ആനയിടഞ്ഞേ....
പരിഭ്രാന്തി പരത്തുന്ന ഈ മുറവിളികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഉത്സവപ്പറമ്പുകളില്‍, അല്ലെങ്കില്‍ പൊതുനിരത്തുകളിലൂടെ നടത്തിക്കൊണ്ടുപോകുമ്പോള്‍, അതുമല്ലെങ്കില്‍ തടിമില്ലുകളില്‍...
പിന്നീട് ദുരന്തവാര്‍ത്തകളായി. പാപ്പാനെ ചവിട്ടിയും കുത്തിയും കൊലപ്പെടുത്തി. നാട് മണിക്കൂറുകളോളം വിറച്ചു...അങ്ങിനെ അങ്ങിനെ...
ഉത്സവ സീസണ്‍ കഴിഞ്ഞ് ആനകളുടെ സുഖ ചികിത്സാ കാലമാണിപ്പോള്‍. ചുട്ടുപൊള്ളുന്ന മീനം-മേടം മാസങ്ങളിലാണ് കേരളത്തിലെ ഉത്സവങ്ങളത്രയും. ഈ സീസണുകളില്‍ ആനയിടച്ചില്‍ ഏതാണ്ടു നിത്യസംഭവം തന്നെയായിരിക്കുന്നു.
ആനകളുടെ കൊലവിളിയുയരുമ്പോഴും നാം ഉത്സവങ്ങള്‍ക്ക് ഈ വന്യമൃഗത്തെ ഒഴിവാക്കാറില്ല. ആനകളെ സമര്‍ത്ഥമായും സ്‌നേഹപൂര്‍വ്വവും കൈകാര്യം ചെയ്യുന്നവരുടെ കുറവാണ് ഈ മൃഗങ്ങള്‍ കൈവിട്ടുപോകാനുള്ള കാരണങ്ങളില്‍ പ്രധാനമെന്ന് വിദഗ്‌ധര്‍ പോലും സമ്മതിക്കുന്നു.
ആഫ്രിക്കന്‍ ആനകളിലും ഏഷ്യന്‍ ആനകളിലെ കൊമ്പനിലും കണ്ടുവരുന്ന പ്രത്യേക ശാരീരികപ്രക്രിയയാണ് മദം എന്നത്. ചെവിക്കും കണ്ണിനും മദ്ധ്യേ ചെന്നിയിലെ തൊലിക്കടിയിലാണ് മദഗ്രന്ഥി. മദഗ്രന്‌ഥി വീര്‍ത്തു വലുതാകുകയും എണ്ണപോലെ കൊഴുത്ത ഒരു ദ്രാവകം (മദജലം) ഒലിച്ചിറങ്ങുന്നതുമാണ് ഇതിന്റെ ലക്ഷണങ്ങള്‍.
ആനകളില്‍ നടത്തിയ പഠനങ്ങളില്‍ മദത്തിന്റെ മൂര്‍ദ്ധന്യാവസ്‌ഥയില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏതാണ്ട് 60 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക അസംതൃപ്‌തി, വര്‍ദ്ധിച്ച ലൈംഗികാസക്‌തി, ക്രൂരമായ പെരുമാറ്റങ്ങള്‍, കാലാവസ്‌ഥാവ്യതിയാനങ്ങള്‍, പെട്ടെന്നുള്ള ഭയം, ശിക്ഷ, ആവശ്യത്തിനു ഭക്ഷണം ലഭിക്കതെ വരിക, വിശ്രമമില്ലായ്‌മ, അമിതജോലിഭാരം എന്നിവയാണ് ആനകളില്‍ മദം ഇളകാനുള്ള കാരണങ്ങളായി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രായപൂര്‍ത്തിയായ കൊമ്പന് കൊല്ലത്തില്‍ ഒരിക്കലുള്ള ശാരീരിക പ്രതിഭാസമാണ് മദം. ചില ആനകളില്‍ ഇതു രണ്ടുതവണ ഇത് കണ്ടുവരാറുണ്ട്. മഞ്ഞു കാലത്താണ് ആന ഇത്തരത്തിലൊരു ഉന്മാദ അവസ്‌ഥയിലേക്ക് എത്തുന്നത്. ഈ കാലത്ത് ആനക്കുവേണ്ടത് ശരിയായ ലൈംഗികബന്‌ധമാണ്. കാട്ടിലാണെങ്കില്‍ ചിലപ്പോള്‍ ഇത് സാധിച്ചെന്നു വരാം. പക്ഷെ, നാട്ടില്‍ ഇത് തികച്ചും അസാധ്യമാണ്.
ആനപാപ്പാന്‍മാരുടെ കഴിവു കുറവും ക്രൂരമായ പെരുമാറ്റവും ആനകളെ അസ്വസ്ഥരും അക്രമാസക്തരുമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ആനകളുടെ ആധികാരിക ചികിത്സാ ഗ്രന്ഥമായ മാതംഗലീലയില്‍ മൂന്നുതരം പാപ്പാന്മാരെപറ്റി പറയുന്നുണ്ട്. സ്‌നേഹം ആയുധമാക്കുന്ന രേഖവാന്‍, ബുദ്ധി ഉപയോഗിക്കുന്നവന്‍ യുക്‌തിവാന്‍, ശാരീരിക പീഡനംകൊണ്ടു നയിക്കുന്നവന്‍ ബലവാന്‍. ഇപ്പോഴുള്ള പാപ്പാന്മാര്‍ കൂടുതലും മുന്നാമത്തെ ഗണത്തില്‍ പെടുന്നവരാണ്.
ആനകളാകട്ടെ മുന്‍പെങ്ങുമില്ലാത്തവിധം അക്രമാസക്‌തരാവുകയുമാണ്. ഇതുവരെയായി നാനൂറില്‍പ്പരം ആളുകളെ ആനകള്‍ കൊന്നിട്ടുണ്ടെന്നാണ കണക്കുകള്‍. കുറയുകയോ കൂടുകയോ ആവാം. കൊല്ലപ്പെട്ടതില്‍ 90 ശതമാനത്തിലധികവും പാപ്പാന്മാരാണെന്നത് ആനകളോടുള്ള സമീപന രീതിമാറണമെന്നതിന്റെ വ്യക്തമായ സൂചനയാണ്. കഴിഞ്ഞ സീസണില്‍ മാത്രം അനകള്‍ കൊന്നത് നാല്‌പതിലധികം ആളുകളെയാണെന്ന് പറയുന്നു.
15 ദിവസം മുതല്‍ മൂന്നുമാസം വരെ മദക്കാലം നീണ്ടുനില്‍ക്കാറുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് 57 മാസം വരെയും നീണ്ടേക്കാം. സ്വഭാവഘടന ആസ്‌പദമാക്കി മദകാലത്തെ മദത്തിനു മുന്‍പുള്ള കാലം, ത്രീവ്രമദക്കാലം, മദശേഷകാലം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.
മദത്തിനു മുമ്പ്‌് മദഗ്രന്‌ഥികള്‍ വീര്‍ത്തിരിക്കും. ഇവയിലൂടെ നീര് പുറത്തേക്കൊലിച്ചിറങ്ങും. മദകാലം അറിഞ്ഞ്, മദശേഷം സ്വസ്ഥനായ ആനയെ മാത്രമേ അഴിക്കാവൂ. ഇതുപോലും ഇന്നു പാലിക്കപ്പെടുന്നില്ല. മദകാലത്ത് ആനയുടെ ഉപബോധമനസ്സ് പൂര്‍ണമായും അവയുടെ ബുദ്ധിയെ മറയ്‌ക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അന്തര്‍ലീനമായി കിടക്കുന്ന ഒരുപാട് മാനസിക വികാരങ്ങള്‍ ഉണര്‍ന്നു വരുന്ന സമയത്ത് അവ അക്രമാസക്തമാകുമെന്ന് ഉറപ്പ്. ഇതെല്ലാം മനസ്സിലാക്കുന്ന പാപ്പാന്‍മാരുടെ അഭാവം ധാരാളമാണെന്ന് ആന ഉടമകള്‍ തന്നെ പറയുന്നു.
ദേവലോകത്തിലെ ആനകള്‍ക്ക് മദമുണ്ടായിരുന്നില്ലത്രെ. ദേവാസുരയുദ്ധകാലത്ത് ആനകള്‍ പേടിച്ച് പിന്തിരിഞ്ഞ് ഓടാന്‍ തുടങ്ങിയപ്പോള്‍ ഭയരഹിതരായി യുദ്ധക്കളത്തില്‍ മുന്നേറാന്‍ ആനകള്‍ മദത്തിനു വിധേയമായിത്തീരട്ടേയെന്ന് ബ്രഹ്‌മാവ് അനുഗ്രഹിച്ചുവെന്നാണ് ഐതിഹ്യം. അതിനുശേഷമാണ് ആനകള്‍ക്ക് മദമുണ്ടായതെന്നാണ് കഥ. എന്തായാലും ആന ഒരു കാട്ടുമൃഗമാണെന്ന് മറക്കരുതെന്നാണ് പ്രശസ്‌ത ആനചികിത്സകനായ ഡോ. കെ.സി. പണിക്കര്‍ ഓര്‍മ്മപ്പെടുത്തുന്നത്. നാം തീരെ ഓര്‍ക്കാതെ പോകുന്നതും ഈ കാര്യം മാത്രമാണ്.
No comments:
Post a Comment