പാടിപ്പതിഞ്ഞ ചരിത്രവും ഐതിഹ്യകഥകളും ചികഞ്ഞു നോക്കിയാല്‍, നാം അമ്പരക്കും. ഒരോ ആചാരനുഷ്‌ഠാനങ്ങള്‍ക്കും പിറകില്‍ ഒരോ കഥകളുടെ സാന്നിധ്യമുണ്ട്. വിശ്വാസത്തിന്റെ ഭാഗങ്ങളെല്ലാം ചേറിക്കളഞ്ഞാല്‍, കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യങ്ങള്‍ തെളിയുകയായി...
ചരിത്രപുരുഷന്‍മാര്‍...അവരുടെ വീരചരിതങ്ങള്‍...
നമ്മുടെ ചരിത്രപുസ്‌തകങ്ങളില്‍ ഇനിയും ഇടം പിടിക്കാത്തവ!.
ചിറ്റൂരിലെ 'ദേശീയോത്സവ' മായ കൊങ്ങപ്പട ഇന്നും നമ്മള്‍ അവഗണിക്കുന്ന ഒരു ചരിത്രാഖ്യായികയാണ്. പ്രാദേശിക ഉത്സവം എന്നതിനപ്പുറം, ഇതിനു ചരിത്രപ്രാധാന്യമുണ്ട്. ഇത്രയേറെ മാധ്യമങ്ങള്‍ക്ക് കേരളത്തിലുണ്ടായിട്ടും ഈ ചരിത്രാഘോഷത്തിന് ഒരു ദേശീയ പ്രാധാന്യം ഉണ്ടാക്കാനായിട്ടില്ലെന്നത് അതിനുള്ള തെളിവ്.
പാലക്കാട്ട് രാജ്യം ആക്രമിച്ച, കൊങ്ങന്‍പടയെ ചെറുത്തു തോല്‍പ്പിച്ച ചിറ്റൂര്‍ നായര്‍ പടയുടെ വിജയാഘോഷമാണ് കൊങ്ങപ്പടയെന്ന ഈ ഉത്സവം. കൊങ്ങനാട്ടില്‍( കോയമ്പത്തൂര്‍) നിന്നുള്ള ആക്രമണത്തിനെതിരേ വിജയം നേടിയ യുദ്ധം 918 ഏഡി യിലാണെന്ന് ചരിത്രകാരന്‍മാര്‍. പശ്ചിമഘട്ട നിരയുടെ പടിഞ്ഞാറുള്ള പാലക്കാട്ട് രാജ്യവും കിഴക്കുള്ള കൊങ്ങനാടും തമ്മില്‍ നടന്നുവന്ന തുടര്‍യുദ്ധങ്ങളുടേയും രക്തച്ചൊരിച്ചിലിന്റേയും കഥകൂടിയാണിത്.
ചിറ്റൂര്‍ ഭഗവതിക്ഷേത്രത്തില്‍, കുംഭമാസത്തിലെ കറുത്തവാവു ദിനത്തില്‍ നടത്തിവരുന്ന ആഘോഷമാണ് ഇന്ന് കൊങ്ങപ്പട അഥവാ കൊങ്ങന്‍പട.
ഐതിഹ്യകഥ ഇങ്ങിനെ:
ഒരിക്കല്‍ കൊങ്ങനാട്ടില്‍ നിന്ന് കുറെ വ്യാപാരികള്‍ ചിറ്റൂരില്‍ കച്ചവടത്തിനായി എത്തിയിരുന്നു. അക്കാലത്തുണ്ടായ കനത്ത പേമാരിയിലെ വെള്ളപ്പൊക്കത്തില്‍ അവര്‍ക്ക് കനത്ത നാശമുണ്ടായത്രെ. സൂത്രശാലികളായ അവര്‍, നാട്ടില്‍ തിരിച്ചെത്തി ചോളരാജാവിനെ മുഖം കാണിച്ചു. ചിറ്റൂരിലെ ജനങ്ങള്‍ തങ്ങളെ കൊള്ളയടിച്ചെന്നും വലിയ ദുഃഖത്തിന് കാരണമായെന്നും ഉണര്‍ത്തിച്ചുവത്രെ!.
പകരം ചോദിക്കാനായി തന്റെ പടയത്രയും കൂട്ടി ചോളരാജാവ് ചിറ്റൂരിലേക്കു പുറപ്പെട്ടു. പാവങ്ങളായ ഗ്രാമവാസികള്‍ക്ക് ചോളസൈന്യത്തെ നേരിടാനുള്ള ശേഷിയുണ്ടായിരുന്നില്ല. അവര്‍ ഭഗവതിയോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭഗവതി തന്നെ നേരിട്ടു പ്രത്യക്ഷയായി ചോളസൈന്യത്തെ നശിപ്പിച്ചു എന്നാണ് ഒരൈതിഹ്യം. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ള ക്ഷേത്രത്തിലെ ഒരു ദേവന്‍, മനുഷ്യ രൂപത്തില്‍ വന്ന് കൊങ്ങപ്പടയെ തരിപ്പണമാക്കി എന്നൊരു ഐതിഹ്യവും നിലവിലുണ്ട്.
കൊങ്ങപ്പട ആഘോഷത്തിന്റെ മൂന്നാം ദിനം നൂറ്റൊന്നു കതിനാവെടികള്‍ മുഴക്കുന്ന ചടങ്ങുണ്ട്. ഇത് കൊങ്ങപ്പടയുടെ മേല്‍ നേടിയ വിജയത്തിന്റെ വിളംബരമത്രെ. തുടര്‍ന്ന് കുട്ടികളുടെ കോലമെഴുന്നള്ളിപ്പ് നടത്തുന്നു. പെണ്‍കുട്ടികളുടെ വേഷമിടുന്ന ആണ്‍കുട്ടികളെ ആളുകള്‍ ചുമലിലേറ്റിയാണ് പ്രദക്ഷിണം നടത്തുക. രാത്രിയില്‍ പുരുഷന്‍മാര്‍ പോത്തുകളുടെ മുഖം മൂടി ധരിച്ച് ദ്വന്ദയുദ്ധം നടത്തുന്ന ഒരു ചടങ്ങും ഇവിടെയുണ്ട്. കൊങ്ങന്‍പടയുടെ, ചത്തുവീണ മൃഗങ്ങളെ അനുസ്‌മരിക്കുന്ന ഒന്നത്രെ ഇത്.
കൗതുകകരമാണ് കൊങ്ങന്‍പടയുടെ ചടങ്ങുകളത്രയും. `ചിലമ്പ്' എന്ന ചടങ്ങോടെയാണ് ഇതിനു തുടക്കം. ശിവരാത്രി ദിനത്തിലാണ് ഈ ചടങ്ങ്. കൊങ്ങന്റെ യുദ്ധപ്രഖ്യാപനത്തിന്റെ അനുസ്‌മരണമാണിത്. രണ്ടാം ദിവസം കൊടിയേറ്റ്. വൈകീട്ട്, `അരിപ്പത്തറ്റ്' എന്ന ചടങ്ങോടെ ചിറ്റൂര്‍ക്കാര്‍ യുദ്ധത്തിനു പുറപ്പെടുകയായി...
എല്ലാവരും ക്ഷേത്രത്തില്‍ ഒത്തു കൂടുന്നു. മൂന്നു കതിനാവെടിയോടെ പടപ്പുറപ്പാടായി. പട്ടുവസ്‌ത്രങ്ങളും ആടയാഭരണങ്ങളും അണിഞ്ഞ് വാളെടുത്തു നീങ്ങുന്ന യുദ്ധ സജ്ജരായ പടയാളികള്‍...ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് വെളിച്ചപ്പാടും!.
രാത്രിയോടെ ആനയും അമ്പാരിയും രഥങ്ങളുമായി പടയാളികള്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു. പിറ്റേന്നാണ് കൊങ്ങന്‍പട.
മനോഹരമായ ആചാരങ്ങള്‍ കണ്ടിരിക്കുമ്പോള്‍, മനസ്സ് ചരിത്രത്തിലേക്കു കുതികൊള്ളും..നാം കാണാത്ത യുദ്ധങ്ങള്‍...മനുഷ്യരുടെ ധര്‍മ്മസങ്കടങ്ങള്‍....
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ ചടങ്ങിനെ ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു...
No comments:
Post a Comment