മണ്ണാര്‍ക്കാടന്‍ താഴ്വരയിലെ സന്ധ്യകള്‍ സുന്ദരമാണ്. ഇന്ന് ഗ്രാമം ഏറെ മാറിയിരിക്കുന്നു. ആധുനിക നഗരത്തിന്റേതായ എല്ലാ അസ്കിതകളും ഇവിടെയുണ്ട്. സന്ധ്യകാശത്തിനു കീഴെ അട്ടപ്പാടി മലനിരകളുടെ ഇരുണ്ട ശിഖരങ്ങള്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. ഗ്രാമ നിരത്തുകളില്‍ നിന്നും അതൊരു മതിവരാകാഴ്ച തന്നെയാണ്. മലയുടെ മൌനം ഗ്രാമത്തിലേക്കും ഇറങ്ങിവരുന്ന അനുഭവം. ഇരുളുന്നതോടെ മലയില്‍ തീയെരിയും. നീളത്തിലും വിലങ്ങനേയും മലകത്തുന്നു. കരിയുണ്ടാക്കുന്നവര്‍ തീയിടുന്നതാണെന്ന് നാട്ടുകാര്‍ പറയും. മല കത്തുന്നതു നോക്കി നില്‍ക്കരുതെന്ന് വിശ്വാസവുമുണ്ട് ഇവിടെ. അസുഖം വരുമെന്ന് പഴമുറക്കാര്‍.
മലനിരകളില്‍ പെട്ടെന്ന് കുതിച്ചു നില്‍ക്കുന്ന ഒരു ശിഖരം ശ്രദ്ധയില്‍പ്പെടും. അത് മല്ലീശ്വരന്‍ മുടിയാണ്. അട്ടപ്പാടിയുടെ രക്ഷകദൈവം മല്ലീശ്വരന്‍ കുടിയിരിക്കുന്ന കൊടുമുടി. ശിവരാത്രിക്ക് ഈ മുടിയില്‍ പ്രത്യേക പൂജയും ദീപം തെളിയിക്കലുമുണ്ട്. അതിനു കഠിന വ്രതമെടുത്ത മലമ്പൂജാരികളാണ് പോകുക. നാല്‍പ്പത്തൊന്നു ദിവസത്തെ കഠിന വ്രതമാണ് പൂജാരികള്‍ക്ക് വിധിച്ചിട്ടുളളത്. ഈ ദിവസങ്ങളിലെല്ലാം മഞ്ഞള്‍ കലക്കിയ പാല്‍ മാത്രമാണ് ഇവരുടെ ഭക്ഷണം. അന്യനാട്ടുകാര്‍ക്ക്, ദുര്‍ഘടമായ ഈ പ്രദേശത്തേക്കു പ്രവേശനമില്ല. സ്ത്രീകള്‍ക്കും. ശിവനാണ് മലമുകളിലെ ദൈവം. മല്ലീശ്വരന്‍ മുടിയില്‍ ശിവരാത്രി സന്ധ്യയില്‍ തെളിയിക്കുന്ന ദീപം, മൈലുകള്‍ താഴെ, മണ്ണാര്‍ക്കാട്ടു നിന്നാല്‍, കണ്ടുതൊഴാം. മല്ലീശ്വരന്‍ മുടിയിലെ പൂജകള്‍ക്കു ശേഷം, അവിടെയുള്ള തീര്‍ത്ഥക്കുളത്തിലെ തീര്‍ത്ഥജലവുമായാണ് പൂജാരികളുടെ മടക്കം. താഴെ കാത്തുനില്‍ക്കുന്ന ഭക്തര്‍ക്കു നല്‍കാന്‍. ഉര്‍വ്വരതയുടെ ദേവനാണ് ഇവിടെയും ശിവന്‍, സൈന്ധവ സംസ്കൃതിയിലെന്ന പോലെ. ഉദ്ധൃത ലിംഗനായ ശിവനെയാണല്ലോ, സൈന്ധവര്‍ ആരാധിച്ചിരുന്നത്?. അവര്‍ രുദ്രനെന്നായിരുന്നു അവനെ വിളിച്ചത്. പ്രാകൃതനും ഒറ്റക്കു നടന്നിരുന്നവനുമായ രുദ്രനെ, പില്‍ക്കാലത്ത് വേദങ്ങളില്‍ ശിവനായി വാഴ്ത്തി എന്നു ചരിത്രം.
ഇന്നും പൊതുസമൂഹത്തിലേയ്ക്ക് എത്തിപ്പെടാത്ത ആദിവാസി വിഭാഗങ്ങളാണ് അട്ടപ്പാടിയിലേത്. ഇരുളര്‍, മുതുകര്‍, കുറുംബര്‍ എന്നി വിഭാഗങ്ങളാണിവിടെയുള്ളത്. പരമ്പരാഗത വസ്ത്രങ്ങളാണ് ഇവരുടേത്. സ്ത്രീകള്‍ വലിയ തോടകള്‍(കമ്മല്‍) അണിയുന്നു. പാരമ്പര്യരീതിയിലുളള കഴുത്തില്‍ മുറുകിക്കിടക്കുന്ന കല്ലുമാലകള്‍. ഊരുകളിലെ ഭാഷകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. തമിഴ്സംസ്കാരമാണ് ഇവിടെ, കൂടുതലും പ്രതിഫലിക്കുന്നത്. മണ്ണാര്‍ക്കാട്ടു നിന്നും നാല്‍പ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അട്ടപ്പാടി. അട്ടപ്പാടിയുടെ നല്ലൊരുഭാഗം സംരക്ഷിത വനമായതിനാല്‍ സന്ദര്‍ശനത്തിന് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. 187 ആദിവാസി ഊരുകള്‍ ഇവിടെയുണ്ട്. പ്രകൃതിയെ ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്നവയാണ് ഓരോ ഊരുകളും. മണ്ണും മുളയും കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന കൊച്ചുകൂരകള്‍ക്കുളളിലേക്ക്, കുനിഞ്ഞു വേണം കയറാന്‍. കുളുര്‍മ്മയുള്ള ഈ വീടുകളില്‍ ഒരു ദിവസം കഴിയുക എന്നത് അനുഭവമാണ്.
അഗളി, ഷോളയൂര്‍, പുത്തൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് അട്ടപ്പാടി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വനമേഖലയിലൂടെയുള്ള യാത്ര അവാച്യമയ അനുഭൂതി തന്നെയാണ്. ചിലപ്പോള്‍ മഴ, മറ്റൊരിടത്ത് തെളിഞ്ഞമാനം, ഉടനെ കാലാവസ്ഥമാറുന്നു..കോടയെത്തുന്നു. വന്യസൌന്ദര്യം നുരയുന്ന ഭവാനിപ്പുഴ, ചിരിച്ചും ചിലപ്പോള്‍ ആര്‍ത്തിരമ്പിയും ചിലയിടങ്ങളില്‍ നാണം കുണുങ്ങിയും ഒഴുകുന്നു. വൃക്ഷത്തലപ്പുകളില്‍ മുത്തിയെത്തുന്ന ഇളംകാറ്റിനു ഔഷധഗന്ധമുണ്ട്. കാട്ടുകളികളുടെ ചിലപ്പുകള്‍, മൊബൈലിന്റെ ശല്ല്യപ്പെടുത്തുന്ന ശബ്ദം കേട്ടു തഴമ്പിച്ച കാതുകള്‍ക്ക് മോചനമേകുന്നു. പ്രകൃതിയില്‍ മുഴുകി നടക്കുമ്പോള്‍, ഇതുവരെ ജീവിച്ചതൊന്നും ജീവിതമേയല്ലെന്ന് തിരിച്ചറിയുന്നു.
No comments:
Post a Comment