Friday, September 27, 2013

വടക്കുന്നാഥ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങളും യക്ഷിയും



ക്ഷേത്രങ്ങളും തീര്‍ത്ഥകേന്ദ്രങ്ങളുമായുമെല്ലാം ബന്ധപ്പെട്ട് വിശ്വാസങ്ങളും കേട്ടുകേഴ്വികളും ധാരാളമായി ഉണ്ടാകാറുണ്ട്. കേരളത്തില്‍ മഹാക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഇവയില്‍ പലതും മണ്‍മറഞ്ഞു കിടക്കുന്നു. അതു ഓര്‍മ്മിക്കുന്ന തലമുറകള്‍ കഴിഞ്ഞുവരവേ പലതും തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അന്ധവിശ്വാസവും വിശ്വാസവുമെല്ലാം മാറ്റിവച്ചാലും വളരുന്ന തലമുറകള്‍ക്ക്, നമ്മുടെ പൈതൃക വിശേഷം കൈമാറേണ്ടത് തീര്‍ച്ചയായും അനിവാര്യമാണ്. തലമുറകളുടെ ഇഴയടുപ്പം നഷ്ടപ്പെടുന്നതിന്റെ അടിസ്ഥാനം ഇത്തരം കൈമാറ്റം നടക്കാത്തതുമാത്രമാണ്.
തൃശൂരിന്റെ നാഥനായ ശ്രീവടക്കുന്നാഥ ക്ഷേത്രത്തിന്, വിശ്വാസത്തേക്കാള്‍ ചരിത്ര പ്രാധാന്യം ഏറെയാണ്. ടിപ്പുവിന്റെ പടയോട്ടത്തെ കുറിച്ചുപോലും ഈ ക്ഷേത്രം നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുന്നു. 
ഒമ്പതേക്കറില്‍ തൃശൂര്‍ നഗരമധ്യത്തില്‍ പരന്നു കിടക്കുന്ന ഈ മഹാക്ഷേത്രത്തില്‍ അത്യപൂര്‍വ്വമായ ചുമര്‍ ചിത്രങ്ങളുണ്ട്. പലതും നാശോന്മുഖമായി കഴിഞ്ഞു ഇന്ന്. പുനഃസൃഷ്ടിക്കാനാവില്ലെന്നതിന്റെ പേരില്‍ പലതും കുമ്മായമടിച്ച് മായ്ച്ചു കളയുകയും ചെയ്തു!. ഇന്ന് കേന്ദ്രപുരാവസ്തുവകുപ്പാണ് ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല ഏറ്റിരിക്കുന്നത്. ചുവര്‍ ചിത്രങ്ങള്‍ സംരക്ഷിക്കാനുള്ള പ്രയത്നം നടന്നുവരുന്നു.
വടക്കുന്നാഥനിലെ ചുവര്‍ചിത്രങ്ങളുടെ ജീവചൈതന്യം വ്യക്തമാക്കുന്ന ഒട്ടനവധി അനുഭവകഥകള്‍ പഴയ തലമുറ കൈമാറിവന്നിട്ടുണ്ട്. അതിലൊന്നാണ് യക്ഷിയുടെ ചിത്രം. മൂന്നു ശ്രീകോവിലുകളിലൊന്നിലായിരുന്നു എന്നാണ് പറയുന്നത്. ഐതിഹ്യകഥയിലും ഇതിനെ കുറിച്ചു പറയുന്നുണ്ട്. ചിത്രകാരന്റെ അസാമാന്യമായ സിദ്ധിവിശേഷം കൊണ്ടാവാം ഈ ചിത്രത്തിന് ജീവചൈതന്യം ഉണ്ടായി വന്നത്രെ. അതി സുന്ദരിയായ സ്ത്രീരൂപമായിരുന്നു ഈ യക്ഷി ചിത്രത്തിന്. ചിത്രത്തില്‍ നോക്കി 'ഇന്നു വരുമോ' എന്നു ചോദിച്ചാല്‍, അന്നു രാത്രി, അയാളുടെ അരികില്‍ എത്തുമായിരുന്നു എന്നാണ് കഥ. ഒരിക്കല്‍  ക്ഷേത്രത്തില്‍ ഭജനത്തിനെത്തിയ ഒരു നമ്പൂതിരി, കൂട്ടുകാരുമായുള്ള വാതുവയ്പ്പിന്റെ പേരില്‍ യക്ഷിചിത്രം നോക്കി 'ഇന്നു രാത്രി വരുമോ?' എന്നു ചോദിച്ചു വത്രെ. രാത്രി ഉറങ്ങാന്‍ കിടന്ന നമ്പൂതിരിയുടെ അടുത്ത് പ്രാപിക്കാനായി യക്ഷി എത്തുകയും ചെയ്തു!. പരിഭ്രമിച്ചുവശായ നമ്പൂതിരി അര്‍ദ്ധപ്രാണനായി. ക്ഷുഭിതയായ യക്ഷി അയാളുടെ ചെകിടത്തടിക്കുകയും പല്ലു മുപ്പത്തിരണ്ടും കൊഴിക്കുകയും ചെയ്ത് പൊയ്ക്കളഞ്ഞു!. ചിത്രത്തിന്റെ ജീവചൈതന്യവും അപകടവും മനസ്സിലാക്കി ഇതു മായ്ച്ചു കളഞ്ഞുവെന്നാണ് പഴമക്കാര്‍ പറയുന്നത്.

മറ്റൊരു മഹത്തായ ചുവര്‍ചിത്ര സൃഷ്ടി നൃത്തനാഥന്റേതാണ്. പടിഞ്ഞാറെ പ്രവേശന കവാടം കടന്നാല്‍, ഇടതുവശത്തെ ചുവരിലാണ് പ്രപഞ്ചംമുഴുവന്‍ നിറയുന്ന ഇരുപതുകൈകളോടെയുളള നൃത്തനാഥന്റെ ചിത്രം. ഇതിനു 350ലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പുരാവസ്തുവിദഗ്ധര്‍ പറയുന്നത്. ചിത്രം വരച്ചശേഷം, ദേവന്റെ കണ്ണു തുറപ്പിക്കുക എന്നത് ഒരു ദൈവീക പ്രക്രിയായി കണക്കാക്കുന്നു. നേത്രോന്മീലിതം നിര്‍വ്വഹിച്ചാല്‍, ചിത്രത്തില്‍ സ്വയമേവ ചൈതന്യം കുടികൊള്ളുമെന്നാണ് പറയുന്നത്. നൃത്തനാഥന്റെ മിഴി തുറപ്പിക്കുന്ന നേരത്ത് ഭൂമികുലുക്കം ഉണ്ടായെന്ന് പഴമക്കാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഈ ചിത്രത്തില്‍ നിത്യപൂജ പതിവാക്കി. ഇന്നും അതു തുടര്‍ന്നു വരുന്നു. ഇതിന്റെ തൊട്ടുള്ള ചുവരില്‍ വാസുകീശായിയായ മഹാദേവന്റെ മറ്റൊരു ചുവര്‍ ചിത്രമുണ്ട്. ഇതു ലോകത്ത് എവിടേയും കാണാത്തതാണെന്ന് ചരിത്രഗവേഷകര്‍ സമ്മതിക്കുന്നു..

No comments:

Post a Comment