പുഴകളുടെ മരണം സംഭവിക്കുന്നത് മനുഷ്യന്റെ കൈകൊണ്ടു മാത്രമാണ്. മരിച്ചു ജീവിക്കുന്ന പുഴകള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. മനുഷ്യന്റെ കരാള ഹസ്‌തകങ്ങളില്‍ പിടഞ്ഞു മരിക്കുമായിരുന്ന സുന്ദരിയായ ഒരു പുഴയുണ്ട്. ഭാഗ്യം കൊണ്ട് ഇന്നും അവള്‍ ഒഴുകുന്നു, ശാന്തയായി, ചിരികളികളുമായി. സൈലന്റ് വാലിയില്‍ നിന്നുള്ള കാട്ടരുവികള്‍ ചേര്‍ന്ന് പുഴയായി മാറുന്ന കുന്തിപ്പുഴ. പതിനഞ്ചുകിലോ മീറ്ററോളം സൈലന്റ് വാലി മഴക്കാടുകളിലൂടെ ഒഴുകുന്ന കുന്തിപ്പുഴ പിന്നീട് മണ്ണാര്‍ക്കാടന്‍ സമതലത്തിലേക്ക് കടക്കുന്നു. ഭാരതപ്പുഴയുടെ കൈവഴിയായ തൂതയിലാണ് കുന്തിപ്പുഴ ചെന്നു ചേരുക.
നിശബ്ദതയുടെ താഴ്‌വരയില്‍ നിന്നുള്ള നേര്‍ത്ത കുളിരുറവകളാണ് പുഴയായി മാറുന്നത്. പുഴ പൂര്‍ണരൂപത്തിലാവുന്നിടത്തു വനം വകുപ്പിന്റെ ബോര്‍ഡുണ്ട്. അതില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു: ``കാട്ടുചോലകളൊന്നിച്ച കുന്തിപ്പുഴ ഈ മലന്താഴ്‌വാരത്തിലൂടെ ഒഴുകി, കാടിന്റെ തണുപ്പില്‍ നിന്ന്, മലമുകളില്‍ നിന്ന് പുറത്തുകടക്കുന്ന യാത്ര ഇവിടെ തുടങ്ങുന്നു. ഈ ഗര്‍ത്തത്തിനൊടുവില്‍ പാത്രക്കടവും കടന്ന് മണ്ണാര്‍ക്കാട് സമതലങ്ങളിലേക്കു കുത്തിയൊഴുകുന്നു. ഇവിടെ വച്ച് ഈ ഒഴുക്ക് എന്നെന്നേക്കുമായി നിലയ്‌ക്കുമായിരുന്നു. സൈലന്റ് വാലി ജലവൈദ്യുത അണക്കെട്ട് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥാനമിതായിരുന്നു...''
പുഴ മഴക്കാടുകളെ രണ്ടുഭാഗമായി തിരിച്ചുകൊണ്ടാണ് ഒഴുകുന്നത്. വന്‍മരങ്ങള്‍ കുടപിടിക്കുന്ന വഴിയിലൂടെ അടിക്കാടുകള്‍ വകഞ്ഞു മാറ്റി നടക്കുക പുഴയുടെ ഓരം ചേര്‍ന്ന്. അനുഭൂതിദായകമാണ്. പുഴയുടെ കിഴക്കേ കരയില്‍ രണ്ടു കിലോമീറ്ററും പടിഞ്ഞാറെ കരയില്‍ അഞ്ചു കിലോമീറ്ററുമാണ് വനഭൂമി, സൈലന്റ് വാലി ദേശീയോദ്യാനം. കണ്ണീരുപോലുള്ള വെള്ളമാണ് കുന്തിപ്പുഴയുടെ പ്രത്യേകത. താഴ്‌വരയുടെ കിഴക്കന്‍ ചെരിവില്‍ നിന്നുത്ഭവിക്കുന്ന കുന്തന്‍ ചോലപ്പുഴ, കരിങ്ങാത്തോടു, മദ്രിമാരന്‍ തോട്, വലിയപാറത്തോട്, കുമ്മന്‍ന്തന്‍ തോട് എന്നീ ചോലകള്‍ പുഴയെ പുഷ്ടിപ്പെടുത്തുന്നു. ആഴം നന്നെ കുറവാണ് പുഴക്ക്. വെള്ളപ്പൊക്കം പോലുള്ള കെടുതികളില്ല. പശ്ചിമഘട്ടനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശം കുന്തിപ്പുഴക്കു മാത്രം സ്വന്തം. പന്ത്രണ്ടു കിലോമീറ്ററോളം പുഴയുടെ തീരം കുത്തനെ ചരിഞ്ഞാണ് പോകുന്നത്. 1861 മീറ്റര്‍ മുതല്‍ 900 മീറ്റര്‍ വരെ പുഴമ്പള്ളം ചായുന്നു. അവസാനത്തെ എട്ടുകിലോമീറ്റര്‍ അറുപതുമീറ്ററോളം ചരിഞ്ഞാണ് കിടക്കുന്നത്.
മാമരങ്ങള്‍ കുടപിടിക്കുന്ന മഴക്കാട് കണ്ടെത്തിയ ബ്രിട്ടീഷുകാരാണ് സൈലന്റ് വാലി എന്ന് ഈ മനോഹരതാഴ്‌വരയ്‌ക്ക് പേര് കല്‍പ്പിച്ചു കൊടുത്തതത്രെ. കാടുകളെ ശബ്ദമുഖരിതമാക്കുന്ന മണ്ണട്ടകളുടേയും ചീവീടുകളുടേയും ചിലപ്പ് ഇവിടെ ഇല്ല. മഹാമൗനത്തില്‍ ആണ്ടുകിടക്കുന്ന താഴ്‌വരയെ അവര്‍ സൈലന്റ് വാലി എന്നു വിളിച്ചു. എന്നാല്‍, ഈ പ്രദേശത്തിന്റെ മലയാളത്തിലെ പേര്‍ സൈരന്ധ്രിവനം എന്നായിരുന്നു. പാണ്ഡവരുടെ വനവാസകാലവുമായാണ് ഈ പേരിനു ബന്ധം. പാണ്ഡവരും പത്‌നി ദ്രൗപദിയും ഇവിടെ പുഴക്കരികിലുള്ള ഗുഹയില്‍ തങ്ങിയിരുന്നു എന്നാണ് കഥ. മനോഹരമായ ഈ താഴ്‌വര അവരെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്. ചാഞ്ഞിറങ്ങുന്ന പുല്‍മേടുകള്‍ താഴവരയിലെ മരക്കൂട്ടങ്ങളില്‍ ചെന്നു ലയിക്കുന്നു...ഇടതിങ്ങിയ വനത്തിനുള്ളിലൂടെ തുളളിപ്പുളച്ചൊഴുകുന്ന കണ്ണീര്‍പ്പുഴ. അതിരാവിലെയും സായാഹ്നങ്ങളും ആനയും പുലിയും ഒന്നിച്ചു തന്നെ ഇവിടെ നിന്നു ദാഹം തീര്‍ക്കുന്നു...എല്ലാ ജീവികളും സഹവര്‍ത്തിത്തോടെ കഴിയുന്ന താഴ്‌വര മനുഷ്യസ്‌പര്‍ശമില്ലാത്തതുമായിരുന്നു. ദ്രൗപതി പേരായ സൈരന്ധ്രി എന്ന വാക്കില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവമത്രെ. 1857ലാണ് ബ്രിട്ടീഷ് സസ്യശാസ്‌ത്രജ്ഞനായ റോബര്‍ട്ട് വൈറ്റ് സൈലന്റ് വാലിയില്‍ എത്തുന്നത്. ചീവീടുകളുടെ ചിലപ്പിന്റെ അസാന്നിധ്യം ശ്രദ്ധിച്ച വൈറ്റ് താഴ്‌വരയ്‌ക്കു സൈലന്റവാലി എന്നു പേര്‍ കൊടുത്തു. 1985ലാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ജലവൈദ്യുതി പദ്ധതിക്കുള്ള നീക്കങ്ങള്‍ക്കെതിരേ നടന്ന ജനകീയ സമരങ്ങള്‍ ചരിത്രമാണ്. കുന്തിപ്പുഴക്ക് അണകെട്ടി വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള നീക്കമാണ് പരിസ്ഥിതി സ്‌നേഹികളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടത്. കേരളത്തിലെ അവസാനത്തെ മഴക്കാടും അതോടെ മുടിഞ്ഞുപോകുമായിരുന്നു. കുന്തിപ്പുഴയുടെ ചരമക്കുറിപ്പും. പുഴ ഇന്നും ഒഴുകുന്നു. മരിച്ചില്ലെന്ന ആഹ്ലാദം നമുക്ക് കണ്ടറിയാം. പുഴയുടെ ആ ചിരി നമുക്ക് കേട്ടറിയാം...
No comments:
Post a Comment