Friday, October 25, 2013

അരിപ്രാവും ഒരു ദുഃഖ കഥയും



കുട്ടിക്കൂര്‍...കുര്‍ര്‍ര്‍...കുര്‍ര്‍ര്‍.....
നാട്ടിന്‍ പുറത്തിന്റെ ശബ്ദമാണിത്‌. തിളയ്‌ക്കുന്ന വെയിലില്‍, മറ്റെല്ലാ ജീവജാതികളും തളര്‍ന്നു മയങ്ങുമ്പോഴും ദുഃഖഛവി കലര്‍ന്ന ഈ സ്വരം അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. തനിനാട്ടിന്‍ പുറത്തുകാരനായ അരിപ്രാവാണിത്‌. മരങ്ങളുടെ ഇലച്ചാര്‍ത്തില്‍ മറഞ്ഞിരുന്ന്‌, കാണാതായ ആരേയോ വിളിച്ചന്വേഷിക്കുന്നതു പോലുള്ള ഒരു ശബ്ദം....
തന്റെ പ്രിയ സുഹൃത്തിനെ തെറ്റിദ്ധാരണയുടെ പേരില്‍ കൊലപ്പെടുത്തിയതിന്റെ വേദന സഹിക്കാനാവാതെ കരഞ്ഞ്‌ അലയുകയാണ്‌ അരിപ്രാവെന്ന ഒരു കഥ ഇന്നും നാട്ടിന്‍പുറത്തെ മുത്തശിമാര്‍ പറയും. കുട്ടികളെ കേള്‍പ്പിക്കും..
കഥ ഇങ്ങിനെ: അരിപ്രാവും കുട്ടിക്കുറുതത്തയും ഇണമുറിയാത്ത കൂട്ടുകാരായിരുന്നത്രെ. വര്‍ഷകാലത്തിനു മുമ്പ്‌, ഇരുവരും പയറുമണികള്‍ ശേഖരിച്ചുവച്ചു. ഒരു ദിവസം അരിപ്രാവ്‌ ഈ പയറുമണികള്‍ എണ്ണിനോക്കി. ഒരു മണിയുടെ കുറവ്‌. ക്ഷുഭിതനായ അരിപ്രാവ്‌ കുട്ടിക്കുറുതത്ത അതു തിന്നുവെന്ന്‌ തെറ്റിദ്ധരിച്ചു. താണുകേണു പറഞ്ഞിട്ടും അരിപ്രാവ്‌ അതിനെ വിശ്വസിച്ചില്ല. രോഷം സഹിക്കവയ്യാതെ, കുട്ടിക്കുറുതത്തയെ കൊത്തിപ്പറിച്ചു കൊന്നുവത്രെ. ദിവസങ്ങള്‍ കഴിഞ്ഞ്‌ അരിപ്രാവ്‌ വീണ്ടും പയറുമണികള്‍ എണ്ണിനോക്കി. എണ്ണം കൃത്യമായിരുന്നു!. പശ്ചാത്താപവിവശനായ അരിപ്രാവ്‌, കുട്ടിക്കുറുതതത്തേ...കുരു ഒത്തു കുരു ഒത്തു..എന്നു പറഞ്ഞ്‌ ഭ്രാന്തനെ പോലെ അലഞ്ഞു നടന്നു എന്നാണ്‌ കഥ. അത്‌ ഇപ്പോഴും തുടരുന്നു...
കുട്ടിക്കുര്‍....കുര്‍ര്‍....കുര്‍ര്‍ര്‍......
കഥകേട്ട്‌, കുട്ടികരയുന്നു. മുത്തശ്ശി സാരതത്വം പറഞ്ഞ്‌ ആശ്വസിപ്പിക്കുന്നു...
ഗ്രാമങ്ങളില്‍ കഥകള്‍ അവസാനിക്കുന്നില്ല. എന്തിനും ഏതിനും അവര്‍ക്ക്‌ ഒരു കഥയുണ്ട്‌. നന്മയുടെ നറുനെയ്യുപോലെ വിശുദ്ധമായ ഒരു കഥ.
അമ്പലപ്രാവിനെക്കാള്‍ വലുപ്പം കുറഞ്ഞ പ്രാവു വര്‍ഗ്ഗമാണ്‌ അരിപ്രാവ്‌. കേരളത്തില്‍ സര്‍വസാധാരണമാണിത്‌. കുട്ടത്തിപ്രാവ്‌, ചക്കരക്കുട്ടപ്രാവ്‌, ചങ്ങാലം, മണിപ്രാവ്‌ എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. പക്ഷിയുടെ പുറത്തും മറ്റുമുള്ള വെള്ളപ്പുള്ളികള്‍ അരി വിതറിയതുപോലെ തോന്നുന്നതു കൊണ്ടാണ്‌ ഇവയ്‌ക്ക്‌ അരിപ്രാവ്‌ എന്നു പേരു വന്നതത്രെ.
കുറ്റിക്കാടുകളിലും മരങ്ങള്‍ ധാരാളമുള്ള നാട്ടിന്‍പുറത്തുമാണ്‌ അരിപ്രാവുകളെ കാണുക. അരിപ്രാവുകളുടെ പുറവും ചിറകുകളുടെ മുന്‍പകുതിയും തവിട്ടുനിറമാണ്‌. ഇതില്‍ ഇളം ചുവപ്പുനിറത്തില്‍ നിരവധി വട്ടപ്പുള്ളികളുണ്ടായിരിക്കും. ഇവയുടെ തലയ്‌ക്കും കഴുത്തിനും ചാരനിറമാണ്‌; ഉദരഭാഗം തവിട്ടു ഛായയുള്ള ഇളം ചുവപ്പും, വാലിനടുത്ത്‌ വെള്ളയും നിറമാണ്‌. പിന്‍കഴുത്തിലും പുറകിലുമായി കാണപ്പെടുന്ന വീതിയുള്ള കറുത്തപട്ടയില്‍ നിറയെ വെള്ളപ്പുള്ളികളുണ്ടായിരിക്കും. നീണ്ട വാലിന്റെ മധ്യഭാഗത്തുള്ള നാലു തൂവലുകള്‍ക്ക്‌ തവിട്ടുനിറമാണ്‌. വാലിന്റെ ഇരുവശവും ക്രമേണ നീളം ചുരുങ്ങി വരുമ്പോഴേക്കും തൂവലുകള്‍ക്ക്‌ കറുപ്പു നിറമായിരിക്കും. ഈ കറുത്ത തൂവലുകളുടെ അറ്റത്തിന്‌ വെള്ള നിറമാണ്‌. പക്ഷിയുടെ ചുണ്ട്‌ കറുപ്പും. കണ്ണുകള്‍ കടും ചുവപ്പ്‌. കാലുകള്‍ റോസ്‌ നിറം. കാഴ്‌ചയ്‌ക്ക്‌ അതി സുന്ദരിയാണ്‌ ഈ പക്ഷി. ജോടികളായോ ചെറുകൂട്ടങ്ങളായോ ആണ്‌ സഞ്ചാരം. നിലത്തു വീണ്‌ കിടക്കുന്ന വിത്തുകളാണ്‌ ഇവയുടെ പ്രധാന ഭക്ഷണം.
അരിപ്രാവുകളുടെ മാംസത്തിന്‌ ഔഷധവീര്യമുണ്ടെന്ന വിശ്വാസം ഇവയ്‌ക്കു ഭീഷണിയായിട്ടുണ്ട്‌. പശപുരട്ടിയ കമ്പുകള്‍ നിരത്തി, അതിനരികില്‍ കണ്ണുകുത്തിപ്പൊട്ടിച്ച ഒരു അരിപ്രാവിനെ വച്ച്‌ വേട്ടക്കാര്‍ മറഞ്ഞിരിക്കും. ഈ പ്രാവിന്റെ കുറുകല്‍ കേട്ട്‌, കൂട്ടമായെത്തുന്ന മറ്റുപ്രാവുകള്‍ പറന്നിറങ്ങും. പശവച്ച കമ്പുകളില്‍ കുടുങ്ങുന്ന ഇവയെ അനായാസം വേട്ടക്കാര്‍ പിടികൂടുന്നതാണ്‌ രീതി.
പ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ച നാട്ടിന്‍പുറം ഇന്ന്‌ അന്യമാകുകയാണ്‌. ഒപ്പം അരിപ്രാവുകളും. പക്ഷെ, ഇന്നും നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍, ഗൃഹാതുരത്വമുണര്‍ത്തി ആ ശബ്ദം ഉയരുന്നു.
കുട്ടിക്കൂര്‍...കുര്‍ര്‍ര്‍ര്‍...കുര്‍......

No comments:

Post a Comment