ഇതൊന്നും എന്റേതല്ല- മഹത്തായ ത്യാഗത്തിന്റെ ഉദ്ഘോഷണം. അഹംഭാവത്തിന്റെ മുഖപടമഴിച്ച് അഗ്നിയിലേയ്ക്ക്...!. 2005ല്‍ തൃശൂരിലെ ബ്രഹ്മസ്വം മഠത്തില്‍ നടന്ന സോമയാഗത്തില്‍ ആദിമധ്യാന്തം പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍, യാതൊരു മുന്‍വിധിയും കൂടാതെ. വാര്‍ത്തകള്‍ക്കായുള്ള ശ്രമംമാത്രമായിരുന്നു അത്. യാഗശാല തീര്‍ക്കുന്നതു മുതല്‍ അഗ്നിക്കു സമര്‍പ്പിക്കുന്നതു വരെ. ഭാരതത്തിന്റെ മഹാഋഷി പാരമ്പര്യത്തിന്റെ അംശമാകാന്‍ കഴിഞ്ഞതില്‍, അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു പിന്നീട്. യുക്തിയുടെ ഉരകല്ലില്‍ എത്ര ഉരച്ചിട്ടും, ഒന്നും മനസ്സിലാക്കാനാവാതെ അമ്പരന്നു പോയ നിമിഷങ്ങള്‍. വേദമന്ത്രങ്ങള്‍ പ്രാകൃതമായ ശബ്ദഘോഷങ്ങള്‍ മാത്രമാണെന്ന അഭിപ്രായം യാഗത്തോടൊപ്പം ശക്തമായി ഉയര്‍ന്നു വന്നിരുന്നു. എതിര്‍ പ്രചരണങ്ങളും. യുക്തിവാദ സംഘടനകളുടെ യോഗങ്ങളും യാഗത്തോടൊപ്പം നഗരത്തില്‍ സംഘടിപ്പിക്കുയുണ്ടായി. മാധ്യമ ധര്‍മ്മമനുസരിച്ചു രണ്ടു ഭാഗവും കാണണമല്ലോ?.
ആയിരത്താണ്ടുകളുടെ പഴക്കമുള്ള 'യാഗ'ങ്ങള്‍ക്കും 'യജ്ഞ'ങ്ങള്‍ക്കും എന്തു പ്രസക്തിയാണുളളതെന്ന്, മീഡിയ സെന്ററിലുണ്ടായിരുന്ന എഴുത്തുകാരി കെ.ബി.ശ്രീദേവീയോടു തുറന്നു ചോദിച്ചു. അവര്‍ മൃദുവായി ചിരിച്ചു. കൊടുംവേനലായിരുന്നു യാഗകാലത്ത്. ഏപ്രില്‍ 6. യാഗച്ചടങ്ങുകളെല്ലാം അടുത്തു നിന്നു കാണുവാനുള്ള സംവിധാനം സംഘാടകര്‍ ചെയ്തിരുന്നു. യാഗവേദിയില്‍ നടക്കുന്ന ചടങ്ങുകളുടെ വിശദീകരണവും തത്സമയം അനൌണ്‍സ് ചെയ്തുകൊണ്ടിരുന്നത് അനുഗ്രഹമായി. അതിരാത്രത്തെ കുറിച്ച് ക്ളാസിക് ഗ്രന്ഥ(അഴിശ)മെഴുതിയ ജര്‍മ്മന്‍ ഗവേഷകന്‍ ഫ്രിറ്റ്സ് സ്റ്റാളും, യാഗവേദിയിലെത്തി. യാഗവേദിയില്‍ അദ്ദേഹം വേദജ്ഞര്‍ക്കൊപ്പം, വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നത് അത്ഭുതത്തോടെയാണ് കണ്ടു നിന്നത്. പ്രായാധിക്യം വകയ്ക്കാതെയാണ് അദ്ദേഹം യാഗത്തിനു എത്തിയിരിക്കുന്നത്. ഇന്ന് അദ്ദേഹം ഇല്ല. കേരളത്തിന്റെ തനതായ യാഗ പാരമ്പര്യത്തെ കുറിച്ചു പഠിക്കാന്‍ എഴുപതുകളിലാണ് അദ്ദേഹം ഇവിടെ ആദ്യം എത്തിയത്. അന്നു അദ്ദേഹത്തിന്റെ മുന്‍കൈയില്‍, 1975ല്‍് പാഞ്ഞാള്‍ അതിരാത്രം സംഘടിപ്പിക്കുകയുണ്ടായി. യാഗപാരമ്പര്യത്തിന്റെ ശാസ്ത്രീയത പഠിക്കാന്‍ കിര്‍ലിയന്‍ കാമറയടക്കം അത്യാധുനിക ഉപകരണങ്ങളും അദ്ദേഹവും സംഘവും എത്തിച്ചിരുന്നു. കേരളത്തില്‍ നിലച്ചുപോയ ഒരു യാഗപാരമ്പര്യത്തിനാണ് സ്റ്റാള്‍ വീണ്ടും തുടക്കം കുറിച്ചത്.
അഗ്നിയെ പ്രധാനദേവനായി കണ്ടുകൊണ്ടുള്ള യജ്ഞങ്ങളാണ് അഗ്നിചയനം എന്ന ഗണത്തില്‍ പെടുന്ന സോമയാഗവും, അതിരാത്രവുമെല്ലാം. അരണികടഞ്ഞാണ് തീയുണ്ടാക്കിയെടുക്കുന്നത്. ഇവിടെ രണ്ടു രാത്രികളെടുത്തു അഗ്നി തെളിയാന്‍. ഈ ദിവസങ്ങളിലെല്ലാം വേദമന്ത്രങ്ങളുടെ ഉരുക്കഴിക്കല്‍ നടക്കും. യാഗത്തിന്റെ യജമാനനെ വരിക്കലും യൂപം എന്നു വിളിക്കുന്ന 'ആന്റിന' സ്ഥാപിക്കലും ഈ ദിവസങ്ങളിലാണ്. പ്രത്യേക മരം ക്ൊണ്ടു നിര്‍മ്മിച്ച ആന്റിനയിലൂടെയാണ് സ്തുതികള്‍ ദേവതകള്‍ക്കായി 'പ്രക്ഷേപണം' ചെയ്യുന്നത്. ശ്രൌതപാരമ്പര്യമനുസരിച്ചുള്ള യാഗ ചടങ്ങുകള്‍ക്ക് നാലു പ്രധാന പുരോഹിതരാണ്. ഹോത, അധ്വര്യ്രു, ഉദ്ഘാതാവ്, ബ്രഹ്മന്‍.
ഹോതന്‍ ഋഗ്വേദ മന്ത്രങ്ങള്‍ ചൊല്ലി ദേവതകളെ ഉണര്‍ത്തുന്നു, അദ്ദേഹം അഗ്നിതന്നെ എന്നാണ് സങ്കല്‍പ്പം, അധ്വര്യുവിന്റെ ചുമതല യജ്ഞശാല അളവനുസരിച്ചു പണിയുക(യജുര്‍വേദത്തിന്റെ അടിസ്ഥാനത്തില്‍) എന്നിവയൊക്കെയാണ്. കണ്ണിനെ പ്രതിനിധീകരിക്കുന്ന സൂര്യനാണ് അദ്ദേഹം എന്നാണ് സങ്കല്‍പ്പം. ഉദ്ഘാതാവ് സാമവേദത്തിലെ ഗാനസദൃശ്യമായ മന്ത്രങ്ങളാണ് കൈകാര്യം ചെയ്യുന്നത്(സംഗീതം സാമവേദത്തില്‍ നിന്നു ഉത്പന്നമായതാണ്). പ്രാണവായുവാണ് അദ്ദേഹം എന്നാണ് സങ്കല്‍പ്പം. എല്ലാ ചടങ്ങുകളുടേയും 'സൂപ്രണ്ടാണ്' ബ്രഹ്മന്‍. മനസ്സിന്റെ കാരകനായ ചന്ദ്രനായാണ് അദ്ദേഹത്തെ സങ്കല്‍പ്പിക്കുന്നത്. ചടങ്ങുകളില്‍ ഉണ്ടാവുന്ന പിഴവുകള്‍ തിരുത്തേണ്ടത് അദ്ദേഹത്തിന്റെ ചുമതലയത്രെ. ഏഴുദിവസം നീളുന്ന യാഗചടങ്ങുകളിലത്രയും യജമാനന്‍ മുഷ്ടിചുരുട്ടിപ്പിടിച്ച നിലയിലാണ്. നവധാന്യങ്ങള്‍ കൈക്കുള്ളില്‍ പിടിച്ചിരിക്കുന്ന അദ്ദേഹം യാഗം കഴിഞ്ഞതിനു ശേഷമേ വിരലുകള്‍ നിവര്‍ത്തൂ. അദ്ദേഹത്തെ നിത്യകര്‍മ്മങ്ങളില്‍ സഹായിക്കാന്‍ ഭാര്യ(പത്തനാടി) കൂടെ ഉണ്ടാവും. യാഗശേഷം യജമാനന്‍ സോമയാജിപ്പാടായി മാറുന്നു. അതിരാത്രത്തിലാണെങ്കില്‍ അക്കിത്തിരിപ്പാടും.
യാഗസമാപനത്തിന്റെ തലേന്നാണ് അവഭൃതസ്നാനം. യാഗത്തിലുപയോഗിച്ച മരപ്പാത്രങ്ങളും മറ്റും ജലത്തില്‍ അര്‍പ്പിച്ച് പുരോഹിതരും യജമാനനും മുങ്ങിക്കുളിക്കുന്നതാണിത്. ഈ ഘട്ടത്തില്‍ മഴപെയ്യും എന്നാണ് വിധി. വൈകുന്നേരം നാലരമണിയോടെയായിരുന്നു ഈ ചടങ്ങ്. മേടമാസത്തിലെ സൂര്യന്‍ ആകാശത്ത് കത്തിനില്‍ക്കുന്നു. യാഗശാലയിലെ ചൂടുകുറയ്ക്കാന്‍ സ്ഥാപിച്ച വലിയ ഫാനുകള്‍ കറങ്ങിക്കൊണ്ടിരുന്നിട്ടും ആളുകള്‍ വീശിക്കൊണ്ടിരിക്കുകയാണ്. യജമാനനും പുരോഹിതരും യാഗോപകരണങ്ങളുമായി ചിറയിലേക്കു പുറപ്പെട്ടപ്പോള്‍, പെട്ടെന്ന് ആകാശത്തിന്റെ വടക്കുകിഴക്കേ ചരിവില്‍ ഇടിമുഴങ്ങി. അവിശ്വസനീയമായിരുന്നു അത്!. കറുത്തിരുണ്ട കാറുകള്‍ ഉരുണ്ടുകയറിത് നിമിഷാര്‍ദ്ധം കൊണ്ടായിരുന്നു. മഴ ആര്‍ത്തുപെയ്തു. പടിഞ്ഞാറു അപ്പോഴും സൂര്യന്‍ കത്തിത്തന്നെ നില്‍ക്കുകയായിരുന്നു. കുടയില്ല. മഴയില്‍ നിന്നു രക്ഷപ്പെടാന്‍ മഠം വളപ്പിലെ വാഴയുടെ അടിയിലേക്കു നൂണ്ടു കയറി. വീഡിയോ കാമറയുമായി ഷൂട്ടിനെത്തിയ എന്റെ കാമറാമാനെ ഞാന്‍ പരതി, മഴയില്‍ നിന്നു കാമറയെ രക്ഷിക്കാന്‍ അവന്‍ യാഗശാലയിലെ പന്തലിലേക്കു തിരിച്ചോടിയിരുന്നു. കണ്‍മുന്നില്‍ കണ്ടതിനെ കൊള്ളണോ തളളണോ എന്നാലോചിച്ച്, മഴ നനഞ്ഞ് ഞാന്‍ ആ വാഴച്ചുവട്ടില്‍ നിന്നു....
No comments:
Post a Comment