Friday, September 27, 2013

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ആ ദിനം



2007 ഒക്‌ടോബര്‍ 3. ആറുവര്‍ഷം മുമ്പുള്ള ആ ദിവസം ആര്‍ക്കാണ്‌ മറക്കാനാവുക?. പത്രപ്രവര്‍ത്തന ജീവിതത്തില്‍ നേടിയെടുക്കലുകളില്ല, ഓരോന്നും വീണു കിട്ടുന്നതാണ്‌ എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. അത്രയേറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്ന വിജയന്‍ മാഷ്‌, തൃശൂര്‍ ക്ലബിലെ പത്രസമ്മേളന ഹാളില്‍ മരിച്ചു വീഴുന്ന കാഴ്‌ച നോക്കിയിരിക്കേണ്ടി വന്ന നിമിഷം...അതും ഇതുപോലെ ഒരു വീണുകിട്ടലായിരുന്നല്ലോ?.
പതിവുപോലെ പത്രത്തിന്റെ ബ്യൂറോയിലെത്തിയ എനിക്ക്‌ പ്രത്യേകിച്ച്‌ ഒന്നും രാവിലെ ചാര്‍ട്ട്‌ ചെയ്‌തിരുന്നില്ല. ഉച്ചക്കുള്ള ഒന്നോ രണ്ടോ പരിപാടികള്‍ മാത്രം. ബാക്കിയുള്ളവര്‍ പുറത്തുപോയപ്പോള്‍ ബ്യൂറോയില്‍ തനിച്ചായി. ഞാന്‍ അന്നത്തെ പത്രങ്ങളില്‍ മുഖം പൂഴ്‌ത്തിയിരുപ്പായി.
പതിനൊന്നരയോടെ ഫോണ്‍ മുഴങ്ങി. ബ്യൂറോ ചീഫ്‌ ജോയ്‌ എം മണ്ണൂര്‍ ആണ്‌. പ്രസ്‌ക്ലബില്‍ നിന്നാണ്‌. അടിയന്തിരമായി അദ്ദേഹത്തിനു പുറത്തുപോകേണ്ട ആവശ്യം വന്നിരിക്കുന്നു. 12 മണിക്ക്‌ എം.എന്‍. വിജയന്‍ മാഷുടെ പത്രസമ്മേളനം ഉണ്ട്‌. വളരെ പ്രധാനം. എന്നോടു ഉടനെ പ്രസ്‌ ക്ലബിലെത്താനാണ്‌ നിര്‍ദ്ദേശം. പ്രസ്‌ ക്ലബിലെത്തുമ്പോള്‍ വിജയന്‍ മാഷ്‌ എത്തിയിരുന്നില്ല. താമസിയാതെ കാറില്‍ അദ്ദേഹം പ്രസ്‌ക്ലബ്‌ കെട്ടിടത്തിനു താഴെ വന്നിറങ്ങി. പാഠം മാസികയുടെ പത്രാധിപര്‍ സുധീഷും രണ്ടു ചെറുപ്പക്കാരും കൂടെ ഇറങ്ങി. മാഷ്‌ പനിയായി കിടപ്പിലാണെന്നറിഞ്ഞിരുന്നു. തീരെ ക്ഷീണിതനായിരുന്നു. സുധീഷിന്റെയും ഒരു പത്രക്കാരന്റേയും കൈകള്‍ പിടിച്ച്‌ പടികളത്രയും കയറി മുകളിലെ മുറിയിലെത്തി. വയ്യെങ്കില്‍ പത്രക്കാര്‍ തഴെ കാറിലേക്കു വരാമെന്ന നിര്‍ദ്ദേശം മാഷ്‌ ചിരിച്ചു കൊണ്ടു നിഷേധിക്കുകയായിരുന്നു. പത്രസമ്മേളനം ആദ്യത്തേതാക്കി തരാമെന്ന പത്രപ്രവര്‍ത്തകരുടെ സ്‌നേഹനിര്‍ദ്ദേശവും അദ്ദേഹം ചിരിച്ചുകൊണ്ടു ഒഴിവാക്കി. `ഏറ്റവും അവസാനമേ വേണ്ടൂ...എനിക്കു കുറെയേറെ പറയാനുണ്ട്‌...' എന്നായിരുന്നു മാഷ്‌ പറഞ്ഞത്‌. മാഷുടെ ആത്മബലം എനിക്കറിയാം. ഇരിങ്ങാലക്കുട ബ്യൂറോയുടെ ചുമതലയായിരിക്കുമ്പോള്‍, രാത്രിയുടെ ഏതു യാമത്തിലും മാഷുടെ അഭിപ്രായം അറിയാന്‍ ഞാന്‍ വിളിക്കുമായിരുന്നു. അര്‍ബുദം ഒരിക്കല്‍ തിന്നു തീര്‍ത്ത കണ്‌ഠനാളത്തില്‍ നിന്നുളള ശബ്ദം വിറകൊള്ളുമ്പോള്‍ ഞാന്‍ പറയും: `വയ്യെങ്കില്‍ സംസാരിക്കണ്ട മാഷേ...'. `സാരല്ല്യ ബാലു ചോദിച്ചോളൂ...'എന്നായിരുന്നു മാഷുടെ മറുപടി. ശരീരത്തോടുള്ള മമതാബന്ധം വെടിഞ്ഞ ബുദ്ധനെ ഓര്‍മ്മിച്ചു അപ്പോള്‍.
എല്ലാ പത്രസമ്മേളനങ്ങളും കഴിഞ്ഞ്‌ മാഷ്‌ ഹാളിലേക്കു കടന്നു വന്നു. ഹൃദയം തുറന്ന ചിരി സമ്മാനിച്ചുകൊണ്ട്‌...മറവില്ലാത്ത ആ വ്യക്തിത്വം തൊട്ടറിയാവുന്ന ചിരിയാണത്‌. പ്രൊഫ. സുധീഷും മാഷും ഡയസില്‍. ഹാള്‍ തിങ്ങി നിറഞ്ഞ്‌ മാധ്യമപ്രവര്‍ത്തകര്‍. ചാനലുകള്‍ ലൈവ്‌ സംവിധാനങ്ങളുമായി നിരന്നു. ശാസ്‌ത്രസാഹിത്യ പരിഷത്തിനു എതിരായി നല്‍കിയ കേസിലെ അനുകൂല വിധി വിശദീകരിക്കാനായിരുന്നു മാഷ്‌ രോഗക്കിടക്കിയില്‍ നിന്നും എത്തിയത്‌. സ്വതസിദ്ധമായ ചിരിയോടെ മാഷ്‌ തുടങ്ങി. ആമുഖമായി ഏതാനും വാക്കുകള്‍. അര്‍ത്ഥഗര്‍ഭമായ വാക്കുകള്‍. അര്‍ത്ഥങ്ങള്‍ പലതുണ്ട്‌ മാഷ്‌ ഒരു കാര്യം പറയുമ്പോള്‍. അതുകൊണ്ടു തന്നെ ഓരോ വാക്കുകളും പെറുക്കിയെടുക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്നു. കനത്ത നിശബ്ദതമാണ്‌ ഹാളില്‍ മാഷുടെ പതിഞ്ഞ ശബ്ദം മാത്രം. പിന്നെ അല്‍പ്പം നിര്‍ത്തി. സംസാരം നിര്‍ത്തിയ മാഷോടു, വെള്ളം വേണമോ എന്ന്‌ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. `ചൂടുളളത്‌' മാഷ്‌ പറഞ്ഞു. വെള്ളം രണ്ടിറക്കു കുടിച്ച്‌ മാഷ്‌ ഞങ്ങളെ നോക്കി ചിരിച്ചു. `എസി ഓഫ്‌ ചെയ്യണോ?' വീണ്ടും മാധ്യപ്രവര്‍ത്തകരുടെ ചോദ്യം. ആവാമെന്ന്‌ ആംഗ്യം. എസി ഓഫ്‌ ചെയ്യുന്നു. വീണ്ടും ഒരിറക്ക്‌ വെള്ളം കുടിച്ച്‌ മാഷ്‌ നിവര്‍ന്നിരുന്നു. പതിയെ ചിരിച്ച്‌ വീണ്ടും തുടങ്ങി:` ബര്‍ണാഡ്‌ ഷാ പറഞ്ഞത്‌...'. മാഷ്‌ മുകളിലേക്കു നോക്കി നിശബ്ദനായി. പലപ്പോഴും ഈ ശൈലി മാഷുടെ പ്രസംഗങ്ങളില്‍ കണ്ടതുകൊണ്ട്‌ ആലോചിക്കുകയാവും എന്നാണ്‌ കരുതിയത്‌. പിന്നീട്‌ കണ്ണു പൂര്‍ണമായും മറിഞ്ഞു. വായ അല്‍പ്പം പൊളിഞ്ഞകന്നു. തുറന്നടഞ്ഞു. മാഷ്‌ കസേരയുടെ ഇടതുകൈയിലേക്ക്‌ മലര്‍ന്നു വീണു.......മാഷേ...മാഷേ വിളികളുമായി മാധ്യമപ്രവര്‍ത്തകര്‍ ഡയസിലേക്ക്‌ പാഞ്ഞു. തൊട്ടടുത്തിരുന്ന പ്രൊഫ.സുധീഷ്‌ മാഷെ താങ്ങിയിരുത്താന്‍ ശ്രമിച്ചു. തരിച്ചുപോയ നിമിഷങ്ങള്‍...
മാഷുടെ ശരീരവും താങ്ങിയെടുത്ത്‌ മാധ്യമപ്രവര്‍ത്തകര്‍ താഴെയെത്തിയ ആമ്പുലന്‍സില്‍ അമല ആശുപത്രിയിലേക്ക്‌. മാഷുടെ ചികിത്സകള്‍ അവിടെയായിരുന്നു. ഞാന്‍ ബ്യൂറോയിലേക്കു കുതിച്ചു. സംഭവം പുറമേ അറിഞ്ഞു വരുന്നതേയുള്ളൂ. ബ്യൂറോയില്‍ കാലുകുത്തുമ്പോഴേക്കും ഫോണ്‍ ചിലച്ചു-വിജയന്‍ മാഷ്‌ മരിച്ചു. ഒരു നിയോഗം പോലെ പിറ്റേന്ന്‌ സംസ്‌കാരകര്‍മ്മങ്ങള്‍ക്കും മാഷുടെ വീട്ടിലെത്തി-ജോലിയുടെ ഭാഗമായാണെങ്കിലും. താന്‍ ഉറച്ചുവിശ്വസിച്ചിരുന്ന സത്യം വിളിച്ചു പറഞ്ഞുകൊണ്ടു മരിച്ചു വീഴുക-വിജയന്‍ മാഷെ പോലുള്ള ഒരു പോരാളി അതില്‍ കൂടുതല്‍ എന്താണ്‌ ആഗ്രഹിച്ചിരിക്കുക?.

1 comment:

  1. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ആ ദിനം

    ReplyDelete