വീടിനു മുന്നില്‍, വടക്കുന്നാഥന്റെ പൂങ്കാവനമായിരുന്നു. പള്ളിത്താമക്കെട്ട്. ഇന്ന് അവിടെ കെട്ടിടം നിറഞ്ഞു. മരങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു കാലമുണ്ടായിരുന്നു, നഗരമധ്യത്തിലെ ഈ വിശാലമായ ഈ ദേവഭൂമിക്ക്!.
ഇവിടെ, കുന്നിന്‍ പുറത്ത് തലയുയര്‍ത്തി നിന്ന ഒരു പൂളമരം ഉണ്ടായിരുന്നു . അത് തളിര്‍ക്കുകയും പൂക്കുകയും കായ്‌ക്കുകയും ചെയ്‌തു. ചിലപ്പോഴെല്ലാം ഇലകൊഴിച്ചു നിന്നു.
ഇപ്പോള്‍ അതു മരിച്ചിരിക്കുന്നു.
വലിയ വൃക്ഷങ്ങളുടെ മരണം, വളരെ സാവകാശത്തിലുളള രൂപപരിണാമമാണ്. അതിന്റെ ജീവസ്സ് പതുക്കെ, വളരെ പതുക്കെ വാര്‍ന്നു പോകുന്നു. ജീവന്‍ മുഴുവന്‍ പോയ്‌പോയാലും, ഒരു രാജകീയ പരിവേഷത്തോടെ തന്നെ അതു തലയുയര്‍ത്തി നില്‍ക്കും. ആ തുണ്ടു ഭൂമിയില്‍, സര്‍വ്വതിനും മുകളിലായി അത് അങ്ങിനെ തലയുയര്‍ത്തി നിലകൊള്ളും...
മരണ ശേഷവും, മറ്റു ജീവജാതികള്‍ക്കിടയില്‍, അതു സ്വന്തം വ്യക്തിത്വവും ബഹുമാന്യതയും കാത്തു സൂക്ഷിക്കുന്നതായി തോന്നിപ്പോകുന്നു..
ചെടികള്‍ ഉണങ്ങിക്കരിഞ്ഞു പോകുന്നു; ജന്തുക്കള്‍ ചീഞ്ഞളിഞ്ഞും.
മരിച്ചു കഴിഞ്ഞ മരം പക്ഷെ, എപ്പോഴും നമ്മുടെ ശ്രദ്ധ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു; ജീവിച്ചിരിക്കുമ്പോഴെന്ന പോലെ, നിറഞ്ഞു തുളുമ്പുന്ന വ്യക്തിത്വവിശേഷം കൊണ്ട്!.
അവസാന നിമിഷങ്ങളില്‍, അതു ഒരു ഉയര്‍ന്ന കുന്നിന്‍ ശിഖരമായി തന്നെ മാറി, പായലുകളും പന്നല്‍ച്ചെടികളും നിറഞ്ഞ്..
തികച്ചും രാജകീയമായ ഒരു അന്ത്യം....
അപ്പോഴും, അതു ഭൂമിയെ ഉര്‍വ്വരവും ഉന്മിഷത്തുമുള്ളതാക്കിത്തീര്‍തുകൊണ്ടിരുന്നു..
പിന്നീട്, വളര്‍ന്നു കയറുന്ന മറ്റുപച്ചപ്പുകള്‍ക്കൊപ്പം ഒരിക്കല്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു...
No comments:
Post a Comment