Friday, September 27, 2013

കരിമ്പുഴപോലെ തെളിഞ്ഞൊഴുകിയ പ്രണയം



 പുഴ ഒഴുകുകയാണ്, കണ്ണീരു പോലെ തെളിഞ്ഞ് ഈ കൊടുംവേനലിലും. ഇത് കരിമ്പുഴ. ഒരു ദേശത്തിന്റെ പേരു തന്നെ ഈ പുഴയുമായി ബന്ധപ്പെട്ടായി മാറുന്ന കാഴ്ചയാണിവിടെ. പുഴകളോടു ചേര്‍ന്ന് ഒരു സംസ്കൃതി രൂപം കൊള്ളാറുണ്ട്. കരിമ്പുഴക്കുമുണ്ട് പറയാന്‍ കഥകളേറെ. പടയോട്ടങ്ങളുടെയും കലയുടേയും എല്ലാമെല്ലാം. ഒറ്റപ്പാലത്തു നിന്നു പതിനഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കരിമ്പുഴ പഞ്ചായത്തിലെത്താം. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലാണ് കരിമ്പുഴ. കോഴിക്കോട് സമൂതിരി കോവിലകവുമായി അഭേദ്യബന്ധമാണ്, ഈ സുന്ദരമായ വള്ളുവനാടന്‍ ഗ്രാമത്തിനുള്ളത്. സാമൂതിരിയുടെ ഇളമുറക്കാരായ ഏറാള്‍പ്പാട് കരിമ്പുഴയുടെ കരയില്‍ എഴുന്നള്ളി താമസിച്ചിരുന്നു. പുഴയുടെ തീരത്ത് ഏറാള്‍പ്പാടിന്റെ കോവിലകം ഇന്നും കാണാം. കരിമ്പുഴയെ പ്രശസ്തമാക്കുന്നത് അതിനു കിഴക്കെ കരയിലുള്ള പഴക്കം ചെന്ന ശ്രീരാമ ക്ഷേത്രമാണ്. ദക്ഷിണഅയോധ്യ എന്നറിയപ്പെടുന്ന ഈ മഹാക്ഷേത്രം ഇപ്പോഴും സാമൂതിരിയുടെ ഉടമസ്ഥതയിലാണ്. ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍, നാട്ടിന്‍പുറത്തിന്റെ നന്മകളത്രയും കൈവിടാതെ കരമ്പുഴ ഗ്രാമം. ഒറ്റപ്പാലം, മങ്കര, ലക്കിടി എന്നിവ തെക്കന്‍ അതിരും ചെര്‍പ്പുളശേരി പടിഞ്ഞാറും, അലനല്ലൂര്‍, മണ്ണാര്‍ക്കാട് വടക്കും കോങ്ങാട് കിഴക്കും അതിര്‍ത്തി തീര്‍ക്കുന്നു. കേരളത്തില്‍ മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ കൈപ്പടം അധികം പതിയാത്ത പുഴയാണിത്. ഇന്നും പച്ചപിടിച്ച തീരങ്ങളില്‍, കുഞ്ഞോളങ്ങള്‍ തലതല്ലിയൊഴുകുന്നത് മനംകുളുര്‍പ്പിക്കുന്ന കാഴ്ച തന്നെയാണ്. ഭാരതപ്പുഴയില്‍ ചെന്നു ചേരുന്നിടം വരെയും കരിമ്പുഴ, നിത്യകന്യകയെപോലെ... വള്ളുവനാടന്‍ ഗ്രാമ സൌകുമാര്യം ഒട്ടും കൈമോശം വന്നിട്ടില്ല ഈ നാടിനു പറയാന്‍ ഒരു രാജകീയ പ്രണയത്തിന്റെ കഥയുണ്ട്. സാമൂതിരിയെ കൊലപ്പെടുത്താന്‍ ചാവേറുകളെ അയച്ചിരുന്ന വള്ളുവക്കോനാതിരിയുടെ നാട്ടിലാണ്, ഈ അനുരാഗകഥ ഉറന്നൊഴുകിയത് എന്നതാണ് വിസ്മയിപ്പിക്കുന്നത്. അറുനൂറു വര്‍ഷം മുമ്പാണ്. കരിമ്പുഴയുടെ തീരത്തുള്ള കോവിലകത്ത് ഏറാള്‍പ്പാട് എഴുന്നള്ളി താമസിക്കുന്ന കാലം. അന്ന് ഉരല്‍പ്പുരയില്‍ നെല്ലുകുത്തുന്ന സ്ത്രീകളില്‍ അതീവ സുന്ദരിയായ ഒരു യുവതിയില്‍ തമ്പുരാന് ആഗ്രഹം ജനിച്ചു. കുഞ്ചി എന്നു പേരുള്ള ആ നായര്‍ പെണ്‍കുട്ടിയ്ക്കു തമ്പുരാന്‍ പുടവയും കൊടുത്തു. തമ്പുരാന്‍മാരുടെ കമ്പം തീരുന്നതാണ്, സാധാരണ ഇത്തരം കഥകളുടെ ക്ളൈമാക്സ്. എന്നാല്‍ ഇവിടെ തിരിച്ചാണ് സംഭവിച്ചത്. കരിമ്പുഴ പോലെ നിര്‍മ്മലമായ പ്രണയമായിരുന്നു രാജാവിന്റേതും കുഞ്ചിയുടേതും. കുഞ്ചിക്ക് ഒരു മാളികയും പതിനെട്ടു കളങ്ങളും(കൃഷിയിടങ്ങള്‍) അദ്ദേഹം നല്‍കി, കുഞ്ചിയെ പിരിയാതെ കഴിയാനായി അദ്ദേഹം ഈ മാളികയിലേക്ക് താമസം മാറ്റുകയും ചെയ്തു. കരിമ്പുഴ കടന്നാല്‍, എളമ്പുളാശേരി എന്ന ദേശം. അവിടെ ഇപ്പോഴും ഈ മാളികകാണാം. മണിയേടത്ത് എന്ന പ്രശസ്തമായ നായര്‍ തറവാടിന്റെ ഉത്ഭവം ഇവിടെ നിന്നാണ്. കുഞ്ചിയോടൊപ്പം കഴിയാനുള്ള ആഗ്രഹം കൊണ്ട് സാമൂതിരിപ്പാട് കോഴിക്കോട്ടു നിന്നു കൂടെകൂടെ എഴുന്നള്ളിയെത്തുമായിരുന്നു. തീപ്പെടുവോളം ആ പ്രണയം അണമുറിയാതെ ഒഴുകി.. സമൂതിരി കിടന്നിരുന്ന സപ്രമഞ്ച കട്ടിലും അദ്ദേഹത്തിന്റെ കോളാമ്പിയും ഇപ്പോഴും അതുപോലെ സൂക്ഷിച്ചിട്ടുണ്ട് ഇവിടെ. തലമുറകള്‍ കടന്നു പോയിട്ടും, ഈ തറവാട്ടുകാര്‍ കുഞ്ചി മുത്തശ്ശിയെ കൃതജ്ഞതയോടെ ഓര്‍ക്കുന്നു. എടവമാസത്തിലെ പൂരം നക്ഷത്രത്തില്‍, മുത്തശ്ശിയെ സ്മരിച്ചുകൊണ്ടു പ്രത്യേക പൂജകളും പതിവുണ്ട്. തറവാട്ടിലെ ആണ്‍തരി തന്നെ വേണം പൂജചെയ്യാന്‍ എന്നും നിര്‍ബന്ധമാണ്. കാലപ്രവാഹം പോലെ കരിമ്പുഴ ഒഴുകുകയാണ്. പറയാന്‍ കഥകള്‍ ഉള്ളിലൊതുക്കി. ഒരു നിമിഷം കാതോര്‍ക്കുക, പുഴകള്‍ക്ക് ഏറെ കഥകള്‍ പറയാനുണ്ട്.

No comments:

Post a Comment