തൃശൂര്‍ക്കാര്‍ക്ക് പൂരമെന്നാല്‍ എല്ലാമാണ്. മറ്റുനാടുകളിലും പൂരവും വേലയുമൊന്നും ഇല്ലേ? എന്നു ചോദിക്കരുത്. ഉണ്ടായിരിക്കും. പക്ഷെ, തൃശൂരിനു ഇത് എല്ലാമെല്ലാമാണ് എന്നു തന്നെ പറഞ്ഞേ പറ്റൂ. പ്രവാസികളായി കഴിയുന്നവരും കേരളത്തിന്റെ പുറത്തു സംസ്ഥാനങ്ങളില്‍ ജോലിയുള്ളവരും മേടമാസമായാല്‍, വിഷുവരുന്നതിനേക്കാള്‍ പൂരം എന്നാണ് വരുന്നതെന്നറിയാനായിരിക്കും കലണ്ടര്‍ നോക്കുക. ഈ മാസ്മരിക പ്രഭാവം തൃശൂര്‍ പൂരത്തിനു മാത്രം. ലോകത്തെവിടെയായാലും പൂരനാളുകളില്‍ തട്ടകക്കാര്‍ പറന്നെത്തിയിരിക്കും. ഓര്‍മ്മകള്‍, സൌഹൃദങ്ങള്‍, പൂരപ്പറമ്പിലെ രസങ്ങള്‍. വര്‍ഷങ്ങള്‍ക്കു ശേഷം, കണ്ടുമുട്ടുന്നവരുണ്ടാകാം. കൈയില്‍ കുട്ടികളുമായായിരിക്കും പൂരദിവസം ശക്തന്റെ രാജവീഥിയിലേക്കെത്തുന്നത്. പുതിയ തലമുറയെ പൂരം പരിചയപ്പെടുത്താന്‍. തൃശൂരിന് പൂരാവേശം കണ്ണികള്‍ മുറിയാത്ത ചങ്ങലയാണ്.
പൂരനാളുകള്‍ കഴിഞ്ഞാല്‍, തളര്‍ന്നുറക്കമാണ് തൃശൂര്‍ക്കാര്‍ക്ക്. 36 മണിക്കൂര്‍ നീളുന്ന, അഭംഗുരം തുടരുന്ന പൂരച്ചടങ്ങുകള്‍, എഴുന്നള്ളിപ്പുകള്‍, മേളക്കലാശങ്ങള്‍...ആവേശം പൂത്തുലയുന്ന നിമിഷങ്ങള്‍ കടന്ന്, അവര്‍ ഉറങ്ങും. മയക്കത്തിലും ഉറക്കത്തില്‍ ഞെട്ടിയുണരുമ്പോഴും അവന്റെ കാതുകളില്‍ മേളത്തിന്റെ ഇരമ്പമായിരിക്കും. ശ്വാസങ്ങളില്‍ ആനച്ചൂര്...ഉറക്കത്തിലും അവനു ചുറ്റും പൂരത്തിന്റെ പെയ്തിറക്കം തന്നെ. രണ്ടു ദിവസം കൂടി അങ്ങിനെയാണ് ഓരോ തൃശൂര്‍ക്കാരനും. തലച്ചോറില്‍ നിന്നു പൂരം പതിയെ മാത്രമേ ഒഴിഞ്ഞു പോകൂ..
നഗരത്തില്‍ മാസങ്ങള്‍ക്കു മൂമ്പെ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കും. ആനച്ചമയങ്ങള്‍ മിനുക്കലും ആനകളെ നിശ്ചയിക്കലും വെടിക്കെട്ടിന്റെ ഒരുക്കപ്പാടുകളും എല്ലാം. മാസങ്ങളുടെ അദ്ധ്വാനമാണ് ഓരോ പൂരവും. പ്രമുഖ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കു കിടമത്സരത്തിന്റെ കഥകള്‍ കൂടിയുണ്ട് പശ്ചാത്തലത്തില്‍. ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. ഒരു വര്‍ഷം മഴമൂലം തൃശൂര്‍ ദേശക്കാര്‍ക്ക് വൈകിയേ ആറാട്ടുപുഴയിലെത്താനായുളളൂ. അന്ന് അവര്‍ അപമാനിക്കപ്പെട്ടു എന്നാണ് ചരിത്രം. തട്ടകക്കാരുടെ സങ്കടം കേട്ട ശക്തന്‍ തമ്പുരാന്‍ പറഞ്ഞത്, ഇനി മുതല്‍ ആറാട്ടുപുഴയ്ക്കു പോകേണ്ട എന്നത്രെ. നമുക്ക് ഇവിടെ തന്നെ പൂരം ആവാം. അങ്ങിനെ ദേശക്കാരെ വിളിച്ചു കൂട്ടി തമ്പുരാന്‍ കല്‍പ്പിച്ചു നിശ്ചയിച്ചതാണ് തൃശൂര്‍ പൂരം. നാനൂറ് വര്‍ഷത്തെ പഴക്കമേ തൃശൂര്‍ പൂരത്തിനു ചരിത്രരേഖകള്‍ കല്‍പ്പിക്കുന്നുള്ളൂവെങ്കിലും, വിശ്വപ്രസിദ്ധമായ പൂരമായി അതു മാറിയത് തമ്പുരാന്റെ ക്രന്തദര്‍ശിത്വം ഒന്നു കൊണ്ടു മാത്രം. തിരുവമ്പാടി, പാറമേക്കാവ് ദേശക്കാര്‍ക്കാണ് പൂരം നടത്തിപ്പിന്റെ ചുമതല തമ്പുരാന്‍ നല്‍കിയത്. പൂരം പില്‍ക്കാലത്ത് നിലച്ചു പോകാതിരിക്കാനായി തട്ടകക്കാര്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു കിടമത്സവും അദ്ദേഹം സൃഷ്ടിച്ചു. പണ്ട് ഇതു അതിരൂക്ഷമായിരുന്നു. പൂരനാളുകളില്‍ തട്ടകക്കാര്‍, അപ്പുറത്തെ തട്ടകത്തിലെ ഭാര്യവീടുകളില്‍ പോലും പോയിരുന്നില്ല എന്നാണ് ചരിത്രം. ഇന്നും കുറഞ്ഞൊരുതോതില്‍ ആ കിടമത്സരം തുടരുന്നു.
രണ്ടാം ദിവസത്തെ പൂരമാണ് തൃശൂര്‍ക്കാരുടെ പൂരം. പുലര്‍ച്ചെ പ്രശസ്തമായ വെടിക്കെട്ടു കഴിയുന്നതോടെ, അന്യനാട്ടുകാര്‍ തൃശൂര്‍ വിടും. പിന്നെ രാവിലെ ആരംഭിക്കുന്ന പകല്‍പൂരത്തിനാണ് തൃശൂര്‍ക്കാരായ കുടുംബിനികളും എല്ലാം എത്തുന്നത്. അതു അവരുടെ സ്വന്തം പൂരമാണ്. പൂരം കാണാനെത്തിയ ബന്ധുക്കളേയും കുടുംബസുഹൃത്തുക്കളേയും ഊട്ടിയുറക്കിയ ഒരു തിരക്കിട്ട ദിനത്തിനു ശേഷം, അവര്‍ പൂരമാസ്വദിക്കാന്‍ എത്തുന്നു. ശ്രീ വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് ഉച്ചക്ക് ഒരു മണിയോടെ തിരുവമ്പാടി, പറമേക്കാവ് വിഭാഗങ്ങള്‍ കൊട്ടിക്കലാശിക്കുന്നതോടെ, ഭഗവതിമാര്‍ ഉപചാരം ചൊല്ലുന്നു. അടുത്ത വര്‍ഷത്തെ പൂരം എന്നെന്നു പ്രഖ്യാപിക്കുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമായി. തുടര്‍ന്നവെടിക്കെട്ടും കഴിഞ്ഞ്, ഭഗവതിമാര്‍ സ്വന്തം തട്ടകത്തിലേക്ക്. പ്രസാദത്തിന്റെ മധുരവുമായി ഭക്തര്‍ക്ക് പൂരക്കഞ്ഞി വിതരണവും. സന്ധ്യക്ക് പൂരമ്പറപ്പിലെത്തുമ്പോള്‍ പൂരത്തിന്റെ ബാക്കി പത്രങ്ങളായി വെടിക്കെട്ടിന്റെ കുറ്റികളും പടക്കത്തിന്റെ നുറുങ്ങുകളും. ആനമൂത്രത്തിന്റെ രൂക്ഷഗന്ധം വഹിച്ച് തേക്കിന്‍ കാട്ടിലെ ഇളംകാറ്റ്... അഴിച്ചുമാറ്റാത്ത നിലപ്പന്തലുകളില്‍ അപ്പോഴും ബള്‍ബുകള്‍ കണ്‍ചിമ്മുന്നുണ്ടാവും. ഇനി കാത്തിരിപ്പാണ്. അടുത്ത മേടത്തിലെ പൂരനാള്‍ വരെ......
No comments:
Post a Comment