Friday, September 27, 2013

ശക്തന്റെ കൊട്ടാരത്തിലെ ചിലമ്പൊലികള്‍...


തൃശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് ശക്തന്‍ തമ്പുരാന്‍ കോവിലകം. കൊച്ചിയുടെ മുഖഛായ മാറ്റിയ രാജഭരണത്തിന്റെ തിരുശേഷിപ്പ്. വിശാലമായ വടക്കേച്ചിറയുടെ കരയില്‍ രാജകീയപ്രൌഢി ഒളിമങ്ങാതെ നില്‍ക്കുന്ന കൊട്ടാരക്കെട്ട്, ഇന്ന് പുരാവസ്തു മ്യൂസിയമാണ്. കൊച്ചി രാജവംശത്തിലെ, ഏറ്റവും കരുത്തനായ തമ്പുരാന്‍, രാമവര്‍മ്മ ശക്തന്‍ തമ്പുരാന്‍ ജീവിതകാലം അധികവും ചിലവഴിച്ചത് ഇവിടെയാണ്. അദ്ദേഹത്തിന്റെ കുഴിമാടം ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൊച്ചി രാജവംശത്തിന്റെ തലസ്ഥാനം തൃപ്പൂണിത്തുറയാണെങ്കിലും, ശക്തന്‍തമ്പുരാന് തൃശൂരിനോടു വേറിട്ടൊരു സ്നേഹമായിരുന്നു. ജനിച്ചു വീണയുടന്‍ അമ്മയുടെ മരണം. പിന്നെ വളര്‍ന്നത് ചെറിയമ്മയുടെ തണലില്‍. കൊട്ടാരം ജ്യോത്സ്യന്‍ ഗണിച്ചു പറഞ്ഞു, ഉണ്ണി അല്‍പ്പായുസ്സാണെന്ന്. കൊട്ടാരത്തിനോടുള്ള ചേര്‍ന്നുള്ള അശോകേശ്വരം ശിവക്ഷേത്രത്തിലെ ആല്‍മരച്ചുവട്ടില്‍ പ്രത്യക്ഷപ്പെട്ട ഒരു സന്യാസി, ചെറിയമ്മയോടു പറഞ്ഞു, ഈ ശിവമൂര്‍ത്തിയെ ഉപാസിക്കുക. അങ്ങിനെ പൊന്നു തമ്പുരാന്റെ ആയുസ്സിനായി നടന്ന പ്രാര്‍ത്ഥന ഫലം കണ്ടുവെന്ന് കഥകള്‍. ആറാട്ടുപുഴ പൂരത്തിനേറ്റ അപമാനത്തിന് പ്രതികാരമായി, വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം സൃഷ്ടിച്ച് തൃശൂര്‍ക്കാരുടെ തമ്പുരാനായി അദ്ദേഹം, പിന്നീട്.
കോവിലകം സര്‍ക്കാര്‍ ഏറ്റെടുക്കയും അത് പുരാവസ്തു മ്യൂസിയമായി മാറ്റുകയും ചെയ്തു. കൊട്ടാരക്കെട്ടിന്റെ പ്രൌഢിയും പഴമയും നിലനിര്‍ത്തിക്കൊണ്ടു തന്നെ, തനതു ശൈലിയിലാണ് നവീകരണം നടത്തിയത്. ചുവരുകള്‍ക്ക് ശര്‍ക്കരകൂട്ടു തന്നെ ഉപയോഗിച്ചു. വൈദ്യുതി എത്തിക്കാനായി ചുവരുകള്‍ തുളക്കുന്നതും മറ്റും ഒഴിവാക്കുകയും ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം, വിവിധ മ്യൂസിയങ്ങളുടെ കലവറകളില്‍ കൂട്ടിയിട്ടിരുന്ന അപൂര്‍വ്വ വസ്തുക്കളടക്കം ഇവിടെ പ്രദര്‍ശനത്തിനെത്തിച്ചു. കൊച്ചി രാജാക്കന്‍മാരുടെ ഡര്‍ബാര്‍ വേഷം, സിംഹാസനം, പള്ളിവാള്‍ എന്നിവയും വിപുലമായ നാണയശേഖരവും ഇവിടത്തെ ഗ്യാലറികളില്‍ പ്രദര്‍ശനത്തിനൊരുക്കി. പുരാവസ്തു വകുപ്പ് ക്യൂറേറ്റര്‍ ബാലമോഹനായിരുന്നു ഇതിന്റെ ചുമതല. കൊച്ചി രാജവംശത്തിന്റെ ഭരദേവതയായ പഴയന്നൂര്‍ ഭഗവതിയുടെ പ്രതിഷ്ഠ നടുമുറ്റത്തെ മുല്ലത്തറയില്‍ ഉണ്ടായിരുന്നു. നിത്യപൂജയുണ്ടായിരുന്നതിനാല്‍, മ്യൂസിയമാക്കുന്നതിനു മുമ്പായി, ഇത് രാജകുടുംബക്കാര്‍  തന്നെ ആവാഹിച്ചു കൊണ്ടുപോയി. സര്‍ക്കാര്‍ ചെലവില്‍ പൂജ പാടില്ലെന്നു നിയമം ഉണ്ട്!. 

മ്യൂസിയത്തിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ ഉണ്ടായ ചില അനുഭവങ്ങള്‍ക്ക് ഇന്നും വിശദീകരണമില്ലെന്നാണ്, ക്യൂറേറ്ററായ ബാലമോഹന്‍ പറയുന്നത്. പണിനടക്കുമ്പോള്‍ പലപ്പോഴും പണിക്കാര്‍ ഭയന്ന് ക്യൂറേറ്ററുടെ ഓഫീസിലെത്തും-കൊട്ടാരം വളപ്പിലെ സര്‍പ്പക്കാവില്‍ നിന്നു വലിയൊരു പാമ്പ് ഇഴഞ്ഞു വന്ന് നടുമുറ്റത്ത് ചുരുണ്ടു കിടക്കുന്നു. ആരേയും ഉപദ്രവിക്കാതെ അതു അവിടെ വന്നു കിടക്കും. ഇത് പതിവു സംഭവമായി. സര്‍പ്പത്തെ ബക്കറ്റിലാക്കി സര്‍പ്പാക്കാവില്‍ കൊണ്ടുചെന്നു വിടും- ബാലമോഹന്‍ ഓര്‍ക്കുന്നു. ഇതു നിരവധി ദിവസം തുടര്‍ന്നു. ഒരു ദിവസം രാത്രിയില്‍ വാച്ച്മാന്‍ വന്നു വിളിച്ചുണര്‍ത്തി. മ്യൂസിയത്തിനു പിറകിലുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലാണ് താമസം. പതറിയ ശബ്ദത്തിലാണ് വാച്ചുമാന്‍ സംസാരിച്ചത്: സാര്‍, കൊട്ടാരത്തിനുള്ളില്‍ നിന്നു ചിലങ്കയുടെ ശബ്ദം കേള്‍ക്കുന്നു..!. വാച്ചുമാനൊപ്പം കൊട്ടാരത്തില്‍ ചെന്നപ്പോള്‍, വ്യക്തമായും കേട്ടു, ചിലങ്കകിലുക്കി നടക്കുന്ന ശബ്ദം. വാച്ചുമാനോടു അതു സാരമില്ലെന്നു പറഞ്ഞു സമാധാനിപ്പിച്ചു...ഇതു പറയുമ്പോള്‍, ബാലമോഹന്റെ ശബ്ദത്തില്‍ ഇപ്പോഴുമുണ്ട് അവിശ്വസനീയത. പഴയ കൊട്ടാരങ്ങളും മറ്റും നവീകരിക്കുമ്പോള്‍, പലപ്പോഴും ഇതു പോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു. ശക്തന്‍തമ്പുരാന്‍ കിടന്നു മരിച്ച കട്ടില്‍ ഇപ്പോഴും ഇവിടെയുണ്ട്. മ്യൂസിയത്തിന്റെ മുകളിലെ നിലയിലെ വടക്കേമുറിയില്‍, അദ്ദേഹം മരിച്ച മുറിയില്‍ തന്നെ. സന്ദര്‍ശകര്‍ക്കായി, കാലത്തെ ഇവിടെ കൈക്കുമ്പിളിലാക്കി സൂക്ഷിച്ചിരിക്കുന്നു പുരാവസ്തുവകുപ്പ്. നഗരത്തിലെത്തുന്നവര്‍ക്ക്, പച്ചപ്പിന്റെ സുഖശീതളിമയുമൊരുക്കുന്നു ഈ മ്യൂസിയ സമുച്ചയം.

No comments:

Post a Comment