ദേ...വരുന്നു ശങ്കരനായാടി...വേഗം കഴിച്ചോ...
ഊണുകഴിക്കാന്‍ മടികാട്ടുമ്പോള്‍, ഉച്ചയുറക്കത്തിനു വിസമ്മതിക്കുമ്പോള്‍, കുറുമ്പുകാട്ടുമ്പോള്‍, മുത്തശി വിളിക്കുമായിരുന്നു, ശങ്കരനായാടീ....!.
കുട്ടികാലത്ത് ഭയത്തിന്റെ ആള്‍ രൂപമായിരുന്നു നായാടി. കുട്ടികളെ മെരുക്കാന്‍ മുതിര്‍ന്നവര്‍ ഉപയോഗിച്ച ഒരു വാക്ക്. പടിക്കല്‍ നിന്നു ഉച്ചത്തില്‍ വിളിച്ചു പ്രാകുന്ന നായാടിക്ക് അരിയും പണവും കൊടുക്കും. മുഷിഞ്ഞ മുണ്ടും ചടപിടിച്ച മുടിയും തോളില്‍ സഞ്ചിയും കൈയില്‍ ഒരു വടിയുമായി എത്തുന്ന നായാടി....
അരിക്കും പണത്തിനും പകരമായി നായാടി മനസ്സറിഞ്ഞ് `പ്രാകും'.
`പ്രാകിപ്പോ....പണ്ടാരി പ്പോ'.
നായാടി പ്രാകിയാല്‍ വീട്ടിന് ഉത്തരോത്തരം അഭിവൃദ്ധി എന്നാണ് വിശ്വാസം. കുറേകൂടി പ്രാകിയാല്‍ കുറച്ചു കൂടി കാശുകൊടുക്കും.
``ഒരു ചെറുമപ്പാട് ദൂരം`` ``ഒരു നായാടിപ്പാട് ദൂരം`` കേരളത്തിന്റെ ജാതിവ്യവസ്‌ഥയില്‍ നിലനിന്നിരുന്ന തീണ്ടല്‍പ്പാടുകള്‍ ഓര്‍ക്കുന്നവര്‍ ഇന്നുമുണ്ട്. `ഒരു നായാടിപ്പാട്` എന്ന് പറഞ്ഞാല്‍ സവര്‍ണന്റെ വാസസ്‌ഥലത്തുനിന്ന് എത്ര അകലെ ഒരു നായാടിക്ക് വന്നുനില്‍ക്കാമെന്ന കണക്കാണ്. വലിയ മാറാപ്പ് തോളിലൂടെ പുറത്തിട്ട് ദൂരെ മാറിനില്‍ക്കുന്ന നായാടിയെ ഞങ്ങള്‍ കുട്ടികള്‍ ഭയത്തോടെ നോക്കിക്കണ്ടു. നായാടിയുടെ മാറാപ്പില്‍ നിറയെ കുട്ടികളാണെന്നാണ് മുത്തശിക്കഥ..!.
പ്രത്യേക ഈണത്തിലുള്ള ഒരു `ഓളി`യിടലായിരുന്നു നായാടികളുടെ നിലവിളികള്‍. കേരളമൊട്ടാകെ ചിതറിക്കിടക്കുന്ന ഒരു ആദിവാസിവര്‍ഗമാണ് നായാടികള്‍. കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഇവര്‍ കൂടുതലായുള്ളത്. അലഞ്ഞു നടക്കുന്ന സ്വഭാവക്കാരായ ഇവര്‍ സമ്പന്നഗൃഹങ്ങളിലെ വിശേഷദിവസങ്ങള്‍ ഓര്‍ത്ത് ഭക്ഷണത്തിനായി എത്തുന്നു. പലതരം കൈത്തൊഴിലുകളിലും നായാടികള്‍ ഏര്‍പ്പെട്ടിരുന്നു. കാട്ടുപുല്ലുകള്‍ കൊണ്ടും വള്ളികള്‍ കൊണ്ടും ഉറിയും മറ്റും ഉണ്ടാക്കി വില്‍ക്കും. കുതര്‍ത്തിയ നാളികേരത്തൊണ്ട് തല്ലിച്ചതച്ചെടുത്ത ചകിരിനാരുകള്‍ മാറാപ്പില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഭിക്ഷയ്‌ക്ക് കാത്തിരിക്കുന്ന സമയം ഇതെടുത്ത് ചൂടി പിരിക്കും. കന്നുകാലികളുടെ കഴുത്തില്‍ കേട്ടാനുള്ള `വെട`യുണ്ടാക്കും. മഹാത്‌മാഗാന്‌ധി നായാടികളേക്കുറിച്ച് യങ് ഇന്ത്യയില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്.
പണ്ട് നഗരപ്രദേശങ്ങളില്‍ പോലും നായാടികള്‍ അലഞ്ഞെത്തിയിരുന്നു. ഇന്ന് ഇവരെ നാട്ടിന്‍ പുറങ്ങളില്‍ പോലും കാണാനില്ലാത്ത സ്ഥിതിയാണ്. നായാടികളുടെ `നിലവിളികള്‍' ഇന്നലെയുടെ ഓര്‍മ്മകളായി മാറിക്കഴിഞ്ഞിരിക്കുന്നു....
No comments:
Post a Comment