Friday, September 27, 2013

അവസാനത്തെ പത്രാധിപര്‍



തൃശൂരിലെ എക്‌സ്‌പ്രസ്സ്‌ പത്രമോഫീസില്‍ എഡിറ്റോറിയല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഇടതുവശത്തെ മുറിയില്‍ ഒരാള്‍ വായനയിലാണ്‌. പ്രായം കൂടി, മെലിഞ്ഞു കിളിരം കൂടി, നെറ്റികയറിയ ഒരാള്‍. കട്ടിക്കണ്ണട വച്ച മുഖത്ത്‌ തികഞ്ഞ ഗൗരവം. മേശമേല്‍ പുസ്‌തകങ്ങളും പത്രങ്ങളും. ടെലിഫോണില്ല. കേരളം കണ്ട മഹാരഥന്‍മാരായ പത്രാധിപന്‍മാരില്‍ ഒരാളായ ടി.വി. അച്യുതവാരിയരാണത്‌. ചെറുപ്പത്തിലേ കേള്‍വി ശക്തി നഷ്ടപ്പെട്ടതിനാല്‍, ഫോണ്‍ ഇല്ലാതെ ജോലിചെയ്‌ത ഒരേ ഒരു പത്രാധിപര്‍!. നട്ടെല്ലുള്ള പത്രാധിപന്‍മാരുടെ കൂട്ടത്തിലെ അവസാനത്തെ ആള്‍!.
അച്യുതവാരിയര്‍ ഓര്‍മ്മയായിട്ട്‌ ഇന്ന്‌ ഒരു വര്‍ഷം തികഞ്ഞു. ഈ മനുഷ്യനെ കുറിച്ച്‌ ഓര്‍ത്തെടുക്കാന്‍ അത്രയേറെയുണ്ട്‌. പത്രാധിപന്‍മാര്‍, പത്രത്തിന്റെ എല്ലാമെല്ലാമായിരുന്ന ഒരു കാലഘട്ടത്തിനു കൂടിയാണ്‌ അച്യുതവാരിയരുടെ കാലത്തോടെ അവസാനമായത്‌. മുതലാളിമാര്‍ നിയന്ത്രിക്കുന്ന ഇന്ത്യന്‍ പത്രവ്യവസായത്തില്‍ ഇനി അങ്ങിനെയൊരു അധ്യായം പ്രതീക്ഷിക്കാനും വയ്യ. മഹാരഥന്‍മാരുടെ കാലൊച്ചമുഴങ്ങിക്കേട്ട കാലമായിരുന്നു അന്നു പത്രങ്ങളില്‍.
മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയ ദിവസം. അന്നു രാത്രി ഡ്യൂട്ടിയില്‍ അച്യുതവാരിയര്‍. ടെലിപ്രിന്ററില്‍ സന്ദേശം വരുന്നത്‌ കേള്‍ക്കാന്‍ കഴിയില്ലെന്നതിനാല്‍, അദ്ദേഹം ടെലിപ്രിന്ററില്‍ കൈവച്ച്‌ ഉറങ്ങി. ഒടുവില്‍ ആ ചരിത്രസംഭവത്തിന്റെ ആദ്യ വരികള്‍ ടെലിപ്രിന്റില്‍ വരുമ്പോള്‍ അദ്ദേഹം അത്‌ പത്രത്തിന്റെ ഒന്നാം പേജില്‍ അടയാളപ്പെടുത്തി...മനുഷ്യരാശിയുടെ കുതിച്ചു ചാട്ടം!.
സോഷ്യലിസ്‌റ്റ്‌ കാഴ്‌ചപ്പാടില്‍ ഊന്നിയ വാരിയരുടെ എഡിറ്റോറിയലുകള്‍ ചരിത്രമാണ്‌. അതു വായിക്കാന്‍ വേണ്ടി മാത്രം പത്രം വാങ്ങിയിരുന്നവരുണ്ട്‌. പത്രസ്വാതന്ത്ര്യത്തിന്റെ സുവര്‍ണകാലഘട്ടത്തില്‍, പ്രഗത്ഭനായ കരുണാകരന്‍ നമ്പ്യാര്‍ക്കൊപ്പം എക്‌സ്‌പ്രസ്സിനെ നയിച്ചു അച്യുതവാരിയര്‍. കരുണാകരന്‍ നമ്പ്യാര്‍ പകുതി തയ്യാറാക്കി നല്‍കുന്ന എഡിറ്റോറിയലുകള്‍ പലപ്പോഴും പൂരിപ്പിച്ചിരുന്നത്‌ അച്യുതവാരിയരായിരുന്നു. എഴുതിയത്‌ രണ്ടാള്‍ ചേര്‍ന്നാണെന്നു പോലും തോന്നാത്തവിധം!.
ചെവി കേള്‍ക്കാത്തതു കൊണ്ട്‌ അല്‍പ്പം ഉച്ചത്തിലാണ്‌ വാരിയരുടെ സംസാരം. പത്രത്തിന്റെ പ്രാദേശിക പേജുകളില്‍ വാര്‍ത്തകള്‍ കുറയുമ്പോഴും നിലവാരം താഴുമ്പോഴും മീറ്റിങ്ങുകളില്‍ കലശല്‍ കൂട്ടുന്ന വാര്യരെ ഇപ്പോഴും ഓര്‍ക്കുന്നു. ഒരിക്കല്‍ ഓഫീസിലെത്തുമ്പോള്‍, എഡിറ്റോറില്‍ ഹാളില്‍, അസ്വസ്ഥനായി നടക്കുന്ന വാര്യര്‍ സാറിനെ കണ്ടു. കൈ പിറകില്‍ കെട്ടി, തറയില്‍ കണ്ണുറപ്പിച്ച്‌ അദ്ദേഹം അസ്വസ്ഥനായി നടന്നു കൊണ്ടിരുന്നു. ഇടക്കിടെ എന്തോ പിറുപിറുത്ത്‌ തലകുലുക്കുന്നുമുണ്ട്‌. കേന്ദ്രബജറ്റിനെ കുറിച്ചു തയ്യാറാക്കിയ എഡിറ്റോറിയലില്‍, ശതമാനകണക്കില്‍ ചെറിയ എന്തോ പിഴവു സംഭവിച്ചിരിക്കുന്നു. രാജിക്കൊരുങ്ങി എന്നാണ്‌ സഹപ്രവര്‍ത്തകര്‍ പറഞ്ഞ്‌ പിന്നീട്‌ മനസ്സിലായത്‌. സഹപ്രവര്‍ത്തകരുടെ സാന്ത്വനപ്പെടുത്തലിനു അദ്ദേഹം വഴങ്ങുകയായിരുന്നു പിന്നീട്‌. അക്കാലമായപ്പോഴേക്കും എക്‌സ്‌പ്രസ്സ്‌ പത്രം സുബ്രഹ്മണ്യം സ്വാമിയുടെ കൈകളില്‍ എത്തിയിരുന്നു. പത്രസ്വതന്ത്ര്യത്തില്‍ കൈകടത്തലുകളും ആരംഭിച്ചു. ഒരു ദിവസം വാരിയരുടെ മുറി ഒഴിഞ്ഞു കിടന്നു. നട്ടെല്ലു പണയപ്പെടുത്താന്‍ തയ്യാറല്ലാത്ത ആ പത്രാധിപര്‍ രാജിവച്ചു.
അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്ത്‌ വാരിയര്‍ എഡിറ്റോറില്‍ കോളം ഒഴിച്ചിട്ടു-പ്രതിഷേധത്തിന്റെ നവീന രൂപം കണ്ടു ഭരണാധികാരികള്‍ക്ക്‌ വിറളി പിടിച്ചു. എഡിറ്റോറിയല്‍ എഴുതീയേ തീരൂ എന്ന്‌ പൊലീസ്‌. വാരിയര്‍ എഴുതി, ആഫ്രിക്കന്‍ പായലിനെ കുറിച്ചും മറ്റും!. പരിഹാസത്തിന്റെ മുള്‍മുനകള്‍ പൊതിഞ്ഞു വച്ച്‌....പത്രപ്രവര്‍ത്തനത്തിലെ ധീരതയുടെ ഇതിഹാസകാലമായി മാറി അത്‌.
എക്‌സ്‌പ്രസ്സ്‌ വിട്ടശേഷം, തൃശൂരില്‍ തുടങ്ങിയ `പുണ്യഭൂമി' ദിനപത്രത്തിലാണ്‌ വരിയരെ പിന്നെ കണ്ടത്‌. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറിയ സമയം. സൈലന്റ്‌വാലി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഒരുക്കം നടക്കുന്നു. ഞാന്‍ ഒരു ലേഖനമെഴുതി ന്യൂസ്‌ എഡിറ്റര്‍ സുരേന്ദ്രനെ ഏല്‍പ്പിച്ചു. അച്യുതവാരിയരെ കാണിക്കാന്‍ നിര്‍ദ്ദേശം. അദ്ദേഹം നിശബ്ദനായി ലേഖനം ഓടിച്ചു വായിച്ചു മേശമേല്‍ വച്ചു. മുഖത്തേക്കു നോക്കി ഒന്നു ചിരിച്ചു. ഒന്നും പറഞ്ഞില്ല. പത്രങ്ങളിലെ സിദ്ധാന്തം, `ഫയല്‍ ഇറ്റ്‌ ആന്റ്‌ ഫൊര്‍ഗെറ്റ്‌ ഇറ്റ്‌' എന്നാണ്‌. സാധനം കൊടുത്താല്‍ കയ്യോടെ അതു മറന്നേക്കുക. അച്ചടിച്ചോ ഇല്ലയോ എന്നൊന്നും അന്വേഷിക്കേണ്ടതില്ല. ഞാന്‍ തിരിച്ചു പോന്നു. പിറ്റേന്ന്‌ പത്രം കണ്ടപ്പോള്‍, ഞെട്ടിപ്പോയി. എഡിറ്റോറില്‍ പേജിലെ പ്രധാന ലേഖനമായി അത്‌ അച്ചടിച്ചു വന്നിരിക്കുന്നു!. പിന്നീടാണ്‌ അറിഞ്ഞത്‌ സൈലന്റ്‌ വാലി പദ്ധതിയെ കുറിച്ച്‌ ആഴത്തില്‍ പഠിക്കുകയും അതിനെ നിരന്തരം എതിര്‍ത്തു പോരുകയും ചെയ്‌ത ആളായിരുന്നു അച്യുതവാരിയരെന്ന്‌. അറിവിന്റെ നിറകുടമായിരുന്നു വാര്യര്‍ സാര്‍. എന്തു സംശവും ചോദിക്കാം(ചോദ്യങ്ങള്‍ എഴുതിക്കാണിക്കണം). ഉത്തരം റെഡി. അറിയില്ലെങ്കില്‍ അപ്പോള്‍ തന്നെ റഫര്‍ ചെയ്‌ത്‌ അതു നിവര്‍ത്തിച്ചു തരും.
ബാബറി മസ്‌ജിദ്‌ വാര്‍ഷികദിനത്തിലാണ്‌. അച്യുതവാരിയര്‍ എഡിറ്റോറിയല്‍ തയ്യാറാക്കിയിരിക്കുന്നു. അപ്പോള്‍, പത്രത്തിന്റെ ഉടമ സ്വാമി സത്യാനന്ദ സരസ്വതിയുടെ അറിയിപ്പ്‌ എത്തി. ഇന്നത്തെ എഡിറ്റോറിയല്‍ അദ്ദേഹം എഴുതിയതുവേണം കൊടുക്കാന്‍, അതും ഒന്നാം പേജില്‍. കാര്യം, അച്യുതവാരിയരെ വിഷമത്തോടെയാണെങ്കിലും ന്യൂസ്‌ എഡിറ്റര്‍ അറിയിച്ചു. നിഷ്‌കളങ്കമായി ചിരിച്ചു കൊണ്ടു അദ്ദേഹം ഒരു വെള്ളക്കടലാസ്‌ വലിച്ചെടുത്ത്‌, രാജിയെഴുതി. ഞങ്ങളെല്ലാം നോക്കി നില്‍ക്കേ, നിശബ്ദനായി ഗോവണികള്‍ ഇറങ്ങിപ്പോയി. പത്രപ്രവര്‍ത്തകനായതില്‍ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്‌.
പിന്നീട്‌ പലപ്പോഴും അദ്ദേഹത്തെ നഗരത്തില്‍ വച്ചു കണ്ടു. ഖദര്‍ ഷര്‍ട്ട്‌, കാലന്‍കുട, മുണ്ടിന്റെ തുമ്പ്‌ കൈയില്‍ പൊക്കിപ്പിടച്ചു അദ്ദേഹം നിശബ്ദം റോഡരികിലൂടെ നീങ്ങി. കണ്ടപ്പോഴെല്ലാം വികാരവായ്‌പോടെ എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു. സ്‌നേഹാന്വേഷണം നടത്തി. കുട്ടികളുടെ പോലെ നിഷ്‌കളങ്കമായ ആ ചിരി മനസ്സിന്റെ ആഴങ്ങളില്‍ നിന്നുള്ളതായിരുന്നു. ഒടുവില്‍ കച്ചവട താത്‌പര്യങ്ങളുടെ മാധ്യമലോകത്തു നിന്നും വാരിയര്‍ വിടവാങ്ങി. സ്വര്‍ഗ്ഗമെന്ന ഒന്നുണ്ടെങ്കില്‍, അവിടെ പത്രം ഉണ്ടെങ്കില്‍, അദ്ദേഹം തീര്‍ച്ചയായും അവിടെ പത്രാധിപരായി ഇരിക്കുന്നുണ്ടാവും..

No comments:

Post a Comment