്രപഞ്ചത്തിലുള്ളതെല്ലാം മനുഷ്യശരീരത്തിലുമുണ്ടെന്നതാണ്‌ താന്ത്രിക ദര്‍ശനം. സാധനയിലൂടെ ശാരീരികമായ നിയന്ത്രണം ആര്‍ജിക്കുന്നതിലൂടെ, പ്രപഞ്ചത്തെതന്നെ വശവര്‍ത്തിയാക്കാമെന്ന്‌ താന്ത്രികര്‍ പറയുന്നു. പ്രപഞ്ചത്തിലുള്ള സര്‍വ്വതും ഈശ്വരസ്രഷ്ടമാണെന്നും ഒന്നും വെറുക്കപ്പെടേണ്ടവയോ അകറ്റിനിര്‍ത്തേണ്ടവയോ അല്ലെന്നും തന്ത്രശാസ്‌ത്രം. അനുഭവത്തിനാണ്‌ തന്ത്രത്തില്‍ പ്രാധാന്യം. എന്തും അനുഭവിച്ചറിഞ്ഞേ അതിനെ മറ്റൊരു തലത്തിലേയ്‌ക്ക്‌ മാറ്റിയെടുക്കാനാവൂ. ഹഠയോഗം, പ്രാണായാമം, മന്ത്രജപം, ദേവതാധ്യാനം എന്നിവയിലൂടെ മനസ്സിന്റെ പരിമിതികള്‍ വിടര്‍ത്തിയെടുക്കാനാവും. പരിധിവിട്ടുയരുന്ന മനുഷ്യമനസ്സ്‌, വിശ്വമനസ്സുമായി കൂടികലരുന്നതാണ്‌ താന്ത്രിക സാധനയുടെ പരമകാഷ്‌ഠ. ഇതിനെ കുണ്ഡലിനീ ഉത്ഥാനം എന്നെല്ലാം വിവക്ഷിക്കുന്നു. ഈ ലോകത്ത്‌്‌ ബന്ധനവിമുക്തനായി നിലനില്‍ക്കുക എന്നതുതന്നെ ഇതിന്റെ ഫലം. താന്ത്രിക സാധന അതീവ രഹസ്യമയമാണ്‌. അര്‍ഹരായവര്‍ക്കല്ലാതെ അതു നല്‍കരുതെന്ന്‌ തന്ത്രശാസ്‌ത്ര ഗ്രന്ഥങ്ങള്‍ വിലക്കുന്നു. തന്ത്രാനുഷ്‌ഠാനങ്ങളുടെ ഫലം ക്ഷിപ്രവും പ്രത്യക്ഷവുമാണെന്നതാണ്‌ ഇതിനു കാരണമെന്ന്‌ നമ്പൂതിരിപ്പാട്‌ പറയുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇല്ലാത്ത നമ്പൂതിരിപ്പാട്‌, നിഷ്‌പ്രയാസം ഇംഗ്ലീഷ്‌ പരിഭാഷയിലുളള കനപ്പെട്ട ഗ്രന്ഥങ്ങള്‍ വായിച്ചു ഹൃദിസ്ഥമാക്കുന്നു. കമ്പ്യൂട്ടര്‍ മേഖലയില്‍ പോലും അദ്ദേഹം `സെല്‍ഫ്‌മെയ്‌ഡ്‌' ആണെന്ന്‌ പറയുമ്പോള്‍, താന്ത്രിക ഉപാസനയുടെ മഹത്വം മനസ്സിലാകും. വിലപ്പിടിപ്പുള്ള താന്ത്രിക ഗ്രന്ഥങ്ങളുടെ പരിഭാഷകള്‍, വിദേശങ്ങളില്‍ നിന്നു പോലും അദ്ദേഹം വരുത്തി ശേഖരിച്ചിരിക്കുന്നു. മന്ത്ര-തന്ത്രാദികളെ കുറിച്ചുള്ള നിരവധി താളിയോല ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്‌. കലിയുഗത്തില്‍ മറ്റെല്ലാ സാധനാസമ്പ്രദായങ്ങളേക്കാളും പ്രാമുഖ്യം തന്ത്രത്തിനാണെന്ന്‌ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ പറയുന്നു. ജീവിതത്തിലെ ഭൗതിക നേട്ടങ്ങള്‍ക്കൊപ്പം സാധകനെ മോക്ഷത്തിലേക്കു നയിക്കുന്ന പാതയാണ്‌ തന്ത്രം. ഏതു രീതിയില്‍ ജീവിതം നയിച്ചാലും ഈശ്വരസാക്ഷാത്‌കാരം സാധ്യമാണെന്ന്‌ ഉറപ്പു നല്‍കുന്ന ഒരു സാധനാമാര്‍ഗ്ഗമേയുള്ളൂ. അതു തന്ത്രശാസ്‌ത്രമാണ്‌- നമ്പൂതിരിപ്പാട്‌ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമായി നിരന്തരയാത്രകളിലാണ്‌ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌. ക്ഷേത്രപ്രതിഷ്‌ഠകള്‍ക്കും പരിഹാരകര്‍മ്മങ്ങള്‍ക്കുമായി നിരവധിപേര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നു. ഇതില്‍ ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ മുതല്‍ രാഷ്‌ട്രീയ ദല്ലാള്‍മാര്‍ വരെ ഉള്‍പ്പെടും. തിരക്കേറിയ ജീവിതയാത്രയ്‌ക്കിടയിലും പഠനവും മനനവും ഉപാസനയും അദ്ദേഹത്തിനു സഹജമാണ്‌. ജീവിതം യാദൃച്ഛികതയല്ല. അതിനു ഉദ്ദേശ്യ ലക്ഷ്യമുണ്ട്‌. അതു മനസ്സിലാക്കുകയെന്നതു തന്നെയാണ്‌ ജീവിതവിജയം.

അഗ്നയേ ഇദം നഃ മമഃ

ഇതൊന്നും എന്റേതല്ല- മഹത്തായ ത്യാഗത്തിന്റെ ഉദ്ഘോഷണം. അഹംഭാവത്തിന്റെ മുഖപടമഴിച്ച് അഗ്നിയിലേയ്ക്ക്...!. 2005ല്‍ തൃശൂരിലെ ബ്രഹ്മസ്വം മഠത്തില്‍ നടന്ന സോമയാഗത്തില്‍ ആദിമധ്യാന്തം പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍, യാതൊരു മുന്‍വിധിയും കൂടാതെ. വാര്‍ത്തകള്‍ക്കായുള്ള ശ്രമംമാത്രമായിരുന്നു അത്. യാഗശാല തീര്‍ക്കുന്നതു മുതല്‍ അഗ്നിക്കു സമര്‍പ്പിക്കുന്നതു വരെ. ഭാരതത്തിന്റെ മഹാഋഷി പാരമ്പര്യത്തിന്റെ അംശമാകാന്‍ കഴിഞ്ഞതില്‍, അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു പിന്നീട്. യുക്തിയുടെ ഉരകല്ലില്‍ എത്ര ഉരച്ചിട്ടും, ഒന്നും മനസ്സിലാക്കാനാവാതെ അമ്പരന്നു പോയ നിമിഷങ്ങള്‍. വേദമന്ത്രങ്ങള്‍ പ്രാകൃതമായ ശബ്ദഘോഷങ്ങള്‍ മാത്രമാണെന്ന അഭിപ്രായം യാഗത്തോടൊപ്പം ശക്തമായി ഉയര്‍ന്നു വന്നിരുന്നു. എതിര്‍ പ്രചരണങ്ങളും. യുക്തിവാദ സംഘടനകളുടെ യോഗങ്ങളും യാഗത്തോടൊപ്പം നഗരത്തില്‍ സംഘടിപ്പിക്കുയുണ്ടായി. മാധ്യമ ധര്‍മ്മമനുസരിച്ചു രണ്ടു ഭാഗവും കാണണമല്ലോ?.
ആയിരത്താണ്ടുകളുടെ പഴക്കമുള്ള 'യാഗ'ങ്ങള്‍ക്കും 'യജ്ഞ'ങ്ങള്‍ക്കും എന്തു പ്രസക്തിയാണുളളതെന്ന്, മീഡിയ സെന്ററിലുണ്ടായിരുന്ന എഴുത്തുകാരി കെ.ബി.ശ്രീദേവീയോടു തുറന്നു ചോദിച്ചു. അവര്‍ മൃദുവായി ചിരിച്ചു. കൊടുംവേനലായിരുന്നു യാഗകാലത്ത്. ഏപ്രില്‍ 6. യാഗച്ചടങ്ങുകളെല്ലാം അടുത്തു നിന്നു കാണുവാനുള്ള സംവിധാനം സംഘാടകര്‍ ചെയ്തിരുന്നു. യാഗവേദിയില്‍ നടക്കുന്ന ചടങ്ങുകളുടെ വിശദീകരണവും തത്സമയം അനൌണ്‍സ് ചെയ്തുകൊണ്ടിരുന്നത് അനുഗ്രഹമായി. അതിരാത്രത്തെ കുറിച്ച് ക്ളാസിക് ഗ്രന്ഥ(അഴിശ)മെഴുതിയ ജര്‍മ്മന്‍ ഗവേഷകന്‍ ഫ്രിറ്റ്സ് സ്റ്റാളും, യാഗവേദിയിലെത്തി. യാഗവേദിയില്‍ അദ്ദേഹം വേദജ്ഞര്‍ക്കൊപ്പം, വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നത് അത്ഭുതത്തോടെയാണ് കണ്ടു നിന്നത്. പ്രായാധിക്യം വകയ്ക്കാതെയാണ് അദ്ദേഹം യാഗത്തിനു എത്തിയിരിക്കുന്നത്. ഇന്ന് അദ്ദേഹം ഇല്ല. കേരളത്തിന്റെ തനതായ യാഗ പാരമ്പര്യത്തെ കുറിച്ചു പഠിക്കാന്‍ എഴുപതുകളിലാണ് അദ്ദേഹം ഇവിടെ ആദ്യം എത്തിയത്.  അന്നു അദ്ദേഹത്തിന്റെ മുന്‍കൈയില്‍, 1975ല്‍് പാഞ്ഞാള്‍ അതിരാത്രം സംഘടിപ്പിക്കുകയുണ്ടായി. യാഗപാരമ്പര്യത്തിന്റെ ശാസ്ത്രീയത പഠിക്കാന്‍ കിര്‍ലിയന്‍ കാമറയടക്കം അത്യാധുനിക ഉപകരണങ്ങളും അദ്ദേഹവും സംഘവും എത്തിച്ചിരുന്നു. കേരളത്തില്‍ നിലച്ചുപോയ ഒരു യാഗപാരമ്പര്യത്തിനാണ് സ്റ്റാള്‍ വീണ്ടും തുടക്കം കുറിച്ചത്. 
അഗ്നിയെ പ്രധാനദേവനായി കണ്ടുകൊണ്ടുള്ള യജ്ഞങ്ങളാണ് അഗ്നിചയനം എന്ന ഗണത്തില്‍ പെടുന്ന സോമയാഗവും, അതിരാത്രവുമെല്ലാം. അരണികടഞ്ഞാണ് തീയുണ്ടാക്കിയെടുക്കുന്നത്. ഇവിടെ രണ്ടു രാത്രികളെടുത്തു അഗ്നി തെളിയാന്‍. ഈ ദിവസങ്ങളിലെല്ലാം വേദമന്ത്രങ്ങളുടെ ഉരുക്കഴിക്കല്‍ നടക്കും. യാഗത്തിന്റെ യജമാനനെ വരിക്കലും യൂപം എന്നു വിളിക്കുന്ന 'ആന്റിന' സ്ഥാപിക്കലും ഈ ദിവസങ്ങളിലാണ്. പ്രത്യേക മരം ക്ൊണ്ടു നിര്‍മ്മിച്ച ആന്റിനയിലൂടെയാണ് സ്തുതികള്‍ ദേവതകള്‍ക്കായി 'പ്രക്ഷേപണം' ചെയ്യുന്നത്. ശ്രൌതപാരമ്പര്യമനുസരിച്ചുള്ള യാഗ ചടങ്ങുകള്‍ക്ക് നാലു പ്രധാന പുരോഹിതരാണ്. ഹോത, അധ്വര്യ്രു, ഉദ്ഘാതാവ്, ബ്രഹ്മന്‍.  
ഹോതന്‍ ഋഗ്വേദ മന്ത്രങ്ങള്‍ ചൊല്ലി ദേവതകളെ ഉണര്‍ത്തുന്നു, അദ്ദേഹം അഗ്നിതന്നെ എന്നാണ് സങ്കല്‍പ്പം, അധ്വര്യുവിന്റെ ചുമതല യജ്ഞശാല അളവനുസരിച്ചു പണിയുക(യജുര്‍വേദത്തിന്റെ അടിസ്ഥാനത്തില്‍) എന്നിവയൊക്കെയാണ്. കണ്ണിനെ പ്രതിനിധീകരിക്കുന്ന സൂര്യനാണ് അദ്ദേഹം എന്നാണ് സങ്കല്‍പ്പം. ഉദ്ഘാതാവ് സാമവേദത്തിലെ ഗാനസദൃശ്യമായ മന്ത്രങ്ങളാണ് കൈകാര്യം ചെയ്യുന്നത്(സംഗീതം സാമവേദത്തില്‍ നിന്നു ഉത്പന്നമായതാണ്). പ്രാണവായുവാണ് അദ്ദേഹം എന്നാണ് സങ്കല്‍പ്പം. എല്ലാ ചടങ്ങുകളുടേയും 'സൂപ്രണ്ടാണ്' ബ്രഹ്മന്‍. മനസ്സിന്റെ കാരകനായ ചന്ദ്രനായാണ് അദ്ദേഹത്തെ സങ്കല്‍പ്പിക്കുന്നത്. ചടങ്ങുകളില്‍ ഉണ്ടാവുന്ന പിഴവുകള്‍ തിരുത്തേണ്ടത് അദ്ദേഹത്തിന്റെ ചുമതലയത്രെ. ഏഴുദിവസം നീളുന്ന യാഗചടങ്ങുകളിലത്രയും യജമാനന്‍ മുഷ്ടിചുരുട്ടിപ്പിടിച്ച നിലയിലാണ്. നവധാന്യങ്ങള്‍ കൈക്കുള്ളില്‍ പിടിച്ചിരിക്കുന്ന അദ്ദേഹം യാഗം കഴിഞ്ഞതിനു ശേഷമേ വിരലുകള്‍ നിവര്‍ത്തൂ. അദ്ദേഹത്തെ നിത്യകര്‍മ്മങ്ങളില്‍ സഹായിക്കാന്‍ ഭാര്യ(പത്തനാടി) കൂടെ ഉണ്ടാവും. യാഗശേഷം യജമാനന്‍  സോമയാജിപ്പാടായി മാറുന്നു. അതിരാത്രത്തിലാണെങ്കില്‍ അക്കിത്തിരിപ്പാടും. 

യാഗസമാപനത്തിന്റെ തലേന്നാണ് അവഭൃതസ്നാനം. യാഗത്തിലുപയോഗിച്ച മരപ്പാത്രങ്ങളും മറ്റും ജലത്തില്‍ അര്‍പ്പിച്ച് പുരോഹിതരും യജമാനനും മുങ്ങിക്കുളിക്കുന്നതാണിത്. ഈ ഘട്ടത്തില്‍ മഴപെയ്യും എന്നാണ് വിധി. വൈകുന്നേരം നാലരമണിയോടെയായിരുന്നു ഈ ചടങ്ങ്. മേടമാസത്തിലെ സൂര്യന്‍ ആകാശത്ത് കത്തിനില്‍ക്കുന്നു.  യാഗശാലയിലെ ചൂടുകുറയ്ക്കാന്‍ സ്ഥാപിച്ച വലിയ ഫാനുകള്‍ കറങ്ങിക്കൊണ്ടിരുന്നിട്ടും ആളുകള്‍ വീശിക്കൊണ്ടിരിക്കുകയാണ്. യജമാനനും പുരോഹിതരും യാഗോപകരണങ്ങളുമായി ചിറയിലേക്കു പുറപ്പെട്ടപ്പോള്‍, പെട്ടെന്ന് ആകാശത്തിന്റെ വടക്കുകിഴക്കേ ചരിവില്‍ ഇടിമുഴങ്ങി. അവിശ്വസനീയമായിരുന്നു അത്!. കറുത്തിരുണ്ട കാറുകള്‍ ഉരുണ്ടുകയറിത് നിമിഷാര്‍ദ്ധം കൊണ്ടായിരുന്നു. മഴ ആര്‍ത്തുപെയ്തു. പടിഞ്ഞാറു അപ്പോഴും സൂര്യന്‍ കത്തിത്തന്നെ നില്‍ക്കുകയായിരുന്നു. കുടയില്ല. മഴയില്‍ നിന്നു രക്ഷപ്പെടാന്‍ മഠം വളപ്പിലെ വാഴയുടെ അടിയിലേക്കു നൂണ്ടു കയറി. വീഡിയോ കാമറയുമായി ഷൂട്ടിനെത്തിയ എന്റെ കാമറാമാനെ ഞാന്‍ പരതി, മഴയില്‍ നിന്നു കാമറയെ രക്ഷിക്കാന്‍ അവന്‍ യാഗശാലയിലെ പന്തലിലേക്കു തിരിച്ചോടിയിരുന്നു. കണ്‍മുന്നില്‍ കണ്ടതിനെ കൊള്ളണോ തളളണോ എന്നാലോചിച്ച്, മഴ നനഞ്ഞ് ഞാന്‍ ആ വാഴച്ചുവട്ടില്‍ നിന്നു....

കരിമ്പുഴപോലെ തെളിഞ്ഞൊഴുകിയ പ്രണയം



 പുഴ ഒഴുകുകയാണ്, കണ്ണീരു പോലെ തെളിഞ്ഞ് ഈ കൊടുംവേനലിലും. ഇത് കരിമ്പുഴ. ഒരു ദേശത്തിന്റെ പേരു തന്നെ ഈ പുഴയുമായി ബന്ധപ്പെട്ടായി മാറുന്ന കാഴ്ചയാണിവിടെ. പുഴകളോടു ചേര്‍ന്ന് ഒരു സംസ്കൃതി രൂപം കൊള്ളാറുണ്ട്. കരിമ്പുഴക്കുമുണ്ട് പറയാന്‍ കഥകളേറെ. പടയോട്ടങ്ങളുടെയും കലയുടേയും എല്ലാമെല്ലാം. ഒറ്റപ്പാലത്തു നിന്നു പതിനഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കരിമ്പുഴ പഞ്ചായത്തിലെത്താം. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലാണ് കരിമ്പുഴ. കോഴിക്കോട് സമൂതിരി കോവിലകവുമായി അഭേദ്യബന്ധമാണ്, ഈ സുന്ദരമായ വള്ളുവനാടന്‍ ഗ്രാമത്തിനുള്ളത്. സാമൂതിരിയുടെ ഇളമുറക്കാരായ ഏറാള്‍പ്പാട് കരിമ്പുഴയുടെ കരയില്‍ എഴുന്നള്ളി താമസിച്ചിരുന്നു. പുഴയുടെ തീരത്ത് ഏറാള്‍പ്പാടിന്റെ കോവിലകം ഇന്നും കാണാം. കരിമ്പുഴയെ പ്രശസ്തമാക്കുന്നത് അതിനു കിഴക്കെ കരയിലുള്ള പഴക്കം ചെന്ന ശ്രീരാമ ക്ഷേത്രമാണ്. ദക്ഷിണഅയോധ്യ എന്നറിയപ്പെടുന്ന ഈ മഹാക്ഷേത്രം ഇപ്പോഴും സാമൂതിരിയുടെ ഉടമസ്ഥതയിലാണ്. ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍, നാട്ടിന്‍പുറത്തിന്റെ നന്മകളത്രയും കൈവിടാതെ കരമ്പുഴ ഗ്രാമം. ഒറ്റപ്പാലം, മങ്കര, ലക്കിടി എന്നിവ തെക്കന്‍ അതിരും ചെര്‍പ്പുളശേരി പടിഞ്ഞാറും, അലനല്ലൂര്‍, മണ്ണാര്‍ക്കാട് വടക്കും കോങ്ങാട് കിഴക്കും അതിര്‍ത്തി തീര്‍ക്കുന്നു. കേരളത്തില്‍ മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ കൈപ്പടം അധികം പതിയാത്ത പുഴയാണിത്. ഇന്നും പച്ചപിടിച്ച തീരങ്ങളില്‍, കുഞ്ഞോളങ്ങള്‍ തലതല്ലിയൊഴുകുന്നത് മനംകുളുര്‍പ്പിക്കുന്ന കാഴ്ച തന്നെയാണ്. ഭാരതപ്പുഴയില്‍ ചെന്നു ചേരുന്നിടം വരെയും കരിമ്പുഴ, നിത്യകന്യകയെപോലെ... വള്ളുവനാടന്‍ ഗ്രാമ സൌകുമാര്യം ഒട്ടും കൈമോശം വന്നിട്ടില്ല ഈ നാടിനു പറയാന്‍ ഒരു രാജകീയ പ്രണയത്തിന്റെ കഥയുണ്ട്. സാമൂതിരിയെ കൊലപ്പെടുത്താന്‍ ചാവേറുകളെ അയച്ചിരുന്ന വള്ളുവക്കോനാതിരിയുടെ നാട്ടിലാണ്, ഈ അനുരാഗകഥ ഉറന്നൊഴുകിയത് എന്നതാണ് വിസ്മയിപ്പിക്കുന്നത്. അറുനൂറു വര്‍ഷം മുമ്പാണ്. കരിമ്പുഴയുടെ തീരത്തുള്ള കോവിലകത്ത് ഏറാള്‍പ്പാട് എഴുന്നള്ളി താമസിക്കുന്ന കാലം. അന്ന് ഉരല്‍പ്പുരയില്‍ നെല്ലുകുത്തുന്ന സ്ത്രീകളില്‍ അതീവ സുന്ദരിയായ ഒരു യുവതിയില്‍ തമ്പുരാന് ആഗ്രഹം ജനിച്ചു. കുഞ്ചി എന്നു പേരുള്ള ആ നായര്‍ പെണ്‍കുട്ടിയ്ക്കു തമ്പുരാന്‍ പുടവയും കൊടുത്തു. തമ്പുരാന്‍മാരുടെ കമ്പം തീരുന്നതാണ്, സാധാരണ ഇത്തരം കഥകളുടെ ക്ളൈമാക്സ്. എന്നാല്‍ ഇവിടെ തിരിച്ചാണ് സംഭവിച്ചത്. കരിമ്പുഴ പോലെ നിര്‍മ്മലമായ പ്രണയമായിരുന്നു രാജാവിന്റേതും കുഞ്ചിയുടേതും. കുഞ്ചിക്ക് ഒരു മാളികയും പതിനെട്ടു കളങ്ങളും(കൃഷിയിടങ്ങള്‍) അദ്ദേഹം നല്‍കി, കുഞ്ചിയെ പിരിയാതെ കഴിയാനായി അദ്ദേഹം ഈ മാളികയിലേക്ക് താമസം മാറ്റുകയും ചെയ്തു. കരിമ്പുഴ കടന്നാല്‍, എളമ്പുളാശേരി എന്ന ദേശം. അവിടെ ഇപ്പോഴും ഈ മാളികകാണാം. മണിയേടത്ത് എന്ന പ്രശസ്തമായ നായര്‍ തറവാടിന്റെ ഉത്ഭവം ഇവിടെ നിന്നാണ്. കുഞ്ചിയോടൊപ്പം കഴിയാനുള്ള ആഗ്രഹം കൊണ്ട് സാമൂതിരിപ്പാട് കോഴിക്കോട്ടു നിന്നു കൂടെകൂടെ എഴുന്നള്ളിയെത്തുമായിരുന്നു. തീപ്പെടുവോളം ആ പ്രണയം അണമുറിയാതെ ഒഴുകി.. സമൂതിരി കിടന്നിരുന്ന സപ്രമഞ്ച കട്ടിലും അദ്ദേഹത്തിന്റെ കോളാമ്പിയും ഇപ്പോഴും അതുപോലെ സൂക്ഷിച്ചിട്ടുണ്ട് ഇവിടെ. തലമുറകള്‍ കടന്നു പോയിട്ടും, ഈ തറവാട്ടുകാര്‍ കുഞ്ചി മുത്തശ്ശിയെ കൃതജ്ഞതയോടെ ഓര്‍ക്കുന്നു. എടവമാസത്തിലെ പൂരം നക്ഷത്രത്തില്‍, മുത്തശ്ശിയെ സ്മരിച്ചുകൊണ്ടു പ്രത്യേക പൂജകളും പതിവുണ്ട്. തറവാട്ടിലെ ആണ്‍തരി തന്നെ വേണം പൂജചെയ്യാന്‍ എന്നും നിര്‍ബന്ധമാണ്. കാലപ്രവാഹം പോലെ കരിമ്പുഴ ഒഴുകുകയാണ്. പറയാന്‍ കഥകള്‍ ഉള്ളിലൊതുക്കി. ഒരു നിമിഷം കാതോര്‍ക്കുക, പുഴകള്‍ക്ക് ഏറെ കഥകള്‍ പറയാനുണ്ട്.

കേരളം മറന്നുകളഞ്ഞ ചരിത്രകാരന്‍



തൃശൂരിലെ ചെമ്പൂക്കാവിലുള്ള കൊല്ലങ്കോട്‌ പാലസ്‌, ചുമര്‍ ചിത്രമ്യൂസിയമാക്കുന്ന ചടങ്ങാണ്‌. ഉദ്‌ഘാടകന്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി എം.എ.ബേബി. പാലസിന്റെ മുറ്റത്തിട്ട പന്തലില്‍ ചെറിയതെങ്കിലും പ്രൗഢമായ സദസ്സ്‌. മ്യൂസിയത്തിന്റെ ആദ്യമധ്യാന്ത കാര്യങ്ങള്‍ പുരാവസ്‌തുമേധാവി എഴുതി വായിച്ചു കഴിഞ്ഞു. പിറകേ മന്ത്രിയുടെ പ്രൗഢമായ പ്രസംഗവും. പക്ഷെ, ചിത്രശാലയുടെ പിതാവായ പാലിയത്ത്‌ അനുജന്‍ അച്ഛനെ കുറിച്ച്‌ ഒരു വരിപോലും ആരും അനുസ്‌മരിച്ചില്ല. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ചുമര്‍ചിത്ര പകര്‍പ്പുകളത്രയും പകര്‍ത്തിയെടുപ്പിച്ച്‌ മ്യൂസിയം ആരംഭിച്ചത്‌, കേരളത്തിലെ പുരാവസ്‌തു ഗവേഷണത്തിന്റെ പിതാവായ അനുജന്‍ അച്ഛനായിരുന്നു. മട്ടാഞ്ചേരി പാലസിലേയും പത്മനാഭപുരം പാലസിലേയുമെല്ലാം അപൂര്‍വ്വ ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പ്‌ ചിത്രകാരന്‍മാരേക്കൊണ്ട്‌ പകര്‍ത്തിയെടുപ്പിച്ച്‌, തൃശൂരിലെ ടൗണ്‍ഹാളിലാണ്‌ ആദ്യമായി അനുജന്‍ അച്ഛന്‍ മ്യൂസിയം തുറന്നത്‌. ശ്രീ മൂലം തിരുനാള്‍ ചിത്രശാല എന്ന പേരില്‍. ഇത്‌ പിന്നീട്‌ കൊല്ലങ്കോട്‌ പാലസിലേക്കു മാറ്റി. അതിന്റെ നവീകരണം മാത്രമാണ്‌ പുരാവസ്‌തുവകുപ്പ്‌ നിര്‍വ്വഹിച്ച്‌, മന്ത്രിയെ കൊണ്ടു ഉദ്‌ഘാടനം ചെയ്യിപ്പിച്ചത്‌. ഒറ്റ പുതിയ ചിത്രം പോലുമില്ലാതെ!. മലയാളികളുടെ മറവി, ചിലപ്പോള്‍ അതു മനഃപൂര്‍വ്വമാകാനും മതി. കേരളത്തിലെ പുരാവസ്‌തു ഗവേഷണത്തിന്റെ പിതാവിനെ കുറിച്ച്‌ ഇന്നുവരെ എവിടെയും ഒരു പരാമര്‍ശവും ഉണ്ടായിക്കണ്ടിട്ടില്ല. ശശിഭൂഷന്റെ ചില പുസ്‌തകങ്ങളില്‍ അനുജന്‍ അച്ഛനെ ഓര്‍ക്കുന്നുണ്ട്‌ എന്നതൊഴിച്ചാല്‍.....
അനുജന്‍ അച്ചന്‍ ഓര്‍മ്മയായിട്ട്‌ നാലര പതിറ്റാണ്ടു കഴിഞ്ഞു. ഇന്നും കേരള പുരാവസ്‌തു വകുപ്പിന്‌ അദ്ദേഹത്തെ കുറിച്ച്‌ ഒരു പുസ്‌തകം പോലും പ്രസിദ്ധീകരിക്കാന്‍ തോന്നിയിട്ടില്ല. തിരുകൊച്ചി സംസ്ഥാനത്തിന്റെ ആദ്യപുരാവസ്‌തു ഡയറക്ടറായിരുന്ന അനുജന്‍ അച്ഛന്‍ ചെയ്‌തതില്‍ കവിഞ്ഞൊന്നും തങ്ങള്‍ക്കു ചെയ്യാനായിട്ടില്ലെന്ന്‌ പുരാവസ്‌തു ക്യൂറേറ്റര്‍ ബാലമോഹന്‍ സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പുകളും പഠന റിപ്പോര്‍ട്ടുകളും പുരാവസ്‌തു വിദ്യാര്‍ത്ഥികളുടെ വേദപുസ്‌തകമാണ്‌. അദ്ദേഹം നടത്തിയ ഉത്‌ഖനനങ്ങളും പുരാവസ്‌തു പഠനം സംബന്ധിച്ച്‌ പലപ്പോഴായി പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളും ചരിത്രമാണ്‌. അവിരാമമായ തന്റെ പഠനങ്ങളിലൂടെ കേരളത്തിന്റെ ചരിത്രം തിരുത്തുന്ന ഒട്ടനവധി നിഗമനങ്ങളിലും അദ്ദേഹം എത്തിച്ചേര്‍ന്നിരുന്നു. കേരളത്തില്‍ ശിലായുഗമുണ്ടായിരുന്നില്ലെന്ന ഗവേഷകരുടെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു. കേരളത്തിലെ ശിലായുഗത്തിന്‌ പതിനായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന്‌ അദ്ദേഹം 1947-ല്‍ പ്രസിദ്ധീകരിച്ച `കേരളം ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്‌' എന്ന ചെറുഗ്രന്ഥത്തില്‍ തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.
``മധ്യകേരളത്തിലെ മലഞ്ചെരിവുകളിലും കുന്നിന്‍പുറങ്ങളിലുമുള്ള പുരാതന ശവക്കല്ലറകളോട്‌ സാമാന്യേന സംബന്ധിച്ചു കിടക്കുന്ന, പാല്‍ നിറത്തിലുള്ള മൂര്‍ച്ചയുള്ള ``മൈക്രോപ്രിത്‌്‌സ്‌'' എന്ന ഉരക്കല്ലുകള്‍, കേരളത്തിലെ ശിലായുഗത്തിന്റെ അന്ത്യകാലത്തെ പ്രസ്‌പഷ്ടമായി സൂചിപ്പിക്കുന്നുണ്ട്‌'-അദ്ദേഹം എഴുതി. കേരളത്തിലെ ശിലായുഗം മോഹന്‍ജോദാരോ കാലത്തിനും വളരെ മുമ്പ്‌ ആരംഭിച്ച്‌, ആ നാഗരികതയുടെ തുടക്കത്തോടെ അവസാനിച്ചിരിക്കണമെന്നും അദ്ദേഹം അനുമാനിക്കുന്നു.
കേരളസംസ്ഥാനം നിലവില്‍വരും മുമ്പെ, തന്റെ കര്‍മ്മമേഖലയില്‍ നിന്നും വിരമിച്ച അദ്ദേഹം, കേരളപ്പിറവിയോടെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ തള്ളിമാറ്റപ്പെട്ടു. 64-ല്‍ മരിക്കുമ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ അംഗീകാരമോപെരുമയുടെ തിളക്കമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല.
അപ്പോഴൂം അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞത്‌ വിദേശികളായിരുന്നു. അദ്ദേഹത്തിന്റെ സഹായമഭ്യര്‍ത്ഥിച്ചും സംശയനിവൃത്തിക്കുമായി അവര്‍ നേരിട്ടുവരികയും കത്തുകളയയ്‌ക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അപ്പോഴും പിറന്ന നാട്‌ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. തൃശൂരില്‍ ആദ്യമായി പുരാവസ്‌തുമ്യൂസിയം തുറന്ന അദ്ദേഹം, പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച വസ്‌തുക്കള്‍ അവിടെ ശാസ്‌ത്രീയമായി പ്രദര്‍ശിപ്പിച്ചു. തലപ്പിള്ളി താലൂക്കിലും കണ്ടാണശേരിയിലുമുള്ള കുടക്കല്ലുകളും മുനിയറകളും ആദ്യമായി തുറന്നു പരിശോധിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇവയെ പിന്നീട്‌ ദേശീയസംരക്ഷിത സ്‌മാരകങ്ങളാക്കി. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പറമ്പില്‍ ആദ്യമായി ഉത്‌ഖനനം നടത്തിയത്‌ അനുജന്‍ അച്ഛനാണ്‌. വടക്കുന്നാഥക്ഷേത്രം, കൂടല്‍മാണിക്യം, മട്ടഞ്ചേരി പാലസ്‌, പത്മനാഭപുരം പാലസ്‌ എന്നിവിടങ്ങളിലെ അപൂര്‍വ്വ ചുവര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത്‌ സംരക്ഷിച്ചത്‌ മറ്റൊരു ചരിത്രദൗത്യമാണ്‌. കേരളത്തിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കേന്ദ്രപുരാവസ്‌തു വകുപ്പിനെ കൊണ്ടു ഏറ്റെടുപ്പിച്ച്‌ ചരിത്രസ്‌മാരകങ്ങളായി പ്രഖ്യാപിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇത്തരം നൂറോളം ചരിത്രസ്ഥലികള്‍ ഇന്നു സംരക്ഷിത സ്‌മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌. വരും തലമുറയോടുള്ള ദൗത്യവും അദ്ദേഹം നിര്‍വ്വഹിച്ചു. വടക്കാഞ്ചേരി ഇയ്യാല്‍ പ്രദേശത്തുനിന്നു കണ്ടെടുത്ത തനി തങ്കത്തില്‍ തീര്‍ത്ത റോമന്‍ നാണയങ്ങള്‍ ഇന്നും തൃശൂര്‍ മ്യൂസിയത്തില്‍ കാണാം. ഒരു ഫോട്ടോഗ്രാഫറുടെ സഹായം പോലുമില്ലാതിരുന്ന ആ കാലത്ത്‌ സ്വന്തം കാമറയുമായി അദ്ദേഹം കേരളത്തിലെ ചരിത്രസ്ഥലികളില്‍ അലഞ്ഞു. ചേന്ദമംഗലം പാലിയത്ത്‌ കൊച്ചുളള കുഞ്ഞമ്മയുടെയും ചാലക്കുടി മേക്കാട്‌ ഈശാനന്‍ നമ്പൂതിരിയുടേയും മകനായി ജനിച്ച അനുജന്‍ അച്ഛന്‍, കേരളത്തിലേയും മദ്രാസിലേയും തുടര്‍ പഠനത്തിനു ശേഷം, രബീന്ദ്രനാഥ ടഗോറിന്റെ കീഴില്‍ ശാന്തിനികേതനിലാണ്‌ ബിരുദം പൂര്‍ത്തിയാക്കിയത്‌. തുടര്‍ന്ന്‌ പൂനെയിലെ ഭണ്ഡാര്‍ക്കര്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ഗവേഷകനായി. പിന്നീടാണ്‌ കൊച്ചിന്‍ സ്‌റ്റേറ്റിന്റെ, സ്‌റ്റേറ്റ്‌ ആര്‍ക്കിയോളജിസ്‌റ്റായി ചുമതലയേല്‍ക്കുന്നത്‌. കേന്ദ്രപുരാവസ്‌തു മേധാവിയും ബ്രിട്ടീഷുകാരനുമായ മോര്‍ട്ടിമര്‍ വീലറോടൊപ്പം മോഹന്‍ജോദാരോ, ഹാരപ്പ, തക്ഷശില എന്നിവിടങ്ങളില്‍ ഉത്‌ഖനനം നടത്തി. അവിടെ നിന്നു ലഭിച്ച നിരവധി പുരാവസ്‌തു രേഖകള്‍ അദ്ദേഹം തൃശൂര്‍ മ്യൂസിയത്തിനു നല്‍കുകയുണ്ടായി. പ്രസിദ്ധമായ പാലിയം ഗ്രന്ഥശാലയിലെ താളിയോല ഗ്രന്ഥങ്ങളെല്ലാം, തിരുവനന്തപുരം മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറിക്കു കൈമാറിയ അദ്ദേഹം, ഭാസന്റെ `ഭഗദജ്ജൂകം' സംസ്‌കൃത നാടകം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്‌തു. അഖിലേന്ത്യ സയന്‍സ്‌ കോണ്‍ഗ്രസ്സില്‍ നിരവധി വര്‍ഷം തുടര്‍ച്ചയായി പ്രബന്ധങ്ങളവതരിപ്പിച്ച അനുജന്‍ അച്ഛന്‍ ഇല്ലായിരുന്നെങ്കില്‍, കേരളത്തിലെ പുരാവസ്‌തു ചരിത്രം മറ്റൊന്നാകുമായിരുന്നു.

ഇത്‌ തൃശൂരിന്റെ ഓര്‍മ്മകളിലെ വേദന

ഭ്രാന്തെടുത്ത്‌ കൂകി വിളിച്ച്‌ ഓടുന്ന മകനു പിന്നാലെ ശുഷ്‌കിച്ചുണങ്ങിയ അമ്മയും ഓടിനടന്നു. പ്രായം ഏറെയായിട്ടും, തളര്‍ച്ചകള്‍ മാറ്റിവച്ച്‌ മകന്റെ രക്ഷക്കായി ആ അമ്മ ഓടിനടന്നു, മകന്റെ ഒരു നിഴല്‍ പോലെ....തൃശൂരിന്റെ തെരുവുകളില്‍.. വിശാലമായി കിടക്കുന്ന തേക്കിന്‍കാടു മൈതാനം മുഴുവനും...
ഒരു കാലത്ത്‌ തൃശൂരിന്റെ നീറുന്ന വേദനയായിരുന്നു, അനാഥരായ ഈ അമ്മയും മകനും. ലക്ഷ്‌മി അമ്മാളും മനോരോഗിയായ മകന്‍ രാജുവും. ഉയര്‍ന്ന ബ്രാഹ്മണ കുലത്തില്‍ ജനിച്ച്‌ തെരുവില്‍ കിടന്നു മരിക്കുകയായിരുന്നു അമ്മയും മകനും. അറുപത്തേഴുകാരനായ രാജുവാണ്‌ ആദ്യം മരിക്കുന്നത്‌. അമ്മയുടെ മടിയില്‍ കിടന്ന്‌. ഒരു വര്‍ഷത്തിനു ശേഷം ലക്ഷ്‌മിഅമ്മാളും മകന്റെ അടുത്തേയ്‌്‌ക്കു യാത്രയായി...എണ്‍പതാം വയസ്സില്‍. കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ട ലക്ഷ്‌മി അമ്മാളിനെ പൊലീസ്‌ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മനുഷ്യജന്മത്തിന്റെ അര്‍ത്ഥശൂന്യത വിളിച്ചു പറയുന്ന ഒരു ജീവിതം തൃശൂര്‍ക്കാര്‍ കണ്ടു. പച്ചയായ ജീവിതം.
തൃശൂരില്‍ സ്ഥിരതാമസമാക്കിയ നല്ലൊരു തമിഴ്‌ബ്രാഹ്മണ കുലത്തിലാണ്‌ അമ്മാള്‍ ജനച്ചത്‌. കൊല്‍ക്കത്തയില്‍ ഭര്‍ത്താവിനൊപ്പം സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത്‌. പക്ഷെ, പതിനേഴാം വയസ്സില്‍ മകന്‍ രാജു മാനസികാസ്വാസ്ഥ്യത്തിനു അടിപ്പെട്ടതോടെ ഇവരുടെ ജീവിതം തകരുകയായിരുന്നു. ടൈപ്പ്‌ റൈറ്റിംഗ്‌ പഠിച്ചുകൊണ്ടിരിക്കെ, ഒരു ദിവസം ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ നിന്നു തിരിച്ചുവന്ന രാജു മനോരോഗലക്ഷ്‌ണങ്ങള്‍ കാണിച്ചു തുടങ്ങി. അത്‌ രൂക്ഷമായതോടെ അയാള്‍ വീടുവിട്ട്‌ തെരുവില്‍ അലഞ്ഞു തുടങ്ങി. ഒരു മകളുണ്ടായിരുന്നു. അവരെ വിവാഹം ചെയ്‌തയക്കുകയും അമ്മാളുടെ ഭര്‍ത്താവു മരണപ്പെടുകയും ചെയ്‌തതോടെ തികച്ചും അനാഥയായിമാറി ഇവര്‍.
മകന്റെ മനോരോഗം മൂര്‍ച്ഛിച്ചതോടെ അമ്മാള്‍ അയാളേയും കൂട്ടി തൃശൂരിലെത്തി. പിന്നെ തെരുവുകളിലൂടെയുള്ള അലച്ചിലായി ആ ജീവിതം. മഴയിലും വെയിലിലും മഞ്ഞിലും മകന്റെ നിഴലായി ഈ വൃദ്ധ സ്‌ത്രീ നടന്നു. ഇടക്ക്‌ അസ്‌പഷ്ടമായ വാക്കുകളില്‍ അലറിവിളിച്ച്‌ രാജു ഓടും. അമ്മാള്‍ പിറകേയും...ആ മാതൃവാത്സല്യം കണ്ടു കണ്ണുനിറയാത്ത തൃശൂര്‍ നഗരവാസികളില്ലായിരുന്നു. ഒടുവില്‍ 62-ാം വയസ്സില്‍ രാജു മരിച്ചു. കേരള ബ്രാഹ്മണ സഭ ലക്ഷ്‌മി അമ്മാളെ അനാഥ മന്ദിരത്തിലെത്തിച്ചെങ്കിലും, മരിച്ചുപോയ മകന്റെ ഓര്‍മ്മകളില്‍ ആ അമ്മ വീണ്ടും തെരുവുകളില്‍ അലഞ്ഞു.. ഒടുവില്‍ 2005 നവംബറില്‍, കടത്തിണ്ണയില്‍ അവരും മരിച്ചു. മാതൃ-പുത്ര ബന്ധത്തിന്റെ തീക്ഷ്‌ണഭാവം തൃശൂരിന്റെ മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ട്‌.

അവസാനത്തെ പത്രാധിപര്‍



തൃശൂരിലെ എക്‌സ്‌പ്രസ്സ്‌ പത്രമോഫീസില്‍ എഡിറ്റോറിയല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഇടതുവശത്തെ മുറിയില്‍ ഒരാള്‍ വായനയിലാണ്‌. പ്രായം കൂടി, മെലിഞ്ഞു കിളിരം കൂടി, നെറ്റികയറിയ ഒരാള്‍. കട്ടിക്കണ്ണട വച്ച മുഖത്ത്‌ തികഞ്ഞ ഗൗരവം. മേശമേല്‍ പുസ്‌തകങ്ങളും പത്രങ്ങളും. ടെലിഫോണില്ല. കേരളം കണ്ട മഹാരഥന്‍മാരായ പത്രാധിപന്‍മാരില്‍ ഒരാളായ ടി.വി. അച്യുതവാരിയരാണത്‌. ചെറുപ്പത്തിലേ കേള്‍വി ശക്തി നഷ്ടപ്പെട്ടതിനാല്‍, ഫോണ്‍ ഇല്ലാതെ ജോലിചെയ്‌ത ഒരേ ഒരു പത്രാധിപര്‍!. നട്ടെല്ലുള്ള പത്രാധിപന്‍മാരുടെ കൂട്ടത്തിലെ അവസാനത്തെ ആള്‍!.
അച്യുതവാരിയര്‍ ഓര്‍മ്മയായിട്ട്‌ ഇന്ന്‌ ഒരു വര്‍ഷം തികഞ്ഞു. ഈ മനുഷ്യനെ കുറിച്ച്‌ ഓര്‍ത്തെടുക്കാന്‍ അത്രയേറെയുണ്ട്‌. പത്രാധിപന്‍മാര്‍, പത്രത്തിന്റെ എല്ലാമെല്ലാമായിരുന്ന ഒരു കാലഘട്ടത്തിനു കൂടിയാണ്‌ അച്യുതവാരിയരുടെ കാലത്തോടെ അവസാനമായത്‌. മുതലാളിമാര്‍ നിയന്ത്രിക്കുന്ന ഇന്ത്യന്‍ പത്രവ്യവസായത്തില്‍ ഇനി അങ്ങിനെയൊരു അധ്യായം പ്രതീക്ഷിക്കാനും വയ്യ. മഹാരഥന്‍മാരുടെ കാലൊച്ചമുഴങ്ങിക്കേട്ട കാലമായിരുന്നു അന്നു പത്രങ്ങളില്‍.
മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയ ദിവസം. അന്നു രാത്രി ഡ്യൂട്ടിയില്‍ അച്യുതവാരിയര്‍. ടെലിപ്രിന്ററില്‍ സന്ദേശം വരുന്നത്‌ കേള്‍ക്കാന്‍ കഴിയില്ലെന്നതിനാല്‍, അദ്ദേഹം ടെലിപ്രിന്ററില്‍ കൈവച്ച്‌ ഉറങ്ങി. ഒടുവില്‍ ആ ചരിത്രസംഭവത്തിന്റെ ആദ്യ വരികള്‍ ടെലിപ്രിന്റില്‍ വരുമ്പോള്‍ അദ്ദേഹം അത്‌ പത്രത്തിന്റെ ഒന്നാം പേജില്‍ അടയാളപ്പെടുത്തി...മനുഷ്യരാശിയുടെ കുതിച്ചു ചാട്ടം!.
സോഷ്യലിസ്‌റ്റ്‌ കാഴ്‌ചപ്പാടില്‍ ഊന്നിയ വാരിയരുടെ എഡിറ്റോറിയലുകള്‍ ചരിത്രമാണ്‌. അതു വായിക്കാന്‍ വേണ്ടി മാത്രം പത്രം വാങ്ങിയിരുന്നവരുണ്ട്‌. പത്രസ്വാതന്ത്ര്യത്തിന്റെ സുവര്‍ണകാലഘട്ടത്തില്‍, പ്രഗത്ഭനായ കരുണാകരന്‍ നമ്പ്യാര്‍ക്കൊപ്പം എക്‌സ്‌പ്രസ്സിനെ നയിച്ചു അച്യുതവാരിയര്‍. കരുണാകരന്‍ നമ്പ്യാര്‍ പകുതി തയ്യാറാക്കി നല്‍കുന്ന എഡിറ്റോറിയലുകള്‍ പലപ്പോഴും പൂരിപ്പിച്ചിരുന്നത്‌ അച്യുതവാരിയരായിരുന്നു. എഴുതിയത്‌ രണ്ടാള്‍ ചേര്‍ന്നാണെന്നു പോലും തോന്നാത്തവിധം!.
ചെവി കേള്‍ക്കാത്തതു കൊണ്ട്‌ അല്‍പ്പം ഉച്ചത്തിലാണ്‌ വാരിയരുടെ സംസാരം. പത്രത്തിന്റെ പ്രാദേശിക പേജുകളില്‍ വാര്‍ത്തകള്‍ കുറയുമ്പോഴും നിലവാരം താഴുമ്പോഴും മീറ്റിങ്ങുകളില്‍ കലശല്‍ കൂട്ടുന്ന വാര്യരെ ഇപ്പോഴും ഓര്‍ക്കുന്നു. ഒരിക്കല്‍ ഓഫീസിലെത്തുമ്പോള്‍, എഡിറ്റോറില്‍ ഹാളില്‍, അസ്വസ്ഥനായി നടക്കുന്ന വാര്യര്‍ സാറിനെ കണ്ടു. കൈ പിറകില്‍ കെട്ടി, തറയില്‍ കണ്ണുറപ്പിച്ച്‌ അദ്ദേഹം അസ്വസ്ഥനായി നടന്നു കൊണ്ടിരുന്നു. ഇടക്കിടെ എന്തോ പിറുപിറുത്ത്‌ തലകുലുക്കുന്നുമുണ്ട്‌. കേന്ദ്രബജറ്റിനെ കുറിച്ചു തയ്യാറാക്കിയ എഡിറ്റോറിയലില്‍, ശതമാനകണക്കില്‍ ചെറിയ എന്തോ പിഴവു സംഭവിച്ചിരിക്കുന്നു. രാജിക്കൊരുങ്ങി എന്നാണ്‌ സഹപ്രവര്‍ത്തകര്‍ പറഞ്ഞ്‌ പിന്നീട്‌ മനസ്സിലായത്‌. സഹപ്രവര്‍ത്തകരുടെ സാന്ത്വനപ്പെടുത്തലിനു അദ്ദേഹം വഴങ്ങുകയായിരുന്നു പിന്നീട്‌. അക്കാലമായപ്പോഴേക്കും എക്‌സ്‌പ്രസ്സ്‌ പത്രം സുബ്രഹ്മണ്യം സ്വാമിയുടെ കൈകളില്‍ എത്തിയിരുന്നു. പത്രസ്വതന്ത്ര്യത്തില്‍ കൈകടത്തലുകളും ആരംഭിച്ചു. ഒരു ദിവസം വാരിയരുടെ മുറി ഒഴിഞ്ഞു കിടന്നു. നട്ടെല്ലു പണയപ്പെടുത്താന്‍ തയ്യാറല്ലാത്ത ആ പത്രാധിപര്‍ രാജിവച്ചു.
അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്ത്‌ വാരിയര്‍ എഡിറ്റോറില്‍ കോളം ഒഴിച്ചിട്ടു-പ്രതിഷേധത്തിന്റെ നവീന രൂപം കണ്ടു ഭരണാധികാരികള്‍ക്ക്‌ വിറളി പിടിച്ചു. എഡിറ്റോറിയല്‍ എഴുതീയേ തീരൂ എന്ന്‌ പൊലീസ്‌. വാരിയര്‍ എഴുതി, ആഫ്രിക്കന്‍ പായലിനെ കുറിച്ചും മറ്റും!. പരിഹാസത്തിന്റെ മുള്‍മുനകള്‍ പൊതിഞ്ഞു വച്ച്‌....പത്രപ്രവര്‍ത്തനത്തിലെ ധീരതയുടെ ഇതിഹാസകാലമായി മാറി അത്‌.
എക്‌സ്‌പ്രസ്സ്‌ വിട്ടശേഷം, തൃശൂരില്‍ തുടങ്ങിയ `പുണ്യഭൂമി' ദിനപത്രത്തിലാണ്‌ വരിയരെ പിന്നെ കണ്ടത്‌. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറിയ സമയം. സൈലന്റ്‌വാലി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഒരുക്കം നടക്കുന്നു. ഞാന്‍ ഒരു ലേഖനമെഴുതി ന്യൂസ്‌ എഡിറ്റര്‍ സുരേന്ദ്രനെ ഏല്‍പ്പിച്ചു. അച്യുതവാരിയരെ കാണിക്കാന്‍ നിര്‍ദ്ദേശം. അദ്ദേഹം നിശബ്ദനായി ലേഖനം ഓടിച്ചു വായിച്ചു മേശമേല്‍ വച്ചു. മുഖത്തേക്കു നോക്കി ഒന്നു ചിരിച്ചു. ഒന്നും പറഞ്ഞില്ല. പത്രങ്ങളിലെ സിദ്ധാന്തം, `ഫയല്‍ ഇറ്റ്‌ ആന്റ്‌ ഫൊര്‍ഗെറ്റ്‌ ഇറ്റ്‌' എന്നാണ്‌. സാധനം കൊടുത്താല്‍ കയ്യോടെ അതു മറന്നേക്കുക. അച്ചടിച്ചോ ഇല്ലയോ എന്നൊന്നും അന്വേഷിക്കേണ്ടതില്ല. ഞാന്‍ തിരിച്ചു പോന്നു. പിറ്റേന്ന്‌ പത്രം കണ്ടപ്പോള്‍, ഞെട്ടിപ്പോയി. എഡിറ്റോറില്‍ പേജിലെ പ്രധാന ലേഖനമായി അത്‌ അച്ചടിച്ചു വന്നിരിക്കുന്നു!. പിന്നീടാണ്‌ അറിഞ്ഞത്‌ സൈലന്റ്‌ വാലി പദ്ധതിയെ കുറിച്ച്‌ ആഴത്തില്‍ പഠിക്കുകയും അതിനെ നിരന്തരം എതിര്‍ത്തു പോരുകയും ചെയ്‌ത ആളായിരുന്നു അച്യുതവാരിയരെന്ന്‌. അറിവിന്റെ നിറകുടമായിരുന്നു വാര്യര്‍ സാര്‍. എന്തു സംശവും ചോദിക്കാം(ചോദ്യങ്ങള്‍ എഴുതിക്കാണിക്കണം). ഉത്തരം റെഡി. അറിയില്ലെങ്കില്‍ അപ്പോള്‍ തന്നെ റഫര്‍ ചെയ്‌ത്‌ അതു നിവര്‍ത്തിച്ചു തരും.
ബാബറി മസ്‌ജിദ്‌ വാര്‍ഷികദിനത്തിലാണ്‌. അച്യുതവാരിയര്‍ എഡിറ്റോറിയല്‍ തയ്യാറാക്കിയിരിക്കുന്നു. അപ്പോള്‍, പത്രത്തിന്റെ ഉടമ സ്വാമി സത്യാനന്ദ സരസ്വതിയുടെ അറിയിപ്പ്‌ എത്തി. ഇന്നത്തെ എഡിറ്റോറിയല്‍ അദ്ദേഹം എഴുതിയതുവേണം കൊടുക്കാന്‍, അതും ഒന്നാം പേജില്‍. കാര്യം, അച്യുതവാരിയരെ വിഷമത്തോടെയാണെങ്കിലും ന്യൂസ്‌ എഡിറ്റര്‍ അറിയിച്ചു. നിഷ്‌കളങ്കമായി ചിരിച്ചു കൊണ്ടു അദ്ദേഹം ഒരു വെള്ളക്കടലാസ്‌ വലിച്ചെടുത്ത്‌, രാജിയെഴുതി. ഞങ്ങളെല്ലാം നോക്കി നില്‍ക്കേ, നിശബ്ദനായി ഗോവണികള്‍ ഇറങ്ങിപ്പോയി. പത്രപ്രവര്‍ത്തകനായതില്‍ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്‌.
പിന്നീട്‌ പലപ്പോഴും അദ്ദേഹത്തെ നഗരത്തില്‍ വച്ചു കണ്ടു. ഖദര്‍ ഷര്‍ട്ട്‌, കാലന്‍കുട, മുണ്ടിന്റെ തുമ്പ്‌ കൈയില്‍ പൊക്കിപ്പിടച്ചു അദ്ദേഹം നിശബ്ദം റോഡരികിലൂടെ നീങ്ങി. കണ്ടപ്പോഴെല്ലാം വികാരവായ്‌പോടെ എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു. സ്‌നേഹാന്വേഷണം നടത്തി. കുട്ടികളുടെ പോലെ നിഷ്‌കളങ്കമായ ആ ചിരി മനസ്സിന്റെ ആഴങ്ങളില്‍ നിന്നുള്ളതായിരുന്നു. ഒടുവില്‍ കച്ചവട താത്‌പര്യങ്ങളുടെ മാധ്യമലോകത്തു നിന്നും വാരിയര്‍ വിടവാങ്ങി. സ്വര്‍ഗ്ഗമെന്ന ഒന്നുണ്ടെങ്കില്‍, അവിടെ പത്രം ഉണ്ടെങ്കില്‍, അദ്ദേഹം തീര്‍ച്ചയായും അവിടെ പത്രാധിപരായി ഇരിക്കുന്നുണ്ടാവും..