Saturday, September 28, 2013

നാലുകെട്ടില്‍ മഴ നനഞ്ഞു നനഞ്ഞ്‌.....



`` അപ്പൂ.....വേഗം അകത്തു കേറിക്കാ....മഴവരണ്‌്‌ണ്ട്‌...പാറൂ...ഒണങ്ങാനിട്ടതൊക്കെ വേഗം എടുത്താ....''
നാലുകെട്ടിനുള്ളില്‍ നിന്നു മുത്തശ്ശിയുടെ ശബ്ദം.
പടിപ്പുരയില്‍ നിന്നു വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിന്റെ ഭംഗി നോക്കി നില്‍ക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്‌ മുത്തശ്ശി തന്നത്‌. ഒപ്പം പുറംപണിക്കാരി പാറുവിനും. പാടത്തിനു മുകളില്‍ കരിങ്കാറുകള്‍ കാണുമ്പോഴേക്കും മുത്തശിക്കറിയാം, അതാ മഴയെത്തി എന്ന്‌. ആശാരിമൂലയില്‍ കാറു കണ്ടാല്‍ ഉടനെത്തും മഴയെന്ന്‌ നാട്ടിന്‍ പുറത്തെ ശാസ്‌ത്രം. അതു പിഴക്കാറേ ഇല്ല.
നാലുകെട്ടിന്റെ സുരക്ഷയിലേക്ക്‌ ഓടും മുമ്പെ മഴയെത്തി. നാട്ടിന്‍ പുറത്തെ മഴ അങ്ങിനെയാണ്‌. പാടത്തിന്‌ അക്കരെ നിന്ന്‌ ഇരമ്പം കേള്‍ക്കാം. വീടിനകത്തേക്ക്‌ ഓടുമ്പോഴേക്കും മഴ ആര്‍ത്തലച്ച്‌ പാടം കടന്ന്‌ എത്തിയിരിക്കും. നനച്ചേ അടങ്ങൂ എന്ന വാശിയില്‍!.
ഇറത്തിണ്ണയില്‍ കയറുമ്പോഴേക്കും മഴ കോരിച്ചൊരിഞ്ഞു. ഒ.വി. വിജയന്റെ വാക്കുകള്‍ കടമെടുത്താല്‍, ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴ. നാലുകെട്ടിനുള്ളില്‍, നടുമുറ്റത്തേക്കു കുതിച്ചു വീഴുന്ന മഴ കണ്ടിട്ടുണ്ടോ..?. വീടിനകത്തും പുറത്തും മഴയുടെ കോലാഹലം. അത്‌ അനുഭവിച്ചു തന്നെ അറിയണം. നടുമുറ്റത്തു പാത്തികളിലൂടെ പെയ്‌തു നിറയുന്ന മഴവെള്ളം കയ്യെത്തിപ്പിടിക്കാം. അകത്തു വീഴുന്ന വെള്ളം പുറത്തേക്കൊഴുകാന്‍ ഓവുകളുണ്ട്‌. വാസ്‌തുവിദ്യയുടെ വിസ്‌മയം. നടുമുറ്റത്തു നിറയുന്ന വെള്ളത്തില്‍ വീണും ഉരുണ്ടും കളിക്കാന്‍ രസം. അപ്പോള്‍ വരും മുത്തശ്ശിയുടെ ശാസന-`ന്റെ കുട്ട്യേ...പനിവരുത്തണ്ടാ...'
ഇരുണ്ട അകത്തളങ്ങളില്‍ മഴയുടെ താള നിബദ്ധമായ സംഗീതം. മഴയ്‌ക്കുമുണ്ട്‌ സംഗീതം എന്ന്‌ അറിഞ്ഞു. തെക്കിനിയില്‍, ഭഗവാന്‍മാര്‍. മരിച്ചുപോയവര്‍. സന്ധ്യക്ക്‌ വിളക്കു വച്ച്‌ നാമജപമുണ്ട്‌. തറവാട്ടിലെ എല്ലാ അംഗങ്ങളും അവിടെ ചേര്‍ന്നിരിക്കുന്നു; ഈശ്വരനാമങ്ങള്‍ ചൊല്ലുന്നു.
``പരദൂഷണം അതിഭാഷണം
ഇവയാല്‍ മമ ചിത്തം
ഒരു നേരവും ഇളകാന്‍
ഇടയരുതേ ഭഗവാനേ...'' മുത്തശ്ശി നീട്ടി ചൊല്ലുന്നു. മറ്റുളളവര്‍ ആവര്‍ത്തിക്കുന്നു. അന്നു തറവാട്ടില്‍ വൈദ്യുതി എത്തിയിട്ടില്ല. നാമജപം കഴിഞ്ഞാല്‍ തെക്കിനിയില്‍ കുടുംബസദസ്സായി. കുട്ടികളുടെ കുറുമ്പും പഠിപ്പും അകലെയുള്ള ബന്ധുക്കളുടെ കാര്യവും ഒക്കെയായി..
ഊണു നേരത്തേയാണ്‌. ചിമ്മിണി വിളക്കിന്റെ വെളിച്ചത്തില്‍, തറയില്‍ പലകമേല്‍ ഇരുന്നാണ്‌ ഊണ്‌്‌. കുട്ടികള്‍ക്ക്‌ ആദ്യം എന്നാണ്‌ കണക്ക്‌. അതു കഴിഞ്ഞാല്‍ ഉറക്കം. ഓരോരുത്തര്‍ക്കും അറകളുണ്ട്‌. അറ എന്നാല്‍ ഇന്നത്തെ വീടുകളിലെ ബെഡ്‌ റൂമുകളേക്കാള്‍ വലുപ്പം വരും. മരംകൊണ്ടുള്ള ചുവരുകള്‍. മൂത്രശങ്ക കഴിക്കാന്‍ ഓവറ ഇതിനുള്ളില്‍ തന്നെ.
രാത്രി കിടക്കയില്‍ മഴത്തണുപ്പേല്‍ക്കാതെ പുതച്ചു മൂടി കിടക്കുമ്പോള്‍, മഴത്തുള്ളികളുടെ താളംപിടിത്തം. ഓടുകളില്‍ നിന്നു ഇറ്റുന്ന മഴത്തുള്ളികള്‍ നടുമുറ്റത്തെ തകരപ്പാത്തിയില്‍ വീഴുന്നതിന്റെ താളക്രമം ശ്രദ്ധിച്ചു കിടന്നാല്‍ ഉറങ്ങിപ്പോകുന്നതറിയില്ല. തറവാട്ടിനു പിന്നിലെ തേക്കിന്‍ കാട്ടില്‍, മഴ പെയ്യുന്നതിന്‌ മറ്റൊരു താളമാണ്‌. താഴെ വീണുകിടക്കുന്ന ഉണങ്ങിയ തേക്കിലകളില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍, സ്വരം മാറുന്നു.
കേരളത്തിന്റെ മാത്രം പ്രത്യേകതയായ നാലുകെട്ടുകള്‍ ഇന്നു നാടുനീങ്ങിക്കഴിഞ്ഞിരിക്കുന്നു. അറുപതും അതിനു മുകളിലും ആളുകള്‍ കൂടിക്കഴിഞ്ഞ ആ സുരക്ഷിതകാലം അകന്നിരിക്കുന്നു. വീണാല്‍ ഒരാള്‍ താങ്ങാനുണ്ട്‌ എന്ന ധൈര്യം മലയാളിക്ക്‌ കൈമോശം വന്നത്‌ അവിടം മുതലാണ്‌. കേരളത്തിന്റെ തനതുകാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായി വാസ്‌തുശാസ്‌ത്രമനുസരിച്ചാണ്‌ നാലുകെട്ടുകള്‍ തീര്‍ത്തിരുന്നത്‌. നാലു ഹാളുകള്‍ പരസ്‌പരം ചേര്‍ത്ത്‌ നടുഭാഗത്ത്‌ ആകാശത്തേക്കു നോക്കിക്കിടക്കുന്ന നടുമുറ്റം തീര്‍ത്തിരിക്കുന്നു. വടക്കുഭാഗത്തുള്ള ഹാളിനെ വടക്കിനി എന്നു വിളിക്കും. തെക്കുഭാഗത്തുളളത്‌ തെക്കിനി. പടിഞ്ഞാറു ഭാഗത്തുള്ളത്‌ പടിഞ്ഞാറ്റിനി. കിഴക്കു ഭാഗം കിഴക്കിനി. ഒരു കൂരയ്‌ക്കു കീഴില്‍ നിരവധി കുടുംബങ്ങള്‍. ഇവര്‍ക്ക്‌ എല്ലാവര്‍ക്കും ഒരേ അടുക്കള. കഴിക്കുന്ന ഭക്ഷണവും ഒന്ന്‌. ഇങ്ങിനെയൊരു കുടുംബ സങ്കല്‍പ്പം പുതിയ മലയാളി തലമുറയ്‌ക്കു വിശ്വസിക്കാനാവില്ല. അനുഭവങ്ങളുടെ വിജ്ഞാന കോശമായി, എല്ലാ കാര്യങ്ങള്‍ക്കും അധ്യക്ഷയായി മുത്തശ്ശി. തറവാടിന്റെ ആവശ്യങ്ങള്‍ കണ്ടു നടത്താന്‍ വലിയമ്മാവന്‍-തറവാട്ടു കാരണവര്‍. അമ്മയും വല്ല്യമ്മയും ചെറിയമ്മയും അവരുടെ കുട്ടികളും അമ്മാവനും അമ്മായിയും അവരുടെ മക്കളും....ജീവസ്സുറ്റ ഒരു അന്തരീക്ഷത്തില്‍ അരക്ഷിതാവസ്ഥ എന്ന ഒന്നുണ്ടായിരുന്നില്ല. ഇന്ന്‌ അഞ്ചു സെന്റില്‍ ഒരു നാലുകെട്ട്‌ പണിയാം എന്ന്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിക്കാര്‍ വാഗ്‌ദാനം ചെയ്യുന്നു. ഉണ്ടായിരിക്കാം, പക്ഷെ സുരക്ഷാബോധം, അതു എവിടെ നിന്നു ലഭിക്കും?.

No comments:

Post a Comment