Saturday, September 28, 2013

പാമ്പുകളുടെ തോഴന്‍


ചാലക്കുടിയിലെ മലക്കപ്പാറയിലുള്ള ഒരു വീട്‌. അതിരാവിലെ വീടിനു പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ എത്തിയ വീട്ടുടമസ്ഥന്‍, നിലവിളിച്ചു കൊണ്ടു പുറത്തേയ്‌ക്കു പാഞ്ഞു.. കുളിമുറിയില്‍ ഒരു കൂറ്റന്‍ പാമ്പ്‌. നാട്ടുകാര്‍ ഓടിക്കൂടി. വനം വകുപ്പിനെ വിവരമറിയിച്ചു. വനം വകുപ്പുകാര്‍ എത്തി, പരിശോധിച്ചശേഷം ഭീതിയോടെ പിന്‍വാങ്ങി. വെറും പാമ്പല്ല അത്‌. പാമ്പുകളുടെ രാജാവ്‌...കൊടിയ വിഷമുള്ള സാക്ഷാല്‍ രാജവെമ്പാല തന്നെ!. വനംവകുപ്പുകാരും പറഞ്ഞു: സേവ്യറിനെ വിളിക്കാം..മറ്റു മാര്‍ഗ്ഗമില്ല. വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ സേവ്യറിനെ അന്വേഷിച്ച്‌ പറന്നു. തലയില്‍ ഘടിപ്പിക്കാവുന്ന ടോര്‍ച്ച്‌; കയ്യില്‍ പാമ്പുകളെ പിടിക്കാനുള്ള കവരിച്ച വടി എന്നിവയുമായി സേവ്യര്‍ കുളിമുറിക്കുള്ളിലേക്ക്‌...ശ്വാസമടക്കി ലോകം പുറത്ത്‌. ഏതാനും മിനുട്ടുകള്‍ ഉദ്വേഗത്തിന്റേതായിരുന്നു. കറുത്തിരുണ്ട, പന്ത്രടി നീളമുള്ള, കൂറ്റന്‍ പാമ്പുമായി സേവ്യര്‍, കുളിമുറിയില്‍ നിന്നും ജനമധ്യത്തിലേയ്‌ക്കിറങ്ങിയപ്പോള്‍ മുഴങ്ങിയത്‌ കയ്യടികളും ആര്‍പ്പുവിളികളും....കഴുത്തിലിട്ട പാമ്പുമായി നാട്ടുകാര്‍ക്ക്‌ ചെറിയൊരു ക്ലാസ്‌..ചിലര്‍, ഭയത്തോടെയെങ്കിലും രാജവമ്പാലയെ ഒന്നു തൊട്ടു പിന്‍വാങ്ങി. പാമ്പിനെ ചാക്കിലാക്കി വനപാലകര്‍ക്ക്‌ കൈമാറി, ഒന്നും സംഭവിക്കാത്തതു പോലെ സേവ്യര്‍ നാട്ടിലേയ്‌ക്ക്‌....നാളിതുവരെ പത്തൊന്‍പതു നാഗരാജാക്കന്‍മാരെ ചാക്കിലാക്കിയിട്ടുണ്ടെന്ന്‌ പറയുമ്പോള്‍, സേവ്യറിന്റെ സ്വരത്തില്‍ ലേശം പോലും അഹന്തയില്ല.
സേവ്യര്‍ എന്ന വാക്കിന്‌ രക്ഷകന്‍ എന്നാണര്‍ത്ഥം. എല്‍ത്തുരുത്തുകാരനായ സേവ്യര്‍ ആന്റണി കുഞ്ഞാപ്പു, ഈ വാക്ക്‌ അന്വര്‍ത്ഥമാക്കുന്നു. സര്‍പ്പഭയത്തില്‍ നിന്നും നാട്ടുകാരെയും നാട്ടുകാരില്‍ നിന്നു പാമ്പുകളേയും രക്ഷിച്ച്‌. തന്റെ `പാമ്പുജീവിത'ത്തെക്കുറിച്ച്‌ സേവ്യര്‍ ഓര്‍മ്മപങ്കു വയ്‌ക്കുകയാണിവിടെ.....
തൃശൂര്‍ എല്‍ത്തുരുത്ത്‌ സ്വദേശി സേവ്യര്‍ ഇന്ന്‌ ഏവര്‍ക്കും അനിവാര്യനായ ഒരു മനുഷ്യനാണ്‌. വീട്ടുമുറ്റത്തോ പറമ്പിലോ ഒരു പാമ്പിനെ കണ്ടാല്‍, നാട്ടുകാര്‍ക്കു വേണ്ടത്‌ സേവ്യറിനെ മാത്രം. നാട്ടുകാര്‍ മാത്രമോ? വനംവകുപ്പുകാര്‍ മുതല്‍ അഗ്നിശമന സേനാ വിഭാഗം വരെ സേവ്യറുടെ സേവനത്തിനായി പരക്കംപായുകയാണിന്ന്‌. പ്രസ്സ്‌ നടത്തിപ്പുകാരനില്‍ നിന്നും, വനംവകുപ്പിന്റെ കീഴില്‍ വൈല്‍ഡ്‌ ലൈഫ്‌ കാച്ചര്‍ തസ്‌തികയിലെത്തിയ സേവ്യറിന്റെ മുടക്കുമുതല്‍ പ്രകൃതിയോടുള്ള ഒടുങ്ങാത്ത അഭിനിവേശം മാത്രം.
പാമ്പുകള്‍ ഭയപ്പെടേണ്ടവയല്ല. അവയും പ്രകൃതിയുടെ ഭാഗം തന്നെ. പ്രകൃതിയുടെ നിലനില്‍പ്പിന്‌ അവയെ സംരക്ഷിണമെന്നും ഈ യുവാവ്‌ പറയുമ്പോള്‍, കാതോര്‍ക്കാതെ വയ്യ. സാധാരണ കുടുംബത്തില്‍ ജനിച്ച സേവ്യറും ഒരു കാലത്ത്‌, മറ്റുളളവരെ പോലെ പാമ്പുകളെ ഏറെ ഭയപ്പെട്ടിരുന്നു. അവയെ തല്ലാനും കൊല്ലാനും മുന്‍കൈയെടുത്തിരുന്നു. എട്ടാം ക്ലാസു മുതലാണ്‌ സേവ്യര്‍ എന്ന വിദ്യാര്‍ത്ഥിയില്‍ മനം മാറ്റം കണ്ടു തുടങ്ങിയത്‌. പാമ്പുകളെ കൊല്ലരുതെന്ന ചിന്ത വളര്‍ന്നു. അക്കാലത്ത്‌ വിഷമില്ലാത്ത പാമ്പുകളെ പിടികൂടി. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജില്‍ ലൈബ്രേറിയനായിരുന്ന ഇളയപ്പന്‍ സി.ജെ. വിന്‍സെന്റാണ്‌ പ്രകൃതിപാഠം സേവ്യറിനു മുന്നില്‍ തുറന്നു കൊടുത്തത്‌. ജന്തുജീവികളെ കുറിച്ചുള്ള ധാരാളം പുസ്‌തകങ്ങള്‍ അദ്ദേഹം സേവ്യറിന്‌ നല്‍കി. ഇംഗ്ലീഷു ഭാഷയിലുള്ള പുസ്‌തകങ്ങള്‍ അദ്ദേഹം തന്നെ വായിച്ചു മനസ്സിലാക്കിക്കൊടുത്തു.അതോടെ പ്രകൃതി എന്ന വിസ്‌മയം സേവ്യറിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.
പ്രമുഖ വ്യവസായി ഗുഡ്‌നൈറ്റ്‌ മോഹന്റെ വീട്ടില്‍ നിന്നു പുല്ലാനി മൂര്‍ഖനെ പിടികൂടിക്കൊണ്ടാണ്‌ തുടക്കം. അന്നു എല്‍ത്തുരുത്തില്‍ കുടുംബ സ്വത്തായ ലിറ്റില്‍ഫ്‌ളവര്‍ പ്രസ്സു നടത്തുകയായിരുന്നു. ഫോണ്‍ വന്നപ്പോള്‍, സഹോദരനേയും കൂട്ടി തൃശൂരിലെ പൂങ്കുന്നത്തുള്ള മോഹന്റെ വീട്ടിലെത്തി. ജര്‍മന്‍ ഷെപ്പേര്‍ഡ്‌ ഇനത്തില്‍പ്പെട്ട രണ്ടു വളര്‍ത്തു നായ്‌ക്കുട്ടികളെ വിഴുങ്ങി കിടക്കുന്ന പുല്ലാനി മൂര്‍ഖനാണ്‌ വീട്ടിലെ ക്ഷണിക്കപ്പെടാത്ത അതിഥി. മിനുട്ടുകള്‍ക്കുളളില്‍ മൂര്‍ഖന്‍ ചാക്കിലായി. പത്രമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ, സചിത്രം വാര്‍ത്തകള്‍ നല്‍കിയതോടെ വെറും സേവ്യര്‍, പാമ്പു സേവ്യറായി...!. പിന്നീട്‌ പാമ്പുകള്‍ എവിടെയുണ്ടോ, അവിടെ സേവ്യറുമുണ്ട്‌ എന്നായി സ്ഥിതി!.
ഇന്ന്‌, ഒരു ദിവസം പിടികൂടുന്ന പാമ്പുകളുടെ എണ്ണം 45 മുതല്‍ 65 വരെ..!. സംശയിക്കേണ്ട, കണക്കുകള്‍ പീച്ചി വനംവകുപ്പ്‌ ഓഫീസിലുണ്ട്‌. നാളിതുവരെയായി 17,000 പാമ്പുകളെ എങ്കിലും പിടികൂടിയിട്ടുണ്ടാവുമെന്നാണ്‌ സേവ്യറിന്റെ ഓര്‍മ്മ. വനംവകുപ്പില്‍ ചേര്‍ന്ന ശേഷമാണ്‌ കൃത്യമായി കണക്കുകളും റിപ്പോര്‍ട്ടുകും സൂക്ഷിച്ചുതുടങ്ങിയത്‌. അതിനു മുമ്പുള്ളവയ്‌ക്കു റിക്കാര്‍ഡില്ല!. ആദ്യ കാലങ്ങളില്‍ പാമ്പുകളെ പടികൂടാനുളള പ്രത്യേക `സ്‌റ്റിക്കി'ന്റെ സേവനമൊന്നും ഉണ്ടായിരുന്നില്ല. ആകേയുള്ള കൈമുതല്‍ ധൈര്യം മാത്രം. പത്തിവിരിച്ചു ചീറ്റുന്ന പുല്ലാനി മൂര്‍ഖനെ
വെറുംകൈകൊണ്ടു നേരിടുന്നതിന്‌ മനസ്സുറപ്പുമാത്രം കൂട്ട്‌. ഇത്രയേറെ പാമ്പുകളെ നേരിട്ടു `കൈകാര്യം' ചെയ്‌തിട്ടും ആപത്ത്‌ ഒഴിഞ്ഞു നിന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ കടിയേറ്റത്‌ മൂന്നു തവണ മാത്രം. മൂന്നും മൂര്‍ഖന്റേത്‌. ആശുപത്രിയില്‍ ചകിത്സതേടും....സുഖപ്പെടുമ്പോള്‍, വീണ്ടും പാമ്പുകളുടെ ഇടയിലേയ്‌ക്ക്‌..!.
പാമ്പുകളെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിക്കുകയാണ്‌ സേവ്യറിന്റെ ദൗത്യം. നാട്ടുകാരുടെ അടിയേറ്റു ചാവാന്‍ വിധിക്കപ്പെട്ട ഇവയെ പിടികൂടി കാട്ടില്‍ തുറന്നു വിടുന്നു.ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ അവ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ ഇഴഞ്ഞു പോകുമ്പോള്‍, തികഞ്ഞ ആത്മസംതൃപ്‌തിയോടെ സേവ്യര്‍ തിരിച്ചു നടക്കും, അടുത്ത ദൗത്യത്തിനായി....
ഇന്ത്യയില്‍ മനുഷ്യന്‌ ആപത്‌കാരികളായ പാമ്പുകള്‍ മൂന്നു തരത്തില്‍പ്പെട്ടവ മാത്രമാണെന്ന്‌ സേവ്യര്‍. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍. നമ്മുടെ നാട്ടില്‍ കാണുന്ന നിരവധി ജാതി പാമ്പുകളില്‍ ഇവയ്‌ക്കു മാത്രമാണ്‌ വിഷമുളളത്‌. പാമ്പുകളെ കുറിച്ചുള്ള അന്ധവിശ്വാസത്തോടൊപ്പം, അറിവില്ലായ്‌മയും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന്‌ സേവ്യര്‍ പറയുന്നു.
`പാമ്പുകടിയേറ്റാല്‍ ഭയപ്പെടാതിരിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഭയക്കൂമ്പോള്‍ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കും വിഷം പെട്ടെന്ന്‌ രക്തത്തില്‍ കലരാന്‍ ഇത്‌ ഇടയാക്കും..' സേവ്യര്‍ പറയുന്നു. കടിയേറ്റയാളെ കാലതാമസം ഇല്ലാതെ ആശുപത്രിയിലെത്തിച്ചാല്‍ തീര്‍ച്ചയായും രക്ഷപ്പെടുത്താനാകുമെന്നാണ്‌ അനുഭവമെന്നും സേവ്യര്‍. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടുന്നത്‌ അണലിയുടെ കടിയേറ്റാണെന്നാണ്‌ കണക്കുകള്‍. അണലിയുടെ വിഷം നാഡീവ്യൂഹത്തെയാണ്‌ ബാധിക്കുക. മൂര്‍ഖന്റേത്‌ രക്തത്തേയും. വെള്ളിക്കെട്ടന്റെ വിഷം ഇതു രണ്ടിനേയും ഒരു പോലെ ബാധിക്കുന്നതാണ്‌.
`മൂര്‍ഖന്‍ പത്തിവിരിച്ചു നില്‍ക്കും. നമുക്ക്‌ രക്ഷപ്പെടാന്‍ സമയം കിട്ടും. എന്നാല്‍ ചുരുണ്ടുകൂടി, പതുങ്ങി കിടക്കുന്ന അണലി ദൃഷ്ടിയില്‍പ്പെടില്ല. ഇതിന്റെ ആക്രമണത്തിനു മനുഷ്യന്‍ കൂടുതലായി ഇരയാകുന്നതിനു കാരണം അതാണ്‌'. അണലിയുടെ പല്ല്‌ ചിലപ്പോള്‍ കടിവായില്‍ ഒടിഞ്ഞിരിക്കാറുണ്ടത്രെ. സ്‌ത്രീകളാണ്‌ അധികവും പാമ്പുകടിക്ക്‌ ഇരയാകുന്നത്‌. വൈക്കോല്‍ എടുക്കുമ്പോഴൂം, പുല്ലരിയാന്‍ പോകുമ്പോഴുമൊക്കെ ഇതിനു സാധ്യത കൂടുതലാണ്‌. അശ്രദ്ധമൂലമാണ്‌ അപകടങ്ങളധികവും.
പാമ്പുകള്‍ മാത്രമല്ല, നാട്ടില്‍ വന്യജീവികളിറങ്ങിയാല്‍ സേവ്യര്‍ തന്നെ വേണം. നാട്ടിലിറങ്ങിയ പുളളിപ്പുലിയെ മയക്കുവെടിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ ആക്രമണത്തിരയായത്‌ ഇന്നും ഞെട്ടലോടെ മാത്രമേ ഓര്‍ക്കാനാവൂ. ചേലക്കരയില്‍ വച്ചാണ്‌ സംഭവം. പുലിയുടെ കടിയും മാന്തലും ഏറ്റ സേവ്യര്‍ തലനാരിഴയക്കാണ്‌ രക്ഷപ്പെട്ടത്‌. കാര്യങ്ങള്‍ കൈവിട്ടതോടെ പൊലീസ്‌ പുലിയെ വെടിവച്ചു വീഴ്‌ത്തി. അതിനു ശേഷം, അതിസാഹസികമായ ഇത്തരം ദൗത്യങ്ങള്‍ വേണ്ടെന്നു വച്ചു. ഈ തീരുമാനത്തിനു പിന്നില്‍, ഭാര്യയുടേയും മക്കളുടേയും നിര്‍ബന്ധം കൂടി ഉണ്ട്‌. പാമ്പുകളെ പിടികൂടുന്നതു തന്നെ വീട്ടുകാര്‍ക്ക്‌ താത്‌പര്യമില്ലെന്നു സേവ്യര്‍ പറയുന്നു. അതീവ അപകടസാധ്യതയുള്ള ഈ പണി വേണ്ടെന്നു തന്നെയാണ്‌, ഭാര്യ ജൂലിയുടേയും മക്കളായ ആന്‍ മരിയ, ആന്‍ഡ്രിയ എന്നിവരുടേയും നിലപാട്‌. എങ്കിലും, സഹായം തേടി ഫോണ്‍കോളുകള്‍ എത്തുമ്പോള്‍ സേവ്യര്‍ ഇറങ്ങുന്നു, പ്രാര്‍ത്ഥനയോടെ...
വനം വകുപ്പില്‍ വൈല്‍ഡ്‌ലൈഫ്‌കാച്ചറായി നിയമനം ലഭിച്ചെങ്കിലും അത്‌ താത്‌കാലികം മാത്രമാണ്‌. മന്ത്രി ഗണേഷ്‌കുമാര്‍ പ്രത്യേക താത്‌പര്യം എടുത്താണ്‌ ഈ നിയമനം. ഈ ജോലി ലഭിച്ചതിന്റെ പേരില്‍, ജീവിത മാര്‍ഗ്ഗമായിരുന്ന പ്രസ്സ്‌ പൂട്ടിയിട്ടിരിക്കുകയാണിപ്പോള്‍. സ്ഥിരം നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ സേവ്യര്‍ ഇപ്പോള്‍.

No comments:

Post a Comment