Friday, September 27, 2013

കേരളം മറന്നുകളഞ്ഞ ചരിത്രകാരന്‍



തൃശൂരിലെ ചെമ്പൂക്കാവിലുള്ള കൊല്ലങ്കോട്‌ പാലസ്‌, ചുമര്‍ ചിത്രമ്യൂസിയമാക്കുന്ന ചടങ്ങാണ്‌. ഉദ്‌ഘാടകന്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി എം.എ.ബേബി. പാലസിന്റെ മുറ്റത്തിട്ട പന്തലില്‍ ചെറിയതെങ്കിലും പ്രൗഢമായ സദസ്സ്‌. മ്യൂസിയത്തിന്റെ ആദ്യമധ്യാന്ത കാര്യങ്ങള്‍ പുരാവസ്‌തുമേധാവി എഴുതി വായിച്ചു കഴിഞ്ഞു. പിറകേ മന്ത്രിയുടെ പ്രൗഢമായ പ്രസംഗവും. പക്ഷെ, ചിത്രശാലയുടെ പിതാവായ പാലിയത്ത്‌ അനുജന്‍ അച്ഛനെ കുറിച്ച്‌ ഒരു വരിപോലും ആരും അനുസ്‌മരിച്ചില്ല. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ചുമര്‍ചിത്ര പകര്‍പ്പുകളത്രയും പകര്‍ത്തിയെടുപ്പിച്ച്‌ മ്യൂസിയം ആരംഭിച്ചത്‌, കേരളത്തിലെ പുരാവസ്‌തു ഗവേഷണത്തിന്റെ പിതാവായ അനുജന്‍ അച്ഛനായിരുന്നു. മട്ടാഞ്ചേരി പാലസിലേയും പത്മനാഭപുരം പാലസിലേയുമെല്ലാം അപൂര്‍വ്വ ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പ്‌ ചിത്രകാരന്‍മാരേക്കൊണ്ട്‌ പകര്‍ത്തിയെടുപ്പിച്ച്‌, തൃശൂരിലെ ടൗണ്‍ഹാളിലാണ്‌ ആദ്യമായി അനുജന്‍ അച്ഛന്‍ മ്യൂസിയം തുറന്നത്‌. ശ്രീ മൂലം തിരുനാള്‍ ചിത്രശാല എന്ന പേരില്‍. ഇത്‌ പിന്നീട്‌ കൊല്ലങ്കോട്‌ പാലസിലേക്കു മാറ്റി. അതിന്റെ നവീകരണം മാത്രമാണ്‌ പുരാവസ്‌തുവകുപ്പ്‌ നിര്‍വ്വഹിച്ച്‌, മന്ത്രിയെ കൊണ്ടു ഉദ്‌ഘാടനം ചെയ്യിപ്പിച്ചത്‌. ഒറ്റ പുതിയ ചിത്രം പോലുമില്ലാതെ!. മലയാളികളുടെ മറവി, ചിലപ്പോള്‍ അതു മനഃപൂര്‍വ്വമാകാനും മതി. കേരളത്തിലെ പുരാവസ്‌തു ഗവേഷണത്തിന്റെ പിതാവിനെ കുറിച്ച്‌ ഇന്നുവരെ എവിടെയും ഒരു പരാമര്‍ശവും ഉണ്ടായിക്കണ്ടിട്ടില്ല. ശശിഭൂഷന്റെ ചില പുസ്‌തകങ്ങളില്‍ അനുജന്‍ അച്ഛനെ ഓര്‍ക്കുന്നുണ്ട്‌ എന്നതൊഴിച്ചാല്‍.....
അനുജന്‍ അച്ചന്‍ ഓര്‍മ്മയായിട്ട്‌ നാലര പതിറ്റാണ്ടു കഴിഞ്ഞു. ഇന്നും കേരള പുരാവസ്‌തു വകുപ്പിന്‌ അദ്ദേഹത്തെ കുറിച്ച്‌ ഒരു പുസ്‌തകം പോലും പ്രസിദ്ധീകരിക്കാന്‍ തോന്നിയിട്ടില്ല. തിരുകൊച്ചി സംസ്ഥാനത്തിന്റെ ആദ്യപുരാവസ്‌തു ഡയറക്ടറായിരുന്ന അനുജന്‍ അച്ഛന്‍ ചെയ്‌തതില്‍ കവിഞ്ഞൊന്നും തങ്ങള്‍ക്കു ചെയ്യാനായിട്ടില്ലെന്ന്‌ പുരാവസ്‌തു ക്യൂറേറ്റര്‍ ബാലമോഹന്‍ സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പുകളും പഠന റിപ്പോര്‍ട്ടുകളും പുരാവസ്‌തു വിദ്യാര്‍ത്ഥികളുടെ വേദപുസ്‌തകമാണ്‌. അദ്ദേഹം നടത്തിയ ഉത്‌ഖനനങ്ങളും പുരാവസ്‌തു പഠനം സംബന്ധിച്ച്‌ പലപ്പോഴായി പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളും ചരിത്രമാണ്‌. അവിരാമമായ തന്റെ പഠനങ്ങളിലൂടെ കേരളത്തിന്റെ ചരിത്രം തിരുത്തുന്ന ഒട്ടനവധി നിഗമനങ്ങളിലും അദ്ദേഹം എത്തിച്ചേര്‍ന്നിരുന്നു. കേരളത്തില്‍ ശിലായുഗമുണ്ടായിരുന്നില്ലെന്ന ഗവേഷകരുടെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു. കേരളത്തിലെ ശിലായുഗത്തിന്‌ പതിനായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന്‌ അദ്ദേഹം 1947-ല്‍ പ്രസിദ്ധീകരിച്ച `കേരളം ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്‌' എന്ന ചെറുഗ്രന്ഥത്തില്‍ തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.
``മധ്യകേരളത്തിലെ മലഞ്ചെരിവുകളിലും കുന്നിന്‍പുറങ്ങളിലുമുള്ള പുരാതന ശവക്കല്ലറകളോട്‌ സാമാന്യേന സംബന്ധിച്ചു കിടക്കുന്ന, പാല്‍ നിറത്തിലുള്ള മൂര്‍ച്ചയുള്ള ``മൈക്രോപ്രിത്‌്‌സ്‌'' എന്ന ഉരക്കല്ലുകള്‍, കേരളത്തിലെ ശിലായുഗത്തിന്റെ അന്ത്യകാലത്തെ പ്രസ്‌പഷ്ടമായി സൂചിപ്പിക്കുന്നുണ്ട്‌'-അദ്ദേഹം എഴുതി. കേരളത്തിലെ ശിലായുഗം മോഹന്‍ജോദാരോ കാലത്തിനും വളരെ മുമ്പ്‌ ആരംഭിച്ച്‌, ആ നാഗരികതയുടെ തുടക്കത്തോടെ അവസാനിച്ചിരിക്കണമെന്നും അദ്ദേഹം അനുമാനിക്കുന്നു.
കേരളസംസ്ഥാനം നിലവില്‍വരും മുമ്പെ, തന്റെ കര്‍മ്മമേഖലയില്‍ നിന്നും വിരമിച്ച അദ്ദേഹം, കേരളപ്പിറവിയോടെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ തള്ളിമാറ്റപ്പെട്ടു. 64-ല്‍ മരിക്കുമ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ അംഗീകാരമോപെരുമയുടെ തിളക്കമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല.
അപ്പോഴൂം അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞത്‌ വിദേശികളായിരുന്നു. അദ്ദേഹത്തിന്റെ സഹായമഭ്യര്‍ത്ഥിച്ചും സംശയനിവൃത്തിക്കുമായി അവര്‍ നേരിട്ടുവരികയും കത്തുകളയയ്‌ക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അപ്പോഴും പിറന്ന നാട്‌ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. തൃശൂരില്‍ ആദ്യമായി പുരാവസ്‌തുമ്യൂസിയം തുറന്ന അദ്ദേഹം, പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച വസ്‌തുക്കള്‍ അവിടെ ശാസ്‌ത്രീയമായി പ്രദര്‍ശിപ്പിച്ചു. തലപ്പിള്ളി താലൂക്കിലും കണ്ടാണശേരിയിലുമുള്ള കുടക്കല്ലുകളും മുനിയറകളും ആദ്യമായി തുറന്നു പരിശോധിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇവയെ പിന്നീട്‌ ദേശീയസംരക്ഷിത സ്‌മാരകങ്ങളാക്കി. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പറമ്പില്‍ ആദ്യമായി ഉത്‌ഖനനം നടത്തിയത്‌ അനുജന്‍ അച്ഛനാണ്‌. വടക്കുന്നാഥക്ഷേത്രം, കൂടല്‍മാണിക്യം, മട്ടഞ്ചേരി പാലസ്‌, പത്മനാഭപുരം പാലസ്‌ എന്നിവിടങ്ങളിലെ അപൂര്‍വ്വ ചുവര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത്‌ സംരക്ഷിച്ചത്‌ മറ്റൊരു ചരിത്രദൗത്യമാണ്‌. കേരളത്തിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കേന്ദ്രപുരാവസ്‌തു വകുപ്പിനെ കൊണ്ടു ഏറ്റെടുപ്പിച്ച്‌ ചരിത്രസ്‌മാരകങ്ങളായി പ്രഖ്യാപിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇത്തരം നൂറോളം ചരിത്രസ്ഥലികള്‍ ഇന്നു സംരക്ഷിത സ്‌മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌. വരും തലമുറയോടുള്ള ദൗത്യവും അദ്ദേഹം നിര്‍വ്വഹിച്ചു. വടക്കാഞ്ചേരി ഇയ്യാല്‍ പ്രദേശത്തുനിന്നു കണ്ടെടുത്ത തനി തങ്കത്തില്‍ തീര്‍ത്ത റോമന്‍ നാണയങ്ങള്‍ ഇന്നും തൃശൂര്‍ മ്യൂസിയത്തില്‍ കാണാം. ഒരു ഫോട്ടോഗ്രാഫറുടെ സഹായം പോലുമില്ലാതിരുന്ന ആ കാലത്ത്‌ സ്വന്തം കാമറയുമായി അദ്ദേഹം കേരളത്തിലെ ചരിത്രസ്ഥലികളില്‍ അലഞ്ഞു. ചേന്ദമംഗലം പാലിയത്ത്‌ കൊച്ചുളള കുഞ്ഞമ്മയുടെയും ചാലക്കുടി മേക്കാട്‌ ഈശാനന്‍ നമ്പൂതിരിയുടേയും മകനായി ജനിച്ച അനുജന്‍ അച്ഛന്‍, കേരളത്തിലേയും മദ്രാസിലേയും തുടര്‍ പഠനത്തിനു ശേഷം, രബീന്ദ്രനാഥ ടഗോറിന്റെ കീഴില്‍ ശാന്തിനികേതനിലാണ്‌ ബിരുദം പൂര്‍ത്തിയാക്കിയത്‌. തുടര്‍ന്ന്‌ പൂനെയിലെ ഭണ്ഡാര്‍ക്കര്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ഗവേഷകനായി. പിന്നീടാണ്‌ കൊച്ചിന്‍ സ്‌റ്റേറ്റിന്റെ, സ്‌റ്റേറ്റ്‌ ആര്‍ക്കിയോളജിസ്‌റ്റായി ചുമതലയേല്‍ക്കുന്നത്‌. കേന്ദ്രപുരാവസ്‌തു മേധാവിയും ബ്രിട്ടീഷുകാരനുമായ മോര്‍ട്ടിമര്‍ വീലറോടൊപ്പം മോഹന്‍ജോദാരോ, ഹാരപ്പ, തക്ഷശില എന്നിവിടങ്ങളില്‍ ഉത്‌ഖനനം നടത്തി. അവിടെ നിന്നു ലഭിച്ച നിരവധി പുരാവസ്‌തു രേഖകള്‍ അദ്ദേഹം തൃശൂര്‍ മ്യൂസിയത്തിനു നല്‍കുകയുണ്ടായി. പ്രസിദ്ധമായ പാലിയം ഗ്രന്ഥശാലയിലെ താളിയോല ഗ്രന്ഥങ്ങളെല്ലാം, തിരുവനന്തപുരം മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറിക്കു കൈമാറിയ അദ്ദേഹം, ഭാസന്റെ `ഭഗദജ്ജൂകം' സംസ്‌കൃത നാടകം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്‌തു. അഖിലേന്ത്യ സയന്‍സ്‌ കോണ്‍ഗ്രസ്സില്‍ നിരവധി വര്‍ഷം തുടര്‍ച്ചയായി പ്രബന്ധങ്ങളവതരിപ്പിച്ച അനുജന്‍ അച്ഛന്‍ ഇല്ലായിരുന്നെങ്കില്‍, കേരളത്തിലെ പുരാവസ്‌തു ചരിത്രം മറ്റൊന്നാകുമായിരുന്നു.

No comments:

Post a Comment