Friday, September 27, 2013

താന്ത്രികതയുടെ അവസാനവാക്ക്‌



ഉച്ചതിരിഞ്ഞ്‌ മൂന്നുമണിയോടെയാണ്‌ ഞങ്ങള്‍ അവിടെ എത്തിയത്‌. തൃപ്രയാര്‍ ശ്രീരാമസ്വാമീ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലുള്ള തന്ത്രി മഠത്തില്‍, താന്ത്രിക ഗ്രന്ഥങ്ങള്‍ക്കു നടുവില്‍, വായനയിലാണ്‌ ക്ഷേത്രം തന്ത്രിയും താന്ത്രികാചാര്യനും കൂടിയായ തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌. എഴുപതു കഴിഞ്ഞ അദ്ദേഹം തന്ത്ര ശാസ്‌ത്രത്തിന്റെ അവസാന വാക്കാണ്‌. പാരമ്പര്യത്തിന്റെയും യാഥാസ്ഥിതികതയുടേയും നടുത്തളത്തില്‍ നിന്നുകൊണ്ട്‌ അവയെ തിരുത്തുക എന്ന മഹാപ്രയത്‌നം അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു. തന്ത്രം ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഒന്നായി കരുതിവരുന്ന കാലഘട്ടത്തില്‍, അത്‌ ഈശ്വരപ്രാപ്‌തിക്കായി ആര്‍ക്കും അനുഷ്‌ഠിക്കാവുന്ന സാധനാമാര്‍ഗ്ഗമാണെന്ന്‌ തിരിച്ചറിയുന്നു അദ്ദേഹം. ജാതി-മത-വര്‍ഗ്ഗ ചിന്തകള്‍ക്ക്‌ സ്ഥാനം ഇല്ലെന്ന്‌ സ്വന്തം പ്രവര്‍ത്തിയിലൂടെ തെളിയിക്കുന്നു.
തൃശൂര്‍ ജില്ലയിലെ കിഴുപ്പിള്ളിക്കരയിലാണ്‌ തരണനല്ലൂര്‍ മന. പരശുരാമനില്‍ നിന്നും താന്ത്രികാവകാശം നേരിട്ടു ലഭിച്ച ഏക ബ്രാഹ്മണ കുടുംബമെന്ന ഖ്യാതി ഈ മനക്കാര്‍ക്കുളളതാണ്‌. കേരളത്തിലെ ഏതു ക്ഷേത്രത്തിലും താന്ത്രികാധികാരം ഈ മനക്കാര്‍ക്ക്‌ ഇന്നും ഉണ്ട്‌ എന്നത്‌ ഇതിനു തെളിവ്‌. ബ്രാഹ്മണ്യം കൊടികുത്തിവാഴുന്ന കാലത്ത്‌ സ്‌ത്രീകള്‍ വെറും `അന്തര്‍ജന'ങ്ങളായി കഴിയേണ്ടിവരുന്നിടത്തു നിന്നും പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ചിന്തകള്‍ വഴിമാറുന്നു. തന്ത്രശാസ്‌ത്രത്തില്‍ സ്‌ത്രീക്കാണ്‌ സര്‍വ്വ പ്രാമാണ്യം എന്ന്‌ അദ്ദേഹം പറയുന്നു. സ്‌ത്രീയുടെ സഹായം കൂടാതെ താന്ത്രികസാധനയില്‍ മുന്നേറാനാവില്ല. വേദവും മന്ത്രവും തന്ത്രവുമെല്ലാം പുരുഷാധിപത്യത്തിന്‌ കുടപിടിക്കുമ്പോഴാണ്‌ ഇവയുടെ അന്തഃസത്ത അതൊന്നുമല്ലെന്ന്‌ നമ്പൂതിരിപ്പാട്‌ സ്ഥാപിക്കുന്നത്‌. യാഥാസ്ഥിതികര്‍ക്കിടയില്‍ ഏറെ മുറുമുറുപ്പുയര്‍ത്തിയാണ്‌ നമ്പൂതിരിപ്പാട്‌ തന്റെ കര്‍മ്മപന്ഥാവില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നത്‌. എതിര്‍ക്കുന്നവരെ സംവാദത്തിനായി അദ്ദേഹം ക്ഷണിച്ചു. പക്ഷെ, ആരും അതിനു ധൈര്യപ്പെട്ടില്ല ഇന്നു വരേയും..
2010 ലാണ്‌ ബ്രാഹ്മണസമൂഹത്തെയും ഒപ്പം കേരളത്തെ ഒന്നാകെയും ഞെട്ടിച്ച്‌ അദ്ദേഹം, ഒരു കൊച്ചു പെണ്‍കുട്ടിയെക്കൊണ്ട്‌ ക്ഷേത്രപ്രതിഷ്‌ഠ നടത്തിച്ചത്‌. ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ കാട്ടൂര്‍ തരണനല്ലൂര്‍ മനയ്‌ക്കലെ ജ്യോത്സന എന്ന ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ കൊണ്ട്‌ ഭദ്രകാളീ പ്രതിഷ്‌ഠ നടത്തിക്കുകയായിരുന്നു അദ്ദേഹം. കാട്ടൂര്‍ പൊഞ്ഞനം പൈങ്കണ്ണിക്കാവ്‌ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്‌. കേരളത്തിലെ എല്ലാ മാധ്യമങ്ങളും അതീവ പ്രാധാന്യത്തോടെയാണ്‌ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. യാഥാസ്ഥിതിക നമ്പൂതിരിസമുദായക്കാര്‍ എതിര്‍പ്പുകളായി രംഗത്തെത്തിയെങ്കിലും പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ജ്ഞാനശക്തിക്കുമുമ്പില്‍ അവയ്‌ക്കു നിലനില്‍പ്പുണ്ടായില്ല. താന്ത്രിക ശാസ്‌ത്രത്തിലൊരിടത്തും സ്‌ത്രീകള്‍ക്ക്‌ ഇത്തരം കാര്യങ്ങള്‍ നിഷിദ്ധമാണെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ പറയുന്നു. സ്‌ത്രീയെ കൊണ്ട്‌ താന്ത്രിക കര്‍മ്മത്തിലൂടെ പ്രതിഷ്‌ഠ നടത്തിക്കുക എന്ന ചരിത്രമുഹൂര്‍ത്തമായിരുന്നു അദ്ദേഹം വെട്ടിത്തുറന്നത്‌. അതിനു മുമ്പോ പിമ്പോ ഇത്തരം ഒരു സംഭവം കേട്ടുകേഴ്‌വിപോലും ഇല്ലായിരുന്നു.
താന്ത്രികാചാരങ്ങളെ കുറിച്ച്‌ അറിയാന്‍ ജിജ്ഞാസുക്കളായി എത്തുന്നവരെ ജാതിയോ കുലമഹിമയോ നോക്കാതെയാണ്‌ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ സ്വീകരിക്കുന്നത്‌. പൂര്‍വ്വജന്മാര്‍ജിതമായ കര്‍മ്മഫലം കൊണ്ടാണ്‌ ഒരാളില്‍ ഈ വിഷയങ്ങളില്‍ താത്‌പര്യം ഉണരുന്നതെന്ന്‌ നമ്പൂതിരിപ്പാട്‌ പറയുന്നു. താന്ത്രിക ദീക്ഷയക്ക്‌ അധികാരികളായവര്‍ മാത്രമേ തന്റെ അരികിലെത്തൂ. ഇവര്‍ക്ക്‌ താന്ത്രിക സാധനയ്‌ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി അദ്ദേഹം അനുഗ്രഹിക്കുന്നു. കെഎസ്‌ഇബിയിലെ എഞ്ചിനീയറായ തൃശൂര്‍ സ്വദേശിനി പത്മിനി ലക്ഷ്‌മീകാന്തന്‌ താന്ത്രിക ദീക്ഷ നല്‍കി അനുഗ്രഹിക്കുകയുണ്ടായി. ജാതിയില്‍ താഴ്‌ന്നവരെങ്കിലും അവരെ സ്വീകരിക്കാന്‍ നമ്പൂതിരിപ്പാടിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല. ക്രിസ്‌തുമത വിശ്വാസിയായ ഒരു യുവാവും നമ്പൂതിരിപ്പാടില്‍ നിന്നും താന്ത്രിക ദീക്ഷ സ്വീകരിക്കുകയുണ്ടായെന്നത്‌ അദ്ദേഹത്തിന്റെ അഭേദബുദ്ധിക്കു മകുടോദാഹരണമായി മാറുന്നു.
മനസ്സിന്റെ അതിരുകളെ ഭേദിക്കുന്നതാണ്‌ താന്ത്രികത. പ്രപഞ്ചത്തിലുള്ളതെല്ലാം മനുഷ്യശരീരത്തിലുമുണ്ടെന്നതാണ്‌ താന്ത്രിക ദര്‍ശനം. സാധനയിലൂടെ ശാരീരികമായ നിയന്ത്രണം ആര്‍ജിക്കുന്നതിലൂടെ, പ്രപഞ്ചത്തെതന്നെ വശവര്‍ത്തിയാക്കാമെന്ന്‌ താന്ത്രികര്‍ പറയുന്നു. പ്രപഞ്ചത്തിലുള്ള സര്‍വ്വതും ഈശ്വരസ്രഷ്ടമാണെന്നും ഒന്നും വെറുക്കപ്പെടേണ്ടവയോ അകറ്റിനിര്‍ത്തേണ്ടവയോ അല്ലെന്നും തന്ത്രശാസ്‌ത്രം. അനുഭവത്തിനാണ്‌ തന്ത്രത്തില്‍ പ്രാധാന്യം. എന്തും അനുഭവിച്ചറിഞ്ഞേ അതിനെ മറ്റൊരു തലത്തിലേയ്‌ക്ക്‌ മാറ്റിയെടുക്കാനാവൂ. ഹഠയോഗം, പ്രാണായാമം, മന്ത്രജപം, ദേവതാധ്യാനം എന്നിവയിലൂടെ മനസ്സിന്റെ പരിമിതികള്‍ വിടര്‍ത്തിയെടുക്കാനാവും. പരിധിവിട്ടുയരുന്ന മനുഷ്യമനസ്സ്‌, വിശ്വമനസ്സുമായി കൂടികലരുന്നതാണ്‌ താന്ത്രിക സാധനയുടെ പരമകാഷ്‌ഠ. ഇതിനെ കുണ്ഡലിനീ ഉത്ഥാനം എന്നെല്ലാം വിവക്ഷിക്കുന്നു. ഈ ലോകത്ത്‌്‌ ബന്ധനവിമുക്തനായി നിലനില്‍ക്കുക എന്നതുതന്നെ ഇതിന്റെ ഫലം. താന്ത്രിക സാധന അതീവ രഹസ്യമയമാണ്‌. അര്‍ഹരായവര്‍ക്കല്ലാതെ അതു നല്‍കരുതെന്ന്‌ തന്ത്രശാസ്‌ത്ര ഗ്രന്ഥങ്ങള്‍ വിലക്കുന്നു. തന്ത്രാനുഷ്‌ഠാനങ്ങളുടെ ഫലം ക്ഷിപ്രവും പ്രത്യക്ഷവുമാണെന്നതാണ്‌ ഇതിനു കാരണമെന്ന്‌ നമ്പൂതിരിപ്പാട്‌ പറയുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇല്ലാത്ത നമ്പൂതിരിപ്പാട്‌, നിഷ്‌പ്രയാസം ഇംഗ്ലീഷ്‌ പരിഭാഷയിലുളള കനപ്പെട്ട ഗ്രന്ഥങ്ങള്‍ വായിച്ചു ഹൃദിസ്ഥമാക്കുന്നു. കമ്പ്യൂട്ടര്‍ മേഖലയില്‍ പോലും അദ്ദേഹം `സെല്‍ഫ്‌മെയ്‌ഡ്‌' ആണെന്ന്‌ പറയുമ്പോള്‍, താന്ത്രിക ഉപാസനയുടെ മഹത്വം മനസ്സിലാകും. വിലപ്പിടിപ്പുള്ള താന്ത്രിക ഗ്രന്ഥങ്ങളുടെ പരിഭാഷകള്‍, വിദേശങ്ങളില്‍ നിന്നു പോലും അദ്ദേഹം വരുത്തി ശേഖരിച്ചിരിക്കുന്നു. മന്ത്ര-തന്ത്രാദികളെ കുറിച്ചുള്ള നിരവധി താളിയോല ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്‌. കലിയുഗത്തില്‍ മറ്റെല്ലാ സാധനാസമ്പ്രദായങ്ങളേക്കാളും പ്രാമുഖ്യം തന്ത്രത്തിനാണെന്ന്‌ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ പറയുന്നു. ജീവിതത്തിലെ ഭൗതിക നേട്ടങ്ങള്‍ക്കൊപ്പം സാധകനെ മോക്ഷത്തിലേക്കു നയിക്കുന്ന പാതയാണ്‌ തന്ത്രം. ഏതു രീതിയില്‍ ജീവിതം നയിച്ചാലും ഈശ്വരസാക്ഷാത്‌കാരം സാധ്യമാണെന്ന്‌ ഉറപ്പു നല്‍കുന്ന ഒരു സാധനാമാര്‍ഗ്ഗമേയുള്ളൂ. അതു തന്ത്രശാസ്‌ത്രമാണ്‌- നമ്പൂതിരിപ്പാട്‌ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമായി നിരന്തരയാത്രകളിലാണ്‌ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌. ക്ഷേത്രപ്രതിഷ്‌ഠകള്‍ക്കും പരിഹാരകര്‍മ്മങ്ങള്‍ക്കുമായി നിരവധിപേര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നു. ഇതില്‍ ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ മുതല്‍ രാഷ്‌ട്രീയ ദല്ലാള്‍മാര്‍ വരെ ഉള്‍പ്പെടും. തിരക്കേറിയ ജീവിതയാത്രയ്‌ക്കിടയിലും പഠനവും മനനവും ഉപാസനയും അദ്ദേഹത്തിനു സഹജമാണ്‌. ജീവിതം യാദൃച്ഛികതയല്ല. അതിനു ഉദ്ദേശ്യ ലക്ഷ്യമുണ്ട്‌. അതു മനസ്സിലാക്കുകയെന്നതു തന്നെയാണ്‌ ജീവിതവിജയം.

No comments:

Post a Comment