തൃശൂരിന്റെ ജലസമൃദ്ധിയാണ് ഇവിടത്തെ ചിറകള്‍. കൊടുംവേനലില്‍ പോലും നിറഞ്ഞുകിടക്കുന്ന ചിറകള്‍. നഗരമധ്യത്തില്‍ തന്നെയുള്ള വിശാലമായ ചിറകളില്‍ ഒന്ന് പ്രസിദ്ധമാണ്. ശക്തന്‍ തമ്പുരാന്‍ കോവിലകത്തോടു ചേര്‍ന്നു നിര്‍മ്മിച്ച വടക്കേച്ചിറ. ചിറയുടെ വടക്കേക്കരയിലാണ് അശോകേശ്വരം ശിവക്ഷേത്രം. ക്ഷേത്രത്തിനു തൊട്ടടുത്ത് തമ്പുരാന്‍ തീര്‍പ്പിച്ച, ഡച്ചു മാതൃകയിലുള്ള കോവിലകം. കോവിലകത്തിനടുത്തുണ്ടായിരുന്ന നമ്പൂതിരി ഇല്ലം, തമ്പുരാന്‍ ഒറ്റരാത്രികൊണ്ട് കുളം കോരിയതാണ് വടക്കേച്ചിറ എന്ന് വാമൊഴിയുണ്ട്. തമ്പുരാന്റെ നെഞ്ഞൂക്കും ശത്രുസംഹാരബുദ്ധിയും ചരിത്രം അടയാളപ്പെടുത്തിയിട്ടുളളതുകൊണ്ട് ഈ കഥയ്‌ക്കു സാധുതയുണ്ടെന്ന് അനുമാനിക്കാം. വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് യോഗിയാതിരിപ്പാടുമാര്‍ നടത്തിവന്ന സമാന്തരഭരണം അവസാനപ്പിച്ചതു തമ്പുരാനായിരുന്നെന്നും ചേര്‍ത്തുവായിക്കാം.
എന്തായാലും രണ്ടറ്റത്തും നീന്തിപ്പിടിക്കാന്‍ പറ്റാത്തത്ര വിശാലമായ വടക്കേച്ചിറ, ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും കോവിലകത്തുള്ളവര്‍ക്കും ഒപ്പം പൊതുജനങ്ങള്‍ക്കും കുളിക്കാനുള്ള സംവിധാനമായിരുന്നു. വടക്കേഭാഗത്താണ് ക്ഷേത്രം ശാന്തിമാര്‍ക്കുള്ള കുളപ്പടവ്. വടക്കുഭാഗത്ത് കോവിലകത്തിന്റെ ഉള്‍ഭാഗത്തുനിന്നു ചിറയിലേക്ക് മറ്റൊരു കുളപ്പുരയുണ്ട്. തമ്പുരാന്‍മാര്‍ക്കും തമ്പുരാട്ടിമാര്‍ക്കുമായി. പൊതുജനങ്ങള്‍ക്കുള്ള കുളിപ്പടവ്, തെക്കുവശത്താണ്. ആനകളെ കുളിപ്പിക്കാനുള്ള കടവും വേറെ ഉണ്ട്. തൃശൂര്‍ക്കാരുടെ ജീവിതചര്യയുമായി അടുത്ത ബന്ധമാണ് വടക്കേച്ചിറക്കുണ്ടായിരുന്നത്. രാവിലെ ചിറയില്‍ കുളിച്ച് വടക്കുന്നാഥക്ഷേത്ര ദര്‍ശനം ശീലമാക്കിയവരായിരുന്നു അന്നുണ്ടായിരുന്നത്. കാലം ചെന്നതോടെ ഈ ജീവിതശൈലി അവസാനിച്ചു. ചിറയില്‍ പായല്‍ നിറഞ്ഞു. ഒരു കാലഘട്ടത്തില്‍ തീര്‍ത്തും ഉപയോഗശൂന്യമായി മാറി. എണ്‍പതുകളിലാണ് ചിറ വൃത്തിയാക്കാനുള്ള തീവ്രശ്രമം നടന്നത്. അന്നു വാര്‍ഡ് കൗണ്‍സിലറും പിന്നീട് നഗരപിതാവുമായ കെ.രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ചിറ വറ്റിച്ച് വൃത്തിയാക്കി. തെളിനീര്‍ നിറഞ്ഞ ചിറ വിസ്‌മയക്കാഴ്‌ചയായി.
ശക്തന്‍കോവിലകം പുരാവസ്‌തുവകുപ്പ് ഏറ്റെടുത്തതോടെ, ചിറയുടെ സൗന്ദര്യവത്‌ക്കരണം ടൂറിസംവകുപ്പിനു കൈമാറി. ചിറയുടെ ഓരങ്ങളിലൂടെ നടപ്പാതയും കൊച്ചുപാര്‍ക്കും തീര്‍ത്ത് ആകര്‍ഷകമാക്കി. ലൈറ്റുകളും സ്ഥാപിച്ചു. സായാഹ്നസവാരിക്കു നഗരമധ്യത്തില്‍ ഏറ്റവും ആകര്‍ഷകമായ ഒന്നായി വടക്കേച്ചിറമാറി. പക്ഷികളുടെ വിഹാരകേന്ദ്രമാണ് ഇന്ന് ചിറ. കുളക്കോഴി, താമരക്കോഴി, കുളക്കൊക്ക്, വലിയവാല്‍കുലുക്കി, ചെറിയമീന്‍കൊത്തി, മുങ്ങങ്കോഴി, വലിയമീന്‍ കൊത്തി, പുള്ളിമീന്‍കൊത്തി, ചെറിയ നീര്‍ക്കാക്ക എന്നീ പക്ഷികളും സാധാരണ പക്ഷികളും ചിറയിലും കരയിലെ മരക്കൂട്ടങ്ങളിലുമായി കഴിയുന്നു. ഇവയെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
തൃശ്ശിവപേരൂരിന്റെ ഐതിഹ്യപ്പെരുമയും ചിറയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്നു. പ്രസിദ്ധനായ വിഷവൈദ്യന്‍ കാരാട്ട് നമ്പൂതിരിപ്പാടിന്റെ കഥയാണ് അതിലൊന്ന്. ഒരിക്കല്‍ വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ആളുകള്‍ ശ്രീകോവില്‍ നടക്കുമുന്നിലുള്ള വലിയ മണിയില്‍ കൂറ്റന്‍ പാമ്പിനെ കണ്ട് ഭയന്നു നിലവിളിച്ചു. ആ സമയത്ത് കാരാട്ടു നമ്പൂതിരി ക്ഷേത്രത്തില്‍ ഭജനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നത്രെ. ജനങ്ങളുടെ നിലവിളി കേട്ട് എത്തിയ നമ്പൂതിരി ശങ്കകൂടാതെ പാമ്പിന്റെ വാല്‍ പിടിച്ചു വലിച്ചു. വലിക്കും തോറും അതു നീണ്ടുവരുന്നതു കണ്ട് നമ്പൂതിരി ഒന്നാന്ധാളിക്കുക തന്നെ ചെയ്‌തു. ക്ഷേത്രത്തിനു ചുറ്റും വലം വച്ചിട്ടും പാമ്പിന് നീളം ഏറി വന്നു. സംഗതി അപകടമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം, തന്റെ ഇഷ്ടമൂര്‍ത്തിയായ ഗരുഡനെ പ്രാര്‍ത്ഥിക്കാനായി വടക്കേച്ചിറയിലേക്കോടി. അവിടെ വെള്ളത്തില്‍ ആണ്ടു കിടന്ന് ഗരുഡമന്ത്രം ജപിച്ചു. ഇതിനിടെ ക്ഷേത്രത്തിനകത്തുനിന്നു ഒരശരീരി കേട്ടുവത്രെ: കാരാട്ടിനോടു കളിക്കണ്ട വാസുകീ, ഇങ്ങോട്ടു പോന്നോളൂ എന്ന്.....പാമ്പ് ക്ഷണത്തില്‍ അപ്രത്യക്ഷമായെന്ന് ഐതിഹ്യം. കുളത്തില്‍ നിന്നുയര്‍ന്ന കാരാട്ടിനു മുന്നില്‍ പക്ഷിശ്രേഷ്‌ഠന്‍ പ്രത്യക്ഷനായി. ആവശ്യമില്ലാത്തതിനാല്‍ കാരാട്ട് ഗരുഡഭഗവാനെ പ്രാര്‍ത്ഥിച്ച് പ്രീതിപ്പെടുത്തി തിരിച്ചയച്ചു എന്നാണ് കഥ. പുരാണങ്ങളും ചരിത്രങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ വീണ്ടും പായലുകള്‍ കീഴടക്കിയിരിക്കുന്നു. അധികൃതരുടെ മൂക്കിനു താഴെ. ഇനിയെന്നെങ്കിലും ഈ ചിറയെ രക്ഷിക്കാന്‍ ആത്മാര്‍ത്ഥ ശ്രമം ഉണ്ടാകുമോ..?. പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴും ഈ ചോദ്യം ബാക്കിയാണ്.
No comments:
Post a Comment