Friday, September 27, 2013

ഈ ഉണ്ണികള്‍ തേടുന്നത് ബ്രഹ്മപദം


പടിഞ്ഞാറെ പടിക്കെട്ടുകളിറങ്ങുമ്പോള്‍, കേള്‍ക്കാം നീട്ടിയും കുറുക്കിയുമുള്ള വേദ ജപം. തിരക്കേറിയ ലോകത്തുനിന്നും, ആയിരത്താണ്ടുകളുടെ പഴക്കമുള്ള  മഹാപാരമ്പര്യത്തിലേയ്ക്കു ഇറങ്ങിച്ചെന്ന കുളിരാര്‍ന്ന അനുഭവം. തൃശൂര്‍ നഗരമധ്യത്തില്‍, അരയാലിലകള്‍ തണല്‍വിരിക്കുന്ന ബ്രഹ്മസ്വം മഠമാണിത്. ശങ്കരശിഷ്യനായ ഹസ്താമലകന്‍ സ്ഥാപിച്ചതാണ് ഈ മഠം. ശങ്കരശിഷ്യന്‍മാരായ പത്മപാദന്‍ സ്ഥാപിച്ച തെക്കേമഠവും തോടകാചാര്യന്‍ സ്ഥാപിച്ച ഇടയില്‍ മഠവും സുരേശ്വരാചാര്യര്‍ സ്ഥാപിച്ച നടുവില്‍ മഠവും ഒറ്റമേല്‍ക്കൂരയ്ക്കു കീഴില്‍ ഇവിടെ കാണാം. ഇത് ലോകത്ത് മറ്റെവിടേയും കാണാത്ത മഹാവിസ്മയമാണ്. ശങ്കരപരമ്പരയനുസരിച്ചു തന്നെയാണ് ഇവിടത്തെ ആചാരവിധികള്‍ എന്നതും വിസ്മയകരമാണ്. വേദമന്ത്രധ്വനികളുടെ പവിത്രത ആയിരത്താണ്ടുകളായി ഇവിടെ അലയടിച്ചുകൊണ്ടിരിക്കുന്നു. മഠങ്ങളോടുചേര്‍ന്നുള്ള വിശാലമായ പടിഞ്ഞാറെ ചിറയിലെ കുഞ്ഞോളങ്ങള്‍ പോലും ശാന്തിമന്ത്രങ്ങള്‍ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്നു..
ബാല്യകുതൂഹലം വിട്ടുമാറാത്ത ഇരുപതോളം ഉണ്ണികള്‍, മഠത്തില്‍ ചിട്ടയായ വേദപഠനവുമായി കഴിയുന്നു.  എട്ടുവയസ്സില്‍ മഠത്തില്‍ ചേര്‍ക്കുന്നതോടെ ഇവരുടെ ജീവിത ശൈലി തന്നെ മാറിപ്പോകുന്നു. സാധാരണ കുട്ടികളുടെ സൌഭാഗ്യജീവിതങ്ങള്‍ ഉപേക്ഷിക്കുന്ന ഇവര്‍ പിന്നെ തേടുന്നത് ബ്രഹ്മപദം. സമൂഹത്തിനു നടുവില്‍, സമൂഹത്തില്‍ നിന്നു ഇത്രയും അകന്ന് ഒരു ജീവിതം. അതു കണ്ടാല്‍ മാത്രമേ വിശ്വസിക്കാനാവൂ. ഒറ്റത്തോര്‍ത്തു മാത്രമാണ് വേഷം. വീട്ടില്‍ പോകാതെ, ഇളംപ്രായത്തില്‍ കഠിനമായ ജീവിതചര്യകള്‍ പരിശീലിക്കുകയാണ് ഈ കുട്ടികള്‍. പിറന്നാളോ, മരണമോ മറ്റു അടിയന്തിരാവശ്യങ്ങള്‍ക്കോ അല്ലാതെ ഇവരെ വീട്ടിലയക്കുകയില്ല. സ്കൂള്‍ വിദ്യാഭ്യാസവും ഇല്ല. സ്കൂള്‍ പാഠ്യ വിഷയങ്ങളില്‍, മഠത്തില്‍ അധ്യപകരെത്തി ട്യൂഷന്‍ എടുക്കും. ഏഴാം ക്ളാസുമുതലേ ഇവരെ സ്കൂളിലയയ്ക്കൂ. അതിനു മുന്നോടിയായി വേദേതര വിഷയങ്ങളിലും സ്കൂള്‍ പാഠങ്ങളിലും ഇവര്‍ പരിശീലനം നേടിയിരിക്കും. വീടുകളില്‍ കുട്ടികള്‍ പുതച്ചുമൂടി ഉറങ്ങുന്ന പുലര്‍കാല വേളയില്‍ തന്നെ ഇവരുടെ ഒരു ദിവസം ആരംഭിക്കുകയായി. മഴയായാലും മഞ്ഞായാലും രാവിലെ അഞ്ചുമണിക്കുണരണം. പടിഞ്ഞാറെ ചിറയില്‍ കുളിയും പ്രഭാതവന്ദനവും. തുടര്‍ന്ന് മുമ്പു പഠിച്ച വേദമന്ത്രങ്ങള്‍ ഉറക്കെചൊല്ലി, അചാര്യനു മുമ്പില്‍ സൂര്യനമസ്കാരം. ശരീരവും മനസ്സും ഒന്നു ചേരുന്ന ഒരു ഉപാസന കൂടിയാണിത്. സേവ എന്നറിയപ്പെടുന്ന സമൂഹപ്രാര്‍ത്ഥനയാണ് അടുത്തത്, എല്ലാവരും ചേര്‍ന്ന് വേണുഗോപാല മൂര്‍ത്തിക്കു മുന്നില്‍ വേദസൂക്തങ്ങള്‍ ചൊല്ലുന്നു. ഇതിനു ശേഷം ഓത്തുചൊല്ലല്‍ കൂടി കഴിഞ്ഞേ പ്രാതല്‍ കഴിക്കു. രാവിലെ എട്ടുമണിക്കു പ്രാതല്‍ കഴിഞ്ഞാല്‍, വേദപാഠങ്ങള്‍ ആരംഭിക്കുകയായി. ആചാര്യന്‍ ചൊല്ലുന്നതു കേട്ടു ചൊല്ലിപ്പഠിക്കുന്ന ഗുരുകുല സമ്പ്രദായം തന്നെ. ഇതു പന്ത്രണ്ടു മണിവരെ തുടരും. ഉച്ചഭക്ഷണശേഷം, സംസ്കൃതം, കണക്ക്, ഇംഗ്ളീഷ് തുടങ്ങിയ സ്കൂള്‍ വിഷയങ്ങള്‍ പഠിപ്പിക്കും. അഞ്ചരക്കുശേഷം കളിക്കാനുളള സമയമാണ്. സന്ധ്യയോടെ കുളിച്ച് സന്ധ്യാവന്ദനം. പിന്നെ സഹസ്രനാമജപത്തിനു ശേഷം, വീണ്ടും ഓത്തുചൊല്ലല്‍. എട്ടുമണിക്ക് അത്താഴം. തുടര്‍ന്നാണ് സ്കൂള്‍ വിഷയങ്ങളുടെ ഗൃഹപാഠം. പത്തുമണിക്ക് മഠത്തിലെ വിളക്കുകള്‍ അണയും....ഒരു ദിവസത്തിന്റെ അന്ത്യം. 
ഋഗ്വേദം മുഴുവന്‍ നാലുവര്‍ഷം കൊണ്ടു ഇവര്‍ ഹൃദിസ്ഥമാക്കുന്നു, കഠിന പ്രയത്നത്തിലൂടെ. ഇതോടൊപ്പം വേദമുദ്രകളും പദങ്ങളും ഹൃദിസ്ഥമാക്കുന്നു. മുദ്ര എന്ന സമ്പ്രദായം കേരളത്തില്‍ മാത്രം കാണപ്പെടുന്ന ഒന്നത്രെ. ആചാര്യന്‍ കാണിക്കുന്ന മുദ്ര നോക്കി, ഏത് അഷ്ടത്തില്‍, ഏത് ഓത്തില്‍, ഏത് വര്‍ഗ്ഗം എന്ന് തിരിച്ചറിയാനുള്ള പ്രാഗത്ഭ്യം വിദ്യാര്‍ത്ഥി ആര്‍ജിക്കുന്നു. കേരളീയമായ ശൈലി, പ്രത്യേകമായ ഉച്ചാരണ രീതിയും സ്വരവും മാത്രയും താളവും ചിട്ടയും കൊണ്ടു വ്യത്യസ്ഥമാണ്. മഠത്തിലെ അധ്യയനത്തിനു മുടക്കുവരുന്ന ദിവസങ്ങളും പ്രത്യേകതയുള്ളതാണ്. പ്രതിപദം, പ്രദോഷം, അഷ്ടമി എന്നീ ദിവസങ്ങളില്‍ മാത്രമാണ് അവധി. 

ഭാരതസംസ്കാരത്തിന്റെ ഈടുവയ്പായ മഹാവേദപാരമ്പര്യത്തിന്റെ വിളക്ക് അണയാതെ കാക്കുന്നു ഇവിടെ. കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടു പോലും ഇവിടത്തെ വിദ്യാര്‍ത്ഥിയായിരുന്നു എന്നത് കൌതുകമുണര്‍ത്തും. മഠത്തില്‍ നിന്നു മഠങ്ങുമ്പോള്‍, തണല്‍ വിരിച്ചു നില്‍ക്കുന്ന അരയാലിലകള്‍ പോലും വേദമന്ത്രം ഉരുക്കഴിക്കയാണോ എന്നു ഒരു നിമിഷം നാം സംശയിച്ചുപോകും. 

No comments:

Post a Comment