മഴകനത്താല്‍ തൃശൂര്‍ ജില്ലക്കാര്‍ പറയും, താണിക്കുടത്ത് ആറാട്ടാവാറായി!. ഒരു പുഴ ഒഴുകിയെത്തി ഒരു ദേശത്തിന്റെ ഭഗവതിയെ ആറാടിക്കുന്ന അത്ഭുതകരമായ ഒരു കാര്യം. എല്ലാവര്‍ഷവും കാലവര്‍ഷക്കാലത്ത് ഒന്നോ രണ്ടോ തവണമാത്രം ഈ ആറാട്ട്. ശ്രീകോവിലിലേയ്‌ക്ക് ഇരച്ചുകയറുന്ന പുഴ താണിക്കുടത്തമ്മയുടെ വിഗ്രഹം മൂടി നിറയുന്നു.
ഇത്രയും പ്രശസ്‌തമൊക്കെയായിട്ടും തൃശൂര്‍ക്കാര്‍ക്കു പോലും ഈ ചെറുപുഴയുടെ കഥ അറിയില്ലെന്നതാണ് സത്യം. കേരളത്തിലെ ഏറ്റവും ചെറിയ പുഴകളിലൊന്നാണിത്.
വാഴാനി-പീച്ചിമലകളുടെ പടിഞ്ഞാറന്‍ താഴ്‌വരകളില്‍ ഉത്‌ഭവിച്ച് നഗരത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലൂടെ പുഴയ്‌ക്കല്‍ പാടങ്ങളിലും പുല്ലഴി കോള്‍നിലങ്ങളിലുമായി ഒഴുകി ഏനാമ്മാവ് ബണ്ടിലൂടെ ചേറ്റുവാ കായലില്‍ അവസാനിക്കുന്നു ഈ കൊച്ചുപുഴയുടെ യാത്ര. നടുത്തോട് എന്നും വിയ്യൂര്‍ പുഴ എന്നും തദ്ദേശിയര്‍ ഈ പുഴയെ വിളിക്കുന്നുണ്ട. 29കി.മീറ്റര്‍ മാത്രമാണ് ഈ പുഴയുടെ നീളം. പക്ഷെ, ജില്ലയുടെ നെല്ലുത്‌പാദനത്തെ സംബന്‌ധിച്ച് അതീവപ്രാധാന്യം ഈ കൊച്ചുപുഴയ്‌ക്കുണ്ട്. വീരോലിപ്പാടം, കല്ലന്‍പാറ, കട്ടിലപ്പൂവം തുടങ്ങിയ മലയോരപ്രദേശങ്ങളില്‍നിന്നു പത്തുകിലോമീറ്ററുകളോളം പല കൈവഴികളായി വികസിക്കുന്ന ഈ തോട് കുണ്ടുകാടിനുസമീപം ഒരുമിച്ചുചേരുകയാണ്. ആനക്കുഴിങ്ങരയില്‍ പുഴയുടെ മുകളിലൂടെ നിര്‍മ്മിച്ചിട്ടുള്ള നീര്‍പ്പാലത്തിലൂടെ പീച്ചി ജലസേചനപദ്ധതിയുടെ പ്രധാന വലതുകര കനാല്‍ താണിക്കുടം പുഴയെ മുറിച്ചുകടന്നു പോകുന്നുണ്ട്.
മഴക്കാലം കഴിയുന്നതോടെ നീരുറവുകള്‍ വറ്റിപ്പോകുമെങ്കിലും കരുവന്നൂര്‍ പുഴയിലുള്ള പീച്ചി ജലസേചനപദ്ധതിയുടെ വലതുകര മുഖ്യശാഖാകനാലില്‍ വെള്ളം തുറന്നുവിടുന്ന മാസങ്ങളില്‍ പുഴയില്‍ നീരൊഴുക്ക് ഉണ്ടാകും. താണിക്കുടം, കുറ്റുമുക്ക്, നെട്ടിശ്ശേരി, പുഴയ്‌ക്കല്‍ തുടങ്ങിയ ക്ഷേത്രങ്ങള്‍ പുഴയുടെ ഗതമാര്‍ഗ്ഗത്തിലാണ്. അശാസ്‌ത്രീയമായ മണലെടുപ്പ് ഈ കൊച്ചുപുഴയേയും അപകടാവസ്ഥയിലാക്കിയിട്ടുണ്ട്. ഏറ്റവും മലിനപ്പെട്ട പുഴ എന്ന നിലയിലേക്കു ഈ പുഴയും എത്തിച്ചേര്‍ന്നിരിക്കുന്നു. കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളില്‍ മിക്കവയും ഈ പുഴയില്‍ ഉണ്ടായിരുന്നു. പലതും ഇപ്പോള്‍ അപ്രത്യക്ഷമായത് അപായസൂചനയായി പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. പ്രശാന്തസുന്ദരവും പ്രകൃതി മനോജ്ഞവുമാണ് പുഴയുടെ പലഭാഗങ്ങളും-പ്രത്യേകിച്ച് ഉത്ഭവസ്ഥാനം. ഇതു ടൂറിസ്‌റ്റ് കേന്ദ്രമായി വികസിപ്പിച്ചാല്‍ ഏറെ പേരെ ആകര്‍ഷിക്കാന്‍ കഴിയും. വാഴാനി വന്യസംരക്ഷണകേന്ദ്രത്തിനു തൊട്ടടുത്തുള്ള വീരോലിപ്പാടം, കട്ടിലപ്പൂവം തുടങ്ങിയ പുഴയുടെ ഉത്‌ഭവപ്രദേശവും ആനക്കുഴിങ്ങര, കള്ളായിച്ചിറ, തീര്‍ത്ഥാനി എന്നീ സ്‌ഥലങ്ങളും ഹ്രസ്വവിനോദയാത്രകള്‍ക്കു് അനുയോജ്യമായ വിധത്തില്‍ വന്യഭംഗി നിറഞ്ഞതാണു. സമതലപ്രദേശത്ത് പുഴ സാവധാനം പരന്ന് പുല്ലഴി കോള്‍പ്പാടങ്ങളിലും ഏനാമ്മാവ് ബണ്ടും കടന്ന് ചേറ്റുവാ കായലില്‍ ചേരുന്നു. ഈ കാഴ്‌ച മറക്കാനാവാത്തതാണ്. ഈ കൊച്ചുപുഴയെ എങ്കിലും ഒഴുകാന്‍ അനുവദിക്കുക, പ്രകൃതി സ്‌നേഹികളുടെ അഭ്യര്‍ത്ഥന ഇത്രമാത്രം.
No comments:
Post a Comment